“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

11/27/10

മക്കൾ‌മാഹാത്മ്യം


                        വളരെനേരത്തെ കൊച്ചുവർത്തമാനങ്ങൾക്ക് ശേഷം ‘മിസ്സിസ്സ് സുശീല എസ്. വാരിയർ’ ആ വീട്ടിൽ‌നിന്ന്, യാത്രചോദിച്ച് പുറത്തിറങ്ങി. അവർ പുറത്തിറങ്ങിയ നിമിഷം‌മുതൽ, ‘മിസ്സിസ്സ് രാജമ്മ ജി. നായർ’ തീവ്രമായ ചിന്തയിലാണ്. ചിന്തകളുടെ ഒടുവിൽ അവർ നിശബ്ദമായി സ്വയം ചോദിച്ചു,
തന്റെ ജീവിതത്തിൽ അങ്ങനെയൊക്കെ സംഭവിക്കുമോ?
,,,
                       നാല് മക്കളുടെ അമ്മയായ രാജമ്മ, ഭർത്താവ് മരിച്ചതോടെ സീമന്തരേഖയിലെ കുങ്കുമം മായ്‌ച്ചെങ്കിലും താലിമാല അഴിക്കുകയോ പേരിന്റെ കൂടെയുള്ള; നല്ലപാതിയായ നായരെ മുറിച്ചുമാറ്റുകയോ ചെയ്തിട്ടില്ല. ഭർത്താവിന്റെ മരണശേഷം മക്കളും മരുമക്കളും പേരമക്കളുമൊത്ത് അവർ സസുഖം സസ്നേഹം ജീവിക്കുകയാണ്. ‘അച്ഛൻ മരിച്ചെങ്കിലും, മക്കളെ സ്നേഹിക്കാൻ മാത്രമറിയുന്ന ആ അമ്മക്ക് ഒരു വിഷമവും വരാൻ പാടില്ല’ എന്ന് എല്ലാ മക്കൾക്കും, ഒരുകാലത്ത് നിർബന്ധമായിരുന്നു.
                       വളരെനേരത്തെ കൊച്ചുവർത്തമാനത്തിനൊടുവിൽ സുശീല പറഞ്ഞതെല്ലാം കേട്ടപ്പോൾ രാജമ്മയുടെ ഉള്ളിന്റെയുള്ളിൽ സംശയങ്ങൾ തലയുയർത്തി, പതുക്കെ പത്തികൾ ഓരോന്നായി വിടർത്താൻ തുടങ്ങി.
‘അടുത്തകാലത്തായി മക്കളും മരുമക്കളും ചേർന്ന് തന്നിൽനിന്ന് എന്തൊക്കെയോ ഒളിക്കുന്നില്ലെ???’
 ,,,
                       ഉച്ചഭക്ഷണം കഴിഞ്ഞ് പേരക്കുട്ടികളുമായി കടങ്കഥ പറഞ്ഞ് കളിക്കുമ്പോഴാണ് അകന്ന ബന്ധുവായ സുശീലയുടെ വരവ്. താനൊരു വിധവയാണെന്ന് വേഷങ്ങൾ കൊണ്ടറിയിക്കുന്ന സുശീല പണ്ടത്തെക്കാൾ സ്ലിം ആയിരിക്കുന്നു. വൈധവ്യം‌ വന്നപ്പോൾ വെളുത്ത വേഷം ധരിച്ച അവൾക്ക് സന്തോഷവും സൌന്ദര്യവും പൂർവ്വാധികം വർദ്ധിച്ചിരിക്കയാണ്. പണ്ടേ ഏഷണി പറഞ്ഞ് കുടുംബം കലക്കുന്നവളാണെങ്കിലും ഇപ്പോൾ അവൾ പറഞ്ഞ കാര്യം;
  രാജമ്മയുടെ ചിന്തകൾ കാട് കയറാൻ തുടങ്ങി,
“പണവും സ്വത്തും ഉണ്ടായിട്ടെന്താ കാര്യം? എഴുന്നേറ്റ് നടക്കുന്ന കാലത്ത് മാത്രമേ മക്കൾ അമ്മയെ നോക്കുകയുള്ളു, പിന്നെയല്ലെ മരുമക്കൾ; ഒരു രോഗം വന്ന് കിടന്നാലറിയാം; ,,, ഇവന്മാരുടെയൊക്കെ സ്നേഹം”

