“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

1/31/18

ഡിലീറ്റ് ചെയ്യപ്പെട്ടവൻ


            റോഡരികിലൊരു കാടായി രൂപാന്തരപ്പെട്ട് ആയിരങ്ങൾക്ക് അഭയമായി മാറിയ ആൽ‌മരത്തിന്റെ ദർശനത്തോടെ അയാളുടെ വേഗത കുറയാൻ തുടങ്ങി. കുറച്ചുകൂടി മുന്നോട്ടു പോയാൽ മരത്തിന്റെ സമീപത്തൊരു വീടിന്റെ മതിലും എപ്പോഴും അടഞ്ഞിരിക്കുന്ന ഗെയ്റ്റും കാണാം. ഗെയ്റ്റുതുറന്ന് അകത്തുപ്രവേശിച്ചാൽ പിൻ‌തിരിഞ്ഞ് ഉള്ളിൽ‌നിന്നും അടച്ച് കുറ്റിയിടുക എന്നൊരു ശീലം വീട്ടുകാർക്കു മാത്രമല്ല അവരെ പരിചയപ്പെട്ടവർക്കെല്ലാം ഉണ്ട്. എന്നിട്ട് ഇരുവശത്തും നിരനിരയായി വളർത്തിയ ചെടികളെ നോക്കിക്കൊണ്ട് അല്പം നടന്നാൽ വീട്ടുമുറ്റത്ത് എത്താം. ചെടികളിൽ അധികവും ബോഗൻ‌വില്ലകളാണ്,, നമ്മുടെ നാടൻ കടലാസുപൂക്കൾ.

            അതിനിടയിലൊരു ചെറിയ കാര്യം,,, ഗെയിറ്റുനു മുകളിൽ പത്രം നിക്ഷേപിക്കാനായി പുട്ടുകുറ്റി പോലുള്ള പി.വി.സി. പൈപ്പ് ഉറപ്പിച്ചിട്ടുണ്ട്. പത്രം മാത്രമല്ല, വീട്ടുകാർക്ക് വരുന്ന പോസ്റ്റൽ ഉരുപ്പടികളും പഞ്ചായത്ത് അറിയിപ്പുകളും പരസ്യങ്ങളും ചുരുട്ടിയിട്ട് അതിൽ നിക്ഷേപിക്കാം. ചിലനേരത്ത്, തന്നെയാരും നോക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം വീട്ടുകാരിതന്നെ ഇറങ്ങിവന്ന് അതിനകത്തുള്ളതെല്ലാം എടുക്കും. വെറുതെയെന്തിന് കോളിംഗ്‌ബെല്ലടിച്ച് അകത്തുള്ളവരെ ശല്യപ്പെടു‌ത്തണം. പിന്നെ,,, അടുത്ത വീട്ടുകാരുമായും ബന്ധുക്കളുമായും ആശയവിനിമയം നേരിട്ടൊന്നും വേണ്ട; ഫോണിൽ മാത്രം മതി. പിരിവുകാരെയും ഭിക്ഷക്കാരെയും അകറ്റിനിർത്താം. ചെറുപ്പക്കാരിയും സുന്ദരിയുമായ ശാലിനിയെ‌‌‌നോക്കി ആന്യപുരുഷന്മാർ വെള്ളമിറക്കേണ്ട; അവൾ വീടിനകത്തും അടുക്കളയിലുമായി ജീവിച്ചാൽ‌ മതി. വീടിന്റെ മുന്നിലെത്തിയാൽ ഗെയിറ്റിന്റെ വലതുവശത്തുള്ള ഇളം‌മഞ്ഞ ബോർഡിലെ കറുത്ത അക്ഷരങ്ങൾ വായിക്കാം ‘അശോകവനം’,,, അതാണ് അശോകന്റെ വീട്.


