“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

9/6/13

പൊരുത്തം


                 ദാസൻ എന്ന ഗുരുദാസൻ മാസ്റ്റരുടെ കല്ല്യാണദിവസം കല്ല്യാണപ്പന്തലിൽ വെച്ച് സഹപ്രവർത്തകർ ചിന്തിച്ചതുപോലെയാണ് പിന്നീട് സംഭവിച്ചത്. ‘ഈ ബന്ധത്തിന് അധികകാലം ആയുസ്സുണ്ടാവില്ല’ എന്ന്, വധൂവരന്മാരെ കണ്ടപ്പോൾതന്നെ മാസ്റ്ററുടെ സ്വഭാവം അറിയാവുന്ന പലർക്കും തോന്നിയതാണ്. കുരങ്ങിന്റെ കൈയിൽ പൂമാല പോലെയോ, കടുവയുടെ കൈയിൽ മുയലിനെ പോലെയോ ആയിരുന്നു അവരുടെ ദാമ്പത്യബന്ധം ആരംഭിച്ചത്. ഒടുവിൽ ഭാര്യ മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടതോടെ ദാസൻ മാസ്റ്റർ സ്വതന്ത്രനാവുകയും ഡൈവോർസ് എന്ന ലോട്ടറി അടിക്കുകയും ചെയ്തു.

                 നാട്ടിൻപുറത്തുകാരനായ ഗുരുദാസൻ തൊട്ടടുത്ത വിദ്യാലയത്തിലെ മലയാളം അദ്ധ്യാപകനാണ്. മലയാളസാഹിത്യം വിരൽത്തുമ്പിലെടുത്ത് അമ്മാനമാടി കളിക്കുന്നതാണ് അദ്ദേഹത്തിന്റെ ഹോബി. കുട്ടിക്കാലത്ത് തന്നെ സ്വന്തംപിതാവ് അന്തരിച്ചതിനാൽ കല്ല്യാണനേരത്ത് അദ്ദേഹത്തിന്റെ കൂടെ വീട്ടിലുള്ളത് പ്രായമായ അമ്മ മാത്രം. ഏക മകനായതിനാൽ അമ്മക്ക് മകനും മകന് അമ്മയും തുണ ആയിരിക്കെ, മാതൃസ്നേഹം കരകവിഞ്ഞൊഴുകുന്ന നേരത്ത് ഗുരുദാസന്റെ തലയിൽ കല്ല്യാണചിന്ത കയറ്റി വിട്ടത് ഏതോ ചെകുത്താനായിരിക്കണം.

                  കല്ല്യാണക്കാര്യം അമ്മയുമായി ഡിസ്ക്കസ് ചെയ്യാൻ രണ്ട് സീനിയർ ടീച്ചേർസിനെ ഗുരുദാസൻ വീട്ടിലേക്ക് ഫോർവേഡ് ചെയ്തു. മകന്റെ കല്ല്യാണക്കാര്യത്തെപറ്റി ചർച്ച തുടങ്ങിയ ഉടനെ അമ്മ അക്കാര്യം കട്ട്‌ചെയ്ത് ഡയലോഗ് ആരംഭിച്ചു,
“അതേയ് എന്റെ കല്ല്യാണസമയത്ത് അങ്ങേർക്ക് വയസ് നാല്പതാ, ഇവനത്ര പ്രായമൊന്നും ആയില്ലല്ലൊ”
“പെൻഷൻ പറ്റാറാകുമ്പോൾ മക്കളുണ്ടായാൽ മതിയോ?”
                  വയസ്സുകാലത്ത് മക്കളുണ്ടായാലുള്ള പ്രയാസങ്ങളെ കുറിച്ച്, ടീച്ചേർസിന്റെ വക ഒരു സ്റ്റഡീക്ലാസ്സ് കൊടുത്തു. ഒടുവിൽ പാർട്ടി മാറി വോട്ട് ചെയ്യുന്ന പ്രയാസത്തോടെ അമ്മക്ക് സമ്മതം മൂളേണ്ടിവന്നു.
“അവന് അത്ര വലിയ തിരക്കുണ്ടെങ്കിൽ നല്ലൊരു പെണ്ണിനെ ജാതകപ്പൊരുത്തം നോക്കി കഴിച്ചോട്ടെ; ഞാനെന്തിനാ ഒരു തടസ്സാവുന്നത്”

                  അങ്ങനെ കൊട്ടും കുരവയും വെടിക്കെട്ടുമായി മുപ്പത്തിഏഴാം വയസ്സിൽ പത്തിൽ പത്ത് പൊരുത്തവുമായി ഗുരുദാസമാസ്റ്ററുടെയും കൃഷ്ണപ്രഭയുടെയും വിവാഹം കഴിഞ്ഞു. പഠനം കഴിഞ്ഞ് ഒരു സർക്കാർജോലി സ്വപ്നം കാണുന്ന ആ ഇരുപത്തിമൂന്നുകാരി ജോലിയെന്ന മോഹത്തോട് റ്റാറ്റ പറയാൻ തീരുമാനിച്ച് എരിയുന്ന നിലവിളക്കുപോലെ കല്ല്യാണപ്പന്തലിലേക്ക് കയറി.

