“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

5/13/10

ഇരയുടെ വേദനകൾ


            അസ്തമയസൂര്യന് പതിവിൽ കൂടുതൽ തിളക്കമുള്ളതായി ‘മണികണ്ഠന്’ തോന്നി. ഇരുമ്പഴികൾക്ക് ഇടയിലൂടെ നോക്കിയിരിക്കെ, ആ തിളങ്ങുന്ന സൂര്യൻ താഴോട്ട് കടലിലേക്ക് മുങ്ങി ഇല്ലാതാവുന്നത് കാണാൻ എന്തൊരു ഭംഗിയാണ്!  അതോടൊപ്പം പരിസരം ആകെ മാറിമറിഞ്ഞു. അതുവരെ തന്റെ ചുറ്റും കൂടി ചിരിപ്പിക്കാനും കളിപ്പിക്കാനും സഹതപിക്കാനും തലോടാനും കൂടിനിന്ന എല്ലാവരും പെട്ടെന്ന് അപ്രത്യക്ഷരായി. ഏറ്റവും ഒടുവിൽ,, തന്നെ ഇവിടെ കൊണ്ടുവന്ന വാഹനവും, കാഴ്ചയിൽ നിന്നും മറഞ്ഞു.

                      സാധാരണ കടൽ‌ത്തീരത്ത് സന്ധ്യമയങ്ങും നേരം, ആളുകൾ കൂടിവരികയാണ് പതിവ്. പാറപ്പുറത്തും പൂഴിമണലിലും കടൽ‌ത്തിരകളിലും കളിച്ച്തിമിർക്കുന്ന ചെറുതും വലുതുമായ മനുഷ്യർ, ഇരുട്ടിന് കട്ടികൂടി പരിസരം കാഴ്ചയിൽ‌നിന്ന് മറയ്ക്കപ്പെട്ടശേഷം കുറേകഴിഞ്ഞാണ് തിരിച്ചു പോകാറുള്ളത്. 
എന്നാൽ ഇവിടെ? 
                      മനുഷ്യരുടെത് മാത്രമല്ല; ഒരു ജീവിയുടെയും അനക്കം ഇല്ല. കടപ്പുറത്ത് ദിവസേന ഞണ്ട് തിന്നാനായി വരുന്ന കുറുക്കന്മാരുടെ ഓരിയിടൽ കേൾക്കാനാവാത്തവിധം അവയൊക്കെ എവിടെ പോയി? ചുറ്റുമുള്ള കാറ്റാടിമരങ്ങളുടെ സൂചിപോലുള്ള ഇലകളിൽ ഒന്ന്പോലും ചലിക്കുന്നില്ല. ജീവനുള്ളതിനെ ഒരു ലക്ഷണം ആകെയുള്ളത് സ്വന്തം കൂട്ടിനകത്ത് മാത്രം. തിരമാലകൾ പാറകളിൽ തല്ലിച്ചിതറുമ്പോൾ ഉയരുന്ന ശബ്ദം, ഏകാന്തമായ ഇരുൾ‌മൂടിയ അന്തരീക്ഷത്തിൽ, ഭീകരമായ കൊലവിളിയായി തോന്നാൻ തുടങ്ങി.

                     അല്പസമയം മുൻപ് വരെ എന്തൊരു ബഹളമായിരുന്നു; തന്നെ കാണാനും ഓമനിക്കാനും എത്രപേരാണ് വന്നത്!  ഈ മനുഷ്യരുടെ കാര്യങ്ങൾ എന്തൊക്കെയാണ്? തനിക്ക് ഭക്ഷണം തരാനും തലോടാനും ആളുകൾക്ക്എന്തൊരു ആവേശമായിരുന്നു! ആദ്യത്തെ ചെറിയ കൂട്ടിൽ‌നിന്ന് വാതിൽ‌തുറന്നുവെച്ച ഈ വലിയ കൂട്ടിലേക്ക് മാറ്റുമ്പോൾ നരച്ച താടിരോമമുള്ള ഒരാൾ വന്ന് തലോടിയിട്ട് പറഞ്ഞു,
“നല്ലൊരു നായ്‌ക്കുട്ടി; ഏതായാലും ഇവനെ പുലിക്ക് തിന്നാൻ കൊടുക്കയല്ലെ, ഇവനൊരു പേരിടാം,,, ‘മണികണ്ഠൻ’, നാട്ടുകാർക്കു വേണ്ടി രക്തസാക്ഷിയാവാനാണ് ഇവന്റെ നിയോഗം”

                   വരുന്നവരെല്ലാം ‘മണികണ്ഠാ,,,’ എന്ന് വിളിച്ചപ്പോൾ ചെറിയ മുറുമുറുപ്പോടെ കുരച്ചുകൊണ്ട് സന്തോഷം അറിയിച്ചു. അവസാനം ഒരാൾ മീനിന്റെ മണമുള്ള ചൊറ് തന്നു. അപ്പോൾ അയാൾ പറഞ്ഞത് തന്റെ ‘അവസാനത്തെ അത്താഴം’ എന്നാണ്. അതെന്താണെന്ന് ഒരു പിടിയും കിട്ടിയില്ല; അതുപോലെ ആളുകൾ ഇടയ്ക്കിടെ പറയുന്ന പുലിയുടെ കാര്യവും?

