“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

1/1/14

ഗൃഹപാഠം


       
          വരാന്തയിൽ‌നിന്ന് മുറ്റത്തിറങ്ങിയപ്പോൾ മുത്തച്ഛനും കൊച്ചുമകൾക്കും അതിയായ സന്തോഷം തോന്നി. ചരൽ‌മണ്ണിൽ ചവിട്ടിക്കൊണ്ട് കാലുകൾ ഓരോന്നായി മുന്നോട്ട്‌വെക്കുന്ന മൂന്നുവയസ്സുകാരിയുടെ കണ്ണിലെ കുസൃതികൾ അയാൾക്ക് വായിക്കാൻ കഴിഞ്ഞു. തൊടിയിലെ കാട്ടുപൂക്കളിൽ‌നിന്നും തേൻ‌കുടിക്കാനായി വന്ന പൂമ്പാറ്റകൾ വട്ടമിട്ടുപറന്ന് അവരെ സ്വാഗതമരുളിയനേരത്ത് ഉച്ചവെയിൽ ഉണ്ടായിട്ടും തലക്കുമുകളിൽ കുടവിടർത്തി നിൽക്കാൻ നാട്ടുമാവുള്ളതിനാൽ ചൂട് അറിഞ്ഞതേയില്ല. കാറ്റും വെളിച്ചവും അറിഞ്ഞുകൊണ്ട് മുത്തച്ഛന്റെ കൈപിടിച്ച് നടക്കുന്ന കുഞ്ഞ് അവളുടെ ഭാഷയിൽ പലതും പറയുകയാണ്.
“അപ്പാപ്പാ,, യ്ക്ക് പൂവേണം”
“മോളെ അതൊന്നും നീ പറിക്കേണ്ട, നിന്റെ അമ്മക്ക് ഇഷ്ടാവില്ല”
“അത് നല്ല പൂവാ,, ഞാമ്പറിക്കും”
“അയ്യോ മോളെ,, നമ്മളെ രണ്ടാളേം നിന്റമ്മ വഴക്കുപറയും”
“ഈ അമ്മ,, എന്നാലും, യ്ക്ക് പൂ,,,”
കൈപിടിച്ച് മുന്നോട്ട് നടക്കുന്ന കുഞ്ഞിനോടൊപ്പം എത്താൻ അയാൾ വളരെ പ്രയാസപ്പെട്ടു.
“മോളേ, എനിക്ക് വയ്യാ,,,”
അവൾ പെട്ടെന്ന് നടത്തം നിർത്തിയിട്ട് പറഞ്ഞു,
“യ്ക്ക് പൂ മേണ്ട,, അമ്മ ഇപ്പവരും”
                   ഉച്ചഭക്ഷണം ഉണ്ടാക്കുന്ന തിരക്കിനിടയിൽ അമ്മക്ക് മകളെ ശ്രദ്ധിക്കാൻ സമയം കാണാറില്ല. ആനേരത്ത് കൊച്ചുമകൾ മുത്തച്ഛനെ സമീപിക്കും; അദ്ദേഹം അവൾക്ക് കഥ പറഞ്ഞുകൊടുക്കും. മകൾ മുത്തച്ഛനെ സമീപിക്കുന്നതും ഇടക്ക് വരാന്തയിലൂടെ കൈപിടിച്ച് നടക്കുതും അയാളുടെ മകൾക്ക് തീരെ ഇഷ്ടമല്ല.
അവർ നടത്തം മതിയാക്കി വരാന്തയിലേക്ക് കയറാനൊരുങ്ങി,
“മോളേ നമുക്കിനി നാളെ നടക്കാം”
“ഈ അപ്പാപ്പനെപ്പഴും ഇങ്ങനെയാ,,, കളിക്കാൻ വരാതെ”