                  ആദ്യരാത്രി മണിയറയിൽ വെച്ച് ഗുരുദാസൻ ഒരു അദ്ധ്യാപകനായി മാറിയിട്ട് നവവധുവിനെ ധാരാളം പഠിപ്പിച്ചു. എന്തെല്ലാം ചെയ്യണമെന്നും എന്തെല്ലാം ചെയ്യരുതെന്നും കേട്ട് കേട്ട് അവൾക്ക് മടുത്തു. പ്രധാനമായും അമ്മയെ പരിചരിക്കേണ്ട കാര്യങ്ങളാണ്. ഒടുവിൽ ഉപദേശപെരുമഴയുടെ ഭാരം താങ്ങനാവാതെ അവളറിയാതെ അവൾ ഉറങ്ങി.

                  അവൾ ഇതുവരെ കാണാത്ത ഒരു ബന്ധമായിരുന്നു ഗുരുദാസനും അമ്മയും തമ്മിൽ. അച്ഛൻ ചെറുപ്രായത്തിലെ മരിച്ചതിനാൽ അമ്മയ്ക്കും മകനും ഇടയിൽ മറ്റൊരു ലോകമില്ല. മകന്റെ മുന്നിൽ അമ്മയുടെ മാതൃസ്നേഹം അവാച്യമാണ്; ‘കഴിയുമെങ്കിൽ ആ അമ്മ മകനെ എടുത്ത് ഗർഭപാത്രത്തിൽ തന്നെ ഇരുത്തിക്കളയും’ എന്ന് അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

                  വിവാഹശേഷം ഒരാഴ്ച കഴിഞ്ഞ് കൃഷ്ണപ്രഭയുടെ കരണത്ത് ആദ്യ അടി വീണു. വീട്ടിൽ വന്ന പാൽക്കാരനെ നോക്കി അവളൊന്ന് ചിരിച്ചതാണ് കാരണം. അടികൊണ്ട് കരയുന്ന മരുമകളെ കണ്ടില്ലെന്ന മട്ടിൽ അമ്മായിഅമ്മ അടുക്കളയിൽ പോയി ഭക്ഷണം വിളമ്പാൻ തുടങ്ങി.

                   പിന്നെയങ്ങോട്ട് അടികൊള്ളാത്ത ദിനങ്ങളുടെ എണ്ണം കുറഞ്ഞു. ഒരു ദിവസം വളരെ സ്നേഹത്തോടെ അവർ ഭാര്യാഗൃഹത്തിലേക്ക് വിരുന്നിനു പോയി. പുരുഷന്മാരായ സുഹൃത്തുക്കളോടും ബന്ധുക്കളോടും സംസാരിക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. വളരെ സന്തോഷത്തോടെ സ്നേഹത്തോടെ ഇരുവരും തിരിച്ചെത്തി. വീട്ടിൽ കടന്ന ഉടനെ ഗുരുദാസൻ മാസ്റ്റർ ഭാര്യയെ തല്ലാൻ തുടങ്ങി. അവളുടെ ശരീരം മുറിഞ്ഞ് രക്തം വരാൻ തുടങ്ങിയപ്പോൾ തല്ല് കൊണ്ട മരുമകളെ ആശ്വസിപ്പിച്ച അമ്മായിഅമ്മ മകനോട് കാരണം തിരക്കി.
“അത് ഞങ്ങൾ രണ്ടുപേരും റോഡിലൂടെ നടന്ന് വരുമ്പോൾ ബസ്സിനകത്തിരിക്കുന്ന ഒരുത്തൻ ഇവളെ തുറിച്ച് നോക്കുന്നു. ഇവൾ അവനെ നോക്കിയത് കൊണ്ടായിരിക്കില്ലെ അവൻ നോക്കിയത്?”
“അത് പിന്നെ ഒരു പെണ്ണിനെ ആണുങ്ങൾ നോക്കുന്നത് അവൾ ശരിയല്ലാത്തതു കൊണ്ടല്ലെ”
അമ്മ മകനെ പിൻ‌താങ്ങി.

