“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

12/31/18

പിരിഞ്ഞുപോകുന്നവർ

2018 ഡിസമ്പർ മാസം സ്ത്രീശബ്ദം മാസികയിൽ വന്ന കഥ,,
എന്റെ സ്വന്തം കഥ,,

    ബസ്സിൽ‌നിന്ന് ഇറങ്ങിയശേഷം മനസ്സുനിറയെ ചിന്തകളുമായി കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ കയറിയിട്ട് കിതപ്പ് മാറ്റുമ്പോഴാണ് ലിഫ്റ്റ് ഉണ്ടായിരിക്കുമല്ലൊ എന്നോർത്തത്. ഒരു ദിവസം ലീവെടുത്തത് വെറുതെയാവല്ലേ എന്ന പ്രാർത്ഥനയോടെ ഹോം നേഴ്സിങ്ങ് സ്ഥാപനത്തിന്റെ വാതിൽ തുറന്ന് അകത്തേക്ക് കടന്നു.

      വിശാലമായ മുറിയിൽ ഒതുക്കിവെച്ച ഉപകരണങ്ങളുടേയും ഫയലുകളുടേയും മുന്നിൽ സ്ഥാപനമേധാവിയായ മാഡം ഇരിക്കുന്നുണ്ട്. കറങ്ങുന്ന കസാരയിൽ ഉൾക്കൊള്ളാനാവാത്ത ആകാരഭം‌ഗിയുള്ള അവർ വലിയൊരു പുസ്തകത്തിനകത്ത് തല താഴ്ത്തിയിരിപ്പാണ്. ഞാൻ പറഞ്ഞു,

“ഒരു മണിക്കൂർ മുൻപ് ഫോൺ ചെയ്തിരുന്നു,,,”              

വാക്കുകൾ പൂത്തിയാവുന്നതിനു മുന്നെ അവർ പറഞ്ഞു,

“ഓ ടീച്ചർ,, ബഡ്‌‌റസ്റ്റിലുള്ള അമ്മയെ പരിചരിക്കാൻ ഹോം‌‌‌നേഴ്സിനെ വേണം. ഇന്നേതായാലും ഓക്കെയാവും അഞ്ചാറുപേർ ഡ്യൂട്ടി റിലീവുചെയ്ത് വരുന്നുണ്ട്. അതുവരെ കാത്തിരിക്കാൻ വിഷമമില്ലല്ലൊ?”

“ഇന്നേതായാലും ഞാൻ ലീവെടുത്തു; ഇന്നലെ രാവിലെ പെട്ടെന്നാണ് ഇവിടെനിന്നും അയച്ച ലിസമ്മ പോയത്. അവളുടെ അമ്മായിഅമ്മക്ക് ബോധമില്ലാതായി പോലും”

“സംഗതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടീച്ചറിവിടെ അല്പസമയം ഇരിക്ക്”


       സമീപമുള്ള ചെയറിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ മൂന്ന് ചെറുപ്പക്കാരികൾ അകത്തേക്ക് വന്നു. വന്നപാടെ കൂട്ടത്തിലൊരുത്തി ഒച്ചവെച്ച് സംസാരിക്കാൻ തുടങ്ങി,

“മാഡം ആ വീട്ടിൽ ഞാനിനി പോകുന്ന പ്രശ്നമേയില്ല”

“അതെന്താ രാഗിണീ,, അങ്ങനെ പറയുന്നത്? നീ പോയ വീട്ടിൽ പ്രായമായ മുത്തശ്ശി മാത്രമല്ലേയുള്ളൂ,, ജോലിയാണെങ്കിൽ കുറവ്”

“ഹോ,, പ്രായമായ ഒരു സാധനം,, വീട്ടിനകത്തു ചെരിപ്പിടാൻ പറ്റില്ല. പിന്നെ ചൂരീദാറിട്ടാൽ ഷാൾ‌കൊണ്ട് മൂടണം, രാവിലെതന്നെ കുളിക്കണം, പാട്ടുപാടരുത്, ഉച്ചത്തിൽ സംസാരിക്കരുത്, എന്തൊക്കെയാണ് അവരുടെ നിയമങ്ങൾ! എനിക്ക് മടുത്തു,,,”

