ചേലേറുംനാട്ടിലെ നല്ലവരായ നാട്ടുകാർക്ക്, സന്തോഷംവന്നിട്ടങ്ങ്,,,, ഇരിക്കാൻവയ്യാതായി. അവരുടെ ഗ്രാമത്തലവൻ നഗരപിതാവിനെ മുഖംകാണിച്ചതിനുശേഷം തിരിച്ചുവന്നത്, നാടിന്റെ വികസനത്തിന്‌വേണ്ടി പുതിയൊരു പദ്ധതിയുമായാണ്. ഏതാനും ദിവസങ്ങളായി നഗരവും ഗ്രാമവും ചേർന്ന് ഏതോഒരു പദ്ധതിയെക്കുറിച്ചുള്ള ചർച്ചയിലാണ്. നാട്ടുകാർക്കെല്ലാം തൊഴിൽ ലഭിക്കുന്ന ഈ പദ്ധതി വന്നാൽ തൊഴിലില്ലാതെ വെറുതെയിരിക്കുന്നവരെ കാണാനെ കഴിയില്ല, എല്ലാവരുടെയും പട്ടിണി മാറും, ഐശ്വര്യവും സമ്പൽസമൃദ്ധിയും നാടങ്ങും കളിയാടിയിട്ട് ചേലേറുംനാടിന്റെ പ്രശസ്തി ഉയർന്ന് ലോകമെമ്പാടും അറിയപ്പെടും. പദ്ധതിയുടെ ആദ്യപടിയായി പട്ടണത്തിൽ നിന്നും ദിവസേന ഇറക്കുമതി ചെയ്യുന്ന ഉല്പന്നം ഇനിയങ്ങോട്ട് ‘ചേലേറുംനാട്’ എന്ന പേരിലായിരിക്കും അറിയപ്പെടുക.
ആനന്ദലബ്ദിക്കിനിയെന്ത് വേണം?
നാട്ടുകൂട്ടം, പൊതുജനങ്ങൾസഹിതം ആൽത്തറക്ക് മുന്നിൽ ഒത്തുകൂടി,,,
ആൽത്തറയിലെ ഉയർന്ന കല്ലിൽ ആസനസ്ഥനായ ഗ്രാമത്തലവനെ മുല്ലപ്പൂവ് ഹാരമണിയിച്ചും പനിനീർപൂവ് പൂച്ചെണ്ട് നൽകിയും ജനങ്ങൾ ആദരിച്ചു. അദ്ദേഹത്തിന്റെ ഇരുവശങ്ങളിലായി ഭരണ പ്രതിപക്ഷ അംഗങ്ങൾ ഉയരം കുറഞ്ഞ കല്ലുകളിൽ പതുക്കെ ഇരുന്നു.
ഗ്രാമത്തലവൻ പൊതുജനങ്ങളെ കൺകുളിർക്കെ നോക്കിയപ്പോൾ എല്ലാവരും നിശബ്ദരായി. അദ്ദേഹം പറയാൻ തുടങ്ങി,
“എന്റെ പ്രീയപ്പെട്ട നാട്ടുകാരേ,,,”
നാട്ടുകാരുടെ കരഘോഷം കേട്ട് ആനന്ദക്കണ്ണീർപൊഴിച്ച് ഗ്രാമപിതാവ് അലപനേരം നിശബ്ദനായി,
അദ്ദേഹം വീണ്ടും തുടർന്നു,
“നാട്ടുകാരെ നമുക്കൊരു സന്തോഷവർത്തമാനം പറയാനുണ്ട്. നമ്മുടെ നഗരപിതാവ്,110 ഗ്രാമത്തലവന്മാരെ വിളിച്ചുചേർത്ത യോഗത്തിൽ നമ്മളോട് ഒരു പദ്ധതിയെക്കുറിച്ച് പറഞ്ഞു, ‘നഗരത്തിൽ നിന്നും നിർമ്മിക്കപ്പെടുന്ന നമുക്ക് പ്രയോജനപ്പെടുത്താവുന്ന, ഒരു ‘വിശിഷ്ടവസ്തു’ വെറുതെ തരാമെന്ന്. അത് നിക്ഷേപിക്കാനുള്ള സ്ഥലം ഏതെങ്കിലും ഗ്രാമം നൽകണമെന്ന്’. അപ്പോൾ എല്ലാ ഗ്രാമത്തലവന്മാരും സമ്മതം മൂളി,,, വെറുതെ കിട്ടുന്നതല്ലെ?”
“എന്നിട്ടോ?”