                      അസൂയ മണക്കുന്ന ഉള്ളിൽ ദുഷ്‌ചിന്തകൾ മാത്രമുള്ള അവൾക്ക് അപ്പോൾ‌തന്നെ മറുപടി കൊടുത്തു,
“നീ പറയുന്നതു പോലൊന്നും ഇവിടെ എന്റെ കുടുംബത്തിൽ ഒരിക്കലും നടക്കില്ല; അവരുടെ, ഈ കുഞ്ഞുങ്ങളെയൊക്കെ നോക്കി വളർത്തുന്നത് ഞാനാണ്; എന്റെ മക്കൾ എന്റെ കാര്യത്തിൽ എല്ലായിപ്പോഴും ശ്രദ്ധിക്കും”
തന്റെ മറുപടിയിൽ സുശീല മറ്റൊന്നാണ് കണ്ടെത്തിയത്,
“അപ്പോൾ അതാണ് കാര്യം; ഒരു ഹോം‌നേഴ്സിനൊക്കെ ഇപ്പോൾ വലിയ ചെലവാ, പിന്നെ ഒന്നിനേം വീട്ടിൽ‌കയറ്റാനും വിശ്വസിക്കാനും പ്രയാസം. പകരം അമ്മൂമ്മ ആയാൽ ചെലവില്ലാതെ ഒപ്പിക്കാം; പിന്നെ നമ്മൾ കുഞ്ഞുമക്കളെ പൊന്നുപോലെ നോക്കുന്നതുകൊണ്ട് വിശ്വസിച്ച് ഏല്പിക്കാം. പേരക്കുട്ടികൾ വലുതാവും‌തോറും മുത്തശ്ശിമാർ അധികപ്പറ്റായി മാറുകയാണ്. അവരൊക്കെ മുതിർന്ന് ആവശ്യം കഴിഞ്ഞാൽ മക്കളും മരുമക്കളും‌ചേർന്ന് സ്വത്തൊക്കെ തട്ടിയെടുത്ത് കറിവേപ്പിലപോലെ റോഡിലോ റെയിൽ‌വെ സ്റ്റേഷനിലോ തള്ളും”

                      പറയുന്നത് അവിശ്വസനിയമായി തോന്നിയെങ്കിലും മനസ്സിൽ ഇത്തിരി സംശയം ഉള്ളതിനാൽ മറുത്തൊന്നും അവളോട് പറയാൻ കഴിഞ്ഞില്ല. അമ്മയെ വേദനിപ്പിക്കുന്നതരത്തിൽ തന്റെ മക്കളോ മരുമക്കളോ ഇതുവരെ പെരുമാറിയിട്ടില്ല; എങ്കിലും ഇപ്പോഴത്തെ സിനിമയിലും സീരിയലിലും പത്രത്തിലും നിറഞ്ഞിരിക്കുന്നത്, പ്രായമായവരെ തെരുവിലേക്ക് ഇറക്കിവിടുന്ന വാർത്തകളാണല്ലോ,,,.
പ്രായമായ അമ്മയെ,,,
റോഡിൽ, ബസ്‌സ്റ്റാന്റിൽ, റെയിൽ‌വെ സ്റ്റേഷനിൽ, എയർ‌പോർട്ടിൽ, പിന്നെ???
                       പെണ്മക്കൾ രണ്ട്‌പേരും ഭർത്താവും മക്കളുമൊത്ത് സ്വന്തമായി വീട്‌വെച്ച് താമസ്സിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ അമ്മയെ കാണാൻ വരുന്നുണ്ട്. കൂടെയുള്ള ആൺ‌മക്കൾ രണ്ട്‌പേരും അവരുടെ ഭാര്യമാരും തന്നോട് വളരെ സ്നേഹമാണ്. താനായിട്ട് പ്രശ്നങ്ങളൊന്നും ഉണ്ടാക്കാത്തതിനാൽ അമ്മയിഅമ്മപ്പോര്, നാത്തൂൻ‌പോര്, തുടങ്ങിയവ ഇതുവരെ ഈ വീട്ടിൽ കടന്നുവന്നിട്ടില്ല. തന്റെ മക്കൾ ഒരിക്കലും സുശീലയുടെ മക്കളെപ്പോലാവില്ല. ആ ഏഷണിക്കാരിയുടെ വാക്കുകേട്ട് വെറുതെ ഓരോന്ന് ചിന്തിക്കുന്നു.

