“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

7/30/10

‘ഒറുക്ക്’, വില 999 രൂപ മാത്രം

സുപ്രസിദ്ധ മനശാസ്ത്രജ്ഞനായ, ഡോ.മദനമോഹനചന്ദ്ര ആചാര്യ ദാസ് (mad എന്ന് ചുരുക്കാം) നാട്ടുമാങ്ങയുടെ ഷെയിപ്പിലുള്ള നരച്ച താടിരോമം തടവിയൊതുക്കിയശേഷം കണ്ണട ഊരിവെച്ച്, മുന്നിലിരിക്കുന്ന അമ്മയെയും മകനെയും നോക്കി.

... മകൻ,,,

ഏതോ ഒരു ക്വട്ടേഷൻ ടീമിലെ അംഗമാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സൈക്കോളജിയൊന്നും പഠിക്കണമെന്നില്ല.

... അമ്മ,,,

അവരെ മനസ്സിലാക്കണമെങ്കിൽ താൻ ഇതുവരെ പഠിച്ച മനശാസ്ത പാഠങ്ങളൊന്നും മതിയാകുമെന്ന് തോന്നുന്നില്ല.


കൺസൽട്ടേഷന്റെ ആദ്യഘട്ടമായി ഇരുവരെയും മുന്നിലിരുത്തി പ്രശ്നങ്ങൾ തുറന്നുപറയാൻ പറഞ്ഞതിൽ നിന്നും ഡോക്റ്റർക്ക് ഒരു കാര്യം മനസ്സിലായി; അവർ തന്റെ മുന്നിലെത്തിയത് ഒരേയൊരു പരിഹാരം കാണാനാണ്,

… ‘ഉറക്കമില്ലായ്മ;

… ഒരു മാസക്കാലമായി ആ അമ്മ ഉറങ്ങിയിട്ടില്ല, രാത്രിയോ പകലോ ഒരുപോള കണ്ണടച്ചിട്ടില്ല’.


വീട്ടുകാരെല്ലാം ചേർന്ന് എത്ര പരിശ്രമിച്ചിട്ടും അറുപത് കഴിഞ്ഞ ആ അമ്മ ഉറങ്ങുന്നില്ല. ഉറക്കം വരാനുള്ള തീവ്രയത്ന പരീക്ഷണങ്ങൾ പലതും അവർ നടത്തി; കിടക്ക മാറ്റി, കട്ടില് മാറ്റി, മുറി മാറ്റി, ഒടുവിൽ വീടും മാറി നോക്കി; എന്നിട്ടും നോ ഫലം. ഒടുവിൽ പണ്ടത്തെ ഓർമ്മകളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തിയിട്ട്, വെറും‌നിലത്ത് മുറ്റത്തും വരാന്തയിലും അടുക്കളയിലും കിടന്ന്, മക്കളെല്ലാം‌ചേർന്നുള്ള താരാട്ട്‌പാട്ടിന്റെ താളം‌പിടിച്ച് ആ അമ്മ ഉറങ്ങാൻ കിടന്നുനോക്കി. എന്നിട്ടും ഉറക്കം അവർക്കൊരു പിടികിട്ടാപ്പുള്ളിയായി മാറുന്നു. മറ്റുള്ളവർ ഉറങ്ങുമ്പോൾ ‘ഉണർന്നിരിക്കുന്ന അമ്മ’ വീട്ടിലെ മറ്റുള്ളവരുടെ ഉറക്കം കെടുത്തിയപ്പോൾ മനശാസ്ത്രജ്ഞനെ ആശ്രയിച്ചിരിക്കയാണ്.


ഡോ. മാഡ് അല്പം പരുക്കനായിതന്നെ അമ്മയോട് ചോദിച്ചു,

“അപ്പോൾ മക്കളൊക്കെ ഉറങ്ങുമ്പോൾ നിങ്ങൾക്ക് ഉറങ്ങണമെന്ന് തോന്നാറില്ലെ?”