                     സന്ധ്യാസമയം അടുത്തപ്പോൾ ചുവന്ന പാവയുമായി വന്ന ഒരു കൊച്ചു സുന്ദരിക്കുട്ടിക്ക് തന്നെ പിരിയാൻ വിഷമം. കരയുന്ന മകളെ പിടിച്ച്‌വലിച്ച് കാറിൽ കയറ്റുമ്പോൾ അവളുടെ അച്ഛൻ പറയുന്നത് കേട്ടു.
“ചാവേണ്ടെ പട്ടിക്കുട്ടിയെ നോക്കി നീയെന്തിനാ കരയുന്നത്?”
എന്നിട്ടും അവൾ കരച്ചിൽ നിർത്തിയില്ല. ഒടുക്കം അച്ഛൻ സമാധാനിപ്പിച്ചു,
“നാളെ ആ നായക്കുട്ടി ജീവനോടെയുണ്ടെങ്കിൽ നമുക്ക് വീട്ടിലേക്ക് കൊണ്ടുപോവാം”
അത് കേട്ടപ്പോൾ ആ സുന്ദരിക്കുട്ടിയെക്കാൾ സന്തോഷം തനിക്കായിരുന്നു. എന്ത് രസമായിരിക്കും, അവളോടൊത്ത് ഓടിക്കളിക്കാൻ.

                       കടലിന്റെ ശബ്ദം അമ്മയുടെ ഓർമ്മയുണർത്തി. ജനിച്ചപ്പോൾ തൊട്ട്, -കണ്ണ് തുറക്കുന്നതിനു മുൻപ്‌തന്നെ- കേൾക്കുന്നതും ആദ്യമായി അറിഞ്ഞതും തിരമാലകളുടെ ശബ്ദമായിരുന്നു. തീരത്തെ പാറക്കെട്ടുകൾക്കിടയിൽ ഒളിച്ചിരിക്കുമ്പോൾ കുഞ്ഞുങ്ങളോടൊപ്പം അമ്മയും സുരക്ഷിതമായിരുന്നു. അമ്മയുടെ കണ്ണുവെട്ടിച്ച് വെളുത്ത പൂഴിമണലിൽ ഓടിക്കളിച്ച്, തിരമാലകളിൽ ചവിട്ടി തിരികെ ഓടാൻ തുടങ്ങിയത് ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമായിരുന്നു. അമ്മ കൊണ്ടുവന്ന എല്ലിൻ‌തുണ്ടുകളും ചത്ത കടൽ‌മീനുകളും ഞണ്ടുകളും തിന്നാൻ നാല് സഹോദരങ്ങളും മത്സരിച്ചു. അതുനോക്കി പാറപ്പുറത്ത് കിടക്കുന്ന അമ്മയെ ഓർക്കുമ്പോൾ ഇപ്പോൾ ശരിക്കും കരച്ചിൽ വരുന്നു.

                       ഇന്ന് ഉച്ചയ്ക്ക്മുൻപ് അമ്മ കൊണ്ടുവന്ന എല്ലിൻ‌കഷ്ണം നക്കിത്തുടച്ചശേഷം മുലപ്പാൽ കുടിച്ച് വയറു നിറഞ്ഞതോടെ പാറക്കൂട്ടത്തിനിടയിൽ നിന്നും അമ്മയെ ഉണർത്താതെ നാലുപേരും പുറത്തിറങ്ങിയതാണ്. ഉച്ചവെയിലിന്റെ ചൂട് ഉണ്ടെങ്കിലും ഓടിക്കളിക്കാൻ നല്ല രസം. മനുഷ്യന്മാരിൽ നിന്നും അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഒരിക്കൽ അച്ഛന്റെ കാല് അടിച്ച് പൊട്ടിച്ചതും അവർ ജനിക്കുന്നതിനു മുൻപെ അച്ഛനെ കൊന്നതും മനുഷ്യന്മാരാണെന്ന്, അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാലും കാറിൽ വന്നവർ എറിഞ്ഞുതന്ന മധുരമുള്ള സാധനം തിന്നാതിരിക്കുന്നതെങ്ങനെ? അങ്ങനെ രസം പിടിച്ച് നാലുപേരും ചേർന്ന് കളിക്കുകയും തിന്നുകയും ചെയ്യുമ്പോൾ കൂട്ടത്തിൽ ഒരാൾ പറയുന്നത് കേട്ടു,
“പിടിക്കെടാ എല്ലാറ്റിനേം”