   ആലിൻ‌ചുവട്ടിൽ എത്താറായപ്പോൾ നടത്തം പതുക്കെയാക്കിയ അയാൾ മരത്തെ മൊത്തമായൊന്ന് നോക്കി. അതിന് ഒരു പോറലും ഏറ്റിട്ടില്ല!,, മുന്നിലുള്ള വാഹനങ്ങളെ മറികടന്ന് ഹൈ സ്പീഡിൽ ഓടിച്ചുവന്ന ബൈക്ക് നേരെപോയിട്ട് ആൽമരത്തിനെ ഉമ്മവെച്ചാൽ പരിക്കേൽക്കുന്നത് ബൈക്കിനോടൊപ്പം അതിലെ യാത്രക്കാരനും ആയിരിക്കു‌മെന്നത് പ്രകൃതി നിയമമാണല്ലൊ. എന്നാലും എന്തൊരു ഇടിയായിരുന്നു,, ബൈക്ക് തെറിച്ച് സ്വന്തം വീട്ടുമുറ്റത്ത് പതിക്കുമ്പോൾ‌ വീണുകിടക്കുന്ന ദേഹത്തുനിന്നും രക്തം ഒഴുകുന്നതിന്റെ തണുപ്പ് അറിഞ്ഞതായി ഓർമ്മയുണ്ട്. പിന്നെ എല്ലാം അവ്യക്തം,,, തലപൊട്ടി ചോരവാർന്ന് ഒഴുകുന്ന നേരത്താണ് ദേഹം നിശ്ചലമായത്. അതുവരെ കുളിച്ച് മിനുക്കി വേഷമണിഞ്ഞ് പരിപാലിച്ച ശരീരം എത്ര പെട്ടെന്നാണ് ജഡമായത്.

             പരിസരം ഒന്നുകൂടി കണ്ടപ്പോൾ അശോകന്റെ ഉള്ളിൽ‌ ചിന്തകൾ പെരുകി. ജീവിതത്തിന് അന്ത്യം കുറിച്ച, തനിക്ക് കാലനായി മാറിയ ആൽ‌മരം. റോഡരികിൽ  മരം വളർത്തണമെന്ന് പറയുന്ന പ്രകൃതിസ്നേഹികൾ ഇത്തരം വിഷമങ്ങൾ അറിയുന്നുണ്ടോ?

    ആശുപത്രിയിൽ എത്തുന്നതിനുമുൻപെ ജീവൻ വെടിഞ്ഞെങ്കിലും പലയിടത്തും ചുറ്റിക്കറങ്ങിയശേഷം  നാട്ടിലെത്താൻ കഴിഞ്ഞത് മൂന്നാമത്തെ ദിവസമാണ്. കോടാനുകോടി പ്രപഞ്ച കണികകൾക്കിടയിൽനിന്നും സ്വന്തം നാടും വീടും കണ്ടുപിടിക്കാൻ എന്തൊരു പ്രയാസമാണ്! ഇപ്പോഴെങ്കിലും വീട് തിരിച്ചറിഞ്ഞത് തൊട്ടു മുന്നിലുള്ള ആൽമരം കാരണമാണ്. പതുക്കെനടന്ന് മരത്തിന്റെ ചുവട്ടിൽ എത്തിയപ്പോൾ അതുവരെ ഉണ്ടായിരുന്ന സന്തോഷം അസ്തമിച്ചു. സ്വന്തം ജീവനെപ്പോലെ കാത്തുസൂക്ഷിച്ച ആൽമരത്തെ മുറിച്ചു നീക്കാനുള്ള തയ്യാറെടുപ്പ് തന്നെ. മരത്തിന്റെ ശാഖകൾ ഓരോന്നായി അറുത്തു മാറ്റുന്ന ദയനീയമായ കാഴ്ചയിൽ ആകെയൊരു വല്ലായ്മ. ഇനിയിപ്പോൾ റോഡരികിലെ മരങ്ങൾ അപകടങ്ങൾ ഉണ്ടാക്കുന്നു, എന്നൊരു കാരണം പറഞ്ഞ് മരം മാഫിയക്ക് അവയെല്ലാം മുറിച്ചുമാറ്റാമല്ലൊ. അസ്സഹനീയമായ ആ കാഴ്ച നോക്കിയിരിക്കെ, മരത്തെ കെട്ടിപ്പിടിച്ചിട്ട്, ‘ആദ്യം എന്റെ നെഞ്ചിൽ വെട്ടെടാ, എന്നിട്ട് മരം മുറിച്ചാൽ മതി’ എന്നുപറയാൻ തോന്നിയെങ്കിലും ഒരു നിമിഷം ആലോചിച്ചു,, ‘അങ്ങോട്ടുപോയി പ്രശ്നമുണ്ടാക്കേണ്ട, മരിച്ചുകഴിഞ്ഞ ആളെന്തിന് മരത്തെ സംരക്ഷിക്കണം’.