എന്നാലും സുശീല ഉയർത്തിയ ചിന്തകൾ;,,
രാജമ്മ ഉറക്കം കളഞ്ഞ് ചിന്തയിൽ മുഴുകി,,,
                        ഏതാനും ദിവസമായി മക്കളും മരുമക്കളും തന്റെ മുന്നിൽ‌ എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്ന് ഒരു തോന്നൽ. ‘തന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ ആൺമക്കൾ, അവരുടെ വിവാഹശേഷം കാണിച്ചതെല്ലാം വെറും അഭിനയമല്ലെ?’ മനസ്സിൽ പലതും തോന്നാൻ തുടങ്ങിയിട്ട് നാളുകൾ കുറേയായി. പുറമെ സ്നേഹം കാണിക്കുന്ന മരുമക്കളുടെ കറുത്ത മുഖം ഇടയ്ക്കിടെ കാണുന്നുണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ചു. ‘ഈ വയസ്സിത്തള്ളയെ എത്രയും‌വേഗം പരലോകത്തേക്ക് കെട്ടിയെടുക്കണേ’, എന്ന് അവർ പ്രാർത്ഥിക്കുന്നുണ്ടാവാം.
                         രാജമ്മക്ക് ആരോടും പരാതിയില്ല. ഇതുവരെ മക്കളെ പ്രസവിക്കാൻ മാത്രം ആശുപത്രിയിൽ അഡ്മിറ്റായ, കാര്യമായ രോഗമൊന്നും കടന്നുവരാത്ത, ഭാഗ്യവതിയായ തന്നെ, ‘അടുത്ത കാലത്തൊന്നും അങ്ങോട്ട് വിളിക്കരുതേ,,,’ എന്ന് എപ്പോഴും ദൈവത്തോട്  പ്രാർത്ഥിക്കാറുണ്ട്.
അങ്ങനെയൊരു പ്രാർത്ഥനയോടെയാണ് രാജമ്മ അന്നും ഉറങ്ങാൻ കിടന്നത്.
,,,
                       പിറ്റേദിവസം കൊച്ചുമകനായ കുട്ടൻ വിളിച്ചപ്പോഴാണ് നേരം പുലർന്നതായി രാജമ്മ അറിഞ്ഞത്,
“അമ്മൂമ്മെ, ഇതെന്തൊരുറക്കമാ,, നേരം പുലർന്ന് ഒരു പാടായല്ലൊ,,,”
                       ഇതുവരെ ഇത്രയും വൈകി ഉണർന്നിട്ടില്ല, ശരീരത്തിന് ആകെ ഒരു ഭാരം തോന്നുകയാണ് ഒരു ചെറിയ തലവേദനപോലെ;
,,, ‘വീട്ടുജോലിയെല്ലാം രണ്ട് മരുമക്കളും ചെയ്തുതീർക്കുമ്പോൾ പ്രായമേറെയുള്ള അമ്മയെന്തിനാ നേരത്തെ ഉണരുന്നത്? ക്ഷീണം മാറാൻ അല്പം കൂടി കിടക്കട്ടെ; സ്വന്തമായ അടുക്കള അവർക്കായി വിട്ടുകൊടുത്തതു മുതൽ എന്തിന്, അടുക്കളക്കാര്യത്തിൽ തലയിട്ട് ഒരു അധികപ്പറ്റായി മാറണം?’.

അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് മരുമകളുടെ വരവ്, മൂത്തവന്റെ ഭാര്യ,
“അമ്മയെന്താ നേരം പുലർന്ന് ഉച്ചയാവാറായിട്ടും ഉറങ്ങുന്നത്? ചായ കുടിക്കുകയൊന്നും വേണ്ടേ?”
“എന്തോ ഒരു വയ്യായ്കപോലെ,,,”
അത് കേട്ടതോടെ മുറിവിട്ട്‌പോയ അവൾ അല്പസമയം കഴിഞ്ഞ് തണുത്ത ചായയുമായി വന്നു.
“അമ്മക്ക് തലവേദനയുണ്ടോ?”
“ചെറിയ തലവേദന, പിന്നെ ആ വലതുകാലിൽ ഒരു മരവിപ്പ്; ഒന്ന് തടവിയാൽ സുഖാവും”
അവൾ കാലുകൾ തിരുമ്മാൻ തുടങ്ങിയപ്പോൾ നല്ല സുഖം തോന്നി.
“ഇതെന്താ കുട്ടികൾക്കൊന്നും സ്ക്കൂളിൽ പോകണ്ടെ?”
“അതിനിന്ന് ശനിയാഴ്ച അവർക്ക് അവധിയല്ലെ; ഈ അമ്മക്കെന്താ ഒന്നും ഓർമ്മയില്ലെ?”
                        ‘മരുമകൾ കാല് തടവുമ്പോൾ അതിന്റെ സുഖമൊന്ന് വേറേയാണ്. ഇങ്ങനെ കിടക്കാൻ കഴിയുന്നത് എന്തൊരു ഭാഗ്യമാണ്; ആൺ‌മക്കളുള്ള അമ്മമാർക്ക് മാത്രം ലഭിക്കുന്ന ഒരു ഭാഗ്യം. ഒരു വീട്ടിൽ ജനിച്ച്‌വളർന്ന് അച്ഛനും അമ്മയും ഓമനിച്ച് വളർത്തിയ പെണ്മക്കൾ; അതുവരെ അറിയപ്പെടാത്ത അന്യവീട്ടിൽ വന്ന്, സ്വന്തം അമ്മയുടെ സ്ഥാനത്ത്, കുട്ടിക്കാലത്ത് ഒരു കുട്ടിയുടുപ്പ്‌പോലും അണിയിക്കാത്ത മറ്റൊരമ്മയെ പ്രതിഷ്ഠിച്ച് ശുശ്രൂഷിക്കുന്നു’,,,
                       എങ്കിലും തന്റെ മരുമക്കൾ പണ്ടത്തേതിൽ നിന്ന് എത്രയോ മാറിയിരിക്കുന്നു. മൂത്തമകന്റെ ഭാര്യയായി വന്ന, പാവപ്പെട്ട വീട്ടിൽ ജനിച്ചുവളർന്ന ഈ മരുമകളെയും കൂട്ടി, അനേകം വീടുകളിൽ വിരുന്നുസൽക്കാരത്തിന് പോയിട്ടുണ്ട്. അന്ന് പലരും അസൂയയോടെ ചോദിക്കാറുണ്ട്,
‘രാജമ്മയുടെ മകളാണോ ഇത്?’.                      
                       പെട്ടെന്ന് ഇന്നലെ സുശീല ഉയർത്തിവിട്ട സംശയങ്ങൾ ഒരു കട്ടുറുമ്പായി പുറത്ത്‌വന്നു. ‘കാലുകൾ തടവുന്നുണ്ടെങ്കിലും ഈ പരിചരണം ഒരു അഭിനയം മാത്രമല്ലെ? ഭർത്താക്കന്മാരെ സോപ്പിടാനുള്ള വെറും അടവുകൾ. ആൺ‌മക്കൾക്ക് അമ്മയുടെ കാര്യത്തിലുള്ള ശ്രദ്ധ അവരുടെ ഭാര്യമാർക്കറിയാം’.