“എന്റെ ഡോക്റ്ററേ, ഇവന്റെ കെട്ടിയോളൊക്കെ പോത്ത്‌പോലെ ഒറങ്ങുന്ന കാണുമ്പോൾ എനിക്കങ്ങട്ട് ചത്താമതിന്നാ, അങ്ങനെ ഒന്ന് ചത്ത്കിട്ടിയാലെങ്കിലും സുഖായിട്ടൊന്ന് ഒറങ്ങാലൊ”


അപ്പോൾ ഉറങ്ങാൻ‌വേണ്ടി മരിക്കാൻപോലും തയ്യാറായി വന്നിരിക്കയാണ്, പാവം; ഏതായാലും ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കാം. ‘അമ്മയുടെ രാവുകൾ’, നിദ്രാവിഹീനങ്ങളായ രാവുകളായി മാറാനുള്ള കാരണം അറിയണമല്ലൊ; എന്നാലല്ലെ ഒരു മനശാസ്ത്രജ്ഞനായ ഡോക്റ്റർക്ക് ചികിത്സിക്കാൻ പറ്റുകയുള്ളു,,,.


മകനോട് പുറത്ത് നിൽക്കാൻ പറഞ്ഞശേഷം അമ്മയോട് നേരെ മുന്നിലുള്ള ഇരിപ്പിടത്തിൽ ഇരിക്കാൻ പറഞ്ഞു. അതിനുശേഷം നേരെ എതിർ‌വശത്തിരുന്ന്, പ്രായം പോറലേല്പിച്ച ആ അമ്മയുടെ കണ്ണുകളിൽ, ഡോക്റ്റർ തറപ്പിച്ചൊന്ന് നോക്കി. ഇങ്ങനെയിരുന്ന് ഒരാളെ ചോദ്യം ചെയ്താൽ ഏത് കൊടുംഭീകരനും സത്യം തുറന്നു പറഞ്ഞുപോകും.


എന്നാൽ അങ്ങനെയിരുന്ന് അങ്ങോട്ടെന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് അമ്മ ഇങ്ങോട്ട് പറയാൻ തുടങ്ങി,

“ഡോക്റ്ററെ എനിക്കുറക്കം വരാൻ കട്ടിലിനടിയിൽ കനമുള്ള എന്തെങ്കിലും വേണം; അത് പറഞ്ഞിട്ട് എന്റെ മക്കൾക്ക് മനസ്സിലാകുന്നില്ല”

“കനമുള്ള ഇരുമ്പ് മതിയോ?”

“ഇരുമ്പും തുരുമ്പൊന്നും പോര, നല്ല നാടൻ‌ബോംബ് തന്നെ വേണം. ഇപ്പോൾ നാട്ടിലാകെ കുഴപ്പമായതുകൊണ്ട് എന്റെ മോനോട് പറഞ്ഞിട്ട് കേൾക്കുന്നില്ല”


പെട്ടെന്ന് ഞെട്ടിയെങ്കിലും ആ ഞെട്ടൽ പുറത്തുകാണിക്കാതെ ഡൊക്റ്റർ ചോദിച്ചു,

“അതെന്തിനാ? രാത്രി ആരെങ്കിലും വന്നാൽ പൊട്ടിക്കാനാണോ?”

“ പൊട്ടിക്കാനൊന്നുമല്ല, അതെന്റെ പത്ത് പതിനഞ്ച് കൊല്ലത്തെ ശീലമാ. മക്കള് ബോംബുണ്ടാക്കിയാൽ അതെല്ലാം എന്റെ കട്ടിലിനടിയിലാ ഒളിപ്പിച്ച് വെക്കുന്നത്. ആവശ്യം വരുമ്പോൾ ഒന്നും‌രണ്ടുമായി അവരെടുത്ത് പൊട്ടിക്കാൻ കൊണ്ടുപോകും”

“ഇപ്പോൾ ആ ബോംബൊക്കെ വീട്ടിലില്ലെ?”

“ഒന്ന്‌പോലും ബാക്കിവെക്കാതെ മക്കള് എടുത്തോണ്ട് പോയി. പോലീസ് വരുമെന്ന് പറഞ്ഞാ കൊണ്ടുപോയത്”

“അപ്പോൾ കട്ടിലിനു ചുവട്ടിൽ ബോംബ് ഇല്ലാത്തപ്പോഴാണ് അമ്മക്ക് ഉറക്കം വരാത്തത്?”