പ്രതിപക്ഷമെമ്പർ ചോദിച്ചത്‌കേട്ട് മറ്റുള്ളവർ ബഹളംവെച്ചപ്പോൾ ഗ്രാമത്തലവൻ എഴുന്നേറ്റ് എല്ലാവരെയും ശാന്തരാക്കി,
“തോക്കിൽ കയറി വെടിവെക്കല്ലെ,,, ഞാൻ പറയുന്നത്,,, ശ്രദ്ധിച്ച്,,, ശ്രദ്ധിച്ച്,, കേൾക്കണം. നഗരപിതാവ് എല്ലാഗ്രാമത്തിന്റെയും ഭൂപടംനോക്കിയിട്ട് റോഡ്, തോട്, റെയിൽപാളം എന്നിവ കണ്ടുപിടിച്ചു. ഒടുവിൽ”
“ഒടുവിൽ?”
“ഒടുവിൽ നമ്മുടെ ചേലേറുംനാട്ടിൽ ആ പദ്ധതി സ്ഥാപിക്കാൻ തീരുമാനമായി”
നിർത്താതെയുള്ള കരഘോഷത്തിനുശേഷം അദ്ദേഹം ബാക്കി പറയാൻ തുടങ്ങി,
“നമ്മുടെ ഗ്രാമം പദ്ധതിക്കായി തെരഞ്ഞെടുക്കാനുള്ള കാരണങ്ങൾ പലതാണ്; സുന്ദരികളും സുന്ദരന്മാരുമായ ജനങ്ങൾ, സുഗന്ധമുള്ള പൂക്കൾ, പറവകൾ, കൂടാതെ പട്ടണത്തിൽ നിന്ന് ഏറ്റവും അടുത്ത ഗ്രാമം,, അതായത് വെറും പത്ത് മൈൽ ദൂരംമാത്രം. അവർ നിക്ഷേപിക്കുന്ന ഉല്പന്നം ഉപയോഗിച്ച് അദ്ധ്വാനശീലരായ നമ്മുടെ ഗ്രാമീണർക്ക്, ‘പ്രയോജനപ്രദമായ പലതരം വസ്തുക്കൾ നിർമ്മിച്ച് സ്വന്തമായി ഉപയോഗിക്കാം’, എന്നൊക്കെയാണ്”
പ്രതിപക്ഷമെമ്പർക്ക് വീണ്ടും സംശയം ഉണർന്നു,
“ഇതൊക്കെ പറഞ്ഞിട്ട് നഗരത്തിലുള്ളവർ പെട്ടെന്ന് ഉല്പന്നം നിർത്തിയാലോ?”
“അതങ്ങനെ നഗരത്തിലുള്ളവർക്ക് നിർത്താനാവില്ല; ദിവസേന ചുരുങ്ങിയത് ഇരുപത്തി എട്ട് ലോറികളിൽ ഉല്പന്നവും അതോടൊപ്പം അതുപോലുള്ള മറ്റ് വസ്തുക്കളും എത്തിക്കും, എന്നാണ് നഗരപിതാവ് അഗ്രിമെന്റ് എഴുതിതന്നത്”
“എത്രകാലം?”
“999വർഷം”
“അതെന്താ ഒരു 999? ഇത്രയും കുറച്ച്‌കാലം മതിയോ? നമ്മുടെ മക്കൾക്കും വരാനിരിക്കുന്ന കുഞ്ഞുമക്കൾക്കും അതുകൊണ്ട് പ്രയോജനം ഉണ്ടാവേണ്ടെ?”