“അമ്മയെന്താ എഴുന്നേൽക്കാത്തത്? പനിയുണ്ടോ? ഇപ്പോൾ എല്ലായിടത്തും പനിയുടെ കാലമാ”
ബിസ്‌നസ് കാരനായ മൂത്ത മകൻ ജോലിക്ക് പോകാനുള്ള വേഷത്തിലാണ്.
“എനിക്ക് ശരീരം മുഴുവൻ ഒരു വേദന, ആകെയൊരു മരവിപ്പ്”
“എന്നാൽ ഡോക്റ്ററെ കാണുന്നതാണ് നല്ലത്. കൂടുതലായാൽ മറ്റുള്ളവർക്കും പകർന്നാലോ, കുട്ടികളുടെ എക്സാം ടൈമല്ലെ? ”
,,,
പിന്നെ എല്ലാം പെട്ടെന്നായിരുന്നു; ഡോക്റ്ററുടെ മുന്നിലെത്തിയപ്പോൾ നെഞ്ച്‌വേദനയുണ്ടോ എന്നൊരു സംശയം. പ്രായമായ അമ്മയല്ലെ? നേരെ മെഡിക്കൽ കോളേജിൽ പോയി ഒരു ചെക്കപ്പ് നടത്തുന്നത് നല്ലതാണെന്ന് നിർദ്ദേശിച്ചു.

                         നാട്ടിൽ പുതിയതായി തുടങ്ങിയ സ്വകാര്യ മെഡിക്കൽകോളേജിലെ പേവാർഡിൽ; മക്കളാലും ബന്ധുക്കളാലും സുഹൃത്തുക്കളാലും വലയം ചെയ്യപ്പെട്ടപ്പോൾ, മിസ്സിസ്സ് രാജമ്മ ജി. നായർ സന്തോഷംകൊണ്ട് വീർപ്പുമുട്ടി. കഴിഞ്ഞ സംഭവങ്ങൾ ഓരോന്നായി അവർ ഓർക്കാൻ തുടങ്ങി. ‘എന്തൊക്കെ പരിശോധനകളാണ് നടന്നത്? ‘ഐസിയൂ’ വിൽ അഡ്‌മിറ്റായ ഉടനെ എക്സ്‌റേ, ഇ.സി.ജി, സ്കാനിങ്ങ്, തുടങ്ങി ആശുപത്രിയിൽ പുതിയതായി വാങ്ങിയ എല്ലാ യന്ത്രങ്ങളും അവർക്കായി പലതവണ പ്രവർത്തിച്ചു. പിന്നെ ഭക്ഷണത്തെക്കാൾ കൂടുതൽ മരുന്നുകൾ ദേഹത്ത് കയറ്റി.
വെറുതെ ഒരു തലവേദന എന്ന് പറയുമ്പോഴേക്കും അമ്മക്ൿവേണ്ടി മക്കൾ എന്തെല്ലാം ത്യാഗങ്ങളാണ് സഹിക്കുന്നത്!

                        ആശുപത്രിയിൽ കിടന്ന അഞ്ച് ദിവസം, അഞ്ച് യുഗങ്ങളായാണ് രാജമ്മക്ക് തോന്നിയത്. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ കിടന്ന് മക്കളുടെ പരിചരണം ഏറ്റുവാങ്ങിയ രാജമ്മ ആനന്ദത്തിൽ ആറാടി.
                        ഇളയ മകനും മകളും കൊച്ചുകുഞ്ഞുങ്ങളെപ്പോലെയാണ്; അശുപത്രിയാണെന്ന് ഓർക്കാതെ തന്നെയും കെട്ടിപ്പിടിച്ച് കിടന്ന മകനെക്കണ്ട് ഒരിക്കൽ സിസ്റ്റർക്ക് വഴക്ൿപറയേണ്ടി വന്നു. ഇത്രയും സ്നേഹമുള്ള മക്കളെയാണ് വെറുതെ സംശയിച്ചത്. മെഡിക്കൽ‌കോളേജില വിദ്യാർത്ഥികൾകളും അദ്ധ്യാപകരും ചേർന്ന് പരിശോധനകളും പരീക്ഷണങ്ങളും പൂർത്തിയാക്കിയശേഷം, ‘ഇനിയും ഇടയ്ക്കിടെ കാണണമെന്ന അറിയിപ്പോടെ’ വീട്ടിൽ പോകാൻ അനുവദിച്ചപ്പോൾ ആശ്വാസം തോന്നി. 