                      പിന്നെ ഒരോട്ടമായിരുന്നു; എല്ലാവരും ചിതറിയോടി. ഒടുവിൽ മനുഷ്യന്റെ പിടിയിൽ പെട്ടത് താൻ ഒരാൾ മാത്രം. ഓ അമ്മയുടെ മറ്റു മക്കൾ രക്ഷപ്പെട്ടല്ലൊ. അവരിപ്പോൾ അമ്മയുടെ രോമത്തിനുള്ളിലെ ഇളം ചൂടിൽ ഉറങ്ങുകയാവാം. പിടിച്ചവരോട് ആദ്യം ദേഷ്യം തോന്നി ഒരു കടിവെച്ച് കൊടുത്തെങ്കിലും പിന്നീട് അവരെ ഇഷ്ട്ടപ്പെട്ടു. മനുഷ്യർ എത്ര നല്ലവരാണെന്ന് അപ്പോഴാണ് മനസ്സിലായത്. ഒട്ടും വേദനിപ്പിക്കാതെ ചെറിയ കൂട്ടിലിട്ട അവർ തനിക്ക് കുടിക്കാൻ മധുരമുള്ള പാല് തന്നു. അപ്പോൾ കൂടെയുള്ള ഒരു മനുഷ്യൻ പറഞ്ഞു,
“ഒരു പട്ടിക്കുട്ടി മതി, ഇനി ഇവൻ വേണം നമ്മുടെ നാട്ടുകാരെ രക്ഷിക്കാൻ”

                      പിന്നെ തീരംവിട്ട് വാഹനത്തിൽ യാത്രചെയ്തെങ്കിലും എത്തിയത് ഒരു കടൽതീരത്ത് തന്നെ. ഒരു പട്ടിക്കുട്ടിയായ തന്നെ കാണാൻ എത്ര മനുഷ്യരാ ഇവിടെ വന്നത്? തീരത്തെ കാറ്റാടി മരങ്ങൾക്കിടയിൽ, വാതിൽ തുറന്നുവെച്ച ഈ വലിയ കൂട്ടിൽ പട്ടിക്കുഞ്ഞിനെ കെട്ടിയിടുമ്പോൾ ജനങ്ങൾ തിങ്ങിനിറഞ്ഞു, ഫ്ലാഷുകൾ മിന്നി. ഇതൊക്കെ എന്തിനാണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തന്നെങ്കിൽ?

                      ഇന്നലെ സന്ധ്യക്ക് അമ്മയുടെ കാലുകൾക്കിടയിൽ മാറിടത്തിലെ രോമത്തിന്റെ ചൂടിൽ ഉറങ്ങുമ്പോൾ ഒറ്റക്കായിരുന്നില്ല. ഇപ്പോൾ അരണ്ട വെളിച്ചത്തിൽ പരിസരം കാണാൻ കഴിയുന്നുണ്ടെങ്കിലും ഒറ്റക്കാണെന്ന ചിന്ത വന്നപ്പോൾ കരച്ചിൽ വന്നു. കഴുത്തിലെ ഈ കുരുക്കൊന്ന് അഴിഞ്ഞെങ്കിൽ; മണം പിടിച്ച്, വന്ന വഴിയെ നടന്ന്, അമ്മയെ കണ്ടെത്താമായിരുന്നു. ഏതായാലും ഉച്ചത്തിൽ കരയട്ടെ,,,

                       ഇരുട്ടിനു കട്ടി കൂടി വരുമ്പോൾ പേടി കൂടിയതിനാൽ ഉറക്കം അകലുകയാണ്. കടലിന്റെ ശബ്ദവും കുറഞ്ഞുവരികയാണ്. കേൾക്കാനാരും ഇല്ലെങ്കിലും ഒന്ന് ഉച്ചത്തിൽ കരയട്ടെ,,, അങ്ങനെ കരച്ചിൽ കേട്ട് ആരെങ്കിലും വന്ന് കഴുത്തിലുള്ള ഈ കെട്ടൊന്ന് അഴിച്ചുതന്നാൽ രക്ഷപ്പെട്ടു.