               ഇളം‌കാറ്റ് അവരെ തഴുകി മുന്നോട്ടുപോവുന്നതിനിടയിൽ ഏതാനും പഴുത്ത ഇലകൾ മുന്നിൽ പൊഴിഞ്ഞുവീണു; പെട്ടെന്ന് കൊച്ചുമകൾ പറഞ്ഞു,
“അപ്പാപ്പാ എലകള്, ഇത് ഞാനെടുത്തോട്ടെ”
ഇലകൾ ഓരോന്നായി എടുത്ത് അവൾ അയാൾക്ക് നൽകി. അതിലൊന്ന് കീറിയെടുത്ത് ചുരുട്ടിക്കൊണ്ട് മുത്തച്ഛൻ പറഞ്ഞു,
“പണ്ടുകാലത്ത് ഇതുകൊണ്ടാണ് നമ്മൾ പല്ലുതേച്ചിരുന്നത്; മോള് കേട്ടിട്ടുണ്ടോ?, പഴുത്ത മാവിന്റിലകൊണ്ടു തേച്ചാൽ പുഴുത്ത പല്ലും കളഭം മണക്കും”
പൊട്ടിച്ചിരിച്ചുകൊണ്ട് ഓരോ ഇലകളായി എടുക്കുമ്പോൾ അവൾ പറഞ്ഞു,
“ഈ അപ്പാപ്പ പറേന്നതൊന്നും മോള് കേട്ടിട്ടില്ല”
മോള് കേട്ടിട്ടില്ലെങ്കിലും അതെല്ലാം കേട്ടുകൊണ്ടാണ് കൊടുങ്കാറ്റുപോലെ അവൾ വന്നത് അയാളുടെ മകൾ,
“എന്റെ കണ്ണുതെറ്റിയാൽ വൃത്തിയില്ലാത്ത കിഴവന്റെകൂടെ കളിക്കാൻ പോകും, അസത്ത്”
വാക്കുകളോടൊപ്പം അടിയും കിട്ടിയപ്പോൾ കുഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങി,
“അപ്പാപ്പാ,,, അമ്മെയെന്നെ അടിക്കുന്നേ,,,”
നിസ്സഹായനായി നോക്കിയിരിക്കാൻ മാത്രം വിധിക്കപ്പെട്ട അയാളുടെ ദയനീയാവസ്ഥ കണ്ടപ്പോൾ തളിരിലകൾക്ക് ഒന്നും മനസ്സിലായില്ല. ആ നേരത്ത് മാവിന്റെ കൊമ്പിലിരുന്ന് പൊട്ടിച്ചിരിക്കുന്ന പച്ചിലകളുടെ പരിഹാസം കാണാനാവതെ പഴുത്ത ഇലകൾ കണ്ണടച്ചു.
******************************************

പിൻ‌കുറിപ്പ്:
‘ഗൃഹപാഠം’ സീനിയർ സിറ്റിസൺ ഫോറത്തിന്റെ വയോജനശബ്ദത്തിൽ പ്രസിദ്ധീകരിച്ചതാണ്. ഇന്നത്തെ വയോജനങ്ങളുടെ നിസ്സഹായ അവസ്ഥ ചിത്രീകരിക്കുന്ന ഈ കഥ, പുത്തൻ തലമുറക്ക് വൃദ്ധന്മാരോടുള്ള മനോഭാവം വിളിച്ചറിയിക്കുന്നതാണെന്ന് വായനക്കാർ ചിന്തിക്കും. എന്നാൽ ഇതൊരു കഥയായി ഞാൻ എഴുതിയിട്ടുണ്ടെങ്കിലും ഇത് കഥയല്ല,,, അനുഭവമാണ്. ന്യൂ ജനറേഷൻ അനുഭവമല്ല, 50 വർഷം മുൻപ് എനിക്കുണ്ടായ അനുഭവം. ഇതിലെ കൊച്ചുകുഞ്ഞ് ഞാൻ തന്നെയാണ്,,, വൃദ്ധനായ മുത്തച്ഛനൊടൊപ്പം മകളെ,,, എന്നെ,,, കണ്ടാൽ, എന്റെ അമ്മ എന്നെ അടിക്കുകയും വഴക്ക് പറയുകയും ചെയ്യും. അതിന്റെ ഓർമ്മയിൽ എഴുതിയതാണ് ഇങ്ങനെയൊരു കഥ. പുതുതലമുറയിലെ മക്കൾ വൃദ്ധന്മാരെ സംരക്ഷിക്കുന്നില്ലെന്ന് പത്രങ്ങളും ചാനലുകളും വിളിച്ചുപറയുന്നുണ്ടെങ്കിലും അതെല്ലാം പുത്തൻ തലമുറയുടെ ദോഷമാണെന്ന് പറയാൻ പറ്റില്ല. അവഗണനയും പീഢനങ്ങളും  എല്ലാകാലത്തും ഉണ്ടായിരുന്നു. അന്നത്തെ ആ മകൾ,,, എന്റെ അമ്മ,,, കാര്യമായ പ്രശ്നമൊന്നും ഇല്ലാതെ ഈ കഥയെഴുതുന്ന നേരത്ത് എന്റെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ ജീവിക്കുന്ന കുടുംബത്തിൽ സ്വന്തം അച്ഛനെ വെറുക്കാൻ കാരണമെന്താണെന്ന് അമ്മയോട് ഞാൻ ചോദിച്ചിട്ടില്ല, ഇനി ചോദിക്കുകയും ഇല്ല.
ആനപ്പുറത്ത് കയറിയ ഓർമ്മക്കുറിപ്പ് എഴുതിയപ്പോൾ പലരും ചോദിച്ചു, ‘ഇതെല്ലാം എങ്ങനെ ഓർമ്മിക്കുന്നു?’, എന്ന്. ഇത് ഏറ്റവും പഴയ ഓർമ്മയിലെ ഹാർഡ്‌ഡിസ്ക്ക് ചികഞ്ഞപ്പോൾ കിട്ടിയതാണ് ഇങ്ങനെയൊരു കഥ, അല്ല സംഭവം.