“അതങ്ങനെ ശീലിച്ചുപോയി മോനെ,,,”


എല്ലാം കേട്ടപ്പോൾ ഡോക്റ്റർ മാഡ് കസേരയിൽ നിവർന്നിരുന്ന് തന്റെ മാങ്ങാത്താടിയും തടവി കണ്ണടച്ച് ഏതാനും നിമിഷം ആലോചനയിൽ ഊളിയിട്ടിറങ്ങി,

അവർക്ക് ‘ശീലിച്ചതല്ലെ പാലിക്കാൻ പറ്റുകയുള്ളു’;

പെട്ടെന്ന് ബോധോദയം വന്ന ഡോക്റ്റർ എഴുന്നേറ്റ് പിന്നിലുള്ള മുറിയിലേക്ക് ‘സ്റ്റെപ്പ് ബൈ സ്റ്റെപ്പ്’ നടന്നു. അവിടെ പരിസരനിരീക്ഷണം നടത്തിയപ്പോൾ ‘അത്’ കണ്ടെത്തി. ഹിപ്നോട്ടൈസ് ചെയ്യാനായി രോഗികളെ കിടത്തുന്ന കട്ടിലിന്റെ ഒരു കാലിന് നാലിഞ്ച് നീളം കുറവായതിനാൽ പകരം വെച്ച ‘കല്ല്,,,.

കട്ടിൽ ഉയർത്തിയശേഷം ആ കല്ല് പതുക്കെ എടുത്ത് ഇന്നത്തെ പത്രത്തിൽ പൊതിഞ്ഞ് കെട്ടി, മരുന്ന് കുപ്പികൾ വന്ന കാർഡ്‌ബോർഡ് പെട്ടിയിൽ വെച്ച് ആ പെട്ടിയും നന്നായി പൊതിഞ്ഞു. പിന്നെ വെളുത്ത ചാർട്ട് പേപ്പർ പൊതിഞ്ഞ് വെളുത്ത നൂലുകൊണ്ട് കെട്ടിയുറപ്പിച്ചു. കവറിന്റെ മുകളിൽ ചുവന്ന മാർക്കർ‌കൊണ്ട് വലിയ അക്ഷരങ്ങൾ എഴുതി,,,,, ‘ഒറുക്ക്’


പെട്ടിയുമായി പുറത്തുവന്ന് അമ്മയെനോക്കി പറഞ്ഞു,

“അമ്മക്ക് കട്ടിലിനടിയിൽ വെക്കാൻ ഉഗ്രൻ ബോംബ് ഈ പെട്ടിയിലുണ്ട്; അവിടെ വെച്ചതിനുശേഷം അനക്കിയാൽ പൊട്ടുന്നതാ”

“പോലീസ് വരുന്നതുകൊണ്ട് ഇനി അത്‌ വെക്കാൻ എന്റെമോൻ സമ്മതിക്കില്ല”

“ഇതിനുള്ളിൽ ബോംബുണ്ടെന്ന് മകനോട് മാത്രമല്ല, ഈ ലോകത്ത് ആരോടും പറയണ്ട. അമ്മ മിണ്ടാതിരുന്നാൽ മതി, കട്ടിലിനടിയിൽ വെക്കാൻ ഞാൻ ഏറ്റു”


ഡോക്റ്റർ മാഡ് മകനെ ഉള്ളിലേക്ക് വിളിച്ചു.

ചിരിക്കുന്ന അമ്മയേയും ഡോക്റ്ററേയും അവൻ മാറിമാറി നോക്കിയിരിക്കെ ഡോക്റ്റർ പറഞ്ഞു,

“കുബേരസൂത്രം വീട്ടിൽ വെച്ചാൽ ധനലാഭം ഉണ്ടാവും എന്ന് ടീവി യിൽ കാണാറില്ലെ? സർവ്വരോഗ നിവാരണ യന്ത്രത്തെപറ്റി കേട്ടിട്ടില്ലെ? ശക്തിയുള്ള ഉറുക്ക് കെട്ടിയാൽ കണ്ണേറും കരിനാക്കും ഏൽക്കുകയില്ലെന്ന് അറിയില്ലെ? അതുപോലെ എന്റെ പക്കൽ ഉറക്കം വരാനുള്ള ഒറ്റമൂലിയുണ്ട്,, ‘ഒറുക്ക്’.