      പറഞ്ഞുകൊണ്ടിരിക്കെ വന്നവരെല്ലാം ഉൾ‌വശത്തെ മുറിയിൽ കയറി വാതിലടച്ചപ്പോൾ എന്നെ നോക്കിയിട്ട് മാഡം പറഞ്ഞു,

“ടീച്ചർക്ക് ഇക്കൂട്ടത്തിലുള്ളവരൊന്നും പോരല്ലൊ,,”

“എന്റെ അമ്മ കിടപ്പിലാണെങ്കിലും ഒരാളുടെ സഹായം ഉണ്ടായാൽ എഴുന്നേറ്റിരിക്കുകയും ബാത്ത്‌റൂമിൽ പോവുകയും ചെയ്യും. പിന്നെ സമയം നോക്കിയിട്ട് മരുന്നും ഭക്ഷണവും കൊടുക്കണം”

“അങ്ങനെയാനെങ്കിൽ രാധമ്മ ഇപ്പോൾ വരും, ടീച്ചർക്കവരെ ഇഷ്ടപ്പെടും”

“വളരെ ഉപകാരം”


     ആശ്വാസത്തോടെ അവിടെയിരുന്നപ്പോൾ മനസ്സിൽ പലതരം ചിന്തകൾ ഉയർന്നുവരാൻ തുടങ്ങി. ‘മകൾക്കൊരു ആവശ്യം വന്നപ്പോൾ ശ്രദ്ധിക്കാൻ കഴിയാത്ത നിനക്കിപ്പോൾ പെറ്റമ്മയെ നോക്കാൻ നേരമുണ്ടായല്ലൊ’, എന്ന് ഭർത്താവ് പറയുന്നത് കുറ്റപ്പെടുത്തലാണെങ്കിലും സംഭവിക്കുന്നത് അങ്ങനെയാണ്. കാലം മാറിയപ്പോൾ അണു‌കുടുംബത്തിലേക്ക് ജീവിതം പറിച്ചുനട്ടതാണെങ്കിലും അമ്മക്കും അച്ഛനും ആകെയൊരു മകളായ എനിക്ക് കടമകളിൽ‌നിന്ന് ഒളിച്ചോടാനാവില്ലല്ലൊ. ആശുപത്രിയിലെ ലേബർ റൂമിന്റെ അടഞ്ഞവാതിലിനു മുന്നിലുള്ള കാത്തിരിപ്പിന്റെ ഒടുവിൽ പിഞ്ചുകുഞ്ഞിനെ ഇരുകൈകളിൽ വാങ്ങുമ്പോൾ ഉള്ളം‌നിറഞ്ഞ് ചിരിക്കുന്ന അമ്മൂമ്മവേഷം അണിയാനുള്ള അവസരം ലഭിച്ചില്ലെങ്കിലും ഒരുമാസം മുൻപ് കൊച്ചുമകന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാനായി വിദേശത്തുനിന്നും മകൾ വീട്ടിലെത്തിയപ്പോൾ അതിരുകവിഞ്ഞ സന്തോഷം നിറഞ്ഞിരുന്നു.

     അദ്ധ്യാപനജീവിതത്തിന്റെ അവസാന വർഷങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ വീട്ടുചുമതലകളും അമ്മയുടെ രോഗാവസ്ഥയും കടന്നുവന്നപ്പോൾ ഏകമകളുടെ കടിഞ്ഞൂൽ പ്രസവവും ശുശ്രൂഷയും ഒഴിഞ്ഞുമാറലിൽ കലാശിച്ചു. അന്യരാജ്യത്തുവെച്ച് മകൾ പ്രസവിക്കുമ്പോൾ കുഞ്ഞിനെ ഏറ്റുവാങ്ങിയത് മകളുടെ ഭർത്താവ് തന്നെ. കാലം മാറിയപ്പോൾ എല്ലാം ന്യൂജൻ ആയിരിക്കുന്നു,, ജനനത്തിനും മരണത്തിനും ജീവിതത്തിനും ഇടയിൽ ഹോം‌‌‌നേഴ്സ് എന്ന ഘടകം കടന്നു വന്നിരിക്കയാണ്. മകളുടെ പ്രസവം നടക്കുമ്പോൾ ആശുപത്രിയിലെ ലേബർ റൂമിനകത്ത് ഗർഭിണിയുടെ ഭർത്താവോ അടുത്ത ബന്ധുക്കളൊ ഉണ്ടാവണം പോലും. എത്ര മനോഹരമായ രാജ്യം,,, എത്രനല്ല നിയമം!