                        വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാജമ്മക്കുണ്ടായ സന്തോഷം അസഹനീയമാണെങ്കിലും പ്രത്യക്ഷത്തിൽ ദുഖഭാവം വെടിഞ്ഞില്ല. അയൽ‌വാസികളും ബന്ധുക്കളുമായി ഒട്ടനേകം‌പേർ അടുത്തുകൂടി ഉപദേശ നിർദ്ദേങ്ങൾ നൽകുന്നുണ്ട്. തന്നെക്കാൾ പ്രായമുള്ള അയൽക്കാരി മകനോട് പറയുകയാണ്,
“പ്രായമായ അമ്മയെ നോക്കാൻ മകന്റെ ഭാര്യമാരെ ഏൽ‌പ്പിച്ച് പോകുന്നത് അത്ര നല്ലതല്ല. രണ്ട് പെണ്മക്കളിൽ ആരോടെങ്കിലും ഇവിടെവന്ന് താമസിക്കാൻ പറയുന്നതാണ് നല്ലത്”
                           ഇവരുടെയൊക്കെ വീട്ടിലെ അവസ്ഥപോലെയാണ് ഇവിടെയും എന്നാണ് വിചാരം. നൊന്തുപെറ്റ മക്കളെക്കാളേറെ സ്നേഹം ചൊരിയുന്നവരാണ് വീട്ടിലെ മരുമക്കളെന്ന് അവർക്ക് ഒരിക്കലും മനസ്സിലാവില്ല. നമ്മൾ അങ്ങോട്ട് സ്നേഹിച്ചാൽ അവർ തിരിച്ചിങ്ങോട്ടും സ്നേഹിക്കും.

                            ഒരു ചെറിയ ക്ഷീണം എന്ന് പറഞ്ഞപ്പോൾ തനിക്ക്‌വേണ്ടി എത്ര പണമായിരിക്കും മക്കൾ ചെലവാക്കിയത്. വെറുമൊരു ചുക്കുകാപ്പി ചൂടോടെ കുടിച്ചാൽ മാറുന്ന തലവേദന വന്നപ്പോൾ കൂടുതൽ പ്രയാസം അഭിനയിച്ചതുകൊണ്ട്, തന്റെ പ്രീയപ്പെട്ട മക്കൾക്ക് അമ്മയോടുള്ള സ്നേഹത്തെക്കുറിച്ച് തിരിച്ചറിവ് ലഭിച്ചു.  ഇനിയൊരിക്കലും ആശുപത്രിയിൽ പോകാൻ ഇടയാക്കില്ലെന്ന്, രാജമ്മ മനസ്സിൽ കണക്ക് കൂട്ടി.
,,,
                           വൈകുന്നേരത്തെ ചായകുടിച്ച് വാഷ്‌ബേസിനിൽ മുഖം കഴുകി കണ്ണാടിയിൽ നോക്കിയിരിക്കെ, നഗ്നമായ കഴുത്ത്‌കണ്ടപ്പോൾ പെട്ടെന്നൊരു കാര്യം ഓർമ്മവന്നു;
താലിമാല,,,.
                           വർഷങ്ങൾക്ക് മുൻപ് വിവാഹവേദിയിൽ‌വെച്ച് അദ്ദേഹം കഴുത്തിലണിയിച്ച, ഒരു വിധവയായിട്ടും അദ്ദേഹത്തിന്റെ ഓർമ്മയിൽ ജീവിക്കാനായി ഒരിക്കലും ഊരിമാറ്റാത്ത, സ്വർണ്ണച്ചെയിനോട് കൂടിയ സ്വന്തം താലി. മറ്റുള്ള പൊന്നെല്ലാം പെണ്മക്കൾക്ക് കൊടുത്തെങ്കിലും ആർക്കും കൊടുക്കാതെ സ്വന്തം നെഞ്ചോട് ചേർത്ത്‌വെച്ച് പ്രാർത്ഥിക്കുന്ന സ്വർണ്ണമാല,,,
ഓ, അത് ‘ഐസിയിൽ അഡ്മിറ്റ് ആയഉടനെ, മൂത്ത മകന്റെ കൈയിൽ കൊടുക്കാമെന്ന് പറഞ്ഞ് സിസ്റ്റർ അഴിച്ചതാണല്ലൊ,,, അവനെവിടെ?
തിരിച്ച് കട്ടിലിൽ കിടന്നശേഷം അടുത്തുള്ള കൊച്ചുമകളോട് പറഞ്ഞു,
“മോളേ, അച്ഛനോട് അമ്മൂമ്മയുടെ മാല തരാൻ പറ”