ഞാൻ സ്വന്തമായി കണ്ടുപിടിച്ച ഈ ‘ഒറുക്ക്’ കട്ടിലിനടിയിൽ വെച്ചശേഷം രാത്രി ആ കട്ടിലിൽ കിടക്കുന്നയാൾ ഉറങ്ങിപ്പോവും; പിന്നെ നേരം പുലർന്നാൽ സ്വയം എഴുന്നേറ്റുകൊള്ളും. ശ്രദ്ധിക്കേണ്ട കാര്യം, ഇത് കട്ടിലിനടിയിൽ വെച്ചശേഷം എടുക്കുകയോ കുലുക്കുകയോ ചെയ്താൽ ഫലമില്ലാതാവും. അതുകൊണ്ട് കുലുക്കാതെ ഇളക്കാതെ വീട്ടിൽ‌കൊണ്ടുപോയി അമ്മയുടെ കട്ടിലിനടിയിൽ വെച്ചാൽ പിന്നീട് ഒരിക്കലും അവിടെനിന്ന് മാറ്റാനോ തുറക്കാനോ പാടില്ല. പകൾ‌സമയത്ത് ‘ഒറുക്ക്’ ഊർജ്ജസംഭരണം നടത്തുന്നതിനാൽ പ്രവർത്തിക്കില്ല. ഒരു കട്ടിലിന് ഒരു ഒറുക്ക് ഫലം ചെയ്യും; മറ്റൊരു കട്ടിലിനടിയിൽ വെക്കാൻ വേറെ ‘ഒറുക്ക്’ പ്രത്യേകം വാങ്ങണം”


വളരെ ശ്രദ്ധിച്ച് മകന്റെ കൈയിൽ ഒറുക്ക് കൈമാറുമ്പോൾ ഡോക്റ്റർ പറഞ്ഞു,

“അമ്മയുടെ കാര്യമായതിനാൽ വെറും ‘999രൂപ’ തന്നാൽ മതി. പിന്നെ വളരെ ശ്രദ്ധിക്കണം ആരോടെങ്കിലും പറഞ്ഞാൽ ഫലം ഇല്ലാതാവും. ‘ഒറുക്ക്’ കട്ടിലിനടിയിൽ വെച്ചിട്ടും ഉറക്കം വന്നില്ലെങ്കിൽ രണ്ട് ദിവസം കഴിഞ്ഞ് വന്നാൽ കൂടുതൽ ശക്തിയുള്ള ‘ഒറുക്ക്’ തരാം”


പണം എണ്ണിക്കൊടുത്ത് അമ്മയും മകനും സസന്തോഷം സ്ഥലം വിട്ടപ്പോൾ ഒരു വലിയ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞതിൽ ഡോക്റ്റർക്ക് ആശ്വാസം തോന്നി.

പിന്നീട് അമ്മയോ മകനോ മനശാസ്ത്രജ്ഞനായ ഡോക്റ്റർ മദനമോഹനചന്ദ്ര ആചാര്യ ദാസിനെ കാണാൻ വന്നില്ല. കട്ടിലിനടിയിൽ കനമുള്ള ഏത് നേരത്തും പൊട്ടാൻ തയ്യാറായ ബോംബ് കിടപ്പുണ്ടെന്ന വിശ്വാസത്തിൽ ആ അമ്മ സുഖമായി ഉറങ്ങുന്നുണ്ടാവണം; വിശ്വാസം അതല്ലെ എല്ലാം.