          ആളുകൾ വരികയും പോവുകയും ചെയ്യുന്നതിനിടയിൽ എനിക്കുശേഷം വന്ന രണ്ട് പുരുഷന്മാർ പുതിയ ഹോം‌ നേഴ്സിനെ ഏറ്റെടുത്തശേഷം പണമടച്ചിട്ട് അവരുമായി സ്ഥലം‌വിട്ടു. ഏതാനും വർഷമായി എന്റെ വീട് ഹോം‌‌നേഴ്സുമാരുടെ കുടിയേറ്റ മേഖലയാണ്. അതുവരെ വീട്ടിലെ എല്ലാ ജോലിയും ഒറ്റക്ക് ചെയ്തിരുന്ന അമ്മയെ രോഗിയാക്കി മാറ്റിയത് നാലുകൊല്ലം മുൻപുള്ള വീഴ്ചയാണ്. അതോടൊപ്പം പ്രഷറും ഷുഗറും കടന്നുവന്ന് രോഗാവസ്ഥയിൽ വേദന തിന്നുന്ന അമ്മയെ തനിച്ചാക്കിയിട്ട് പോയാലൊരു മനസമാധാനം ലഭിക്കില്ല. ഭാര്യയുടെ അമ്മ ആയതുകൊണ്ടാവണം അങ്ങേർക്ക് ഇക്കാര്യത്തിൽ ഒരുപങ്കും ഇല്ലാത്ത മട്ടാണ്. അടുത്തകാലത്തായി ആശുപത്രിയും വീടും ആയിട്ട് വേദനകൾ നിറഞ്ഞ ഓരോ ദിവസവും എണ്ണിത്തീർക്കുകയാണെന്ന് അമ്മയുടെ കണ്ണുകൾ നോക്കിയാലറിയാം. ജോലി കിട്ടിയ ഉടനെ വിവാഹം കഴിഞ്ഞതുകൊണ്ട് അച്ഛനും അമ്മക്കും ഭാരമാവാതിരുന്ന മകളാണ് ഞാനെന്ന് ഇടയ്ക്കിടെ പറയാറുണ്ട്. ആവശ്യമുള്ളതെല്ലാം ചെയ്തു‌കൊടുക്കുന്നു‌ണ്ടെങ്കിലും അദ്ധ്യാപന ജോലി ഒഴിവാക്കിയിട്ട് അമ്മയോടൊപ്പം വീട്ടിലിരിക്കാൻ പറ്റുമോ?  അമ്മയുടെ പരാതി കേൾക്കുമ്പോൾ ചിലപ്പോൾ ദേഷ്യം വരാറുണ്ടെങ്കിലും ഞാനെന്തു ചെയ്യാനാണ്?,,


        ഉച്ചയാവാറായപ്പോഴാണ് പ്രായക്കൂടുതലുള്ള ഒരു യുവതി അകത്തേക്ക് വന്നത്. അവരെ കണ്ട ഉടനെ മാഡം എന്നെ നോക്കി,

“ടീച്ചറെ ആളെത്തീ,,”

        മനസ്സിലെ ആശ്വാസം പ്രകടിപ്പിക്കാതിരിക്കാൻ ഞാനൊരു വിഫലശ്രമം നടത്തിയിട്ട് ആ സ്ത്രീയെ നോക്കി,, ഏതാണ്ട് അറുപതിനു മുകളിൽ പ്രായം വരും. അദ്ധ്വാനശീലയാണെന്ന് തോന്നിക്കുന്ന തടിച്ചുരുണ്ട ദേഹം,, അമ്മയെ എടുത്തുയർത്താൻ ഇവർക്ക് നിഷ്‌പ്രയാസം കഴിയും. പെട്ടന്നുതന്നെ അവർ പറയുന്ന തുക എണ്ണിക്കൊടുത്ത് രജിസ്റ്ററിൽ ഒപ്പുവെച്ചപ്പോൾ രാധമ്മ എന്ന സ്ത്രീ എന്റെ വീട്ടിലെ ഹോം‌നേഴ്സ് ആയി ഡ്യൂട്ടിയിൽ പ്രവേശിച്ചു. അവരെയും കൂട്ടി വെളിയിലിറങ്ങാൻ നേരത്ത് ചെയ്യേണ്ട കാര്യങ്ങളൊക്കെ വിശദീകരിച്ചപ്പോൾ ഒരു സംശയം,

“ചേച്ചി ടീച്ചറാണല്ലെ?,,, അപ്പോൾ ഭക്ഷണമൊക്കെ ഞാനുണ്ടാക്കണോ?”