“അത് ഞാൻ ചോദിക്കാതിരുന്നിട്ടില്ല. അവർ പറഞ്ഞത് ‘999’ എന്ന് വെറുതെ എഴുതുന്നതാണ്, ഈ ഭൂമിയിൽ അവരുള്ള കാലത്തോളം അവരുടെ ഉല്പന്നം ഇവിടെ എത്തിക്കും എന്നാണ്. അങ്ങനെ നിങ്ങളുടെ ഗ്രാമതലവനായ ഞാൻ നമുക്കെല്ലാവർക്കുംവേണ്ടി തീരാധാരം എഴുതി ഒപ്പിട്ട് കൊടുത്തു, ‘എന്റെ ഗ്രാമമായ ചേലേറുംനാട്ടിൽ പട്ടണത്തിലെ ഉല്പന്നമായ ‘രാത്രിമണൽ’, 999 വർഷത്തേക്ക് നിക്ഷേപിക്കാനുള്ള അനുവാദം നൽകുന്നു’, എന്ന്”
അത്‌കേട്ട് പ്രതിപക്ഷമമ്പർ എഴുന്നേറ്റു,
“രാത്രിമണലോ? അത് എന്താണെന്ന് പറഞ്ഞില്ല”
“ഉല്പന്നത്തിന്റെ പേരാണ്, രാത്രിമണൽ”
“രാത്രിയായാലും പകലായാലും അത് എന്റെ വാർഡിൽ തന്നെ”
ഒറ്റ മീറ്റിംഗിൽപോലും വായതുറക്കാത്ത വനിതാമെമ്പർ അമ്മിണികുമാരി എഴുന്നേറ്റ് പറയുന്നത് കേട്ട് നാട്ടുകാർ ഒന്നടങ്കം ആശ്ചര്യപ്പെട്ടു. പെട്ടെന്ന് പ്രതിപക്ഷമമ്പർ എഴുന്നേറ്റു,
“അതെല്ലാം ആണുങ്ങൾ തീരുമാനിച്ച് കൊള്ളും”
“ആണുങ്ങളോ? ഇവിടെ പെണ്ണായ ഒരേഒരു മെമ്പർ ഞാനാണ്; അതുകൊണ്ട് എന്റെ വാർഡിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾപോലും ആണുങ്ങൾ തട്ടിയെടുക്കുന്നത് ഞാൻ കണ്ടില്ലെന്ന് നടിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഞാൻ വിട്ടുകൊടുക്കില്ല. ഈ പദ്ധതിയെങ്കിലും എന്റെ വാർഡിൽ വേണം”
“ബഹുമാനപ്പെട്ട മെമ്പർ വനിതയാണെങ്കിലും പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ ഒരു പങ്കും തരില്ല”
ഭരണകക്ഷിയിൽപെട്ട കാരണവർ പറയുന്നത് കേട്ട് പ്രതിപക്ഷ യുവനേതാവ് എഴുന്നേറ്റു,
“ഞങ്ങൾ വിടില്ല, എന്റെ വാർഡിൽ എന്റെ വീട് നിൽക്കുന്നിടം വരെ ആ പദ്ധതിക്കായി ഞാൻ വെറുതെ നൽകാം”
അതുകേട്ട വടക്കെക്കര മെമ്പർ എഴുന്നേറ്റു,
“എന്റെ വാർഡിൽ പദ്ധതി തുടങ്ങണം; എന്റേതടക്കം പതിനാറ് പുരയിടത്തിന്റെ ആധാരവുമായിട്ടാ ഞാൻ വന്നത്, ഫ്രീ ആയിട്ട് സ്ഥലം നൽകാൻ”
മെമ്പർമാരുടെ തർക്കംകേട്ട് ഗ്രാമമുഖ്യന് ദേഷ്യം വന്നു,
“നിങ്ങളെല്ലാവരും ഇങ്ങനെ ബഹളംവെച്ചാൽ ‘നമുക്കീ പദ്ധതിവേണ്ട’, എന്ന് ഞാൻ നഗരപിതാവിനെ അറിയിക്കും”
പെട്ടെന്ന് എല്ലാവരും നിശബ്ദരായി,, മൊട്ടുസൂചി വീണാൽ കേൾക്കാം,,,
“നമ്മുടെ ഗ്രാമത്തിലെ വിശാലമായ രണ്ട് സ്ഥലങ്ങളാണ് ഞാൻ പദ്ധതി തുടങ്ങാനായി പറഞ്ഞുകൊടുത്തത്; അവിടെത്തെ വിശാലമായ കൃഷിയിടങ്ങളിൽ പട്ടണത്തിലെ ഉല്പന്നങ്ങൾ നമുക്ക് സംഭരിക്കാം. അങ്ങനെ പറഞ്ഞുകൊടുത്തവയിൽ”
“അത് ഏതൊക്കെയാ?”
“അതിലൊന്ന് തെക്കെക്കരയിലെ ‘നട്ടുച്ചക്കുന്ന്’, രണ്ടാമതായി ഞാൻ പറഞ്ഞത് വടക്കെക്കരയിലെ ‘പാതിരക്കാട്’. ഈ രണ്ട് സ്ഥലങ്ങളിൽ വാഹനസൌകര്യമുള്ള ‘പാതിരക്കാട്’ നഗരപിതാവിന് ഇഷ്ടമായി”
പെട്ടെന്ന് പ്രതിപക്ഷം ഒന്നടങ്കം എഴുന്നേറ്റു, തെക്കേക്കര പ്രതിപക്ഷം ഭരിക്കുമ്പോൾ വടക്കെക്കര ഭരണപക്ഷം ഭരിക്കുന്നു. എങ്ങനെ സഹിക്കും?