41 comments:

  1. സ്ഥലം പറഞ്ഞില്ലല്ലോ ടീച്ചറെ? കണ്ണൂരാണോ? ആണെങ്കില്‍ ഞാന്‍ ശക്തിയായി പ്രതിഷേധിയ്ക്കുന്നു.
    എങ്കിലും ഇതിലെ “കറുത്ത“ ഹാസ്യത്തിന്റെ അന്ത:സത്ത ഞാനംഗീകരിയ്ക്കുന്നു.
    നല്ല രചന. അഭിനന്ദനങ്ങള്‍

    ReplyDelete
  2. വിശ്വാസം അതല്ലെ എല്ലാം

    ReplyDelete
  3. “വിശ്വാസം അതല്ലേ എല്ലാം“
    എന്നതിൽ ഈ കഥയിലെ എല്ലാം ഉൾകൊണ്ടിരിക്കുന്നു.
    വെട്ടിമാറ്റുന്ന കത്തികളിലും, വയർ കുറ്യാൻ തേക്കുന്ന എണ്ണകളിലും,
    പൊട്ടുന്നതും പൊട്ടാത്തതുമായ ബോമ്പുകളിലും, മനുഷ്യനെ കറക്കുന്ന പരസ്യങ്ങളിലും എല്ലാം ഈ കഥ എന്തൊക്കൊയോ കാണുന്നു.
    വളരെ നല്ല രചന.

    ReplyDelete
  4. കൊള്ളം, കല്ലു ബോംബ്!!

    ReplyDelete
  5. ടീച്ചറിന്റെ തനത് ശൈലിയില്‍ തന്നെ വീണ്ടും ഒരു ചിരിക്കഥ.
    വിശ്വാസം അതല്ലേ എല്ലാം???? അത് കലക്കി.

    ReplyDelete
  6. ഉറുക്കിലെ ഉറക്ക് കൊള്ളാം...

    ReplyDelete
  7. ഒറുക്ക് ആണോ? ഉറുക്ക് ആണോ? എന്തെങ്കിലുമാട്ടെ. ഒക്കെ ഒരു വിശ്വാസമല്ലേ?

    ReplyDelete
  8. ഉറക്ക് ബോംബ്‌ കൊള്ളാം ...
    ആശംസകള്‍ ...

    ReplyDelete
  9. ഇഷ്ടിക ബോംബ്.. കൊള്ളാം. ടീച്ചറേ.. നല്ല ആക്ഷേപഹാസ്യം.

    ReplyDelete
  10. വര്‍ദ്ധിച്ച് വരുന്ന അന്ധവിശ്വാസങ്ങളുടെ നേര്‍ക്ക് ഒരു കൊട്ട്! കൊള്ളാം ടീച്ചറേ.

    ReplyDelete
  11. രോഗവും...അതിനുള്ള ചികിത്സയും ക്ഷ പിടിച്ചു ട്ടോ

    ReplyDelete
  12. അഭിപ്രായം എഴുതിയ ബിജുകുമാര്‍ alakode-; ഒഴാക്കന്‍-; sm sadique-;
    jayanEvoor-; ആളവന്‍താന്‍-; ഒരു നുറുങ്ങ്-; കുമാരന്‍ | kumaran-; ഷാഹിന വടകര-; Manoraj-; അനില്‍കുമാര്‍. സി.പി.-; കണ്ണനുണ്ണി-;
    എല്ലാവർക്കും ഒരുപാട് നന്ദി അറിയിക്കുന്നു.

    ReplyDelete
  13. വിഷവാസം അതല്ലേ എല്ലാം?

    ReplyDelete
  14. "വിശ്വാസം അതല്ലെ എല്ലാം..."
    ഒരു വെര്‍ഷന്‍ കൂടി... സൂപ്പര്‍ ക്ലൈമാക്സ്

    ReplyDelete
  15. ..
    എന്നാലും റ്റീച്ചറേ..

    ഇഷ്ടികയായതോണ്ട് ഭാഗ്യം, വല്ല ഉപ്പിലിട്ട മാങ്ങായോ മറ്റോ ആയിരുന്നേല്‍ കള്ളി വെളിച്ചത്തായേനെ. ;)

    അവിടിവിടേമ്ം ചിരിപ്പിച്ചൂന്ന് :)..
    ..