                     അകലെ ചെറുതായ് എന്തോ മിന്നുന്നുണ്ടല്ലൊ; ഒന്നല്ല രണ്ട് മിന്നാം‌മിനുങ്ങ് ഒന്നിച്ച് മിന്നുകയാണ്. അത് ഇങ്ങോട്ട് വരുന്നുണ്ടാല്ലൊ; ഇപ്പോൾ ശരിക്കും രണ്ട് തീക്കട്ടകൾ ഒന്നിച്ച് വരികയാണെന്ന് തോന്നുന്നു. പാറക്കൂട്ടങ്ങൾക്കിടയിൽ വെച്ച് പരിചയപ്പെട്ട പൂച്ചകൾ രാത്രി നടന്നുവരുമ്പോൾ അവയുടെ കണ്ണുകൾ ഇതുപോലെ ആയിരുന്നു. എന്നാൽ പൂച്ചയുടെ കണ്ണ് ഇത്രേം വലുതായി മിന്നുകയില്ല. അല്ല, ആ തീക്കട്ടകൾ തന്റെ നേരെയാണല്ലൊ വരുന്നത്! ഒറ്റക്കിരുന്ന് പേടിച്ച തനിക്കേതായാലും ഒരു കൂട്ടായി,, ഹോ രക്ഷപ്പെട്ടു,,,

                       അടുത്തെത്തിയപ്പോഴാണ് ആ തിക്കട്ടയുടെ ഉടമയെ കണ്ടത്. ആ കണ്ണിന്റെ പ്രകാശത്തിൽ കാണുന്ന പുള്ളികളുള്ള ആ വലിയ ശരീരം ഒന്ന് നോക്കാൻ‌തന്നെ പേടിയാവുന്നു. നേരെ കൂട്ടിനകത്താണല്ലൊ കയറുന്നത്; തന്നെ അഴിച്ചുവിട്ട് കൂടെ കൊണ്ടുപോകാനായിരിക്കാം.
“ഠപ്പ്”
പെട്ടെന്ന് ആ വലിയകൂട് ആകെ കുലുങ്ങി. വാതിലടഞ്ഞല്ലൊ; ഈ കെണിയിൽ‌നിന്ന് ഇനിയെങ്ങനെ പുറത്തുപോകും?
അയ്യോ‍,, ഇതെന്താണ്?,,
കൂട്ടിൽ കയറിയവൻ വായതുറന്ന് വെളുത്ത്‌കൂർത്ത പല്ലുകളുമായി തന്റെ നേരെ അടുക്കുന്നോ,,
അയ്യോ,, അമ്മേ,, വേദന,,, ഇനി വയ്യാ
*******************************************************
 കഥ
,,,,,
 ചിത്രവും വാർത്തയും : മാതൃഭൂമി, കണ്ണൂർ
,,,,,
പുലിയെ കുടുക്കാനായി കൂട്ടിൽ കെട്ടിയിട്ട, ചിത്രത്തിൽ കൊടുത്ത നായക്കുട്ടിക്ക് കഥയിൽ പറഞ്ഞതുപോലെ പുലിയുടെ ഇരയാവാൻ കഴിഞ്ഞില്ല. അതിനുമുൻപ് ആരോ അഴിച്ചുവിട്ട് രക്ഷപ്പെടുത്തി.
എന്നാൽ ഏതാനും ദിവസം മുൻപ് ഇതേ സ്ഥലത്ത്, പുലി കെണിയിൽ വീണപ്പോൾ ഇതുപോലെ ഒരു നായക്കുട്ടി ബലിയാവേണ്ടി വന്നു. ആ ബലിമൃഗത്തിനുവേണ്ടി ഈ കഥ സമർപ്പിക്കുന്നു.

35 comments:

  1. നല്ല കഥയാലോ ടീച്ചറേ....സംഭവം ഒറ്റയിരുപ്പിനു വായിച്ചു...

    ReplyDelete
  2. ഒരു ചെറിയ നീറ്റല്‍ വായിച്ചപ്പോള്‍.. ഈ പുലിയെ ഒക്കെ പിടിക്കാന്‍ വേറെ ഒരു മാര്‍ഗവും ഇല്ലേ ?

    ReplyDelete
  3. മനസ്സിനേ ഒത്തിരി സ്പർശിച്ചു.നന്നായിരിക്കുന്നു.

    ReplyDelete
  4. സംഭവ കഥ
    ഇങ്ങനെയാണു പാവങ്ങളെ ബലിയാട് (ബലിപ്പട്ടി) ആക്കി വലിയ കര്യങ്ങൾ നേടുന്നത്.

    ReplyDelete
  5. ബലി മൃഗങ്ങൾ പലതരം...

    നമ്മൾ കാണാതെ പോകുന്ന നൊമ്പരങ്ങൾ....

    നന്നായി ടീച്ചർ!

    ReplyDelete
  6. ഒരു പട്ടിബലി ! പുലിയെ കൂട്ടിലേക്കാകര്‍ഷിക്കാന്‍
    മറ്റൊരു മാര്‍ഗവുമില്ലെന്നോ..? അല്ലെങ്കിലും
    മുനിസിപ്പാലിറ്റിക്കാര്‍ പട്ടികളെ നിര്‍ദയം പിടിച്ച്
    കൊല്ലുന്നത് നിത്യസംഭവമല്ലേ,നമ്മുടെ നാട്ടില്‍ !
    പട്ടിശല്യം അങ്ങാടികളില്‍ വര്‍ദ്ധിച്ചപ്പോള്‍ അലഞ്ഞു
    നടക്കുന്ന പട്ടികള്‍ക്ക് ഒരു സങ്കേതം പണിത് അവിടെ
    വിഹരിക്കാനൊരിടം പണിത ഭരണാധികാരിയെ
    മുമ്പെവിടെയോ വായിച്ചത് ഓര്‍ത്ത്പോവുന്നു..!