അവർ മുദ്രാവാക്ക്യം വിളിച്ചുകൊണ്ട് ആൽത്തറയുടെ നടുക്കളത്തിലിറങ്ങി,
“ഭരണപക്ഷം തുലയട്ടെ,
രാക്ഷ്ട്രീയവിവേചനം കാണിക്കുന്ന ഗ്രാമമുഖ്യൻ തുലയട്ടെ,
വിട്ടുകൊടുക്കില്ലാ ഞങ്ങൾ വിട്ടുകൊടുക്കില്ലാ,
രാത്രിമണലാർക്കും വിട്ടുകൊടുക്കില്ല”
എല്ലാം കണ്ടും കേട്ടും നിൽക്കുന്ന ഗ്രാമമുഖ്യൻ സഭ പിരിച്ചുവിടുകൊണ്ട് അറിയിപ്പ് നൽകി,
“ആരും പ്രശ്നമുണ്ടാക്കരുത്, നഗരത്തിലെ വണ്ടികൾ നാളെമുതൽ ‘രാത്രിമണലുമായി’ പാതിരക്കാട്ടിൽ വരും, ആവശ്യക്കാർക്ക് അവിടെപോയി എടുത്ത് ഉപയോഗിക്കാം. സഭ പിരിച്ചുവിട്ടിരിക്കുന്നു”
ഗ്രാമമുഖൻ സ്ഥലംവിട്ടെങ്കിലും ഗ്രാമവാസികൾ കൂട്ടംകൂടി ചർച്ച ചെയ്യുകയാണ്; പുതിയ പദ്ധതിയുടെ പുത്തൻ ഉല്പന്നവുമായി നാളെ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന വണ്ടികൾക്ക് സ്വീകരണം നൽകാൻ ഭരണപക്ഷം തീരുമാനിച്ചപ്പോൾ ഉല്പന്നവുമായി വരുന്ന വണ്ടി പിടിച്ചെടുത്ത് നേരെ നട്ടുച്ചക്കുന്നിലെത്തിക്കാനുള്ള സൂത്രങ്ങൾ പ്രതിപക്ഷം ഒത്ത്‌ചേർന്ന് ആസൂത്രണം ചെയ്തു.
രാത്രി ഉറക്കം വരാതെ കിടന്ന നഗരവാസികൾ അതിരാവിലെതന്നെ പഴങ്കഞ്ഞി കുടിച്ച് റോഡരികിൽ എത്തി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ വന്ന ഭരണപക്ഷത്തിന്റെ നേതാവായി പൂമാലയേന്തിക്കൊണ്ട് ഗ്രാമമുഖ്യൻ മുന്നിലുണ്ട്. ആദ്യം വരുന്ന വണ്ടിയെ മാലയിട്ട് സ്വീകരിക്കുമ്പോൾ പൊട്ടിക്കാനുള്ള പടക്കങ്ങളും തയ്യാർ. അതുപോലെ ഒളിപ്പിച്ച്‌വെച്ച പടക്കങ്ങളും ബോംബുകളുമായി പ്രതിപക്ഷങ്ങൾ കാണാമറയത്തുണ്ട്; വരുന്ന വാഹനത്തെ പിടിച്ചെടുത്ത് റൂട്ട്‌മാറ്റി ഓടിച്ച് നട്ടുച്ചക്കുന്നിലെത്തിക്കാൻ കഴിവുള്ള ഡ്രൈവർമാരും തയ്യാർ.
സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കെ ദൂരേനിന്നും അടച്ചുപൂട്ടിയ ലോറികൾ വരാൻ തുടങ്ങി. ആദ്യവണ്ടി അടുത്തെത്താറായപ്പോൾ കാത്തുനിന്നവർക്കെല്ലാം ചെറിയൊരു ദുർഗന്ധം. വണ്ടി അടുത്തെത്തിയപ്പോൾ ദുർഗന്ധം വർദ്ധിച്ച്, വർദ്ധിച്ച്,, സഹിക്കാൻ പറ്റാതായി; പ്രതിപക്ഷവും ഭരണപക്ഷവും നേരത്തെ തീരുമാനിച്ച കാര്യങ്ങളെല്ലാം മറന്ന് പെരുവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് സ്വന്തം മൂക്കിന്റെ ഇരുദ്വാരങ്ങളും ശക്തമായി അടച്ചുപിടിച്ചു.