“ഭക്ഷണമെല്ലാം രാവിലെത്തന്നെ ഞാനുണ്ടാക്കും, എട്ടുമണിക്ക് സ്ക്കൂളിലേക്ക് ഞാൻ പോകുമ്പോൾ ഒപ്പം ഭർത്താവ് ടൌണിലുള്ള കടയിലേക്ക് ഇറങ്ങും. വൈകിട്ട് അഞ്ചര കഴിഞ്ഞ് ഞാൻ വരുന്നതുവരെ അമ്മയെയും വീടിനേയും നോക്കണം; വീട്ടിൽ മറ്റാരുമില്ല. അവധി ദിവസങ്ങളിൽ ഞാനും വീട്ടിലുണ്ടാവും”

“അതൊക്കെ എനിക്ക് ശീലമാണ്,, ഇതുപോലെയുള്ളൊരു ഡ്യൂട്ടി അവസാനിച്ചപ്പോഴാണ് ഞാനിങ്ങോട്ട് വന്നത്”

“അവസാനിച്ചതോ? എങ്ങനെ?”

“അത് അവിടത്തെ പ്രായമുള്ള മുത്തശ്ശി മരിച്ചപ്പോൾ എന്റെ ജോലി തീർന്നു”

മനസ്സിന്റെ ഉള്ളിലൊരു ഞെട്ടൽ,, പെട്ടെന്ന് ഞാൻ വിഷയം മാറ്റി,

“നമുക്ക് ഭക്ഷണം കഴിക്കാം, ഉച്ചയായില്ലെ?”

“ഭക്ഷണം കഴിക്കാൻ അടുത്തൊരു നല്ല ഹോട്ടലുണ്ട്”

“ശരി”


     അല്പം നടന്നപ്പോൾ പുറമേ ചെറുതെങ്കിലും അകം വിശാലമായ ഹോട്ടലിൽ കയറിയിട്ട് ഉച്ചഭക്ഷണം കഴിച്ചു. അതിനിടയിൽ രാധമ്മയുടെ വീട്ടുകാര്യങ്ങളൊക്കെ ഞാൻ തിരക്കി. ഭർത്താവിന് കാര്യമായ ജോലിയില്ലെങ്കിലും ഭാര്യയുടെ പണം ചെലവാക്കാൻ അയാൾ മിടുക്കനാണ്. അകാലത്തിൽ വിധവയായ മകൾക്കും അവളുടെ രണ്ട് കുട്ടികൾക്കും വേണ്ടിയാണ് ഈ പ്രായത്തിലും അവർ അദ്ധ്വാനിക്കുന്നത്. വീട് അകലെയൊരു ഗ്രാമത്തിലാണെങ്കിലും പട്ടണവും വഴികളും എന്നെക്കാൾ പരിചയം,,

ഭക്ഷണം കഴിഞ്ഞ് ബസ്‌സ്റ്റാന്റിൽ എത്തിയപ്പോൾ രാധമ്മ പറഞ്ഞു ,

“ടീച്ചറെ സാധനങ്ങളൊന്നും വാങ്ങിയില്ല”

“ഓ അതുഞാൻ മറന്നുപോയി, ഇവിടെനിന്നുതന്നെ എല്ലാം വാങ്ങാം”

        ഹോം‌‌നേഴ്സിന് ആവശ്യമുള്ളതൊക്കെ പണിയെടുപ്പിക്കുന്ന വീട്ടുകാർ കൊടുക്കണം എന്നാണ് നിയമാവലി. സൂപ്പർ മാർക്കറ്റിന്റെ അടുത്തെത്തിയപ്പോൾ അവർ പറഞ്ഞു,

“ആദ്യം അമ്മക്ക് വേണ്ടതൊക്കെ വാങ്ങാം, എനിക്കുവേണ്ടത് പിന്നീട് മതി”