    ReplyDelete
  7. വ്യതസ്തമായ ചിന്ത , നന്നായി ഇഷ്ടായി

    ReplyDelete
  8. നല്ല കഥ, വായിച്ചപ്പോ സങ്കടം തോനിയില്ലാ
    പുലി കൂട്ടില്‍ പെട്ട ആശ്വാസം മാത്രം തോന്നി

    ReplyDelete
  9. മിനിടീച്ചറേ,

    കഥ മനോഹരമായി പറഞ്ഞൂട്ടോ.. ഒപ്പം ആ സംഭവം മനസ്സിൽ വല്ലാതെ വേദനിപ്പിച്ചു. സാധാരണ ഇത്തരം ചില വാർത്തകൾ ഞാൻ വിട്ട് പോകാറുള്ളതാ. .പക്ഷെ ഈ പോസ്റ്റ് കാരണം അത് ശരിക്ക് നോക്കി..

    ReplyDelete
  10. അത് ശരി.. മണികണ്ഡനെ തുറന്ന് വിട്ടത് നിങ്ങളാ അല്ലേ?

    ReplyDelete
  11. നന്നായിട്ടുണ്ട്.

    ReplyDelete
  12. ഒരു വാര്‍ത്ത കഥയാക്കിക്കളഞ്ഞല്ലോ.പലരും കഥകള്‍ മെനയുമ്പോള്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരത്തില്‍ മിണ്ടാപ്രാണികളുടെ ചിന്തകളെക്കൂടി വിഷയമാക്കാറുള്ളു. 'യഥാര്‍ത്ഥ കഥ' എന്നോ 'നടന്ന കഥ' എന്നോ ഇതിന് ലേബല്‍ നല്‍കാമല്ലേ. എന്തായാലും ആവിഷ്ക്കാരം നന്നായി.

    ReplyDelete
  13. വല്ലാതെ വിഷമം വന്നു പോയി വായിച്ചപ്പോ ....
    കുറെ ഇഷ്ടപ്പെട്ടു ട്ടോ ഈ കഥ ...

    ReplyDelete
  14. എറക്കാടൻ/Erakkadan-,
    തിരുമേനി തന്നെ ആദ്യം പറഞ്ഞത് ഏതായാലും നന്നായി. ഇനിയങ്ങോട്ട് ധൈര്യത്തിൽ പോകാലോ. അഭിപ്രായത്തിനു നന്ദി.

    Anoop-,
    അതാണ് എനിക്കും സംശയം, മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലെ? അഭിപ്രായത്തിനു നന്ദി.

    അനൂപ് കോതനല്ലൂർ-,
    അഭിപ്രായത്തിനു നന്ദി.
    Kalavallabhan-,
    പാവങ്ങൾ ഒന്നും മിണ്ടില്ലല്ലൊ. അഭിപ്രായത്തിനു നന്ദി.
    jayanEvoor-,
    അഭിപ്രായത്തിനു നന്ദി.

    ഒരു നുറുങ്ങ്-,
    മനുഷ്യന് ശല്യം എന്ന് തോന്നിയതിനെയെല്ലാം നശിപ്പിക്കുക. അതല്ലെ മനുഷ്യ സ്വഭാവം. അഭിപ്രായത്തിനു നന്ദി.

    Readers Dais-,
    അഭിപ്രായത്തിനു നന്ദി.
    കൂതറHashim-,
    അത്ര ആശ്വസിക്കുകയൊന്നും വേണ്ട. ഇപ്പോൾ നാട്ടിൽ പുലികൾ കൂടി വരികയാണ്. പുലിയുടെ കാട് മനുഷ്യൻ കയ്യേറി. പിന്നെ വീട്ടുപറമ്പൊക്കെ കൃഷി ചെയ്യാതെ കുറ്റിക്കാടുകൾ വളർന്നിരിക്കുമ്പോൾ പുലിയെങ്ങനെ വരാതിരിക്കും? അഭിപ്രായത്തിനു നന്ദി.

    Manoraj-,
    അഭിപ്രായത്തിനു നന്ദി.
    കുമാരൻ|kumaran-,
    തുറന്ന് വിടാൻ പോയതാ; പക്ഷെ എന്നെ ഓവർടെയ്ക്ക് ചെയ്ത് ആരോ തുറന്നു വിട്ടിരിക്കുന്നു! അഭിപ്രായത്തിനു നന്ദി.