അവർ പടക്കം പൊട്ടിക്കാൻ മറന്നു,
ബോംബെറിയാൻ മറന്നു,
ഹാരമണിയിക്കാൻ മറന്നു,
സ്വാഗതഗാനം പാടാൻ മറന്നു,
അസഹനീയമായ നാറ്റം കാരണം, ശുദ്ധവായു ലഭിക്കുന്ന ഇടംതേടി പൊതുജനം നേട്ടോട്ടമായി.
മുന്നിൽനിർത്തിയ നെറ്റിപ്പട്ടം കെട്ടിയ ആനയോ?
അത് പപ്പാന്റെ ആജ്ഞകൾ മറികടന്ന് ഓടി,, നേരെ കിഴക്കൻ കാട്ടിലേക്ക്,,,, ഒപ്പം തോട്ടിയുമായി പപ്പാനും പിന്നാലെ,,,
എന്നാൽ,,, കർമ്മനിരതരായ ഗ്രാമമുഖ്യനും മെമ്പർമാരും മൂക്കുപൊത്തിക്കൊണ്ട് വണ്ടിയുടെ മുന്നിൽ നിൽക്കുകയാണ്. മുന്നിൽ നിർത്തിയ വണ്ടിയിൽനിന്ന് ഡ്രൈവറും കിളിയും ഇറങ്ങിവന്ന് ഗ്രാമമുഖ്യനെ സമീപിച്ചു,
“ഞങ്ങൾ നഗരത്തിലെ ഉല്പന്നവുമായി വന്നവരാണ്, പാതിരക്കാട്ടിലേക്ക്,,,”
“ഇതാണൊ ഉല്പന്നം? ഇതെന്താണ്?”
“മനുഷ്യമലം, രാത്രി ഉറങ്ങുന്ന പട്ടണവാസികൾ അതിരാവിലെ വെളിയിൽ വിടുന്നത്”
“ഇതൊന്നും നമുക്ക് വേണ്ട, വേണമെങ്കിൽ ഇതിലുംകൂടുതൽ അങ്ങോട്ട് തന്നയക്കാം”
ഗ്രാമമുഖ്യൻ പറഞ്ഞതുകേട്ടപ്പോൾ ഡ്രൈവർ ‘രേഖ’ ഉയർത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു,
“ഈ രേഖയുടെ ചുവട്ടിൽ ഒപ്പിട്ടത് നിങ്ങളല്ലെ?”
“അതെ,, പക്ഷെ അത് ഇതാണെന്ന് പറഞ്ഞില്ല, ഞാനൊപ്പിട്ടത് രാത്രിമണൽ ഇറക്കുമതി ചെയ്യാനാണ്”
“സാറെ ആ സാധനം തന്നെയാ ഇതിനകത്ത് നിറയെ ഉള്ളത്,,, 999 വർഷത്തേക്ക് പാതിരക്കാട്ടിൽ ‘രാത്രിമണൽ’ അതായത് ‘നൈറ്റ്‌സോയിൽ’ എന്ന് ഇംഗ്ലീഷിൽ പറയുന്ന ‘മനുഷ്യമലം’ ഇറക്കുമതി ചെയ്യാനുള്ള അനുവാദം തന്നത് നിങ്ങൾ തന്നെയാ. ഇനിയത് ഒരിക്കലും മാറ്റാനാവില്ല”
പരസ്പരവൈരം മറന്നുകൊണ്ട്, രാത്രിമണൽ പാതിരക്കാട്ടിലേക്ക് നീങ്ങുന്നത് അവർ നോക്കിനിന്നു.
**********************************************
**********************************************
പിൻകുറിപ്പ്:
ഇത് കഥയായി എഴുതിയെങ്കിലും ചേലേറുംനാട്ടിലെ പഴയതലമുറക്ക് അറിയുന്ന പരമമായ സത്യമാണ്. പട്ടണത്തിലെ മാലിന്യം ഗ്രാമത്തിൽ എത്തിയതിന്റെ പിന്നിലുള്ള ചരിത്രസത്യങ്ങൾ തേടിയപ്പോൾ എത്തിച്ചേർന്നത്. ‘നൈറ്റ്‌സോയിൽ’ വരവ് നിലച്ചെങ്കിലും പട്ടണത്തിലെ മാലിന്യങ്ങളെല്ലാം ഇന്നും ‘ചേലേറുംനാട്ടിലെ പാതിരക്കാട്ടിൽ’ വന്നുകൊണ്ടേയിരിക്കുന്നു. മണ്ണും ജലവും വായുവും മലിനമായതോടെ ചേലേറുംനാട്ടിലെ ജനങ്ങൾ, വീടും നാടും ഉപേക്ഷിച്ച് പുതിയ സ്ഥലത്ത് ചേക്കേറാൻ തുടങ്ങി.