    ReplyDelete
  16. വഷളന്‍ ജേക്കെ ★ Wash Allen JK-;
    Naushu -;
    മഹേഷ്‌ വിജയന്‍-;
    രവി-;
    വിശ്വാസം അതില്ലെങ്കിൽ രോഗം ചികിത്സിച്ച് മാറ്റാൻ കഴിയില്ലല്ലൊ. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  17. ഹെന്റമ്മേ! ഒരു ബോംബ് പൊട്ടിയ അവസ്ഥ!!

    ReplyDelete
  18. കൊള്ളം, കല്ലു ബോംബ്!!

    ReplyDelete
  19. വളരെ നന്നായിരുന്നു .... ആ ഡോക്ടറെ എനിക്കങ്ങു പിടിച്ചു കെട്ടോ... :)

    ReplyDelete
  20. ഒരു ഒറക്ക് കിട്ടുമോ ടീച്ചറെ ....വിശ്വാസം അതല്ലേ എല്ലാം ...നന്നായി

    ReplyDelete
  21. ഈ മിനി ടീച്ചര്‍ കണ്ണൂര്‍ ആണ് അല്ലെ ................ഹി ഹി
    ഈ ഹാസ്യത്തിലൂടെ ഒരുപാടു കാര്യം പറയാതെ പറഞ്ഞു ..

    ReplyDelete
  22. കൊള്ളാംട്ടോ....കഥ നന്നായി രസിച്ചു :)

    ReplyDelete
  23. “വിശ്വാസം അതല്ലേ എല്ലാം“
    ഇത് സ്വർണ്ണക്കടയുടെ പരസ്യമല്ലേ ?
    കഥയുമായി നല്ല ചേർച്ച.
    അക്ഷരത്തെറ്റുകൾ ഒഴിവാക്കണം

    ReplyDelete
  24. വിശ്വാസം അതല്ലെ എല്ലാം.

    ReplyDelete
  25. മിനി ടീച്ചറെ. ഇല്ലാത്ത രോഗത്തിന് കിട്ടാത്ത മരുന്ന് എന്ന് കേട്ടിട്ടുണ്. അവസാനം ആ അമ്മയെ ബോംബു കേസിലെ പ്രതിയാക്കാനാണ് ഡോക്റ്ററുടെ പരിപ്പാടി അല്ലെ. ആക്ഷേപ ഹാസ്യം ടീച്ചറുടെ ആഖ്യാന ശൈലിയുടെ മികവു കൊണ്ട് നല്ല ഒഴുക്കോടെ വായിക്കാനായി.

    ReplyDelete
  26. @ഇത് കലക്കി.
    കറുകറുത്ത ഹാസ്യം.
    വിശ്വാസം..അത് തന്നെ എല്ലാം..
    ഭാവുകങ്ങള്‍..

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. വിശ്വാസം അതല്ലേ എല്ലാം .... നമ്മുടെ കേരളത്തില്‍ ആളുകള്‍ ഉറങ്ങുന്നത് ഏതോ ഒരു വിശ്വാസത്തിന്റെ പുറത്തല്ലേ..... എന്നാണാവോ ഇതൊക്കെ പൊട്ടിതെറിച്ചു ആകെ പപ്പടപരുവമാകുന്നതു....

    ReplyDelete
  29. ചിതല്‍/chithal-, Sabu M H-, ഗിനി-, ഇ.എ.സജിം തട്ടത്തുമല-, രസികന്‍-, ഭൂതത്താന്‍-, MyDreams-, ബിന്ദു കെ പി-, ഗന്ധർവൻ-, Kalavallabhan-, റോസാപ്പൂക്കള്‍-, Akbar-, മാട്ടേട്ടന്‍ | മറാട്ട്.എല്‍.റ്റി-, ഫിലിംപൂക്കള്‍-,

    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. അക്ഷരത്തെറ്റ് ഏതാണെന്ന് മനസ്സിലായില്ല. ഇത് കണ്ണൂർ ഭാഷയാണേ,

    ReplyDelete
  30. വിശ്വാസം തന്നെ എല്ലാം.
    നന്നായിട്ടുണ്ട്.
    കല്ലു ബോംബ് ഉശിരൻ.

