“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

5/30/10

മുടിയനായ പുത്രൻ


“അന്റെ പൊന്നുമോനെ വീട്ടിലെത്തിക്കണേ പൊന്നുമുത്തപ്പാ,,,”
                   മറ്റുള്ളവരിൽ‌നിന്നും വേറിട്ടുനിൽക്കുന്ന, കണ്ണീരിൽ‌കുതിർന്ന അപേക്ഷ നാണിയമ്മയിൽ‌നിന്ന് കേട്ടപ്പോൾ; ‘വലിയവീട്ടിൽ’ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിയ രാജീവനോടൊപ്പം സാക്ഷാൽ പറശ്ശിനിക്കടവ് മുത്തപ്പന്റെയും മനസ്സിൽ ആശ്വാസത്തിന്റെ കുളിർമഴ പെയ്തു.

                     വളരെനേരം ക്യൂ നിന്നതിന്റെ ഒടുവിൽ ദർശനസൌഭാഗ്യം ഒരു അനുഗ്രഹമായി കിട്ടിയ വയസ്സിത്തള്ളമാർ പറയുന്ന ആവലാതികൾ ‌കേട്ട്, മുത്തപ്പന് ആവർത്തനവിരസത അനുഭവപ്പെട്ടിരിക്കയാണ്. നൂറും അഞ്ഞൂറും കൊടുത്തശേഷം അവർ അപേക്ഷിക്കുന്നത് ഒരേതരം കാര്യങ്ങൾ മാത്രമാണ്;
‘എന്റെ മുത്തപ്പാ എന്റെ മോന്റെ കെട്ടിയോളുടെ കാലൊടിയണേ, 
അവളുടെ കൈയൊടിയണേ, 
അവളുരുണ്ട്‌വീണ് നട്ടെല്ല് പൊട്ടണേ, 
ഓളെന്നെ ചെയ്തതിന് കൂലികൊടുക്കണേ’
... ഇത്തരം പ്രാർത്ഥനകൾ കേട്ടാൽ, മുത്തപ്പൻ ഏതോ കൊട്ടേഷൻ ടീമിന്റെ ഏജന്റാണെന്ന് തോന്നിപ്പോകും.

                     അപ്പോൾ പുത്തനാം ഒരു അപേക്ഷ സമർപ്പിച്ച, ശരിക്കും ദുഖിതയായ നാണിയമ്മക്ക് ആശ്വാസം പകരാനായി മുത്തപ്പൻ പറഞ്ഞു,
“അമ്മക്ക് പെര്ത്ത് കൊണം വരും,,; മോൻ ഒരാഴ്ചകൊണ്ട് വീട്ടില് വരും;,,, മകൻ വാസസ്ഥലം വിട്ട് കുറേ നാളുകളായോ?”
“ഇരുപത് കൊല്ലം കയിഞ്ഞു അന്റെ പൊന്നുമുത്തപ്പാ,,,”
അത് കേട്ടതോടെ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പറഞ്ഞ വാക്ക് പിൻ‌വലിക്കാത്ത മുത്തപ്പൻ വീണ്ടും ഉറപ്പിച്ചുപറഞ്ഞു,
“മോൻ ഒരാഴ്ചക്കുള്ളിൽ വീട്ടിലെത്തും; എല്ലാം മുത്തപ്പൻ അറിയുന്നുണ്ട്, അപ്പോൾ മുത്തപ്പനെ മനസ്സിലുണ്ടാവണം”
“ മോൻ വന്നാല് ഈ വീട്ടില് കെട്ടിയാടിയപോലെ അന്റെ വീട്ടിലും ഒരു വെള്ളാട്ടം കയിപ്പിക്കും”

അത് കേട്ടപ്പോൾ മുത്തപ്പനെക്കാൾ ഞെട്ടിയത് ചുറ്റും‌കൂടിയ നാട്ടുകാരാണ്. 
                      അന്നന്നത്തെ അന്നത്തിനു വകയുണ്ടാക്കാൻ നാട്ടില് നെരങ്ങുന്ന, ഈ നാണിയമ്മ, ആയിരങ്ങൾ ചെലവാക്കി മുത്തപ്പൻ വെള്ളാട്ടം നടത്താനോ? സിനിമയിൽ കാണുന്നതുപോലെ അവരുടെ മകൻ ഒരു കോടിശ്വരനായി വന്നാലോ! മുത്തപ്പൻ അവരെ വീണ്ടും ആശ്വസിപ്പിച്ചു,
“അമ്മ പോയ്‌ക്കോ, മുത്തപ്പൻ കൂടെയുണ്ട്; പൊറം‌നാട്ടിന്ന് അലയുന്ന മോൻ ഒരാഴ്ചകൊണ്ട് അമ്മേനെക്കാണാൻ ഓടിയെത്തും”
                    ഉടുമുണ്ടിന്റെ അറ്റം‌കൊണ്ട് തുടച്ചിട്ടും തീരാത്ത കണ്ണീരുമായി നാണിയമ്മ വലിയവീട്ടിന്റെ അടുക്കള ഭാഗത്ത് പോയപ്പോൾ ക്യൂവിലെ അടുത്തയാൾ വന്ന് മുത്തപ്പനു മുന്നിൽ പരാതിക്കെട്ടഴിക്കാൻ തുടങ്ങി.

                      നാണിയമ്മ നാട്ടുകാർക്കെല്ലാം വേണ്ടപ്പെട്ട വ്യക്തിയാണ്. വീട്ടുപറമ്പിലെ ചെറിയ ചെറിയ ജോലികൾ ചെയ്യാൻ, പ്രസവിച്ച ഉടനെയുള്ള കുഞ്ഞുങ്ങളെ ഏതാനും‌ മാസംവരെ കുളിപ്പിക്കാൻ, വീട്ടുപണികളിൽ സഹായിക്കാൻ, കടകളിൽ‌പോയി സാധനങ്ങൾ പർച്ചേസ് ചെയ്യാൻ, പറമ്പിലെ ഓല വലിച്ച് കൂട്ടിയിടാൻ ആദിയായ എല്ലാറ്റിനും, ‘മേലനങ്ങാത്ത വീട്ടമ്മമാരുടെ’ ഒരു അവിഭാജ്യ ഘടകമാണ് നമ്മുടെ നാണിയമ്മ. ഒന്നും വെറുതെയല്ല; എല്ലാറ്റിനും കൂലി കൃത്യമായി എണ്ണിവാങ്ങും.
പിന്നെ നമ്മുടെ ഗ്രാമത്തിലുള്ളവർ ഏറ്റവും ഭയപ്പെടുന്നത് നാണിയമ്മയുടെ നാവിനെയാണ്.