            ആ നേരത്താണ് ഒരു പഴഞ്ചൻ ചോദ്യം ഉള്ളിന്റെഉള്ളിൽ പൊങ്ങിവന്നത്; ഈ ആൽ‌മരത്തെ എപ്പോഴെങ്കിലും സ്നഹിച്ചിട്ടുണ്ടോ? ഉമ്മറവാതിൽ തുറന്നാൽ അതിരാവിലെ കണികാണുന്ന വിശാലമായി പടർന്നുപൊങ്ങിയ മരത്തെ എപ്പോഴെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടോ? ഇത്തിരിയെങ്കിലും ഇഷ്ടപ്പെടാൻ കാരണം അതിന്റെ ഇലചാർത്തുകൾ ചേർന്ന് മറയാക്കിയപ്പോൾ റോഡിലൂടെ പോകുന്നവർ വീടിനെയും വീട്ടുകാരിയെയും കാണാതിരിക്കാനല്ലെ?

‘അശോകൻ സാർ എപ്പോഴും സ്വാർത്ഥമതിയാണല്ലൊ,,,’ ആരാണ് പറഞ്ഞത്?

സീനിയർ സുപ്രണ്ട് രമാവതിയാണോ? അല്ല ഓഫീസ് അസിസ്റ്റന്റ് ദേവയാനിയാണോ?

‘സ്വന്തം കുടുംബത്തെ സ്നേഹിക്കുന്നവർ ഇത്തിരി സ്വാർത്ഥമതികളാവുന്നതിൽ തെറ്റില്ല’ എന്ന മറുപടി മാത്രമാണ് അന്നും ഇന്നും പറയാനുള്ളത്. തന്റെ ലോകം വീടും ഭാര്യയും മക്കളും മാത്രമാണ്; അവർക്കുവേണ്ടി ഏതറ്റം വരെയും പോവും. മരിച്ചുകഴിഞ്ഞിട്ടും അരൂപിയായി ഇവിടേക്ക് വരാൻ കഴിഞ്ഞത് അവരോടുള്ള അമിതമായ സ്നേഹം കൊണ്ട് മാത്രമല്ലെ,,, ശാലിനിയെയും മക്കളെയും കാണാതെയിരിക്കാനോ? അവരെ പിരിഞ്ഞ് ഒരുനിമിഷം പോലും സഹിക്കാനാവില്ല. ദേഹം വെടിഞ്ഞാലും ഇവിടേക്ക് എത്തിയതുകൊണ്ട് ഇനിയങ്ങോട്ട് എല്ലായിപ്പോഴും അവരെ കാണാമല്ലൊ,,, 