“അമ്മക്ക് ഹോർലിക്സും പഴവും വേണം, ഓട്സ് കഴിക്കാനുള്ളത് വീട്ടിലുണ്ട്”

“അതൊന്നുമല്ല,, അമ്മയിപ്പോൾ കൂടുതൽ സമയം കിടപ്പിലല്ലെ. അപ്പോൾ ഡയപ്പർ കെട്ടിയാൽ ഇടയ്ക്കിടെ ബാത്ത്‌റൂമിൽ പോകുന്നത് ഒഴിവാക്കാമല്ലൊ. അതെല്ലാം അടുത്തുള്ള മെഡിക്കൽ ഷാപ്പിൽ കിട്ടും. പിന്നെ അമ്മ നല്ല തടിയുള്ള ആളാണോ?”

“അല്ല, ഇപ്പോൾ നന്നായി മെലിഞ്ഞിരിക്കയാണ്”

മെഡിക്കൽ സ്റ്റോർ ജീവനക്കാരെല്ലാം പരിചയക്കാർ; ആവശ്യം രാധമ്മ പറഞ്ഞു,

“അഡൽട്ട് ഡയപ്പർ മീഡിയം സൈസ്, പിന്നെ പൌഡറും വേണം”

“എത്രയെണ്ണം വേണം”

“ഇപ്പോഴൊരു ആറെണ്ണം മതിയാവും,, വലിയ വിലയല്ലെ, ബാക്കി പിന്നീട് വാങ്ങാമല്ലോ”

പെട്ടെന്ന് ഞാൻ ഇടപെട്ടു,

“ഒരു പതിനഞ്ചെണ്ണം എടുത്തോ, ഒന്നിച്ചു വാങ്ങുന്നതാണ് നല്ലത്”

പണം കൊടുത്തിട്ട് സാധങ്ങളുടെ കെട്ടുമായി ഇറങ്ങിയപ്പോൾ രാധമ്മ പറഞ്ഞു,

“ഇനി എനിക്കാവശ്യമുള്ളത്,, ഒപ്പം അമ്മക്ക് ഭക്ഷണത്തിനുള്ളതും വേണം”

“സ്റ്റേഷനറി കടയിൽ കയറിയപ്പോൾ അവർ അവശ്യവസ്തുക്കളുടെ ലീസ്റ്റ് പറഞ്ഞു. ടൂത്ത് പെയ്സ്റ്റ്, സോപ്പ്, ചീപ്പ്, പെയിൻ‌ബാം, പൌഡർ തൊട്ട് തലയിൽ തേക്കാനുള്ള പാരച്യൂട്ട് വരെ,, എല്ലാം ആയപ്പോഴാണ് ഒടുവിലത്തെ ഐറ്റം വന്നത്,

“ടീച്ചറെ മൊബൈലിൽ കാർഡ് ഇടണം. വെറും ഇരുപത് ഉറുപ്പികക്ക് മതി”


        രാധമ്മയെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു,, ഇനിയങ്ങോട്ട് ഞാൻ ചെയ്യേണ്ട കടമകളെല്ലാം ചെയ്യേണ്ടത് അവളല്ലേ, എനിക്കുപകരം അമ്മയെ ശുശ്രൂഷിക്കുന്നതല്ലേ,, പണത്തിന്റെ കാര്യത്തിലെന്തിന് കുറവുവരുത്തണം,, മൊബൈൽ ഷോപ്പിലെത്തിയപ്പോൾ ഞാൻ പറഞ്ഞു,

“ചുരുങ്ങിയത് മൂന്ന് മാസം രാധമ്മ എന്റെ വീട്ടിലുണ്ടാവുമല്ലൊ,,, ഏതാ കമ്പനി?”