                   മാസ്റ്റർ സ്ക്കൂളിൽ പോയ ഒരു ദിവസം കൃഷ്ണപ്രഭയുടെ സഹോദരൻ അവളെ കാണാൻ വീട്ടിൽ വന്നു. വൈകുന്നേരം അളിയനെ കണ്ട് വിശേഷങ്ങൾ ആരാഞ്ഞ് തിരിച്ചുപോയി. അന്ന് ഗുരുദാസൻ മാസ്റ്റർ ഭാര്യയോട് പറഞ്ഞു,
“നിന്റെ സഹോദരനാണെങ്കിലും അവൻ ഒരു പുരുഷനാണ്; അതുകൊണ്ട് ഞാനില്ലാത്ത നേരത്ത് അവനിവിടെ വന്നാൽ നീ മുന്നിലിറങ്ങാതെ മുറിയടച്ച് അകത്തിരിക്കണം. ഇവിടെ വരുന്നവരോട് സംസാരിക്കാനും ചായ കൊടുക്കാനും അമ്മയുണ്ട്”
                   ഭാര്യയെ സ്വന്തം വീട്ടിൽപോലും വിടാതെ അവരുടെ വിവാഹജീവിതം ഒരു വർഷം മുന്നോട്ട് പോയി. വടക്കുനോക്കിയന്ത്രം തലയിൽ കയറ്റിയ ഭർത്താവ് കാരണം ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിച്ച് കൃഷ്ണപ്രഭയുടെ പ്രഭയെല്ലാം നശിച്ച് ഒരു മാനസീക രോഗി ആയി മാറി. വിടർന്ന പൂവിന്റെ ശോഭയുള്ള അവളുടെ സൌന്ദര്യം നശിച്ച് വാടിക്കൊഴിയാറായി. മാനസിക രോഗിയായ ഭാര്യയെ അവളുടെ വീട്ടിലാക്കാനും ആ കാരണംകൊണ്ട് ഡൈവോർസ് ചെയ്യാനും ഗുരുദാസൻ മാസ്റ്റർക്ക് എളുപ്പമായി.
 
                   വർഷം മൂന്ന് കഴിഞ്ഞു; മാസ്റ്ററുടെ ദയനീയമായ അവസ്ഥ കണ്ടപ്പോൾ സുഹൃത്തുക്കൾക്ക് തോന്നി; അദ്ദേഹത്തെ ഒന്നു കൂടി വിവാഹം കഴിപ്പിച്ചാലോ?
                  അമ്മക്ക് ഇടയ്ക്കിടെ അസുഖം വരുന്നതിനാൽ വീട്ടിൽ വേലക്കാരിക്ക് പകരം ഒരു ഭാര്യ ആയാൽ നന്നായിരിക്കും എന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെയാണ് മുപ്പത്തിആറുകാരി വിലാസിനി ടീച്ചറെ ജാതകപ്പൊരുത്തം നോക്കാതെ ഗുരുദാസൻ മാസ്റ്റർ കല്ല്യാണം കഴിച്ചത്. ‘കുരങ്ങിന്റെ കൂടെ ഒരു കരിം‌കുരങ്ങ് ആയത് നന്നായി’ എന്ന് രണ്ടാം കല്ല്യാണവേദിയിൽ വെച്ച് സഹപ്രവർത്തകർ പറഞ്ഞു.

                അവരുടെ ദാമ്പത്യജീവിതം പ്രശ്നങ്ങളൊന്നും ഇല്ലാതെ വളരെ സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ്.
ഒരു ദിവസം സ്ക്കൂളിലെ സഹപ്രവർത്തകർ ഗുരുദാസൻ മാസ്റ്ററോട് ചോദിച്ചു,
“ആ കൃഷ്ണപ്രഭ വളരെ നല്ല കുട്ടി ആയിരുന്നില്ലെ? മാഷെന്തിനാ അവളെ ഒഴിവാക്കിയിട്ട് മറ്റൊരു സ്ത്രീയെ കല്ല്യാണം കഴിച്ചത്? ടീച്ചറായതു കൊണ്ടാണോ?”
“എടോ, ഇതുപോലെ ആയായിരിക്കണം ഭാര്യ; കണ്ടാൽ ഒരു പുരുഷനും രണ്ടാമതൊന്ന് നൊക്കുകയില്ല, പോരാത്തതിന് വായ്നാറ്റവും. അതുകൊണ്ട് ആരും അവളുടെ അടുത്ത് വരില്ല”.

20 comments:

  1. പറഞ്ഞുകേട്ട സംഭവം ഓർത്തുകൊണ്ട് മുൻപ് എഴുതി മറ്റൊരു ബ്ലോഗിൽ പോസ്റ്റിയ കഥയാണ്. സംഭവം ‘സംഭവിച്ചത്’ ആയതിനാൽ കഥ പറഞ്ഞ രീതി ശരിയായിട്ടില്ല എന്ന് അറിയിക്കുന്നു.

    ReplyDelete
  2. ആ മാഷടെ ഓരോ കാട്ടിക്കൂട്ടല്‍ കണ്ടപ്പോള്‍ പിരാന്ത് വന്നു..