         ആൽമരത്തിന്റെ ചുവട്ടിലെത്തിയിട്ട് അതിനെ വീണ്ടുമൊന്ന് നോക്കി. ആയിരമായിരം ജന്തുജാലങ്ങൾക്ക് അഭയമായ മരം, പിരിഞ്ഞിറങ്ങിയ നൂറുകണക്കിന് ശാഖകളിൽ നിന്നും പൊടിച്ചിറങ്ങിയ വേരുകൾ‌നീണ്ട് ഭൂമിയെ സ്പർശിക്കുന്ന നിമിഷം പടർന്നിറങ്ങിയിട്ട് തായ്മരത്തെ ഊട്ടിയുറപ്പിക്കുന്ന വേരുപടലങ്ങൾ,,, പല്ലിയും പാമ്പും ഓന്തും അരണയും ഉടുമ്പും അവയിൽ ഊഞ്ഞാലാടി കളിച്ച് ഇരതേടുമ്പോൾ ചിലനേരത്ത് അവരെല്ലാം നിശബ്ദരാവും; അത് ജന്മാന്തരങ്ങളിൽ പതിച്ചുകിട്ടിയ ശത്രുസാമിപ്യത്തിന്റെ സൂചനയാണ്. മരം പുഷ്പിണിയാവുന്ന ഋതുവിൽ കാലം‌തെറ്റാതെ വരുന്ന വിരുന്നുകാരുണ്ട്. ചുവന്ന കായ്കൾ തിന്നാനായി വരുന്ന പച്ചക്കിളികളും നാട്ടുബുൾ‌ബുളും മഞ്ഞച്ചിന്നനും ഇനിയെങ്ങോട്ടായിരിക്കും ഇരതേടാൻ പോവുന്നത്. ചിലപ്പോൾ‌മാത്രം വിരുന്നുവരുന്ന വേഴാമ്പൽ,,, അവനു മാത്രമായി വേറിട്ടൊരു ചലനമാണ്. ഇരിക്കുന്ന ചില്ലയിൽ‌നിന്ന് കഴുത്തുനീട്ടിയിട്ട് ആലിൻ‌കായകൾ ഓരോന്നായി കൊത്തിയെടുത്ത് വിഴുങ്ങുന്നവനാണ് വേഴാമ്പൽ. പത്തോ പതിനഞ്ചോ കായകൾ വിഴുങ്ങിയാൽ പിന്നെ ചിറകുവീശിയിട്ട് ആകാശ നീലിമയിലേക്ക് പറക്കും. അകലെ ഏതോ ഒരിടത്തെ പടുകൂറ്റൻ മരത്തിന്റെ പൊത്തിൽ കൊക്കുമാത്രം വെളിയിൽ നീട്ടി അവനെയും കാത്ത് ഇണപക്ഷിയും മക്കളും ഉണ്ടാവും. തലമുറകൾ നിലനിർത്താൻ സ്വയം തടവിലാക്കപ്പെട്ട അവരെ തീറ്റിപോറ്റേണ്ട കടമ അവനാണല്ലൊ. ഇരതേടാൻ പോയ ആൺ‌പക്ഷിക്ക് അപകടം പറ്റിയാൽ,, പിന്നെയൊരു കൂട്ടമരണം, അതോടെ തീർന്നു,,, ഹോ,, അതൊരു വല്ലാത്ത അവസ്ഥ ആയിരിക്കുമല്ലൊ,,,


എന്റെ ശാലിനി,,,

ഞാനിതാ നിന്നെയും തേടി വരുന്നു,, ഒരു വേഴാമ്പലിനെപ്പോലെ,,, അരൂപിയാണെങ്കിലും നിന്നെയൊന്ന് കാണാമല്ലൊ,,,