                      അവർക്ക് ആദ്യം പിറന്ന രണ്ട് മക്കളിൽ മൂത്തവനാണ് ഇരുപത് കൊല്ലം‌മുൻപ് അച്ഛന്റെ മരണശേഷം അമ്മയെയും അനുജത്തിയെയും തനിച്ചാക്കി നാടും വീടും വിട്ടത് എന്ന് നാട്ടുകാരിൽ പലർക്കും പറഞ്ഞുകേട്ട അറിവ് മാത്രമാണ്.  നാടുവിടുമ്പോൾ അവന് പതിനെട്ട് വയസ്സ്. ആയതിനാൽ കക്ഷിക്കിപ്പോൾ മുപ്പത്തെട്ട് ആയി ഭാര്യയും മക്കളുമായി ഏതോ നാട്ടിൽ സസുഖം വാഴുന്നുണ്ടാവണം. അവനുശേഷം നാടുവിട്ട അസ്സനാർ തിരിച്ചുവന്നപ്പോൾ പറഞ്ഞത് അവനെ മും‌ബൈയിൽ കണ്ടിരുന്നു എന്നാണ്.

മകളെ പോറ്റാനായി കൂലിപ്പണി ചെയ്ത നാണിയമ്മക്ക് പിന്നീട് ഒരു മകൻ കൂടി പിറന്നു,,,
‘???’
                       അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിൽ ഒരാളായി മാറിയ നാണിയമ്മ എല്ലുമുറിയെ പണിയെടുത്ത് മകളെ കെട്ടിച്ചുവിട്ടു. അതോടെ മകളും അമ്മയെ ഒഴിവാക്കിയ മട്ടായി. ഇടവേളക്ക് ശേഷം പിറന്ന മകനാണ് ഇപ്പോൾ നാണിയമ്മക്ക് ഒരേയൊരു ആശ്വാസം. ഒൻപതാം ക്ലാസ്സിൽ‌വെച്ച് പഠിപ്പ് നിർത്തിയതുമുതൽ കൂലിപ്പണി ചെയ്യുന്ന ആ മകൻ നാട്ടുകാരുടെയെല്ലാം ഉത്തമ സുഹൃത്താണ്.

                      എന്നാൽ മൂത്തമകനെയോർത്ത് നാണിയമ്മ കരയാത്ത ദിവസങ്ങളില്ല. അവർക്ക് അറിയുന്ന എല്ലാ അമ്പലങ്ങളിലും മകൻ വരാനായി നല്ലൊരു തുക പ്രോമിസ് ചെയ്തിട്ടുണ്ട്.
,,,
                     വലിയ വീട്ടിൽ മുത്തപ്പൻ കെട്ടിയാടിയതിന്റെ ഏഴാം ദിവസം നമ്മുടെ ഗ്രാമത്തിൽ നേരം‌പുലർന്ന് പത്ത്‌മണി ആയതോടെ പ്രത്യേക വാർത്താബുള്ളറ്റിൻ പുറത്ത് വന്നു.
‘നാണിയമ്മയുടെ മൂത്തമകൻ ഇന്നലെരാത്രി തിരിച്ചുവന്നിരിക്കുന്നൂ‍,,,,!’
ഇന്റർനെറ്റിനെക്കാൾ വേഗതയിൽ ആ വാർത്ത ഗ്രാമത്തിൽ പരന്നു.
അതോടെ,
ചായക്കടക്കാരൻ നാരാണേട്ടനും ഒപ്പം ചായ കുടിക്കാൻ വന്നവരും കടയടക്കാതെ ഓടി,
കൂട്ടയിൽ മീനുമായി കൂക്കിനടന്ന് മീൻ വിൽക്കുന്ന മമ്മത്, അന്നത്തെ മീൻ കാക്കക്കും പരുന്തിനും കൊടുത്ത്‌കൊണ്ട് ഓടി,
തെങ്ങേൽ കയറിയ രാഘവൻ തേങ്ങ പറിക്കാതെ ഇറങ്ങിയോടി,
അടുക്കളയിൽ ചോറും കറിയും വെക്കുന്ന പെണ്ണുങ്ങൾ അടുപ്പിൽ വെള്ളം‌കോരിയൊഴിച്ച് വീട് പൂട്ടാതെ ഇറങ്ങിയോടി,
അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗങ്ങളെല്ലാം താൽക്കാലിക ഹർത്താൽ പ്രഖ്യാപിച്ച് പുറത്തിറങ്ങി,
കേട്ടവർ കേട്ടവർ ഓടിയെങ്കിലും കുട്ടികൾ‌മാത്രം ഓടിയില്ല; കാരണം അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു.

ഓട്ടത്തിന്റെ ഒടുവിൽ എല്ലാരും സമ്മേളിച്ചത് നാണിയമ്മയുടെ വീടിന്റെ മുറ്റത്ത്,
നാണിയമ്മ റണ്ണിംഗ് കമന്ററി നടത്തുന്നുണ്ടെങ്കിലും എല്ലാകണ്ണുകളും ആ വീട്ടിനകത്താണ്,
“എന്റെ മക്കളെ, ഇന്നലെ രാത്രി എട്ടരക്കാ ഓൻ വീട്ടില് വന്നത്. വന്ന ഉടനെ അമ്മേ എന്ന് വിളിച്ച് കാലിൽ ഒറ്റ വീഴ്ച; ആദ്യം ഞാനാകെ പേടിച്ചെങ്കിലും അന്റെ മോനെ അനക്കറിയില്ലെ. പിന്നെ നമ്മള് ചോറ് തിന്നാത്തകൊണ്ട് കലത്തിലെ ചോറെല്ലാം അന്റെ പൊന്നുമോനു കൊടുത്തു. പിന്നെ വെള്ളം കുടിച്ച് കട്ടിലിൽ കയറി കിടന്നതാ‍. ഒന്നും ചോയിക്കാനും പറയാനും കയിഞ്ഞിട്ടില്ല. ഇപ്പം പത്തരയായിട്ടും എണീറ്റിനില്ല. എല്ലാം മുത്തപ്പന്റെ മായാവിലാസങ്ങൾ”
                     തുടർന്ന് വാർത്താവിഷനിൽ കാണുന്നതു പോലുള്ള ചോദ്യങ്ങൾ തുടർച്ചയായി ഉയർന്നെങ്കിലും കാലുമാറിയ നേതാക്കളെപ്പോലെ നാണിയമ്മക്ക് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല.

