ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ
ഇരപിടിക്കാൻ കഴിവുള്ള, ഓന്തിനെപ്പോലെ പരിസരത്തിനൊത്ത് നിറംമാറി ഒളിച്ചിരിക്കാൻ
കഴിവുള്ള, സുവോളജി മിസ്സ് ‘ശ്രീലക്ഷ്മി കുര്യാക്കൊസ്’ എടവലത്തിന്റെ തിയറി ക്ലാസ്സ്
കത്തിക്കയറുന്ന നേരത്താണ് രണ്ടാം വർഷ ഹയർസെക്കന്ററി ക്ലാസ്സിന്റെ പിൻബെഞ്ചിലിരിക്കുന്ന
റോഷൺലാലിന് ഒരു മെസേജ് വൈബ്രആയി വന്നത്. പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച മൊബൈൽ
തടവിയപ്പോൾ വെളിച്ചം കാണുന്ന സന്ദേശം അയച്ചത് സുഹൃത്ത് ജോജുവാണ്; അവനത് തുറന്ന്
വായിച്ചു, ‘FByil oru live vidio undu, open it arjant’.
തൊട്ടടുത്തിരിക്കുന്ന എബിച്ചനെ തോണ്ടിയിട്ട് റോഷൺലാൽ
സന്ദേശം കാണിച്ചു. അത് വായിച്ച സഹപാഠി പതുക്കെ പറഞ്ഞു,
“തുറക്ക്,
സൌണ്ട് വേണ്ട”
യൂസർ
നെയിമും പാസ്‌വേഡും എന്റർചെയ്ത് എഫ്.ബി തുറന്ന് ജോജുവിന്റെ അക്കൌണ്ടിൽ കയറിയപ്പോൾ
വായിക്കാൻ കഴിഞ്ഞു, ‘Keralathile Rodil oru manushyante anthyam’. പുതിയതായി
റിലീസ്‌ചെയ്ത സിനിമ കാണുന്ന ആവേശത്തോടെ റോഷൻ വീഡിയോ ക്ലിക്ക് ചെയ്തപ്പോൾ രംഗം
തെളിയാൻ തുടങ്ങി.
ആവേശത്തോടെ അനാറ്റമി പഠിപ്പിക്കുന്ന
സുവോളജിമിസ്സ് അറിയാതെ, വീഡിയോ കാണുന്ന രണ്ടുപേരുടെ കൂടെ ഇടതുവശത്ത് ഇരിക്കുന്ന
ധനേഷ് മേനോനും ചേർന്നു. മൂവർക്ക് മുന്നിൽ കേരളത്തിലെ കുണ്ടും കുഴിയും നിറഞ്ഞ
റോഡിലെ ദൃശ്യങ്ങൾ ഓരോന്നായി മാറിമറിയുകയാണ്. അതിരാവിലെയുള്ള അന്തരീക്ഷം, ചാറ്റൽമഴ
പെയ്യുന്ന ആ നേരത്ത് കുടചൂടിക്കൊണ്ട് റോഡിലൂടെ അകലേക്ക് നടന്നുപോകുന്ന ഒരാളുടെ പിൻവശം.
വെള്ളമുണ്ടും ഷെർട്ടും ധരിച്ച അയാൾ ആരാണെന്ന് അറിയാനാവില്ലെങ്കിലും മധ്യവയസ്ക്കനായ
പുരുഷനാണെന്ന് മനസ്സിലാക്കാം. മഴ നനയാതിരിക്കാനായി മുണ്ടിന്റെ ഒരറ്റം
ഉയർത്തിയിട്ട് വലതുകൈകൊണ്ട് പിടിച്ചിരിക്കയാണ്. പെട്ടെന്ന് എബിച്ചന്റെ കമന്റ്,
“ഈ
കിഴവനെ കാണാനാണോ അർജന്റ് മെസേജ് അയച്ചത്?”
“മുഴുവൻ
കണ്ടിട്ട് കമന്റിട്ടാൽ മതി”
റോഷന്റെ മറുപടികേട്ട് മറ്റുള്ളവർ
മിണ്ടാതിരുന്നു; മിസ്സിന്റെ കണ്ണ് എപ്പോഴാണ് പിൻബെഞ്ചിൽ പതിക്കുന്നതെന്നറിയില്ല.