    Shukur cheruvadi-,
    അഭിപ്രായത്തിനു നന്ദി.
    Hari(Maths)-,
    സാർ, ഞാനെഴുതുന്നതിൽ അധികവും നടന്ന കഥകൾ തന്നെയാ. പലതും വർഷങ്ങൾക്ക് മുൻപ്. പിന്നെ നാട്ടുകാരെ പേടിച്ച് പേര് മാറ്റുന്നുണ്ടെങ്കിലും, പരിസരം മാറ്റാറില്ല. അഭിപ്രായത്തിനു നന്ദി.
    കണ്ണനുണ്ണി-,
    അഭിപ്രായത്തിനു നന്ദി.

    ReplyDelete
  15. കഥ നന്നായിട്ടോ ടീച്ചറെ, പക്ഷെ പാവം നായക്കുട്ടി

    ReplyDelete
  16. നല്ല കഥ, ഇഷ്ടായി.

    ReplyDelete
  17. പാവം നായ. പലപ്പോഴും ആലോചിച്ചിട്ടുണ്ട്. നമ്മളെക്കാള്‍ ബുദ്ധിയും ശക്തിയും ഒള്ള ജന്തുക്കള്‍ ഭൂമുഖത്ത് ഉണ്ടായിരുന്നാല്‍ എന്ത് ചെയ്യുമെന്ന്. ജോലികഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ അവയിലൊന്ന് വഴിയിലിരുന്നു എന്നെ പിടിച്ചു കറി വച്ചാല്‍, അല്ലെങ്കില്‍ കൂടിലിട്ടു കുഞ്ഞുങ്ങള്‍ക്ക്‌ കളിയ്ക്കാന്‍ കൊടുത്താല്‍? ഭാഗ്യം...

    നമ്മള്‍ പാവം മൃഗങ്ങളോട് കരുണ കാണിച്ചിരുന്നെങ്കില്‍....

    ReplyDelete
  18. മനസ്സില്‍ വല്ലാതെ തൊട്ടു.ആശംസകള്‍

    ReplyDelete
  19. ബാലിമൃഗങ്ങളുടെ മനസ്സിലൂടെയുള്ള കഥ നന്നായി.

    ReplyDelete
  20. നമ്മളെ പൊളെ ഉള്ള മനുഷ്യരെ രക്ഷിക്കാൻ - സമൂഹത്തെ രക്ഷിക്കാൻ എന്നൊക്കെ കേൾക്കുമ്പോൾ ഒരു തരം അറപ്പ്.
    അയ്യൊ നമ്മൾ രക്ഷപെട്ടിട്ടു വേണ്ടെ ബാക്കി എല്ലാറ്റീബെയും കുരുതി കൊടുക്കാൻ അല്ലെ സോറി ഓർത്തില്ല.

    റ്റീച്ചറെ ഇതു പോലെ ഉള്ള കഥകൾ ഇനി എഴുതല്ലെ നർമ്മം മതി

    ReplyDelete
  21. നല്ല ഒരു പശ്ചാതല മൊരുക്കി ഒരു മ്രുഗത്തിന്റെ വേദന ഒരു കഥാരൂപത്തില്‍ മനസ്സില്‍ തട്ടും വിധം അവതരിപ്പിച്ചു. ആശംസകള്‍

    ReplyDelete
  22. നല്ല കഥ...രസമായി എഴുതി.......സസ്നേഹം

    ReplyDelete
  23. മിനിക്കഥ....... ആദ്യായിട്ടാ ഈ വഴി....... വായിക്കുന്നതിനു മുമ്പേ ഒരു അഭിപ്രായമിട്ടെന്നെയുള്ളൂ...... കാണാം... ഇനിയും.........
    ഇഷ്ട്ടപ്പെട്ടലത് പറയും....... ഇഷ്ട്ടപ്പെട്ടില്ലെങ്കിലും "അത്" പറയും (എന്തെന്നല്ലേ, തെറി.)
    പിന്തുടര്ച്ചാവകാശം പതിച്ചു വാങ്ങിയിട്ടുണ്ട് ഞാന്‍. അതിനാല്‍ ഇനിയുണ്ടാവും കൂടെ. വിടാതെ.
    ആകെ വായിച്ചത് പ്രോഫയലാ. ഇത്രയ്ക്കു സങ്കടപ്പെടാനെന്തു പറ്റി?
    നല്ല അടിയുടെ കുറവാണെന്നാ തോന്നുന്നത്... പേടിക്കേണ്ട എല്ലാം നമുക്ക് ശരിയാക്കി എടുക്കാംട്ടോ.......

    ReplyDelete
  24. അഭി-,
    അഭിപ്രായത്തിനു നന്ദി.
    shaji k-,
    അഭിപ്രായത്തിനു നന്ദി.