                     അങ്ങനെ നോക്കിയിരിക്കെ ഉറക്കം ഞെട്ടിയ ഒരു രൂപം, നാട്ടാരെ അമ്പരപ്പിച്ചു‌കൊണ്ട്, വീടിന്റെ മുൻ‌വാതിലിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. കണ്ണുകൾ ചുവന്ന്, ജലസ്പർശമേൽക്കാത്ത മുടിയുമായി, ഉണങ്ങിവരണ്ട് മെലിഞ്ഞ ശരീരത്തിനു ചേരാത്ത മുഷിഞ്ഞ കുപ്പായത്തോടെ പുറത്തുവന്ന നാണിയമ്മയുടെ സീമന്തപുത്രൻ, നാട്ടുകാരെ നോക്കിയപ്പോൾ ഞെട്ടിയത് നാട്ടുകാരാണ്. ഇത്രയും കാലം ഏതോ ശവക്കുഴിയിൽ കിടന്നവൻ പെട്ടെന്ന് എഴുന്നേറ്റ് വന്നതായി തോന്നിയ ഓരോരുത്തരുടെയും ഉള്ളിൽ ധാരാളം ചോദ്യങ്ങൾ ഉയർന്നു. അവിശ്വസനീയമായ കാഴ്ചയിൽ ഞെട്ടിയ നാട്ടുകാർ, ഒരക്ഷരവും ഉരിയാടാതെ പതുക്കെ സ്ഥലം കാലിയാക്കി.
,,,
                    അന്ന് ഉച്ചക്ക്ശേഷം നാണിയമ്മയുടെ മകൾ, അവൾക്ക് സ്വന്തമായ ഒരു ഭർത്താവും രണ്ട് മക്കളുമായി വലിയ കെട്ടുകളോടൊപ്പം കാറിൽ വന്നിറങ്ങി. വീട്ടിൽ വന്ന ഉടനെ മകൾ അമ്മയെ ക്വസ്റ്റൻ ചെയ്തു,
“പെട്ടിയെവിടെ?
ഞാൻ വരുന്നതിനുമുൻപെ അമ്മയും മോനും ചേർന്ന് അടിച്ചുമാറ്റിയോ?”
“ഏത് പെട്ടി?”
നാണിയമ്മ മറുചോദ്യമായി.  
“വന്നത് എന്റെ മാത്രം ഏട്ടനാ; അത്‌കൊണ്ട് ഏട്ടന്റെതെല്ലാം എനിക്കും മക്കൾക്കും കിട്ടേണ്ടതാ”
... മകൾ കൊണ്ടുവന്ന അഴിക്കാത്ത പൊതികളിൽ‌നിന്നും അപ്പത്തരങ്ങളുടെ മണം അമ്മയുടെ മൂക്കിൽ അടിച്ചുകയറാൻ തുടങ്ങി. അവൾ തുടർന്നു,
“ഞാൻ ഏട്ടന്റെ ഒരേയൊരു പെങ്ങളാ,, എന്റെ പൊന്നാങ്ങള എവിടെയാ”
                       അമ്മ അകത്തെ മുറി ചൂണ്ടിയപ്പോൾ അളിയൻ പെങ്ങൾ മക്കൾ സംഘം ഒന്നിച്ച് ചാടിക്കയറി. അകം മുഴുവൻ തപ്പിയിട്ടും ആളെകാണാതെ പുറത്തിറങ്ങുമ്പോഴാണ് കട്ടിലിന്റെ തലയിണക്ക് സമീപം‌ഉള്ള ഒരു മഞ്ഞനിറമുള്ള തുണിസഞ്ചി അളിയന്റെ കണ്ണിൽ‌പെട്ടത്. അതും‌എടുത്ത് പോയേലും വേഗത്തിൽ പുറത്ത്‌ചാടി.