ചേലേറുംനാട്ടിലെ എന്റെ പ്രീയപ്പെട്ട ഗ്രാമീണർക്കായി ഈ കഥ സമർപ്പിക്കുന്നു.
ചേലേറുംനാട്ടിലെ എന്റെ പ്രീയപ്പെട്ട ഗ്രാമീണർക്കായി ഈ കഥ സമർപ്പിക്കുന്നു.
ReplyDelete‘നൈറ്റ്‌സോയിൽ’ വരവ് നിലച്ചെങ്കിലും പട്ടണത്തിലെ മാലിന്യങ്ങളെല്ലാം ഇന്നും ‘ചേലേറുംനാട്ടിലെ പാതിരക്കാട്ടിൽ’ വന്നുകൊണ്ടേയിരിക്കുന്നു.
ReplyDelete999.....ha ha...!!!
മിനി ടീച്ചറെ,
ReplyDeleteഅതിമനോഹരം
ചിത്രങ്ങളും
ഒപ്പം വിവരണവും
നന്ദി
നമസ്കാരം
വീണ്ടും
വരാം
ഫിലിപ്പ്
999 എന്ന് കണ്ടപ്പോള്‍ മുല്ലപെരിയാറാണ് വിഷയം എന്ന് ഞാന്‍ കരുതി. തെറ്റിധരിപ്പിച്ച് കരാറുകള്‍ ഉണ്ടാക്കുന്നത് മനോഹരമായി ഒരു സസ്പെന്‍സോടെ പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍..
ReplyDeleteഇപ്പോൽ ഒരു നല്ല നമസ്കാരം മാത്രം.........ഞാൻ പിന്നെ വരാം..‘ചേലേറുംനാട്' പോലൊരു നാട് ഇവിടെയും ഉണ്ടേ!!!!!
ReplyDeleteനന്നായി ..എന്നാല് കരാറിന്റെ ഓരോ കളിയേ...എല്ലാ നാട്ടിലും ഉണ്ടാകും ഇത് പോലെ ഒരു നാടു
ReplyDeleteകലക്കി.
ReplyDeleteഒരു മുല്ലപെരിയാറ് മണം ആദ്യം കിട്ടി. പിന്നെയല്ലേ നൈറ്റ് സോയിലിന്റെ മണം വന്നത്.. ഹും..
മൂക്കില്ലാത്ത നാട്ടു പ്രമാണിമാര്‍ ഏറ്റെടുക്കട്ടെ ഈ വക കരാറുകള്‍..
കാരാറിനുള്ളിലെ ചതികള്‍ മാലോകര്‍ക്കെന്നും പാര തന്നെ...
കൊള്ളാം ടീച്ചറെ
ReplyDeleteകരാറുണ്ടാക്കുന്നവരും ഒപ്പിടുന്നവരും അല്ലല്ലോ അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്നതു്!
ReplyDeleteഅതെ, തടുക്കാൻ ശേഷിയില്ലാത്ത ജനതയെ സൃഷ്ടിയ്ക്കുന്നതിനു ചൂഷകർക്ക് പല മാർഗ്ഗങ്ങളുണ്ട്, അതിലൊന്നാണ് മോഹന വാഗ്ദാനം, പിന്നെ തെറ്റിദ്ധരിപ്പിയ്ക്കൽ...ലക്ഷ്യം ചൂഷണം മാത്രവും.
ReplyDeleteകഥ നന്നായി, അഭിനന്ദനങ്ങൾ.
ആദ്യമായി ഒരു സന്തോഷവർത്തമാനം അറിയിക്കട്ടെ,, ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെ ഞാൻ ചേലേറും നാട്ടിലായിരുന്നു. മാലിന്യങ്ങൾ ഉള്ളത് പാതിരക്കാട്ടിലാണ്. അവിടെയുള്ളവർ പുതിയ താമസസ്ഥലങ്ങൾ തേടുന്നു)
ReplyDelete@ലീല എം ചന്ദ്രന്‍..-,
അഭിപ്രായം എഴുതിയതിന് നന്ദി.
@P V Ariel-,
വീണ്ടും വരിക, അഭിപ്രായം എഴുതിയതിന് നന്ദി.