           അതിവിശാലമായി ഇരുവശത്തേക്കും തുറക്കപ്പെട്ട ഗെയ്റ്റ് കണ്ടപ്പോൾ ആകെയൊരു അസ്വസ്ഥത തോന്നി. തുറന്ന വാതിൽ അടക്കുന്ന ശീലം എപ്പോഴാണ് മലയാളികൾ പഠിക്കുക; സായിപ്പിനെപ്പോലെ ആവാൻ ശ്രമിക്കുന്നവർ സായിപ്പിന്റെ നല്ല ശീലങ്ങളൊന്നും പഠിച്ചില്ലല്ലൊ. അകത്തേക്ക് കാലുകുത്തിയ നിമിഷം,, ഗെയിറ്റുകടന്ന് വെളിയിൽ‌‌‌‌വരുന്നവനെ കണ്ടപ്പോൾ പകച്ചുപോയി. ആജീവനാന്തശത്രുവും അകന്ന ബന്ധുവും ആയ അയൽ‌പക്കത്തെ രവീന്ദ്രൻ,,, ‘എന്നാലും ഇതു വേണ്ടായിരുന്നെടാ, ശത്രു മരിച്ചെന്നറിഞ്ഞ നിമിഷം നീയിവിടെ കാലുകുത്തി. ഇനി എന്തൊക്കെ പറഞ്ഞായിരിക്കും ഇവൻ ശാലിനിയെ ചതിക്കുന്നത്!! ഉം, നിന്നെ ഞാൻ ശരിപ്പെടുത്തും’.

          വീട്ടിലേക്ക് എത്തിനോക്കിയപ്പോൾ അവിടമാകെ ഒച്ചയും ബഹളവും,, ഒരാൾ മരിച്ചാൽ ആ വീട്ടിൽ ഇത്രയധികം ആളുകൾ വരേണ്ടതുണ്ടോ? താനായിട്ട് മരണവീട്ടിൽ പോയത് വിരലിലെണ്ണാവുന്ന അവസരങ്ങളിൽ മാത്രമാണല്ലൊ,, എന്നിട്ടും എന്തിനാണ് ഇത്രയധികം ആൾക്കാർ വന്നത്? ശാലിനിയെ ആശ്വസിപ്പിക്കാനാണോ? അവളുടെ ദുഖം‌കണ്ട് ഉള്ളിൽ ചിരിക്കാനാണോ? ഒറ്റപ്പെട്ട് ജീവിക്കുന്നവരെ വെറുതെ എന്തിനാണ് ഉപദ്രവിക്കുന്നത്,,,


           തോട്ടത്തിലെ ചെടികളെല്ലാം ആരൊക്കെയോ ചേർന്ന് ചവിട്ടിയൊടി‌ച്ചിരിക്കുന്നു. ഇതെന്താ ഇവിടെ ആഘോഷം നടക്കുന്നുണ്ടോ? എല്ലാവരും ഉച്ചത്തിൽ സംസാരിച്ച് നടക്കുന്നതിനിടയിൽ ഏതൊക്കെയോ കുട്ടികൾ മൊബൈലുമായി ഓടിച്ചാടി കളിക്കുന്നുണ്ട്. ജോബിനും ടീനയും അക്കൂട്ടത്തിലൊന്നും ഉണ്ടാവില്ല. അച്ഛൻ നഷ്ടപ്പെട്ട ദുഖം സഹിക്കാനാവാതെ കരഞ്ഞുതളർന്ന പാവം മക്കൾ അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുന്നുണ്ടാവും. വീട്ടിലായിരിക്കുമ്പോൾ എല്ലാദിവസവും ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന മക്കൾ അച്ഛന്റെ അഭാവത്തിൽ ഭക്ഷണം കഴിക്കാതെ വിശന്നു കിടക്കുന്നുണ്ടാവും.