                       മഞ്ഞത്തുണിയിൽ ചുവപ്പ് നിറമുള്ള തമിഴ് അക്ഷരങ്ങൾ എഴുതിച്ചേർത്ത തുണിസഞ്ചി അട്ടിമറിച്ച് അകത്തുള്ളതെല്ലാം പുറത്തിട്ടശേഷം അവർ വട്ടമിട്ടിരുന്ന് ഗവേഷണം തുടങ്ങി. മുഷിഞ്ഞ്‌നാറിയ രണ്ട് ലുങ്കിയും മൂന്ന് ഷർട്ടും ഒരു പാന്റും അവരെ നോക്കി ചിരിക്കാൻ തുടങ്ങി. പെങ്ങൾക്ക് ആകെ സംശയം,
“ഞാൻ വരുന്നതിനു മുൻപ് വിലപിടിപ്പിള്ളതെല്ലാം മാറ്റിയിരിക്കും; എന്റെ ഏട്ടനെവിടെ?”
വീട്ടിനു ചുറ്റും കറങ്ങിനടന്ന അവർ ഏട്ടനെ കണ്ടുപിടിച്ചു;
വീട്ടിന്റെ പിൻ‌വശത്ത് പറമ്പിന്റെ മൂലയിൽ പരിസരം മറന്ന് പുകയൂതി ഇരിക്കുന്ന ഏട്ടനുചുറ്റും പുകവലയങ്ങൾ. 
അളിയൻ അളിയനെ വിളിച്ചു, “അളിയാ”
പെങ്ങൾ ആങ്ങളയെ വിളിച്ചു, “ഏട്ടാ”
മരുമക്കൾ അമ്മാവനെ വിളിച്ചു, “വലിയമ്മാവാ”
ഉത്തരമില്ല, രൂക്ഷഗന്ധമുള്ള പുകവലയങ്ങൾ ഒന്നുചേർന്ന് ഒരു ചോദ്യചിഹ്നമായി രൂപാന്തരം പ്രാപിച്ച്, അവരെ നോക്കി നൃത്തം ചെയ്യാൻ തുടങ്ങി.
                      ഒടുവിൽ യാത്രപോലും ചോദിക്കാതെ നിരാശയോടെ വെറും‌കൈയുമായി വന്നതിലും സ്പീഡിൽ ‘അളിയൻ പെങ്ങൾ മരുമക്കൾ സംഘം’ തിരിച്ചുപോയി.
,,,
പിറ്റേദിവസം,,,
                    നാണിയമ്മയുടെ നാടുചുറ്റിവന്ന മകൻ നാട്ടുകാരിൽ കൺഫ്യൂഷൻ ഉയർത്തി. നാട്ടാരെക്കൊണ്ട് നുണപറയാൻ ആയിരം നാവുള്ള നാണിയമ്മയുടെ ഒറിജിനൽ നാവ്‌കൂടി ചലനരഹിതമായി.  സഹപാഠികളും സഹകള്ളന്മാരും സഹതട്ടിപ്പുകാരും അവനെതേടിയെത്തിയെങ്കിലും നാടുചുറ്റിവന്നവൻ ആരോടും പരിചയം കാണിച്ചില്ല. അങ്ങനെ ഒരു ദുരൂഹതയിൽ അവൻ മിണ്ടാതെ ചോദിക്കാതെ ദിവസങ്ങൾ രണ്ടെണ്ണം കഴിഞ്ഞു.

മൂന്നാം ദിവസം,,,
                     അതിരാവിലെ പത്ത്മണിക്ക് ഉറക്കമുണർന്ന സീമന്തപുത്രൻ നേരെ അടുക്കളയിൽ വന്നത്‌കണ്ട് രോമാഞ്ചമണിഞ്ഞ നാണിയമ്മ തലയുയർത്തി അവനെയൊന്ന് ആപാതചൂടം നിരീക്ഷിച്ചു. വീട്ടിൽ കയറിവന്ന ദിവസം അണിഞ്ഞ ലുങ്കിയും കുപ്പായവും അതേപടി ‘ആ ദേഹത്തിൽ’ കിടപ്പാണ്. സ്വന്തം മകനാണെന്ന് പറഞ്ഞിട്ടെന്താ; അവനെ കാണുമ്പോൾ‌തന്നെ വല്ലതും ചോദിക്കാൻ അവർക്ക് ഉള്ളിൽ ഒരു ഭയം. അപ്പോൾ ആ മുടിയുടെയും താടിരോമങ്ങളുടെയും ഇടയിൽനിന്ന് ഒരു ശബ്ദം പുറത്തുവന്നു,
“തള്ളേ?,,,”
 അടുക്കളയിൽ കയറിയ മകന്റെ വിളികേട്ട് നാണിയമ്മ ഞെട്ടി. ആദ്യത്തെ ഞെട്ടൽ മാറുന്നതിനുമുൻപ് അറിയിപ്പ് വന്നു,
“എനിക്ക് കൊറച്ച് പണം വേണം; ഉടനെ കിട്ടണം”
                     സുനാമിക്ക് മുൻപുള്ള കടൽ‌ത്തീരംപോലെ നാണിയമ്മയുടെ വായിലെ ഉമിനീരിനൊപ്പം നാവും ഉൾവലിഞ്ഞു. കൂടുതൽ ഞെട്ടുന്നതിനു മുൻപ് അവർ അടുപ്പിന്റെ തൊട്ടടുത്ത അരിക്കലത്തിൽ നിന്നും പുറത്തെടുത്ത, ‘തുണിയിൽ പൊതിഞ്ഞ കടലാസ്‌പൊതി’ കെട്ടഴിച്ച്, മുഷിഞ്ഞ 100രൂപ എടുത്തുനിവർത്തി മകന്റെ കൈയിൽ വെച്ച്‌കൊടുത്തു. ചിക്കൻ പീസ് കിട്ടിയ കുറുക്കനെപ്പോലെ അത് പിടിച്ചുവാങ്ങി പെട്ടെന്ന് പുറത്തിറങ്ങി അവൻ നടന്നു.

                       മകൻ പോകുന്നത്‌നോക്കി നാണിയമ്മ താടിക്ക് കൈയുംകൊടുത്ത് നിലത്തിരുന്നു. വിധി ഒരുക്കിയ ജീവിതത്തിൽ കഷ്ടപ്പാടുകൾ മാത്രം അറിയുന്ന നാണിയമ്മ ഒരിക്കലും ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്നില്ല.  ‘എങ്ങോ ജീവിക്കുന്നുണ്ടെന്ന് വിശ്വസിച്ച മൂത്ത മകനെപറ്റി അറിയാനും ഒരുനോക്ക് കാണാനും എത്ര ദൈവങ്ങളെയാണ് വിളിച്ചത്? അവനിങ്ങനെ ഗതിയില്ലാത്തവനായി വരുമെന്ന് ചിന്തിച്ചിരുന്നില്ല. ‘നല്ലകാലത്ത് അമ്മയുടെ ഓർമ്മ കാണില്ലല്ലൊ; ഇപ്പോൾ ഗതിയില്ലാതായതു കൊണ്ടല്ലെ വീട്ടില് വന്നതും തനിക്ക് കാണാനൊത്തതും’

                       പിറ്റേദിവസം മുതൽ പണത്തിനുവേണ്ടി മാത്രം ചോദ്യം ഉണ്ടായി. എന്നും രാവിലെയുണർന്ന് അടുക്കളയിൽ വരും; അമ്മ കഞ്ഞി കൊടുക്കും; മകൻ പണം ചോദിക്കും; പണം കിട്ടിയാൽ മാത്രം കഞ്ഞി കുടിച്ച് സ്ഥലം വിടും. പിന്നെ രാത്രിയിൽ അപ്രതീക്ഷിതമായ നേരത്ത് വന്ന് കിടന്നുറങ്ങും. അവനു ചുറ്റും പരക്കുന്ന പുകയും രൂക്ഷഗന്ധവും ചേർന്ന് നാണിയമ്മയുടെ മനസ്സിന്റെ താളംതെറ്റിക്കുമെന്ന അവസ്ഥയിലായി.