@ഷബീര്‍ - തിരിച്ചിലാന്‍-,
ആളെപറ്റിക്കുന്ന നേതാക്കന്മാർ പണ്ട് കാലം മുതൽക്കെ ഉണ്ടായിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
@ചന്തു നായർ-,
വീണ്ടും വരിക, അഭിപ്രായം എഴുതിയതിന് നന്ദി.
@അനീഷ് പുതുവലില്‍-,
വിവരമില്ലാത്ത ലാഭക്കൊതി മൂത്ത നേതാക്കന്മാരും നാട്ടുകാരും ചേർന്ന് നാട് മാലിന്യക്കലവറ ആക്കി മാറ്റുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
@ബഷീര്‍ പി.ബി.വെള്ളറക്കാട്-,
ReplyDeleteഒപ്പിടുന്നതിന് മുൻപ് ആരും രണ്ട് തവണ വായിച്ച് ചിന്തിക്കാറില്ലല്ലൊ.
അവനവൻ കുഴിക്കുന്ന കുഴികളിൽ ഒപ്പം മറ്റുള്ളവരെയും വീഴ്ത്തുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
@MyDreams-,
അഭിപ്രായം എഴുതിയതിന് നന്ദി.
@Typist | എഴുത്തുകാരി-,
ദോഷങ്ങൾ അനുഭവിക്കാൻ പൊതുജനം ഉണ്ടാകുമല്ലൊ,,, അഭിപ്രായം എഴുതിയതിന് നന്ദി.
@Echmukutty-,
ഇവിടെ തെറ്റിദ്ധരിപ്പിക്കലാണ് നടന്നത്,,, അത് തിരിച്ചറിയാൻ നേതാക്കന്മാർക്ക്മാത്രമല്ല, പൊതുജനങ്ങൾക്കും കഴിഞ്ഞില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
തട്ടിപ്പിലൂടെ ചതിച്ചുകൊണ്ട് തന്നെയാണ് ഇന്ന് പലതും നടപ്പിലാക്കുന്നത്...
ReplyDeleteകൊള്ളാം.
കൊള്ളാം മിനി.
ReplyDeleteഅടുത്ത കാലത്ത് മിനി ടീച്ചറിൽ നിന്നും ലഭിച്ച ഏറ്റവും നല്ല പോസ്റ്റ് എന്ന് ഞാൻ പറയുമിതിനെ. ചേലോറ ട്രഞ്ചിംഗ് ഗ്രൌണ്ടിനെ അത്രക്കടുത്ത് പരിചയമുണ്ടെനിക്ക്.
ReplyDeleteവിഷയം തെരഞ്ഞെടുത്തതിലും ഒന്നാം തരമായി അവതരിപ്പിച്ചതിലും അഭിനന്ദനങ്ങൾ, ആസംസകൾ.
അതിമോഹം ആണ് മോനെ അതിമോഹം .. ...കൊള്ളാം ചേച്ചി ..
ReplyDeleteഇത് പൊലെ പ്രശ്നം ദുബായ് ഉണ്ട് ..മലസംസക്കരണം കാരണം മണം ..സഹിക്കാന്‍ പറ്റുന്നില്ല ..
രാഷ്ട്രീയത്തിന്റെ ആക്രാന്തം ഇവിടെ വരച്ചു കാട്ടി..ഇഷ്ട്ടായി ..
സോയില്‍ എന്നാല്‍ മണ്ണല്ലെ ടീച്ചറെ? മണലാകുമോ? ഇനി കണ്ണൂരില്‍ അങ്ങിനെ പറയുമോ? ഏതായാലും തീട്ടക്കഥ നന്നായി.
ReplyDelete. ഗ്രാമങ്ങൾ നഗരത്തിന്റെ അഴുക്കുകൾ പുറം തള്ളാനുള്ള സ്ഥലങ്ങളായി മാറുകയാണ്. വഞ്ചിതരാവുകയാണ് ഗ്രാമീണർ. നല്ല ഒരു പ്രതികരണമാണിക്കഥ, ഇഷ്ടപ്പെട്ടു.
ReplyDelete@പട്ടേപ്പാടം റാംജി -,
ReplyDeleteതട്ടിപ്പ് തന്നെയാണ്, അവവനന്റെ വീട്ടിലെ അഴുക്കുകൾ സൂത്രത്തിൽ അന്യന്റെ വീട്ടിൽ കടത്തുന്ന തട്ടിപ്പുവിദ്യകൾ. അഭിപ്രായം എഴുതിയതിന് നന്ദി.
@റോസാപൂക്കള്-,
അഭിപ്രായം എഴുതിയതിന് നന്ദി.