    ReplyDelete
  3. കഥയിലെ നര്മ്മം തുളുമ്പുന്ന വരികളും, ഭാഷാപ്രയോഗങ്ങളും ഇഷ്ടപ്പെട്ടു. ഗുരുദാസൻ മാഷേപ്പോലുള്ളവർ ഗുരുക്കന്മാര്ക്കു ഒരു അപമാനമാണ്. അയാൾ (ഗുരുവിനെ അങ്ങിനെ വിളിച്ചുകൂടാ) പറ്റുമെങ്കിൽ അമ്മയുടെ ഗര്ഭപാത്രത്തിൽത്തന്നെ പോയിരിക്കട്ടെ.
    ആശംസകൾ.

    ReplyDelete
  4. ചിലരുണ്ട്, അങ്ങനെ

    ReplyDelete
  5. അതെ, ഇനി പത്രത്തില്‍ ഇങ്ങനെയായിരിക്കും കല്യാണ പരസ്യങ്ങള്‍ "കാണാന്‍ കൊള്ളാത്തവളും വായ്‌ നാറ്റവും ഉള്ള യുവതിക്ക് ....."
    ഗുരുദാസന്മാര്‍ക്കും പെണ്ണ് വേണമല്ലോ

    കഥ നന്ന്നായി...

    ReplyDelete
  6. ayyo...
    ഗുരുവോക്കെ സ്കൂളിൽ ...ജീവിതത്തിൽ മനുഷ്യർ ഇങ്ങനെയൊക്കെയാണ്

    Best wishes

    ReplyDelete
  7. കൃഷ്ണപ്രഭ എന്നാണ് ആദ്യഭാര്യയുടെ പേര് പിന്ന അതു പ്രതിഭ എന്നു ആവർത്തിക്കുന്നു..അത്ടീച്ചർ ശ്രദ്ധിക്കുമല്ലോ... സംഹവം എന്ന പേരിൽ എഴുത്ത് നന്നായി.കഥ എന്നപേരിൽ - മുൻ ജാമ്യം എടുത്തത് കൊണ്ട്..ഞനൊന്നും പറഞ്ഞിട്ടില്ലേ......ആശംസകൾ..

    ReplyDelete
  8. ടീച്ചറെ, കഥ വായിച്ചു. ഇഷ്ടമായി. പക്ഷെ വായ്നാറ്റമുള്ള, വിരൂപിയായ ഒരു പെണ്ണിനെ ഒരു പുരുഷൻ ഇഷ്ടപ്പെടാൻ സാധ്യത കുറവാൺ. “ടെറസ്സിലെ കൃഷിപാഠങ്ങൾ” ഭാര്യ വായിച്ചുകൊണ്ടിരിക്കുന്നു. ആശംസകൾ

    ReplyDelete
  9. Kaliyallatha Kallyanangalkkum vendi ...!

    Manoharam Chechy, Ashamsakal...!!!

    ReplyDelete
  10. അങ്ങനെയെത്ര ഗുരുദാസന്മാര്‍ !!!

    ReplyDelete
  11. കാണും കാണും ഇങ്ങനെയും കാണും ആള്‍ക്കാര്‍... കഥ കൊള്ളാം കേട്ടോ.

    ReplyDelete
  12. ഗുരുദാസൻ മാസ്റ്റർ .."ഗുരു" ,"ദാസൻ","മാസ്റ്റർ" .. മൂന്നു പേരുണ്ടായിട്ടും അതിന്റെ കൊണം ഇല്ലാതെ പോയല്ലോ.. കഥ കലക്കി...:P

    ReplyDelete
  13. സൌന്ദര്യമില്ലാത്ത പെണ്ണിനെ ഒരാള്‍ ഇഷ്ടപ്പെടുന്നത്
    അവള്‍ മറ്റാരെയും (അവളെ മറ്റാരും )നോക്കില്ല എന്ന ആശ്വാസം കൊണ്ടാണോ?
    ഇത് ഒരു പുതിയ അറിവാണ് മിനി ടീച്ചര്‍

    ReplyDelete
  14. stheya mayettum kollathilla enthoru alavilathi katha

    ReplyDelete
  15. This comment has been removed by a blog administrator.

    ReplyDelete
  16. ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ക്ക് ഇങ്ങനേയും പ്രതിവിധിയുണ്ടല്ലേ? അടുത്ത ജന്മം ഈ പാഠങ്ങളൊക്കെ പൊടിതട്ടിയെടുക്കണം.

    ReplyDelete
  17. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  18. കൊള്ളാം നന്നായിടുണ്ട്
    ഇനിയും നല്ലത് എഴുതാൻ ദൈവം സഹായികട്ടെ
    പ്രാർഥനയോടെ
    ഒരു പാവം പ്രവാസി

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..