എല്ലാവർക്കും പുതുവർഷാശംസകൾ,,,

12 comments:

 1. നല്ല ഓര്മ ശക്തി,സമ്മതിച്ചിരിക്കുന്നു......

  വയോജനങ്ങലോടുള്ള സമീപനം എന്നും ഇങ്ങനെ തന്നെ..

  മതാപിതാക്കളേ നോക്കാത്ത മക്കളെ പറ്റി വായിക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും ഇടുന്ന കമെന്റ് ഒരു നാള്‍ നീയും.. പക്ഷെ അതും ഇവിടെ പറ്റില്ല

  ടീച്ചര്‍ക്ക് പുതുവർഷാശംസകൾ,

  ReplyDelete
 2. അവഗണനകള്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു

  മുമ്പും കാലമത്ര ശ്രേഷ്ഠമൊന്നുമല്ലായിരുന്നു

  ReplyDelete
 3. "അവഗണനയും പീഢനങ്ങളും എല്ലാകാലത്തും ഉണ്ടായിരുന്നു.." ടീച്ചര്‍ പറഞ്ഞത് ശരിയായിരിക്കും. പണ്ട് അങ്ങിനെയൊന്നും നടന്നിരിക്കില്ല എന്ന നമ്മുടെ വിശ്വസമായിരുന്നോ അതോ ഒന്നും അറിയാഞ്ഞിട്ടോ??

  ReplyDelete
 4. മിനി ടീച്ചര്‍ പറഞ്ഞത് സത്യമാണ്... എല്ലാ അവഗണനയും എല്ലാ ക്രൂരതയും എല്ലാ കാലത്തും ഉണ്ടായിരുന്നു. അത് പുതിയ കാലത്തിന്‍റെയെന്ന് എല്ലാ കാലത്തും എല്ലാവരും പറഞ്ഞുകൊണ്ടുമിരുന്നു. പഴയ കാല മേന്മയും പുതിയ കാല ദോഷവും മനുഷ്യ വര്‍ഗത്തിനു എക്കാലവും പ്രിയപ്പെട്ട രക്ഷാമാര്‍ഗങ്ങളാണ്..

  ReplyDelete
 5. പഴയത് വൃത്തികെട്ടതായി മാറുന്നത് കൊണ്ടാവും പുതിയവർക്ക് വെറുപ്പ്‌ .
  ഓർമകൾ ചിലപ്പോ ഇങ്ങിനെ ഉത്തരമില്ലാത്ത ചോദ്യങ്ങളായും ബാക്കിയാവും .

  ആശംസകൾ

  ReplyDelete
 6. കഥ ഇഷ്ടമായി. ആശംസകള്‍.

  ReplyDelete
 7. ടീച്ചർ, ഹൃദയസ്പര്ശിയായ ഈ ബ്ലോഗ്‌ വായിക്കാൻ വൈകി. എന്തൊക്കെയോ വികാരവിചാരങ്ങൾ..... മനസ്സിൽക്കൂടി കടന്നു പോകുന്നു.
  ആശംസകൾ.

  ReplyDelete
 8. ടീച്ചർ, ഹൃദയസ്പര്ശിയായ ഈ ബ്ലോഗ്‌ വായിക്കാൻ വൈകി. എന്തൊക്കെയോ വികാരവിചാരങ്ങൾ..... മനസ്സിൽക്കൂടി കടന്നു പോകുന്നു.
  ആശംസകൾ.

  ReplyDelete
 9. കഥ ഇഷ്ടാമായി ........... പഴമയിലെ സത്യം വൃത്തികേടായി കാണുന്ന പുതിയ തലമുറ

  ReplyDelete
 10. നന്നായിട്ടുണ്ട് ,ചിന്തനീയമാണ്

  ReplyDelete
 11. രചന നന്നായിട്ടുണ്ട്
  ചിന്തനീയം
  ആശംസകള്‍

  ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..