    വഷളൻ|vashalan-,
    ഇക്കാര്യം ഞാനും പലപ്പോഴും ആലോച്ചിട്ടുണ്ട്. ഗളിവരുടെ യാത്രകൾ വായിച്ചിട്ടുണ്ടോ? അവിടെ ഒരിടത്ത് വിവരമില്ലാത്ത ജന്തുവായ മനുഷ്യരെ കെട്ടിയിട്ട് അടിച്ച് ജോലി ചെയ്യിപ്പിച്ച് വളർത്തുന്ന കുതിരകളുടെ കഥയുണ്ട്. അഭിപ്രായത്തിനു നന്ദി.

    പാലക്കുഴി-,
    അഭിപ്രായത്തിനു നന്ദി.
    Sabu M H-,
    അഭിപ്രായത്തിനു നന്ദി.
    തെച്ചിക്കോടൻ-,
    അഭിപ്രായത്തിനു നന്ദി.

    ഇൻഡ്യാഹെറിറ്റേജ്:Indiaheritage-,
    ഒരു രക്ഷയുമില്ലയൊന്നിനും
    വരുമോരോ മനുഷ്യൻ,,, പിന്നെ ഇത് വായിച്ച നിമിഷം ഒരു നർമ്മം ‘മിനിനർമ്മം’ ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കുമല്ലൊ; അഭിപ്രായത്തിനു നന്ദി.
    പാലക്കുഴി-,
    രണ്ടും ഒരാൾ തന്നെയാണെന്നൊരാശങ്ക,, അഭിപ്രായത്തിനു നന്ദി.
    SULFI-,
    മിനി കഥകളിലേക്ക് സ്വാഗതം; മിനിക്കഥയല്ല. അനുഭവങ്ങൾ ഉണ്ടെന്ന് അറിയാനാണ് പ്രൊഫൈലിൽ എഴുതിയത്. നന്നായി ഇനിയും വരിക. അടി കൊടുത്താ ശീലം. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  25. നാളെ വായിക്കാം ടീച്ചറേ

    ReplyDelete
  26. ഭാഷയില്‍ ഭാവാനയില്‍ നിറയുന്നതും മനസ്സില്‍ തുളുമ്പുന്നതും.............

    ReplyDelete
  27. വിഷമമായി വായിച്ചിട്ട്.
    ദൈന്യവും ഭീതിയും മനസ്സിൽ തട്ടുന്നു.

    ReplyDelete
  28. ബാലിമൃഗനഗളുടെ മനസ്സ് തൊട്ടുള്ള എഴുത്ത്‌ വളരെ നന്നായി. നൊമ്പരങ്ങള്‍ സമ്മാനിച്ച് കടന്നുപോയ കഥ മനസ്സലിയിച്ചു.

    ReplyDelete
  29. aadyamaayi vannu........vendum varam adayaalappeduthan

    ReplyDelete
  30. 'മിനിക്കഥ' എന്ന് കരുതിയാ വന്നെ..
    അപ്പോള്‍ beautyful short story!
    ഇഷ്ട്ടായിട്ടോ..

    ReplyDelete
  31. വളരെ നല്ല കഥ.ഹൃദയത്തെ
    വേദനിപ്പിച്ചു .എനിക്കും ഉണ്ട്
    സ്നേഹമുള്ള ഒരു പട്ടികുട്ടി.
    മനുഷ്യരെകാള്‍ സ്നേഹം ഉള്ള
    മൃഗം .ഒന്നും പ്രതീക്ഷിക്കാതെ
    സ്നേഹിക്കുന്നു.എന്‍റെ പട്ടികുട്ടിയെ
    ഞാന്‍ വല്ലാതെ മിസ്സ്‌ചെയ്യുന്നു.

    ReplyDelete
  32. പ്രകാശേട്ടന്റെ ലോകം-, ശോഭനം-, പട്ടേപ്പാടം റാംജി-, Echmukutty-, ആയിരത്തിഒന്നാം‌രാവ്-, $nOwf@ll-, അഭിപ്രായത്തിനു നന്ദി.
    lakshmi.lachu-,
    വളർത്താത്ത മൃഗങ്ങളുടെ വേദന തന്നെ കാണാൻ വയ്യ. അതുകൊണ്ട് എന്റെ വീട്ടിൽ ഒരു വളർത്തുമൃഗവും ഇല്ല. പിന്നെ അനുവാദം ചോദിക്കാതെ കടന്നുവരുന്ന പല്ലി, പാറ്റ, കൊതുക ആദിയായവ മാത്രമാണുള്ളത്. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  33. മാതൃഭൂമിയിൽ അന്നു ഇതു ന്യൂസ് ആയി വന്നപ്പോൾ, വായിച്ചിരുന്നു. പട്ടിക്കുട്ടിയുടെ ഫോട്ടോ കണ്ടപ്പോൾ വായിച്ചതാണ്. പിന്നീട് വായിക്കണ്ടായിരുന്നു എന്നു തോന്നി.അത്ര ടച്ചിംഗ് ആയിട്ടായിരുന്നു അതിൽ എഴുതിയിരുന്നത്. അപ്പോൾ തനെ അത് കട്ട് ചെയ്ത് എന്റെ കുറെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു. “സേവ് മണികണ്ഠൻ” എന്ന തലേക്കെട്ടിൽ.... ആ പട്ടിക്കുട്ടിയേയും പുലി കൊന്നു എന്നാണ് ടീച്ചറുടെ കഥ വായിക്കുന്നതു വരെ വിചാരിച്ചിരുന്നത്. ആരോ തുറന്നു വിട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം....