                        ഇതിനിടയിൽ നാണിയമ്മ ഒരു രഹസ്യം മനസ്സിലാക്കി; ഇളയ മകനെ മൂത്തവൻ അവഗണിക്കുന്നു. മുൻപ് ഒരിക്കലും കാണാത്ത മൂത്ത ഏട്ടനെ നാണിയമ്മ പരിചയപ്പെടുത്തിയ നാൾതൊട്ട് ഇളയവൻ ഏട്ടനു ചുറ്റും വട്ടമിട്ട് നടന്ന് പലതും ചോദിച്ചിട്ടും ഇതുവരെ അവനോട് ഒന്നും മിണ്ടിയിട്ടില്ല.

                       സംഭവബഹുലമായി രണ്ടാഴ്ച കടന്നുപോയി. നാണിയമ്മ നാട്ടുകാർക്ക് മുഖം കാണിക്കാതെ ഒളിച്ചും പാത്തും പതുങ്ങിയും നടപ്പാണ്.
ഒരു ദിവസം രാവിലെ അരികഴുകിക്കൊണ്ടിരിക്കുന്ന അമ്മയുടെ പിന്നിൽ ചുവന്ന കണ്ണുകളുമായി സീമന്തപുത്രൻ,
“തള്ളേ, എനിക്കിന്ന് കൊറേ പണം‌വേണം,,,”
നാണിയമ്മ ഞെട്ടിത്തിരിഞ്ഞപ്പോൾ അരിക്കിണ്ണം താഴെവീണ്, അരിയെല്ലാം നിലത്ത്,
“കൊറേയോ?,, അത് ഞാനെന്ത് ചെയ്യാനാ?”
വാക്കുകൾ പൂർത്തിയാക്കുന്നതിനു മുൻപ് നാണിയമ്മയുടെ തലമുടി പിടിച്ച്, അവരെ വലിച്ചിഴച്ച് വരാന്തയിൽ കൊണ്ടുവന്ന് ചുമരിൽ ഇടിച്ച് താഴെയിട്ടു.
“പണം തന്നാല് തള്ളക്കും മോനും നല്ലത്”
ഇതും‌പറഞ്ഞ് മുറ്റത്തെ വിറകുകമ്പെടുത്ത് അടിക്കാനോങ്ങുമ്പോൾ ഇളയമകൻ ഏട്ടനെ ബലമായി പിടിച്ചുവെച്ചു.
പിന്നെ അസ്സൽ സ്റ്റണ്ട്‌രംഗം അരങ്ങേറിയപ്പോൾ കാണികാളായി നാട്ടുകാർ അണിനിരന്നു. സ്റ്റണ്ടിന്റെ ഒടുവിൽ മൂവരും ക്ഷീണിച്ചപ്പോൾ ഏട്ടൻ അനിയനെ ചൂണ്ടി നാട്ടുകാരോട് പറയാൻ തുടങ്ങി,
“ഇവനെ ഞാൻ കൊല്ലും; ഞാനിവിടന്ന് നാട് വിടുമ്പോൾ എന്റെ അച്ഛൻ മരിച്ചതാ; പിന്നെ മര്യാദക്കാരിയാണെങ്കിൽ ഈ തള്ളക്ക് ഇങ്ങനെയൊരു മോൻ എങ്ങനെയുണ്ടാകും? ഇവനേം കൊല്ലും ഈ തള്ളേനെം കൊല്ലും”

നാണിയമ്മയും നാട്ടുകാരും ഒന്നിച്ച് ഞെട്ടി,,,  
‘അമ്മയെ അനാഥയാക്കി നാട് വിട്ടവൻ, 
‘അമ്മ ജീവിച്ചോ മരിച്ചോ’, എന്ന് അന്വേഷിക്കാത്തവൻ, 
അമ്മക്ക് ഒരു നേരത്തെ ഭക്ഷണം നൽകാത്തവൻ, 
അമ്മക്ക് സങ്കടം മാത്രം നൽകിയവൻ,,,’
അവനാണിപ്പോൾ എവിടെനിന്നോ തെണ്ടിത്തിരിഞ്ഞ് വന്ന് അമ്മയെയും അമ്മക്ക് തുണയായ മകനെയും കൊല്ലാൻ നോക്കുന്നത്. ആ മകനില്ലെങ്കിൽ നാണിയമ്മയുടെ അവസ്ഥ എന്താകുമായിരുന്നു?!!! ,,,

                        അതു‌വരെ സമാധാനം നിലനിന്നിരുന്ന ആ വീട്ടിൽ നിത്യേന അടി, ഇടി, ആദിയായ നിത്യകർമ്മങ്ങൾ അരങ്ങേറി.