“എയർടെൽ”

“200 രൂപക്ക് ചാർജ്ജ് ചെയ്തോ, നമ്പർ പറഞ്ഞുകൊടുക്ക്,,”

            എന്റെ വാക്കുകൾ കേട്ടപ്പോൾ അവർക്ക് സന്തോഷം വർദ്ധിച്ചു. എല്ലാം വാങ്ങിയിട്ട് വീട്ടിലേക്ക് പോകാനാനുള്ള ബസ് നോക്കിയിട്ട് നടക്കുമ്പോൾ അവർ പറഞ്ഞു,

“ടീച്ചറെ,, ഇന്നത്തെകാലത്ത് മുതിർന്നവർക്ക് സ്വന്തം കുട്ടികളെ നോക്കാൻ‌പോലും നേരമില്ലാത്തപ്പോൾ പ്രായമുള്ളവരെകുറിച്ച് അവരൊട്ടു ചിന്തിക്കുന്നതേയില്ല. അതുകൊണ്ട് അങ്ങനെയുള്ളവരെ നോക്കാനാണ് ഞങ്ങളെപ്പോലുള്ള ആളുകൾ”

അമ്മ പറയുന്നതുപോലെ രാധമ്മയും പറയുന്നതു കേട്ടപ്പോൾ ആശ്ചര്യം തോന്നി.


ബസ് വരാൻ പത്തു മിനിട്ട് കഴിയണം, എനിക്ക് കൂടുതൽ കാര്യങ്ങൾ അറിയാൻ താല്പര്യമായി,

“രാധമ്മ എപ്പോഴും പ്രായമുള്ളവരെ നോക്കാൻ മാത്രമാണോ പോകുന്നത്?”

“അതാണെനിക്കിഷ്ടം, പ്രായമുള്ളവരെ നോക്കുക എന്നത്. പിന്നെ പ്രസവക്കേസിനൊക്കെ പോയാൽ ധാരാളം പണം മാത്രമല്ല തിന്നാനും കിട്ടും. കൊച്ചിനെ കാണാൻ വരുന്നവരൊക്കെ ഹോം‌നേഴ്സിന് പണം തരുമെങ്കിലും ഭയങ്കര ജോലിയാണ്. കൊച്ചിന്റമ്മച്ചിയും വീട്ടുകാരും കൂർക്കം വലിച്ചുറങ്ങുമ്പോൾ നമ്മള് കരയുന്ന കൊച്ചിനേയുമെടുത്ത് ഉറങ്ങാതെ നടക്കണം. അതൊന്നും എന്നെക്കൊണ്ടാവില്ല”

“ഈ പുരുഷന്മാരെയൊക്കെ പരിചരിക്കുന്നത്  ആരാണ്? അതിനായിട്ട് ആണുങ്ങളുണ്ടോ?”

“രണ്ടുകൊല്ലം മുൻപ് ഞാൻ പോയിട്ടുണ്ട്,, അതാവുമ്പം കൂലി കൂടുതലാണ്. പെണ്ണുങ്ങളെ നോക്കുന്നതു പോലെയല്ലത്, ആണുങ്ങളെ എപ്പോഴും നല്ല വേഷത്തിലും വൃത്തിയിലും കിടത്തണം”

“അതൊക്കെ ചെയ്യാൻ പുരുഷ നേഴ്സുമാരില്ലെ?”

“എല്ലാം നമ്മള് തന്നെ ചെയ്യും, അന്ന് ഞാൻ പോയിരുന്ന വീട്ടിലെ ആള് മൂന്ന് മാസം കഴിഞ്ഞപ്പോൾ മരിച്ചുപോയി”

“അയ്യോ, കഷ്ടായിപ്പോയല്ലൊ”

“പിന്നെ, എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഒരു ടീച്ചറമ്മയുടെ വീട്ടിലെ ഡ്യൂട്ടി ആയിരുന്നു. പ്രായം എന്നെക്കാൾ കുറവാണെങ്കിലും ബാത്ത്‌റൂമിന്ന് കാലുതെറ്റി വീണ് കിടപ്പിലായതാ,, ഞാനെത്തി ഒരുമാസം ആയപ്പോഴേക്കും മരിച്ചു. ഇത്തരം രോഗികളെ നോക്കാനാണ് എനിക്കിഷ്ടം”

എന്റെ തലയിലാകെ ഭയം ഇരച്ചുകയറാൻ തുടങ്ങി. എന്തു പറഞ്ഞാലും മരണത്തിൽ ചെന്നവസാനിക്കുന്നു,,,