             വരാന്തയിലേക്ക് കയറുന്നതിനു മുൻപ് അടുക്കളഭാഗത്ത് നോട്ടമയച്ചു. കിണറിനും മതിലിനും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് പുക ഉയർന്നു പൊന്തുകയാണ്, അതോടൊപ്പം സദ്യയുടെ ഗന്ധം പരന്നു. നാട്ടുകാർ മരണം ആഘോഷിക്കുകയാണ്,,, മൃതദേഹത്തോ‌ടൊപ്പം മരണവീടും നാട്ടുകാരുടെ വരുതിലാവുക‌‌യാണല്ലൊ. എന്തൊക്കെ പാഴ്‌ചെലവുകളാണ്,,, ശവമടക്കിന്റെ മൂന്നാം ദിവസം കത്തിതീർന്ന പട്ടടയിൽ നിന്ന് എല്ലും ചാരവും എടുത്ത് കടലിൽ ഒഴുക്കിയതോടെ ചെയ്യേണ്ട കർമ്മങ്ങളൊക്കെ ബന്ധുക്കളും നാട്ടുകാരും ചെയ്തുതീർത്തിട്ടുണ്ടാവും. അതിന്റെ ആഘോഷമാണ്, നടക്കട്ടെ,, എന്നാലും ഈ ആളുകൾക്കൊക്കെ വേറോരു പണിയും ഇല്ലേ? തിന്നുമുടിക്കാനായി വന്നവരെ ഓടിച്ചിട്ട് ഉച്ചത്തിൽ വിളിച്ചുപറയണം, ‘ശാലിനിയെയും മക്കളെയും വെറുതെ വിടൂ,,, അവരൊന്ന് പൊട്ടിക്കരയട്ടെ’,,


             ഹൊ, കിട്ടിയ അവസരം പാഴാക്കാത്ത ആളുകൾ തന്നെ, എന്തൊക്കെ കാര്യങ്ങളാണ് ഇനി ചിന്തിക്കാനുള്ളത്; സ്വന്തം ആവശ്യങ്ങൾക്കുപോലും ഒറ്റക്ക് വീട്ടിൽ‌നിന്നും ഇറങ്ങാത്ത ശാലിനി ഇനിയങ്ങോട്ട് എന്തെല്ലാം ചെയ്യണം?

ഭർത്താവിന്റെ ‌സഹായമില്ലാതെ വീടിനെയും മക്കളെയും നോക്കി മുന്നോട്ടുപോവാൻ അവൾക്ക് കഴിയുമോ?

പലചരക്കുകട അറിയാത്തവൾ വീട്ടു‌സാധനങ്ങളൊക്കെ എങ്ങനെയാവും വാങ്ങുന്നത്?

തനിച്ച് യാത്രചെയ്ത് മക്കളെ സ്ക്കൂളിലേക്ക് വിടാൻ അവൾക്കാവുമോ?

തുറിച്ചുനോക്കി പരിഹസിക്കുന്നവരിൽ നിന്നും അവൾക്കെങ്ങനെ രക്ഷപ്പെടാനാവും?

തെരുവിലുള്ള തലതിരിഞ്ഞ പുരുഷന്മാരെല്ലാം ഉപദ്രവിക്കില്ലെ?

        ജീവിച്ചിരുന്നപ്പോൾ കടന്നുവരാത്ത ചിന്തകളാണല്ലൊ ഇപ്പോൾ ഉയരുന്നത്, മരിച്ചുകഴിഞ്ഞിട്ടും വിധി തനിക്കായി കരുതിവെച്ചത് എന്തെല്ലാം പരീക്ഷണങ്ങളാണ്?