ഒരു മാസത്തിനു ശേഷം,,,
                        നാണിയമ്മയുടെ മനസ്സിൽ പൂത്തുലയാൻ തുടങ്ങിയ പുത്തൻപ്രതീക്ഷകൾ അതേപടി കരിഞ്ഞ് ചാരവും പുകയും അവശേഷിച്ചു. നാടുവിട്ട മോൻ തിരിച്ചുവന്നത്, തനിക്കും ഇളയമകനും കാലനായി മാറാനായിരിക്കുമെന്ന് അവർക്ക് തോന്നാൻ തുടങ്ങി.
                               അടുത്ത വെള്ളിയാഴ്ച വടക്കേവീട്ടിൽ മുത്തപ്പൻ വെള്ളാട്ടം ഉണ്ടെന്നറിഞ്ഞപ്പോൾ അവർ വീട്ടിൽ നിന്ന് പുറത്തിറങ്ങി അവിടെയെത്തി. മുത്തപ്പനെ കണ്ടപ്പോൾ നാണിയമ്മ കൈകൂപ്പിക്കൊണ്ട് പൊട്ടിക്കരഞ്ഞു,
“എന്റെ പൊന്നുമുത്തപ്പാ എന്നെ കാക്കണം”
“മുത്തപ്പനെല്ലാം കാണുന്നുണ്ട്,,, അമ്മേടെ നാടുവിട്ട മോൻ വന്നില്ലെ? എന്താ സന്തോഷമായില്ലെ?”
“എന്നെ കാക്കണം മുത്തപ്പാ,,, നാടുവിട്ട മോൻ വന്നിന്,,, പിന്നെ”
“എന്താ ഒരു സംശയം? മോൻ പൊന്നും പണോം കൊണ്ടന്നില്ലെ?”
“അനക്ക് പൊന്നും പണോം ബേണ്ട മുത്തപ്പാ,,, ആ തെണ്ടിത്തിരിഞ്ഞ് വന്നോനെ അന്റെ വീട്ടിന്നും നാട്ടിന്നും പൊറത്താക്കിത്തരണം, അന്റെ പൊന്നു മുത്തപ്പാ”
ഇത്തവണ നാണിയമ്മയുടെ അപേക്ഷ കേട്ട് നാട്ടുകാർ ഞെട്ടിയില്ല; എന്നാൽ മുത്തപ്പനു സംശയം,
“അതെന്താ മുത്തപ്പന്റെ പങ്ക് തരാണ്ടിരിക്കാനാണോ?”
“മുത്തപ്പന് വേണ്ടുന്നത് ഞാൻ കയിപ്പിക്കാം. ഓനെ പൊറത്താക്കിയാൽ അന്റെ വീട്ടില് ഒരു വെള്ളാട്ടൊം തിരുവപ്പനെയും കെട്ടിയാടിക്കാം”
എന്നാൽ ഇത്തവണ മുത്തപ്പൻ ആ അപേക്ഷ അതേപടി സ്വീകരിച്ചില്ല.
“അമ്മക്ക് നല്ലത് വരും. അമ്മ പറഞ്ഞത്‌പോലെ മോനെ കാട്ടിത്തന്നില്ലെ? എല്ലാം മുത്തപ്പന് അറിയാം”

                   അങ്ങനെ മസസ്സമാധാനം നേടിയ നാണിയമ്മ വീട്ടിലേക്ക് തിരിച്ച്‌പോയി. മൂത്തമകനെ ആദ്യം സ്വന്തം മനസ്സിൽ‌നിന്നും ഒഴിവാക്കിയതിനുശേഷം വീട്ടിൽനിന്ന് ഒഴിവാക്കാൻ എന്ത്‌ ചെയ്യണമെന്ന് ‘ആ അമ്മ’ ആലോചിക്കാൻ തുടങ്ങി.

പിൻ‌കുറിപ്പ്:
പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രതിരൂപമായി വിശ്വാസികളുടെ വീടുകളിൽ വെള്ളാട്ടവും തിരുവപ്പനെയും കെട്ടിയാടിക്കാറുണ്ട്.

29 comments:

  1. ഇങ്ങിനെ എന്തെല്ലാം അല്ലേ ടീച്ചറേ!!! എങ്കിലും മനസ്സിൽ തട്ടുന്ന ഈ വിഷയത്തെ പോലും അല്പം നർമ്മം ചാലിച്ച് പറഞ്ഞപ്പോൾ.. വളരെ നന്നായി..

    ReplyDelete
  2. നൊമ്പരവും നര്‍മ്മവും !

    ReplyDelete
  3. കഥയ്ക്ക് പതിവില്ലാത്ത വിധം നര്‍മ്മത്തിന്‍റെ മേമ്പൊടി കൂടിയുള്ളതായി തോന്നി. മകന്‍റെ തിരിച്ചുവരവ് കാത്തിരുന്ന അമ്മ, മകന്‍റെ തിരിച്ച് പോക്ക് കാത്തിരിക്കുന്ന അമ്മ ഇതിനിടയിലെ സംഭവവികാസങ്ങള്‍ രസകരമായി തോന്നി. പലപ്പോഴും കേള്‍ക്കുന്ന, കൈക്കൂലി ഓഫര്‍ ചെയ്തുകൊണ്ടുള്ള ദൈവത്തോടുള്ള അപേക്ഷകള്‍ ഇതുപോലെ ചിരിയുണര്‍ത്തുന്നവയാണ്. 'വെളുക്കാന്‍ തേച്ചത് പാണ്ടായി' എന്ന പഴഞ്ചാല്ലിനെ അനുസ്മരിപ്പിക്കുന്ന ഈ കഥ വളരെ നന്നായി.

    ReplyDelete
  4. നൊമ്പരവും, നര്‍മ്മവും, ഭക്തിയും എല്ലാംകൂടി നല്ലൊരു വായനാനുഭവം...

    ReplyDelete
  5. കഥ എന്ന നിലയിൽ അവസാനഭാഗം കുറച്ചുകൂടി ഹൃദയസ്പർശിയാക്കാമായിരുന്നു എന്നു തോന്നി.
    എഴുത്തിൽ നർമ്മത്തിനു മുൻ തൂക്കമുള്ളതുകൊണ്ടാവും അങ്ങനെ സംഭവിച്ചത്.

    (എന്തായാലും ‘വെള്ളാട്ടം’കണ്ടിട്ടില്ലാത്തവർ പറശ്ശിനിക്കടവിൽ പോയി അതൊന്നു കാണനം. തികച്ചും തനിമയുള്ള കലാഭംഗിയുള്ള ഒരാചാരമാണത്.)

    ReplyDelete
  6. നൊമ്പരവും, നര്‍മ്മവും,ആലേഖനം പച്ചയായ ജീവിതത്തിന്റെ തന്നെ..
    ആശംസകള്‍!!
    ഹൃദയപൂര്‍വ്വം.

