“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

8/26/09

2. ജനറേഷന്‍ ഗ്യാ......പ്പ്.


         പതിവുപോലെ അന്ന് വൈകുന്നേരവും ഉള്‍നാടന് പ്രദേശത്തു നിന്ന് പട്ടണത്തിലേക്ക് പോകുന്ന ബസ്സില്‍, സ്ക്കൂളിന്റെ മുന്നില്‍ നിന്നാണ് ടീച്ചറായ ഞാന് കയറിയത്.  ബസ്സില്‍ വലിയ തിരക്കില്ല. ഇരിപ്പിടം കിട്ടാത്ത നാല് സ്ത്രീകളുടെ കൂടെ ഞാനും കൂടിയപ്പോള്‍ ബസ്സിന്റെ ഒഴുക്കിനനുസരിച്ച് ആടിനില്‍ക്കുന്നവര്‍  അഞ്ച്‌പേര്. കൂടുതല്‍ ആളുകളും കണ്ണൂര്‍ ടൌണില്‍ സായാഹ്നഷോപ്പിങ്ങ് നടത്താനിറങ്ങിയവരാണ്. 

ഓ, ഒരു ആറാമന്‍ കൂടിയുണ്ട്; അത് വളരെ ചെറിയ മൂന്നു വയസ്സുകാരനായതിനാല്‍ വിട്ടുപോയതാണ്. അമ്മയുടെ ചൂരിദാറിന്റെ ഷാള് പിടിച്ച് അവന് ‘നിന്ന്‘ പരാതി പറയുകയാണ്.

ബസ്സില്‍ ഇരിക്കാന് കഴിയാത്തതിലുള്ള പരാതിമുഴുവന്‍ അവന്റെ കുഞ്ഞുഭാ‍ഷയില്‍ അമ്മയുടെ മുന്നില് അവതരിപ്പിക്കുകയാണ്. എന്നാല് ചെറുപ്പക്കാരിയായ അമ്മ അതൊന്നും കേള്‍‌ക്കാത്ത മട്ടില്‍ നില്‍ക്കുന്നു.

ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ പയ്യന്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നു. അമ്മയുടെ കയ്യില്‍ നുള്ളാനും കടിക്കാനും തുടങ്ങി.

അതോടെ അവള്‍ ആകെ അസ്വസ്ഥതയോടെ ചുറ്റുപാടും നോക്കി. വനിതാസംവരണം ലഭിച്ച ഒരു വനിത പോലും ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കാന്‍ ഭാവമില്ല. അല്പം ഒതിങ്ങിയിരിക്കാന്‍ പറഞ്ഞ്, മകനെ അവിടെയിരുത്താന്‍ അവളുടെ ആത്മാഭിമാനം സമ്മതിച്ചില്ല. ‘ഈ കുഞ്ഞിനും എനിക്കും വേണ്ടി ഇത്ര വലിയ ബസ്സില് ഇരിക്കുന്ന ആര്‍ക്കെങ്കിലും ദയ തോന്നി എഴുന്നേറ്റ് സീറ്റ് തന്നുകൂടെ’ എന്ന് അവള് ചിന്തിച്ചു.

അവളുടെ ദേഷ്യം മുഴുവന്‍ തീര്‍ക്കാനായി കൊച്ചുകുട്ടിയുടെ കൊച്ചുകവിളില്‍ ചെറുതായി ഒന്നു നുള്ളി. അതോടെ കുട്ടി കരയാന്‍ തുടങ്ങി. റിസര്‍‌വേഷന്‍ സീറ്റില്‍ അമര്‍ന്നിരിപ്പുള്ള സ്ത്രീകള്‍ കുട്ടിയുടെ കലാപ,പരിപാടിക്കു മുന്നില്‍ കണ്ണും കാതും അടച്ച് ഇരുട്ടാക്കി.

എല്ലാം കണ്ടുകൊണ്ടിരിക്കുന്ന, സമീപ സീറ്റിലിരിക്കുന്ന; ഒരു വൃദ്ധന്‍- ആ ബസ്സില് ഏറ്റവും പ്രായമുള്ള യാത്രക്കാരന്‍ – കുട്ടിയെ വിളിച്ചു;

“കരയാതെ മോനിങ്ങു വാ, ഇവിടെയിയിരിക്ക്”

പെട്ടെന്ന് ആ കുഞ്ഞു വായില് നിന്നും പുറത്തു വന്ന വലിയ വാക്കുകള് കേട്ട് ബസ്സ് മുഴുവന് ഞെട്ടി;

നീ പോടാ പട്ടീ…”

മകന്റെ വായില്‍ നിന്നും കൂടുതല്‍ സാഹിത്യം പുറത്ത് വരാതിരിക്കാന്‍ അമ്മ അവന്റെ വായ പൊത്തി. കണ്ണൂരിലെത്തുന്നതു വരെ മകന്റെ വായ തുറക്കാന്‍ ആ അമ്മ അനുവദിച്ചില്ല.

7 comments:

  1. ആദ്യത്തെ തേങ്ങ എന്റെ വകയാകട്ടെ...

    പാവം അപ്പൂപ്പന്‍... ഇന്നത്തെ കാലത്ത്‌ ഒരു കൊച്ചുകുട്ടിക്ക്‌ പോലും ഉപകാരം ചെയ്യാന്‍ പറ്റില്ല എന്ന് വച്ചാല്‍...

    ReplyDelete
  2. ഹഹഹ, കൊള്ളാം.

    ചില പിള്ളേര്‍ അങ്ങനെയാണ്. എന്തെങ്കിലും ചോദിച്ചാല്‍ നമ്മള് ചമ്മിപ്പോവും.
    നല്ല എഴുത്ത്. തുടര്‍ന്നും എഴുതുക.

    ReplyDelete
  3. ചെക്കന്‍ ...ഒരു തലമുറ മുന്പേയാണു ...ജനിച്ചതെന്നു അറിഞ്ഞീല്ലാ.....
    പാവം ....അപ്പൂപ്പന്‍ ...

    ReplyDelete
  4. വെറുതെയല്ല ആ അമ്മ ചെറുക്കന്റെ കരച്ചിലൊന്നും മൈന്‍ഡ് ചെയ്യാതെ ഇരുന്നത്. ഇനി സീറ്റില്‍ ഇരുന്ന മറ്റ് സ്ത്രീകള്‍ക്കും പയ്യന്‍സിനെ മുന്‍പരിചയം ഉണ്ടായിരുന്നോ ആവോ ? :)

    ReplyDelete
  5. വിത്ത് ഗുണം പത്തു ഗുണം.

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..