    ബസ്സിനകത്തിരിക്കുമ്പോൾ ചിന്തകൾ ചിതറിയോടാൻ തുടങ്ങി. അണുകുടും‌‌ബം ആയതോടെ ഇരട്ടവേഷം കെട്ടാൻ തുടങ്ങിയപ്പോൾ സ്ത്രീകളെല്ലാം സ്ത്രീകളെല്ലാതായി മാറിയിട്ട് കടമകളെല്ലാം ബാക്കിയാവുകയാണ്. എത്ര പണം കൊടുത്താലാണ് പെറ്റമ്മയോടുള്ള കടമകൾ ചെയ്തുതീർക്കാൻ പറ്റുക. എതാനും വർഷം മുൻപ് പെട്ടെന്നായിരുന്നു അച്ഛന്റെ മരണം. വീട്ടിലിരുന്ന് സംസാരിക്കുന്നതിനിടയിൽ ഒരു വീഴ്ച,, അതോടെ എല്ലാം തീർന്നു. അതുപോലെ ആരെയും വിഷമിപ്പിക്കാതെ രോഗിയായി കിടക്കാതെ മരിക്കാനുള്ള ഭാഗ്യം ലഭിക്കണമെന്നാണ് അമ്മ എപ്പോഴും പറയാറുള്ളത്.

   വീട്ടിലെത്തിയ ഞങ്ങളെ കണ്ടപ്പോൾ അമ്മക്ക് ആശ്വാസമായി. അടച്ചുപൂട്ടിയ വീട്ടിൽ ഏതാനും മണിക്കൂർ കഴിഞ്ഞതിന്റെ പരാതിക്കെട്ട് അഴിക്കാൻ തുനിഞ്ഞതോടെ ഞാൻ രാധമ്മയെ പരിചയപ്പെടുത്തി. അവരെ അമ്മ നന്നായി ഇഷ്ടപ്പെട്ടെന്ന് ഏതാനും നേരത്തെ പെരുമാറ്റത്തിൽ നിന്നുതന്നെ അറിയാൻ കഴിഞ്ഞു.


        ആശ്വാസം പെയ്തിറങ്ങിയ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ലീവെടുത്ത കാലത്തെ പഠനപ്രവർത്തനങ്ങൾ ഓരോന്നായി പൂർത്തിയാക്കാൻ തുടങ്ങി. ഒരു കുഞ്ഞിനെ‌പ്പോലെ അമ്മയെ ശുശ്രൂഷിക്കുന്നതോടൊപ്പം വീട്ടുകാര്യങ്ങൾ കൂടി നോക്കുന്ന രാധമ്മയെ കിട്ടിയത് എനിക്കുവേണ്ടി അമ്മ ചെയ്ത പുണ്യം തന്നെയാവണം. ഇന്നുരാവിലെ വീട്ടിൽ‌നിന്നും ഇറങ്ങാൻ നേരത്ത് പതിവിനു വിപരീതമായി അമ്മയുടെ അടുത്തിരിക്കാൻ പറഞ്ഞപ്പോൾ എന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു,

“മോളേ നീയിന്ന് നേരത്തേ വരണം”

കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്, അൽപം കനപ്പിച്ചുതന്നെ പറഞ്ഞു,

“അമ്മയെന്താ ഒന്നും അറിയാത്തതുപോലെ,,, സ്കൂളിലിപ്പോൾ എടുത്താൽ പൊങ്ങാത്ത ജോലിയാണ് എനിക്കുള്ളത്. അമ്മക്കുവേണ്ടി ലീവെടുത്തതുകൊണ്ടല്ലെ പണിയൊക്കെ ബാക്കി കിടക്കുന്നത്”

“ഞാനെത്ര കാലമാ ഇങ്ങനെ കിടക്കുക,, ഒന്നങ്ങോട്ട് ദൈവം വിളിച്ചെങ്കിൽ,,, കാണാനൊരു രോഗമില്ലെങ്കിലും വേദന സഹിക്കാനാവുന്നില്ല”

“അതിപ്പം ഞാനെന്ത് ചെയ്യാനാണ്? അമ്മക്ക് അറിയില്ലെ, മരുന്നും ഭക്ഷണവുമൊക്കെ സമയാസമയം കഴിച്ചാൽ പണ്ടത്തെപ്പോലെ എഴുന്നേറ്റ് നടക്കാനാവും”

“എന്നാലും എന്റെ മോളെ കഷ്ടപ്പെടുത്തിയിട്ട് എത്ര കാലമാണിങ്ങനെ?”