    ReplyDelete
  34. ജനവാസമേഖലയിൽ വന്യജീവികളിറങ്ങുന്നത് വർത്തമാനകാലത്തിന്റെ ഒരു വലിയ പ്രശ്നമാണ്. ഇതിന് ശാശ്വത പരിഹാരം നിർദ്ദേശിക്കാനോ അല്ലെങ്കിലതങ്ങ് സഹിക്കാനോ ആരും തയ്യാറല്ല.പുലിയിറങ്ങിയാൽ വനം വകുപ്പിനു തെറി. പുലിയെ പിടിക്കാൻ കൂട്ടിൽ ഇരയായി പട്ടിയെ കെട്ടിയാലും ഇതു പോലെ തെറി.
    ഒരു കഥയെന്ന നിലയിൽ അതിന്റെ കെട്ടും മട്ടുമെല്ലാം നോക്കുമ്പോൾ,ഇരയുടെ വേദന എന്ന ഈ കഥ ഞാൻ പൂർണ്ണമായി സ്വീകരിക്കുന്നു.പക്ഷേ കഥയിലൊതുങ്ങാത്ത വലിയൊരു പ്രശ്നം അങ്ങനെ തന്നെ നിലനിൽക്കുന്നു. മനുഷ്യനെന്ന ജീവി മറ്റു ജന്തുക്കളുടെ മേലെ അവന്റെ അധികാരമടിച്ചേൽ‌പ്പിക്കുമ്പോൾ,ആ ജീവികളുടെ ഭാഗധേയമവൻ നിർണ്ണയിക്കുമ്പോൾ ഒരു പാട് ചോദ്യ ചിഹ്നങ്ങളുയരുന്നുണ്ട്.
    സാമ്രാജ്യത്വ ശക്തികൾ അവികസിത രാജ്യങ്ങളോട് കാട്ടുന്ന അനീതിയെക്കാൾ കുറഞ്ഞതൊന്നുമല്ല ഇതര ജീവികളോട് മനുഷ്യരായ നമ്മൾ കാട്ടുന്നത്.
    പുലിയെ പിടിക്കാൻ വച്ച ഇര രക്ഷപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിക്കുന്നവർ, അവർ വെട്ടിവിഴുങ്ങുന്ന ബിരിയാണിയിലെ വെന്ത മാംസം,ചില മണിക്കൂറുകൾക്ക് മുൻപ് ഒരു ജീവനുള്ള കോഴിയോ, ആടോ, മറ്റോ ആയിരിക്കുമെന്ന് ഓർക്കാറുണ്ടോ?

    ഇവിടെയെല്ലാം അമ്മച്ചിയെ തല്ലിയതു പോലെയുള്ള കാര്യങ്ങളിൽ കേൾക്കുന്നതു പോലെ പല അഭിപ്രായങ്ങൾ വരുമെന്നല്ലാതെ പ്രശ്നങ്ങൾ തീർക്കാൻ ഒരു ഭാഗത്തു നിന്നും ഒരു പ്രവർത്തനവും ഉണ്ടാകുന്നില്ലെന്നത് പരിതാപകരം തന്നെ.
    വന്യജീവി പ്രശ്നം, വനം വകുപ്പ് ജീവനക്കാരനെന്ന നിലയിൽ, അടുത്തറിയുന്നയാളെങ്കിലും എനിക്ക്, കഥയിലെ കഥാംശത്തെയും, അതുയർത്തുന്ന സങ്കടങ്ങളെയും എതിർക്കാനാവില്ല.മനുഷ്യനു വേണ്ടിയും വന്യ ജീവിക്കു വേണ്ടിയും മനുഷ്യ വാസകേന്ദ്രത്തിലെത്തുന്ന വന്യജീവിയെ പൂട്ടാൻ ബലി നൽകുന്ന ഇരകൾക്കു വേണ്ടിയും വാദിക്കാനും, വാദിക്കാതിരിക്കാനും പറ്റാത്ത ഈ പ്രതിസന്ധിക്കിടയിലും, ഒരു വാക്ക്:
    നല്ല കഥ.

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..