അവർ നോക്കിയിരിക്കെ സ്ക്രീനിന്റെ മൂലയിൽനിന്നും ഹൈസ്പീഡിൽ ഒരു ഇന്നോവ കാർ വന്നത്
പെട്ടെന്നായിരുന്നു. വന്ന സ്പീഡിൽതന്നെ പോവുന്ന ഇന്നോവക്ക് റോഡരികിലൂടെ നടക്കുന്ന
വൃദ്ധനെ ഇടിച്ചുതെറിപ്പിക്കാൻ ഒരുനിമിഷം പോലും വേണ്ടിവന്നില്ല. അതുകണ്ടപ്പോൾ
മൂവരും ഒന്നിച്ചുപറഞ്ഞു,
“സൂപ്പർ”
അപകടത്തിൽപെട്ട മനുഷ്യനെ ഫോക്കസ്
ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് പിന്നീടുള്ളത്; അത് നോക്കിയിരിക്കുന്ന ധനേഷ്
പതുക്കെപറഞ്ഞു,
“ക്യാമറ
ഫോക്കസ് ചെയ്തശേഷം അയാളെ ഇടിക്കാൻ കാർഡ്രൈവർക്ക് കൊട്ടേഷൻ കൊടുത്തതുപോലെ
ഉണ്ടല്ലൊ!”
“മിണ്ടാതിരിക്കെടാ,
മിസ്സിന് സംശയം തോന്നും”
വേദനകൊണ്ട് പുളയുന്ന
വൃദ്ധനിൽ ശ്രദ്ധകേന്ദ്രീകരിച്ച സുഹൃത്തുക്കൾ മറുപടിയൊന്നും പറഞ്ഞില്ല. പാതയോരത്തെ
കല്ലുകൾക്കിടയിൽ മുഖംതാഴ്ത്തി കമഴ്ന്നുകിടക്കുന്ന മനുഷ്യൻ കൈയ്യും
കാലുമിട്ടടിക്കുമ്പോൾ ശരീരത്തിന്റെ പലഭാഗങ്ങളിൽനിന്നും രക്തം ഒഴുകുന്നുണ്ട്.
പെട്ടെന്ന് ആശുപത്രിയിൽ അഡ്മിറ്റായില്ലെങ്കിൽ മരിക്കുമെന്ന് ഉറപ്പായ ആ മനുഷ്യന്റെ
അന്ത്യനിമിഷങ്ങൾ വളരെ നന്നായി ഷൂട്ട്‌ചെയ്ത ജോജുവിനോട് മൂവർക്കും അസൂയ തോന്നി.
റോഷൻ പറഞ്ഞു,
“ഞാനിത്
ഷെയർ ചെയ്യുകയാണ്”
“ഷെയറും
ലൈക്കും ചെയ്യുന്നതൊക്കെ പിന്നീട്, നമ്മളൊന്ന് നന്നായി കാണട്ടെ. അയാളുടെ മുഖം
കാണാനെന്താ വഴി?”
“അതൊക്കെ
അവസാനം ഉണ്ടാവും, പിന്നെ മരിക്കുന്നവനെന്തിനാടാ മുഖം?”
വീഡിയോദൃശ്യത്തിൽ
ലയിച്ചിരിക്കുന്ന റോഷൻ പതുക്കെ പറഞ്ഞു.
ജീവൻ പോകാറായെന്ന്
തോന്നുന്നു, ശരീരത്തിന്റെ പിടച്ചിൽ അവസാനിക്കുകയാണ്. ചുറ്റും ചോര
ഒലിച്ചിറങ്ങിയതിന്റെ നടുവിൽ കിടക്കുന്ന ആ മനുഷ്യന്റെ കാലുകളുടെ ചലനം പതുക്കെ ആയി.
പെട്ടെന്ന്, അയാൾ ആകെയൊന്ന് പിടഞ്ഞു, ജിവൻ വേർപെടാനുള്ള പിടച്ചലിൽ ദേഹം ഉയർന്നശേഷം
താഴോട്ട് മലർന്ന് വീണു. അവസാനശ്വാസം വലിക്കുന്ന നേരത്ത് ഇത്തിരി വെള്ളത്തിനായി
വായതുറന്നിട്ട് പതുക്കെ നിശ്ചലമായി….
