“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

8/30/09

3. കല്ല്യാണം കലങ്ങും (കലക്കും) വഴികള്‍
         പെണ്ണുകാണാന്‍ ആദ്യം പയ്യനും സുഹൃത്തുക്കളും വന്നു, അവര്‍ക്ക് പെണ്ണിനെ ഇഷ്ടമായി. പിന്നെ പയ്യന്റെ വീട്ടുകാരും ബന്ധുക്കളും വന്നു, അവര്‍ക്കും പെണ്ണിനെ ഇഷ്ടമായി. ഇപ്പോള്‍ പയ്യന്റെ ബന്ധുക്കളും രണ്ട് അയല്‍‌വാസികളും ചേര്‍ന്ന് എട്ടുപേര്‍ വന്നത്, പെണ്ണിനെ അവര്‍ ഇഷ്ടപ്പെട്ടതുകൊണ്ട് കല്ല്യാണം ഏകദേശം തീരുമാനിക്കാനാണ്.


  മകള്‍ക്ക് ഇത്രയും നല്ല ആലോചന വന്നതില്‍, അവളുടെ അച്ഛനാണ് ഏറ്റവും സന്തോഷിച്ചത്. ഇതുവരെ മകളെ പെണ്ണുകാണാന്‍ വന്നവരൊന്നും പിന്നിടൊരു തവണ ആ വീടിന്റെ പടികയറി വന്നിട്ടില്ല. സെന്‍‌ട്രല്‍ സ്ക്കൂളില്‍ പഠിച്ച് ഡിഗ്രിയും പീജിയും കഴിഞ്ഞവളാണങ്കിലും ഇതുവരെ അവള്‍ക്ക് ഒരു ജോലി ലഭിച്ചിട്ടില്ല. പിന്നെ വലിയൊരു പോരായ്മ മകളുടെ സൌന്ദര്യമാണ്. മൂത്ത മകള്‍ അമ്മയെപോലെ വെളുത്ത് സുന്ദരിയാണ്. അവളുടെ കല്ല്യാണം പെട്ടെന്ന്‌തന്നെ കഴിഞ്ഞ്, ഇപ്പോള്‍ ഭര്‍ത്താവും മക്കളുമൊത്ത് ഗള്‍ഫിലാണ്. ഇളയ മകളും മകനും അച്ഛനെപോലെ കറുത്ത് മെലിഞ്ഞവരാണ്. ഏതായാലും ബാംഗ്ലൂരില്‍ എഞ്ചിനീയറായ സുന്ദരനായ ഒരു പയ്യനെ മരുമകനായി കിട്ടുക എന്നത് ഒരു ഭാഗ്യം തന്നെയാണ്.


ചായകുടിച്ചശേഷം ചെറുക്കന്റെ കാരണവര്‍ എല്ലവരെയും പരിചയപ്പെടുത്തി. കൂട്ടത്തില്‍ ഒരുത്തന്‍ പെങ്ങളുടെ ഭര്‍ത്താവാണ്; അയാള്‍ കണ്ണൂര്‍‌ക്കാരനല്ല എന്ന് സംഭാഷണത്തില്‍ നിന്നും മനസ്സിലായി. ‘മകളെ ഇഷ്ടപ്പട്ടു, ഇനി അടുത്ത ഒരു ദിവസം പെണ്‍‌വീട്ടുകാര്‍ വന്ന് അഭിപ്രായം അറിയിക്കണം’, ഇതുകേട്ടതോടെ അച്ഛന് മാത്രമല്ല; അമ്മയും മകളും കൂടി സന്തോഷിച്ചു.


 എല്ലാം തീരുമാനിച്ച് എല്ലാവരും എഴുന്നേറ്റ് പിരിയാന്‍ നേരത്താണ് അളിയന്‍ ഒരു കാര്യം പറഞ്ഞത്; “ഇവിടെ വരുമ്പോള്‍ എന്നോട് ഒരു കാര്യം പ്രത്യേകം ചോദിക്കാന്‍ പറഞ്ഞു, പെണ്ണിന് സ്വര്‍ണ്ണം ധാരാളം കാണുമെന്നറിയാം. എന്നാലും അത് എത്രയുണ്ടെന്ന് അറിയണം. പിന്നെ പെണ്ണിന്റെ ഷേയര്‍ കല്ല്യാണത്തിനു മുന്‍പ് തന്നെ പണമായി കൊടുക്കണമെന്നും അളിയന്‍ ആവശ്യപ്പെട്ടിട്ടിണ്ട്”.
.
ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പെണ്ണിന്റെ അച്ഛന്‍ പറഞ്ഞു, “എന്റെ മകളുടെ കാര്യമല്ലെ, സ്വര്‍ണ്ണം നൂറ് മതിയോ? പിന്നെ പണം എത്ര ലക്ഷമാണെന്ന് പറഞ്ഞാല്‍ തരാം”.