    ReplyDelete
  7. Manoraj-,
    പാവങ്ങളായവരെ നന്നാവാൻ വിധി അനുവദിക്കാറില്ല എന്നോർത്ത് നർമ്മം കലർത്തിയതാണ്. അഭിപ്രായത്തിനു നന്ദി.
    ഒഴാക്കൻ-,
    അഭിപ്രായത്തിനു നന്ദി.
    Hari(Maths)-,
    അപ്രതീക്ഷിതമായ സംഭവങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ ദൈവത്തിനുപോലും ഒന്നും ചെയ്യാൻ കഴിയുന്നില്ല. മറ്റുള്ളവർ നന്നാവുന്നതിൽ അസൂയപ്പെടുന്ന നാട്ടുകാർ (സ്വന്തം മകൾ കൂടി) മറ്റുള്ളവരുടെ പ്രയാസങ്ങളിൽ ചിരിക്കുകയാണ് ചെയ്യുന്നത്. അഭിപ്രായത്തിനു നന്ദി.
    Naushu-,
    അഭിപ്രായത്തിനു നന്ദി.
    jayanEvoor-,
    എല്ലാ പ്രയാസങ്ങളും ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കാൻ ദൈവത്തിന്റെ പ്രതിരൂപമായി നാട്ടുകാർ ‘വെള്ളാട്ടത്തെ’ കാണുന്നു. അഭിപ്രായത്തിനു നന്ദി.
    ജോയ് പാലക്കൽ-,
    അഭിപ്രായത്തിനു നന്ദി.

    ReplyDelete
  8. ഈ കഥ ഒരുപാടിഷ്ടപ്പെട്ടു :)

    ReplyDelete
  9. ഇത് എന്ത് കൂതറ മുത്തപ്പനാ.. നല്ല ഒരു മോനെ കൊണ്ട് കൊടുക്കായിരുന്നില്ലേ..
    (തമാശയാണ് ട്ടോ, കൂതറ മുത്തപ്പന്‍ എന്ന് പറഞ്ഞത് ആരും കാര്യമായി എടുക്കരുത്)

    ReplyDelete
  10. ന്നിട്ട് പിന്നെ എന്തായി ടീച്ചറെ ....ലവന്‍ പോയോ പിന്നേം

    ReplyDelete
  11. കഥ ടച്ചിംഗാണല്ലോ ടീച്ചറേ, ഇഷ്ടായി

    ReplyDelete
  12. ടീച്ചറെ, ഒരു സത്യം പറഞ്ഞാല്‍ ദേഷ്യപ്പെടരുത്. ഈ കഥ എനിയ്ക്കു തീരെ ബോധിച്ചില്ല. മുത്തപ്പന്‍ പാവങ്ങളുടെ ദൈവമാണ്. ആ മുത്തപ്പന്‍ എന്തായാലും ആ അമ്മയോറ്റ് ഇതു ചെയ്യില്ല. പിന്നെ, ഇത് നര്‍മ്മത്തില്‍ പറയാവുന്ന കഥയാണോ? പ്രായമായ ആ അമ്മയോട് അല്പം കനിവ് ആകാമായിരുന്നു. എനിക്കല്പവും നര്‍മ്മം ഫീല്‍ ചെയ്തില്ല. ആ അമ്മയ്ക്കു വേണ്ടി ഒരിറ്റു കണ്ണീരാണു വന്നത്
    സസ്നേഹം
    ബിജു കുമാര്‍

    ReplyDelete
  13. കഥയില്‍ നര്‍മ്മം ചേര്‍ത്തപ്പോള്‍ ഗൌരവം അല്പം കുറഞ്ഞോ എന്നെനിക്കും തോന്നി ടീച്ചറെ.

    ReplyDelete
  14. നർമ്മം ഒഴിവാക്കിയിരുന്നെങ്കിൽ, ഒരു നല്ല കഥയായി മാറുമായിരുന്നു എന്നു തോന്നുന്നു..
    മറ്റൊന്നുമല്ല..കഥയുടെ വിഷയം ഗൗരവുള്ളതാണ്‌..

    ReplyDelete
  15. അബ്കാരി-,
    അഭിപ്രായത്തിനു നന്ദി.
    കൂതറHashim-,
    നല്ല നിലയിലാണെങ്കിൽ അമ്മയുടെ ഓർമ്മ വരില്ലല്ലൊ എന്ന് അമ്മതന്നെ പറയുന്നുണ്ട്. അഭിപ്രായത്തിനു നന്ദി.

    കണ്ണനുണ്ണി-,
    പിന്നെ മകനെ ആ അമ്മ വളരെയധികം വെറുത്തു. ഒരു വർഷം കഴിഞ്ഞപ്പോൾ അവൻ രോഗം വന്ന് മരിച്ചു. ഇത് നമ്മുടെ നാട്ടിൽ ജീവിച്ചിരുന്ന ആ കഥാപാത്രത്തിന്റെ ‘കഥക്ക് കാരണമായ, ചരിത്രമാണ്. അഭിപ്രായത്തിനു നന്ദി.

    അരുൺ കായംകുളം-,
    അഭിപ്രായത്തിനു നന്ദി.
    ബിജുകുമാർ-,
    താങ്കൾ പറഞ്ഞത് ശരിയാണ്. എനിക്കറിയാവുന്ന നാടുവിട്ടവരെല്ലാം തിരിച്ച് വന്നത് ഒടുവിൽ ഗതിയില്ലാതായപ്പോൾ മാത്രമാണ്. പണക്കാരനായിട്ടുള്ളവർ മറുനാട്ടിൽ തന്നെ ജീവിക്കുകയാണ്. അഭിപ്രായത്തിനു നന്ദി.

    പട്ടേപാടം‌റാംജി-,
    അഭിപ്രായത്തിനു നന്ദി.
    Sabu M H-,
    ഇനി ശ്രദ്ധിക്കാം. പിന്നെ വേദനകൾ എഴുതുമ്പോൾ അല്പം വ്യതിയാനം വേണമെന്ന് തോന്നിയതാണ്. അഭിപ്രായത്തിനു നന്ദി. എന്റെ സ്വന്തം വേദനകളും ഞാൻ തമാശയായി എഴുതിയിട്ടുണ്ട്. ഇവിടെ പോയാൽ കാണാം.
    http://mini-minilokam.blogspot.com/2009/07/28-1.html

    ReplyDelete
  16. സങ്കടകരമായ ഒരനുഭവം തമാശയില്‍ പൊതിഞ്ഞ് അവതരിപ്പിച്ചു. അമ്മയുടെ മനസ്സിലുള്ള കാര്യങ്ങള്‍ കൂടുതല്‍ പറഞ്ഞത് കൊണ്ട് വായിക്കുന്നവര്‍ക്ക് അവരുടെ സങ്കടം ഉള്ളില്‍ തട്ടി. തമാശ എഴുതുമ്പോള്‍ മുഴുവന്‍ തമാശ തന്നെ എഴുതു. പോസ്റ്റ് നന്നായിട്ടുണ്ട്.