ഇപ്പോൾ മുഖം വ്യക്തമായി കാണാം.
ആറ് കണ്ണുകളും മൃതദേഹത്തിന്റെ മുഖത്ത് ഫോക്കസ് ചെയ്തപ്പോൾ,,, പെട്ടെന്ന്,
മൊബൈൽ
വലിച്ചെറിഞ്ഞ് റോഷൻലാൽ ഉച്ചത്തിൽ അലറി,
“അയ്യോ
എന്റെ പപ്പാ,,, ”
‘മോണിംഗ്‌വാക്കിന്
പോയ പപ്പ തിരിച്ചെത്തിയിട്ടില്ല, അന്വേഷിച്ചശേഷം സ്ക്കൂളിൽ പോയാൽ മതി’യെന്ന്,
മമ്മി പറഞ്ഞത് അവഗണിച്ച റോഷന്റെ മനസ്സിൽ അജ്ഞാതശവമായി ആശുപത്രി മോർച്ചറിയിൽ
കിടക്കുന്ന സ്വന്തം പിതാവിന്റെ ദൃശ്യം തെളിഞ്ഞു.
ദിവസങ്ങളുടെ ഇടവേളകുശേഷം പുതുവർഷത്തിൽ ഒരു കഥ,,, കഥയുടെ അവസാനം വീഡിയോ കാണുന്നവരുടെ പ്രതികരണം വായനക്കാർക്ക് മാറ്റി ചിന്തിക്കാം.
ReplyDeleteവീഡിയോ കണ്ടവരില്‍ ഒരാള്‍ക്ക് മാത്രമെ കരച്ചിലും നിലവിളിയും വന്നതുള്ളു. മറ്റെല്ലാവരും നന്നായിത്തന്നെ ആസ്വദിച്ചു.
ReplyDeleteമാറുന്ന തലമുറക്കൊരു ഓർമ്മപ്പെടുത്തൽ .... മനോഹരം
ReplyDeleteഅച്ഛന്‍ മരിച്ചു കിടന്നാലും ഫേസ്ബുക്കില്‍ നിന്നും വാട്ട്സ്ആപ്പില്‍ നിന്നും വിരലെടുക്കാത്ത തലമുറയെ തിരിച്ചു കൊണ്ട് വരാന്‍ ഇനി കഴിയുമോന്ന് സംശയം...
ReplyDelete“അയ്യോ എന്റെ പപ്പാ,,, ” ഇങ്ങനെ അലറാനെങ്കിലും അവന് തോന്നിയല്ലോ. ഭാഗ്യം.
ReplyDeletenarration is good. All the bests!
ReplyDeleteനല്ല എഴുത്ത് എനിക്ക് ഇഷ്ട്ടപെട്ടു അഭിനന്ദനങ്ങള്‍
ReplyDeleteഅനിവാര്യമായ ന്യൂ ജെനറേഷൻ ദുരന്തം.
ReplyDeleteഅജിത്ത്, മാനവൻ മയ്യനാട്, കല്ല്യാണി, ശാന്ത ടീച്ചർ, സതീഷ്, നീർമാതളം, സുധി,,, അഭിപ്രായം എഴുതിയ എല്ലാവർക്കും ഈ വൈകിയ വേളയിൽ നന്ദി അറിയിക്കുന്നു.
ReplyDeleteകലികാലത്തിന്‍റെ കലിപ്പുകള്‍..... മരണത്തേ പോലും മൊബൈലിലാക്കാനുള്ള മാനസിക വൈകല്യമുള്ള തലമുറ...... മികച്ച സാമൂഹിക വിമര്‍ശനം കൂടിയായി ഈ കഥ......
ReplyDeleteആശംസകൾ....
സൂര്യ വിസ്മയത്തിലേക്ക് സ്വാഗതം.....
എ ന്യൂ-ജെൻ ദുരന്തം ...!
ReplyDeleteമരിക്കാൻ കിടക്കുന്ന നേരത്തും ആശുപത്രിയിൽ എത്തിക്കാൻ നോക്കാതെ അത് മൊബൈലിൽ പിടിച്ചു ആസ്വദിക്കുന്ന പുതു തലമുറ..
ReplyDeleteനന്നായി എഴുതി.