“എനിക്കൊരു കഷ്ടപ്പാടുമില്ല, അനങ്ങാതെ കിടന്നിട്ട് രാധമ്മ തരുന്ന ഭക്ഷണവും മരുന്നുമൊക്കെ കഴിക്കണം”

മനസ്സിന്റെ ഉൾത്തടത്തിൽ അമ്മയുടെ കണ്ണുനീരിന്റെ പൊള്ളലോടെയാണ് വീട്ടിൽ‌നിന്നും ഇറങ്ങിയത്.


    ക്ലാസ്സിൽ പോയിട്ട് ഒരക്ഷരവും പഠിപ്പിക്കാനായില്ല. ഉച്ചയാവാറായപ്പോൾ പ്രയാസം കൂടിയതിനാൽ ഇറങ്ങി‌നടന്നപ്പോൾ മലയാളം ക്ലാസ്സിലെ കുട്ടികൾ ചൊല്ലുന്നത് കേട്ടു,

“പിരിയേണമരങ്ങിൽ നിന്നുടൻ

 ശരിയായി കളിതീർന്ന നട്ടുവൻ”

        പെട്ടെന്ന്,, അരുതാത്തതെന്തോ സം‌ഭവിക്കുന്നുണ്ടെന്ന് ശരിക്കും തോന്നാൻ തുടങ്ങി. അകത്തുവന്ന് ഇരിക്കാൻ തുടങ്ങുമ്പോൾ രാധമ്മയുടെ ഫോൺ,, ഇടറിയ ശബ്ദം,

“ടീച്ചറേ, പെട്ടെന്ന് വാ,, അമ്മയെ വിളിച്ചിട്ട് അനക്കമില്ല. അടുത്തവീട്ടിലെ ആളുകളൊക്കെ വന്നിട്ടുണ്ട്”

ഉള്ളിലാകെ എന്തൊക്കെയോ വലിഞ്ഞുമുറുകി പൊട്ടിച്ചിതറുകയാണ്,,,

രാധമ്മയുടെ പതിവ് തെറ്റിയിട്ടില്ല,, എന്നാലും ഇത്ര പെട്ടെന്ന്!

എത്രയോ ദിവസങ്ങളായി തലക്കകത്ത് കുടിപാർത്ത കിളികൾ ചിലച്ചുകൊണ്ട് അകലേക്ക് പറന്നുപോയി. ശരിയായി കളി തീർന്നാൽ,,,?
*******

13 comments:

  1. 2018 ഡിസമ്പർ മാസം സ്ത്രീശബ്ദത്തിൽ വന്ന എന്റെ കഥ 2018 അവസാനിക്കുന്നതിനു മുൻപ് പോസ്റ്റ് ചെയ്യുന്നു. എന്റെയും അമ്മയുടെയും ജീവിതാനുഭവങ്ങളിൽ ഞാൻ വരച്ചത് അമ്മയുടെ ഓർമ്മക്കുമുന്നിൽ സമർപ്പിക്കുന്നു.

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. വളരെ സന്തോഷം,, വായിച്ചതിനും അഭിപ്രായം എഴുതിയ്തിനും,

      Delete
  3. വളരെ നന്നായി പറഞ്ഞ കഥ.
    കൊള്ളാല്ലോ ടീച്ചറെ
    പുതു വത്സര ആശംസകൾ

    ReplyDelete
    Replies
    1. സുഹൃത്തെ അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

      Delete
  4. വളരെ നന്നായി.. രാധമ്മ ആയിരുന്നു ആദ്യം പിരിഞ്ഞുപോകേണ്ടത്

    ReplyDelete
    Replies
    1. ദത്തൻ സാർ അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

      Delete
  5. പിരിഞ്ഞു പോകണം എന്ന ചിന്ത വരുന്നതു
    തന്നെ ആശങ്ക അല്ലേ, ഒരു കണക്കിനു തിരിച്ചറിവും ??!!
    അമ്മക്കു പ്രണാമം ..

    ReplyDelete
  6. ആശങ്കകൾ തന്നെയാണ്,, ഒടുവിൽ നടക്കാനുള്ളത് സംഭവിച്ചു.അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

    ReplyDelete
  7. Replies
    1. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  8. ഹൃദയസ്പർശിയായ കഥ.

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി.

      Delete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..