@വിധു ചോപ്ര-,
എന്റെ ജന്മനാട്ടിനെക്കാൾ, ഇപ്പോൾ ജീവിക്കുന്ന നാട്ടിനെക്കാൾ, എനിക്കറിയുന്ന ഇടമാണ് ‘ചേലോറ’. അവിടെ മൊത്തമായി കറങ്ങി നടന്നിട്ടുണ്ട്. കണ്ണൂരിലെ മാലിന്യങ്ങൾ ഇന്നും എത്തിച്ചേരുന്നതിന്റെ പിന്നിലെ രഹസ്യം അതെപടി പകർത്തിയതാണ് ഈ കഥ,,, വിവരമില്ലാത്ത പഞ്ചായത്ത് ഭരണാധികാരികളെ ചതിച്ച് കരാറെഴുതി വാങ്ങിയ ചരിത്രം. മാലിന്യം നിക്ഷേപിക്കുന്ന ഇടം ‘പാതിരക്കാട്’ ജനവാസം കുറഞ്ഞ ഇടമാണ്. എന്നാൽ ജനവാസമുള്ള ഇടങ്ങളിൽ തന്നെ നൈറ്റ്‌സോയിൽ ഇടണമെന്ന് അന്നത്തെ അക്ഷരാഭ്യാസം കുറഞ്ഞ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
അടുത്ത കാലത്ത് അന്താരാക്ഷ്ട്ര നിലവാരമുള്ള വില്ലകൾ ചേലോറയിൽ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ അവരുടെ അഡ്രസ്സിൽ ‘ചേലോറ’ എന്ന പേര് കാണില്ല. ‘മാലിന്യം നിക്ഷേപിക്കുന്ന ഇടമാണോ?’ എന്ന് സംശയിക്കാതിരിക്കാൻ അവർ നൽകിയത് തൊട്ടടുത്ത ബസ് സ്റ്റോപ്പിന്റെ പേരാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
@Pradeep paima-,
ReplyDeleteഅതിമോഹം തന്നെയാണ് മോനേ,,, സ്വയം വളരാൻ മറ്റുള്ളവരെ തകർക്കുന്ന അതിമോഹം. അവിടെയുള്ള ആളുകൾ പലരും വീട് ഒഴിവാക്കി മറ്റു സ്ഥലങ്ങളിൽ കുടിയേറുകയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
@Mohamedkutty മുഹമ്മദുകുട്ടി-,
നൈറ്റ് സോയിൽ എന്നത് മണ്ണായാലും മണലായാലും സാധനം അതുതന്നെ. കണ്ണൂരിൽ മണൽ എന്ന വാക്ക് അച്ചടിഭാഷയാണ്. നമ്മൾ പറയുന്നത്, സൊയിൽ= മണ്ണ്, സേന്റ്=‘പൂഴി’ അതായത് മണ്ണും പൂഴിയും. അഭിപ്രായം എഴുതിയതിന് നന്ദി.
@ശ്രീനാഥൻ-,
നഗരവൽക്കരണം വരുമ്പോൽ ഗ്രാമങ്ങൾ അഴുക്കുചാലുകളാവുന്നു. അതുപോലെ കാട് നശിപ്പിക്കുമ്പോൾ കാട്ടുജീവികൾ ഗ്രാമങ്ങളിൽ കുടിയേറുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
രഷ്ട്രിയക്കാരെ കളിയാക്കിയത് നന്നായി ശശി, നര്‍മവേദി, കണ്ണുര്‍
ReplyDeleteമനോഹരമായിരിക്കുന്നു. തമിഴിലേക്ക് പരിഭാഷപ്പെടുത്തി നമ്മുടെ ജയാമ്മക്ക് അയച്ചു കൊടുത്താലോ?
ReplyDeleteനൈറ്റ് സോയില്‍...ഹ ഹ ഹ..
ReplyDeleteനന്നായി ആസ്വദിക്കാൻ കഴിഞ്ഞു..!!
ReplyDelete:)
ReplyDelete:)
ReplyDeleteകൊള്ളാം ടീച്ചർ, നന്നായിട്ടുണ്ട്.
ReplyDeleteആശംസകൾ..
സമയം ഉണ്ടെങ്കിൽ എന്റെ blogലേക്കും വരൂ..
htttp://pakalnakshathram.blogspot.com
ചതിക്കാൻ കുറേപ്പേരും ചതിക്കപ്പെടാൻ ബാക്കി കുറേപ്പേരും...
ReplyDeleteഎന്നാണ് നമ്മൾ നന്നാവുക?