    ReplyDelete
  17. നര്‍മത്തില്‍ ഉടെ ഒരിറ്റു കണ്ണുനീര്‍ .....
    ഈ വര്ഷം കണ്ണൂര്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ വന്നപ്പോള്‍ ഈ വെള്ളാട്ടം കാണാന്‍ ഒരവസരം ലഭിചിരിന്നു..

    ReplyDelete
  18. നല്ല കഥ, ഇരുത്തി ചിന്തിപ്പിച്ചു , ഒരു നല്ല വായനക്കായി നന്ദി മിനി.

    ReplyDelete
  19. ടീച്ചറേ,
    ശരിക്കും ഇഷ്ടപ്പെട്ടു. വെള്ളാട്ടം കണ്ടിട്ടില്ല എങ്കിലും, മുത്തപ്പന്റെ മുൻപിൽ നിൽക്കുന്ന ഒരു ഫീലിംഗ് തോന്നി. വളരെ നന്നായിട്ടുണ്ട്.
    ആശംസകൾ

    ReplyDelete
  20. നാണി അമ്മയുടെ മകനെ കാണാൻ നാട്ടാരെല്ലാം ഓടി…..
    കൂട്ടത്തിൽ ഞാനും ഓടി…. എത്തി നിന്നത് മനോഹരമായ ഈ കഥക്ക് ചുവട്ടിൽ
    റ്റീച്ചറുടെ സവിധത്തിൽ.

    ReplyDelete
  21. വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിപ്പോയ മകന്‍ കുറെ ദിവസത്തിന് ശേഷം അപ്രതീക്ഷിതമായി ഒരു അര്‍ദ്ധരാത്രി തിരികെ വന്നു. അവന്റെ വൃദ്ധമാതാവ് ഒരു പിണക്കവും കാണിക്കാതെ സ്നേഹത്തോടെ ചോദിച്ചു..
    നീ വല്ലതും കഴിച്ചോട മോനെ..?
    ഇല്ലെന്ന മട്ടില്‍ അവന്‍ തലയാട്ടിയപ്പോള്‍ അടുക്കളയില്‍ കൊണ്ട് പോയി ആ അമ്മ അവനു കഞ്ഞി വിളമ്പി കൊടുത്തു..
    കഞ്ഞി കുടിച്ചു വിശപ്പടങ്ങിയ ശേഷം അവന്‍ അമ്മയോട് ചോദിച്ചു..
    അമ്മ കഴിച്ചോ..?
    ഹൂം..
    അല്ല അമ്മ ഇത് പിന്നെ ആര്‍ക്കായിരുന്നു വിളമ്പി വച്ചിരുന്നത്..?
    മോനെ ഞാന്‍ എല്ലാ ദിവസവും കഴിച്ചു കഴിയുമ്പോള്‍ നിന്നെ ഓര്‍ക്കും നീ പാതിരാത്രി വിശന്നു കേറി വന്നപോയാല്‍ ഞാന്‍ എന്ത് ചെയ്യും എന്നോര്‍ത്ത് എല്ലാ ദിവസവും അല്പം ഭക്ഷണം നിനക്കായ്‌ കരുതി വയ്ക്കാറുണ്ടായിരുന്നു.. അതാ..

    **************************


    അമ്മയുടെ സ്നേഹം നന്നായി ഈ കഥയില്‍ അറിയുന്നു.. പക്ഷെ പലരും പറഞ്ഞത് പോലെ തമാശയുടെ മേമ്പൊടി ചേര്‍ക്കേണ്ട ഒരു തീം ആയിരുന്നില്ല ഇത്...

    ആശംസകള്‍..

    ReplyDelete
  22. ടീച്ചറെ ഇഷ്ടപ്പെട്ടു

    വെള്ളാട്ടം ഒന്നും കണ്ടിട്ടില്ല അത് കൊണ്ട് അത് എന്താണ് എന്നും അറിയില്ല

    ReplyDelete
  23. ....വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ട്‌
    കഥ കൊണ്ട് കണ്ണ് മുറിഞ്ഞു

    ReplyDelete
  24. കഥയുടെ വിഷയം ഗൗരവുള്ളതാണ്‌..

    ReplyDelete
  25. എനിക്കിഷ്ടായി..

    ReplyDelete
  26. കഥ ഇഷ്ടമായി,
    അഭിനന്ദനങള്‍.
    സ്നേഹപൂര്‍വ്വം,
    താബു.

    ReplyDelete
  27. കുമാരൻ|kumaran_, Readers Dais-, Sapna Anu B George-, dileepthrikkariyoor-, sm sadique-, ഏ ആർ നജീം-, അഭി-, ആയിരത്തിയൊന്നാംരാവ്-, Jishad Chronic-, sirjan-, thabrakrahman-,
    അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.

    ReplyDelete
  28. നല്ല സ്കോപ്പ് ഉള്ള വിഷയം...
    പക്ഷെ നര്‍മ്മം വന്നപ്പോള്‍ വാളന്‍ പുളിയിട്ട ഇറച്ചിക്കറി പോലെയായി....
    നര്‍മ്മം വേറെ വിളമ്പിയാലും!!!

    ReplyDelete
  29. എല്ലാ കഥകളും ഒന്നിച്ചങ്ങു വായിച്ചതു കൊണ്ടാണെന്നു തോന്നുന്നു,കമന്റെഴുതിയപ്പോള്‍ ചെറിയ പിശകു പറ്റിയോന്നൊരു സംശയം. ഇംഗ്ലീഷ് പ്രയോഗം “മുടിയനായ പുത്രനി”ലാണെന്നു തോന്നുന്നു!.കഥ നന്നായിട്ടുണ്ട്.നമ്മത്തില്‍ പൊതിഞ്ഞ നൊമ്പരം!പിന്നെ എന്റെ ബ്ലോഗിലും വന്നതിനു നന്ദി!

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..