         പതുക്കെ അകത്തേക്ക് കടന്നപ്പോൾ വെളിച്ചത്തിന്റെ തിളക്കം കണ്ണിന് കരടായി മാറി. വൈദ്യുതി പാഴാക്കരുതെന്ന് ആരോട് പറയാൻ,,, കാഴ്ചക്കാരില്ലെങ്കിലും ടീവിയി‌ലൊട്ടാകെ പരസ്യങ്ങൾ പൊടിപൊടിക്കുന്നു. ഇതെല്ലാം ഓഫാക്കാനെങ്കിലും ഒന്ന് കഴിഞ്ഞെങ്കിൽ,,, അകത്തെ മുറിയിൽ കുറേ കുട്ടികളിരുന്ന് പരിസരം ശ്രദ്ധിക്കാതെ പൊട്ടിച്ചിരിച്ച് കളിക്കുന്നുണ്ട്; മൊബൈലുമായാണ് അവരുടെ കളി. ആശ്വാസം, ടീനയും ജോബിനും അവിടെയുണ്ട്. ദുഖം വിട്ടെറിഞ്ഞ് രണ്ടുപേരും മൊബൈലുമായി കളിക്കുകയാണ്. ആരാണ് ഇവർക്ക് മൊബൈൽ കൊടുത്തത്? വീട്ടിലെ മൊബൈലുമായാണല്ലൊ കളി! അതിനകത്തുനിന്നും ഡിലീറ്റ് ചെയ്യപ്പെട്ട ഗെയിമൊക്കെ തിരികെ വന്നിട്ടുണ്ടല്ലൊ. കുട്ടികൾ മൊബൈൽ ഉപയോഗിക്കാൻ പാടില്ല എന്ന അച്ഛന്റെ നിർദ്ദേശം എത്ര പെട്ടെന്നാണ് മക്കൾ കാറ്റിൽ പറത്തിയത്. അനായാസമായി ഗെയിം കളിക്കുന്ന മക്കളെ നോക്കിയിരിക്കെ ആകെയൊരിടർച്ച,, എന്നാലും ഇത്ര പെട്ടെന്ന്,,, ഇവർ അച്ഛന്റെ വിയോഗം കാത്തിരിക്കുകയാണോ?  

        ഒരു വിധത്തിൽ ഇതൊരു ആശ്വാസമാണ്,, സ്വന്തം പിതാവിന്റെ മരണത്തിൽ പതറാതെ ജീവിക്കാൻ മക്കൾക്ക് ആവുമല്ലോ,,, ശാലിനി ഇതൊക്കെ കാണുന്നുണ്ടോ? അവളെയൊന്ന് കണ്ടാൽ മതിയായിരുന്നു,,,


      വെളിച്ചം, എങ്ങും നിറഞ്ഞൊഴുകുന്ന വെളിച്ചത്തിന്റെ തിളക്കത്തിൽ കണ്ണിലാകെ ഇരുട്ട് പടരുകയാണ്. അതിനിടയിൽ ശാലിനി എവിടെയായിരിക്കും? മറ്റുള്ളവർ കാണാതെ എതെങ്കിലും ഇരുട്ടുമുറിയിൽ കിടന്ന് കരയുന്നുണ്ടാവും. പ്രീയപ്പെട്ടവളെ ഇനിയുള്ളകാലത്ത് നിന്റെ ജീവിതം ഇരുട്ടിലായിപോയല്ലോ,, എത്ര ക്രൂരമായാണ് വിധി നിന്നെ തകർത്തത്,,, ജീവിതത്തെക്കുറിച്ച് എന്തെല്ലാം ആഗ്രഹങ്ങളാണ് ഉണ്ടായത്? മക്കൾ പഠിച്ച് വലിയവരായി ഉദ്യോഗം നേടിയശേഷം അവർ വിവാഹിതരായി കൊച്ചുമക്കളോടൊത്ത് കളിക്കുക,, എന്തെല്ലാം ആശകളും പ്രതീക്ഷകളും ആയിരുന്നു നമുക്ക് ഉണ്ടായത്,,,


          വീട്ടിലാകെ ചുറ്റിനടന്നപ്പോൾ വെളിച്ചവില്ലാത്തെ മുറിയുടെ മുന്നിലെത്തി. ഓ, ഇത് പൂജാമുറിയാണല്ലൊ,, ഇവിടെയുണ്ടാവും ശാലിനി. കൽ‌പ്രതിമകൾക്ക് മുന്നിലിരുന്ന് അവൾ കരയുന്നുണ്ടാവും,,, അതാണ് ലൈറ്റ് ഓൺ ചെയ്യാഞ്ഞത്? പതുക്കെ ഒഴുകി അകത്തേക്ക് കടന്നു,, ആദ്യം കണ്ടത് രണ്ട് കാലുകളാണ്. അത് അവളുടെ കാലുകളാണല്ലൊ,,, ശാലിനിയുടേത്,,, ഇവളെന്തിനാണ് മേശപ്പുറത്ത് കയറിയിട്ട് രണ്ട് കൈകളും ഉയർത്തി നിൽക്കുന്നത്? പെട്ടെന്ന് ആകെയൊരു ഞെട്ടൽ,, ഭർത്താവില്ലാതെ ജീവിക്കാൻ മടിച്ച്, അശോകന്റെ ഭാര്യ ശാലിനി,, അയ്യോ,,,