അപ്പോഴേക്കും അമ്മയോടൊപ്പം അകത്തുപോയ മകള്‍ മുന്നില്‍ ചാടിവീണു; “ഇവരെന്താ എനിക്ക് വിലപറയാന്‍ വന്നതാണോ? ചായകുടി കഴിഞ്ഞവര്‍  പോയിക്കോട്ടെ. ഇത്രയും വിവരമില്ലാത്തവന്‍ എഞ്ചിനീയറായാലും എനിക്ക് വേണ്ട”.
.
വന്നവരെല്ലാം ഒന്നും മിണ്ടാതെ യാത്രയായി. പെണ്ണിന്റെ അച്ഛന്‍ അപ്പോള്‍ ഒരു കാര്യം തിരിച്ചറിഞ്ഞു; ‘ഭൂമി കറങ്ങുന്നത് സൂര്യന് ചുറ്റുമല്ല, തനിക്ക് ചുറ്റുമാണെന്ന്’.

7 comments:

 1. കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിക്കും പയ്യന്നൂരിനും ‘ഇടയില്‍’ വലിയ ഒരു വിഭാഗം ഹിന്ദുക്കള്‍ക്ക് കല്ല്യാണത്തിനു മുന്‍പ് കണക്ക് പറഞ്ഞുള്ള സ്ത്രീധന ഏര്‍പ്പാട് ഇല്ല. സ്വര്‍ണ്ണം കഴിവനുസരിച്ച് നല്‍കും.പിന്നെ പെണ്ണിന് സ്വത്ത് മറ്റുമക്കള്‍ക്ക് നല്‍കുന്നതു പോലെ കൊടുക്കും.മിനിക്കഥ വായിക്കുന്ന എല്ലാവര്‍ക്കും മിനിയുടെ ഓണാശംസകള്‍.

  ReplyDelete
 2. Nalla kadha...!
  Sneham niranja Onam Ashamsakal Ellavarkkum...!

  ReplyDelete
 3. ഞാനായിരുന്നെങ്കിൽ കഥ ഇങ്ങനെ നിറിത്തിയേനെ: അപ്പോഴേക്കും അമ്മയോടൊപ്പം അകത്തുപോയ മകള്‍ മുന്നില്‍ ചാടിവീണ് “ഇവരെന്താ എനിക്ക് വിലപറയാന്‍ വന്നതാണോ? ചായകുടി കഴിഞ്ഞവര്‍ പോയിക്കോട്ടെ. ഇത്രയും വിവരമില്ലാത്തവന്‍ എഞ്ചിനീയറായാലും എനിക്ക് വേണ്ട”.ഇങ്ങനെയൊക്കെ പറയണമെന്ന് പെണ്ണിനും പെണ്ണിന്റെ തന്തയ്ക്കും തള്ളയ്ക്കും ഒക്കെ ആഗ്രഹമുണ്ടായിരുന്നു.പക്ഷെ.......!

  ReplyDelete
 4. Suershkumar Punjhayil (..
  കഥകളില്‍ കടന്നത് അല്പം മടീയോടെയായിരുന്നു. അഭിപ്രായത്തിനു നന്ദി.

  ഇ.എ. സജിം തട്ടത്തുമല (..
  ഇത് സ്ഥലം കണ്ണൂരാണ്. അതുകൊണ്ട് പെണ്ണ് തന്നെ കയറിപ്പറയുകയാണ് പതിവ്. അഭിപ്രായത്തിനു നന്ദി.

  ReplyDelete
 5. അഭിനന്ദനം,

  മിനിക്കും കണ്ണുരിലെ നല്ല മനുഷ്യർക്കും,

  കണ്ണൂർ ഭൂമിക്കു വില കുറവുണ്ടോ?

  ഞങ്ങടെ നാട്ടീന്നു കുറച്ചു പേരെയെങ്കിലും

  അങ്ങോട്ടു വിടാലോ

  ReplyDelete
 6. "സുന്ദരിയായി ജനിച്ച പെണ്‍കുഞ്ഞ് പകുതി വിവാഹിതയായി"
  ഇന്ഗ്ലിഷ് പഴമൊഴി

  ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..