    ReplyDelete
  31. കഥയെപ്പറ്റിയല്ല. നിങ്ങൾ സ്വയം ചിന്തിച്ചു കൂട്ടി വച്ചിരിക്കുന്ന അബദ്ധവിചാരങ്ങളിൽ നിന്നു മാറാൻ മടിക്കരുതേ. അഞ്ചിന്റെയും അമ്പതിന്റെയും ഒക്കെ കണക്കുകൾക്ക് കൌതുകത്തിനപ്പുറത്തുള്ള പ്രാധാന്യം കൊടുക്കാതിരിക്കൂ. മറ്റുള്ളവരെ ഇത്രമേൽ അവിശ്വസിക്കാതിരിക്കൂ.

    ReplyDelete
  32. ഇത്തരം അജ്ഞ്തകളെയും നിസ്സഹായാവസ്ഥകളെയും മുതലെടുത്ത്‌ തടിച്ചുകൊഴുക്കുന്ന വ്യക്തികളും സ്ഥാപ നങ്ങളും അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുടെ അപ്പോസ്തലന്മാരെന്ന വകാശപ്പെടുന്ന മുത്തശ്ശിപ്പത്രങ്ങളും ദ്രിശ്യ മാധ്യമങ്ങളും ഒരുളുപ്പുമില്ലാതെ പെണ്‍ വാണിഭക്കാരന്റെ ലാഘവത്തോടെ കിട്ടുന്ന പങ്കും വഹിച്ചു മസില് വീര്‍പ്പിക്കുന്നു. ഇനിയും ഈ നാട്ടില്‍ എത്ര മാവുകള്‍ പൂക്കും .പൂവുകള്‍ കരിയും കൊഴിയും .കരിഞ്ഞുവീണ പൂക്കളെ നോക്കി എത്രപേര്‍ അലമുറയിട്ടു കരയും .അപ്പോഴും നോക്ക് കുത്തികള്‍ പോലെ അധികാരികള്‍ കസേരകളില്‍ അമര്‍ന്നിരിക്കും.
    കാലോചിതമായ "ഉറുക്ക്" ചൂഷണത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിച്ചുകൊന്ടു നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ .

    ReplyDelete
  33. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അഭ്യസ്തവിദ്യരിൽ പോലും വർദ്ധിക്കുന്ന കാലത്തു കാലികപ്രധാനമായൊരു പ്രമേയം-നല്ല കഥ! ഓണാസംസകൾ!

    ReplyDelete
  34. മിനി ടീച്ചര്‍...
    ശ്രീനിവാസന്റെ നാട്ടുകാരി തന്നെ...സമ്മതിച്ചിരിക്കുന്നു...
    ആശംസകള്‍.
    നിര്മ്മലടീച്ചര്‍.

    ReplyDelete
  35. വിശ്വാസം അതല്ലെഎല്ലാം.സൂപ്പർ

    ReplyDelete
  36. Echmukutty-, വെഞ്ഞാറന്‍-, Abdulkader kodungallur-, ശ്രീനാഥന്‍-, ghssthrikkavu-, ആയിരത്തിയൊന്നാംരാവ്-, ജുവൈരിയ സലാം-, അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
    എല്ലാവർക്കും തിരുവോണ ആശംസകൾ.

    ReplyDelete
  37. മിനി
    കഥയുടെ ലോകത്തില്‍ പിന്നോട്ട് നടക്കുകയാണ്.
    ഉറുക്കിന് പകരം ഒറു ക്ക് തന്നെ
    രോഗം അറിഞ്ഞ്‌ ചികിത്സിച്ച ഡോക്ടര്‍ക്ക് പ്രത്യേക പ്രശംസ....
    ഡോ.മിനിയും ആ പ്രശംസ അര്‍ഹിക്കുന്നു.

    ReplyDelete
  38. മിനി ടീച്ചര്‍...വിശ്വാസം അതല്ലെ എല്ലാം.
    ആ അമ്മ സുഖമായി ഉറങ്ങുന്നുണ്ടാവണം;

    ReplyDelete
  39. I liked Uruk very much. A well narrated story.

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..