‘എന്റെ പൊന്നെ ചതിക്കല്ലെ,,, നമ്മുടെ മക്കൾക്ക് പിന്നെ ആരാണുള്ളത്?’

         മുറിയിൽ‌ കടന്ന് അവൾക്കു‌നേരെ ഓടി കാലുപിടിക്കാൻ ശ്രമിച്ചപ്പോൾ,, ഒഴുകുന്നതായി തോന്നി. വായുവിലൂടെ ഒഴുകി പിന്നിലെ ചുമരിലൂടെ വരാന്തയിലേക്ക് വീഴുന്നതിനുമുൻപ് പ്രതിബിംബം ഇല്ലാത്ത കണ്ണാടിക്കുമുന്നിൽ ഇരുന്നപ്പോൾ മേലോട്ടുനോക്കി,

ശാലിനിയതാ താഴേക്ക് ഇറങ്ങുന്നു,,,

മേശയുടെ വക്കിലൂടെ ഊർന്നിറങ്ങി സ്വിച്ച് ഓൺ ചെയ്തപ്പോൾ തിങ്ങിനിറഞ്ഞ വെളിച്ചം അശോകന്റെ ആത്മാവിനകത്ത് തുളച്ചുകയറിയനേരം സകലശക്തിയും പ്രയോഗിച്ച് അയാൾ വിളിച്ചു,

‘ശാലിനീ,,, എന്റെ പൊന്നേ,,,’


           മുറിയിൽ പ്രകാശം പരന്നപ്പോൾ ഫ്യൂസായ ബൾബുമായി പോകുന്നതി‌നിടയിൽ ശാലിനി പറഞ്ഞത് വ്യക്തമായി കേട്ടു,

“ഒരു ബൾബ് മാറ്റിയിടാനാണോ പ്രയാസം,, ഓരാള് മരിച്ചെന്നുവെച്ച്,,, വീട്ടിനകത്ത് കുറച്ചൊക്കെ സ്വാതന്ത്ര്യവും വെളിച്ചവും കടക്കട്ടെ”

2018 ജനവരിയിലെ സ്ത്രീശബ്ദം മാസികയിലെ എന്റെ കഥ

4 comments:

  1. 2018 ജനവരി മാസത്തെ സ്ത്രീശബ്ദം മാസികയിൽ പ്രസിദ്ധീകരിച്ച എന്റെ കഥ ‘ഡിലീറ്റ് ചെയ്യപ്പെട്ടവൻ’. പുതുവർഷത്തിന്റെ ഐശ്വര്യം

    ReplyDelete
  2. പ്രാക്റ്റിക്കൽ ശാലിനി

    ReplyDelete
  3. 'ഡിലീറ്റ് ചെയ്യപ്പെട്ടവൻ' 'സ്ത്രീശബ്;ദത്തിൽ
    കയറി വന്നതിന് അഭിനന്ദനങ്ങൾ കേട്ടോ ടീച്ചർ

    ReplyDelete
    Replies
    1. ഇതിലുള്ള 15 കഥകൾ ചേർത്ത് ‘എട്ടു സുന്ദരികളും ഒരു സിനിമയും’ എന്ന പുസ്തകം പബ്ലിഷ് ചെയ്തിട്ടുണ്ട്, വർഷങ്ങൽ കഴിഞ്ഞെങ്കിലും അഭിപ്രായം എഴുതിയതിന് ഇപ്പോൾ നന്ദി അറിയിക്കുന്നു.

      Delete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..