                         ഏതാനും സമയം കഴിഞ്ഞപ്പോൾ മുറിയിൽ കടന്നുവന്നത് മക്കൾ നാല്‌പേരും ഒന്നിച്ചായിരുന്നു,,,
“മോനേ എന്റെ മാല ‘ആ സിസ്റ്റർ ഊരിയത്, നിന്റെ കയ്യിൽ തന്നിട്ടുണ്ട്’, എന്ന് പറഞ്ഞതാണല്ലൊ; ഇനി അതിങ്ങ് താ? കഴുത്ത് കാലിയായി കാണുമ്പോൾ എന്തോപോലെ,”
ചോദ്യം മൂത്ത മകനോടാണെങ്കിലും ഉത്തരം പറഞ്ഞത് ഇളയ മകളാണ്,
“അമ്മേ, അത് പിന്നെ ആശുപത്രിയിൽ ധാരാളം പണം ചെലവായതുകൊണ്ട് ഞങ്ങളൊക്കെച്ചേർന്ന് ആ ചെയിനങ്ങ് വിറ്റു;
,,, അമ്മക്കെന്തിനാ ഈ വയസ്സുകാലത്ത് സ്വർണ്ണച്ചെയിൻ?” 

                       രാജമ്മ ജി നായർ നാല് മക്കളുടെയും മുഖത്ത് നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല. രോഗം അഭിനയിച്ചപ്പോൾ ദേഹത്ത് ആകെയുള്ള സ്വർണ്ണം നഷ്ടപ്പെട്ടു. ഇനി ഒറിജിനൽ രോഗം വന്നാൽ എന്തായിരിക്കും നഷ്ടപ്പെടാനുള്ളത്?, എന്ന് ചിന്തിച്ചപ്പോൾ അവരുടെ ശരീരം മുഴുവൻ വിറയലും നെഞ്ച്‌വേദനയും അനുഭവപ്പെടാൻ തുടങ്ങി.

30 comments:

  1. ‘മക്കൾ‌മാഹാത്മ്യം’ മുൻപ് മറ്റൊരിടത്ത് ഞാൻ പോസ്റ്റ് ചെയ്ത കഥ, അല്പം മാറ്റത്തോടെ എന്റെ സ്വന്തം മിനി കഥകളിൽ പോസ്റ്റ് ചെയ്യുന്നു.

    ReplyDelete
  2. എന്തായാലും മക്കള്‍ കൊള്ളാം ഇങ്ങനെ തന്നെ അമ്മക്കിട്ട് പണിയണം

    ReplyDelete
  3. ആവശ്യമില്ലാത്ത അഭിനയത്തിനൊന്നും പോകല്ലേ മിനിയമ്മേ..........

    ReplyDelete
  4. മിനിയമ്മേ,

    മകളായി , മരുമകളായി പിന്നെ അമ്മ ആയി മാറുന്ന ഒരു വ്യക്തി എന്തുകൊണ്ടാണ് മകളെയും, മരുമകളെയും വ്യതസ്തമായി കാണുന്നത് എന്ന് ആതമാവിനെ പോലെ പലരും ആലോചിച്ചിട്ട് എത്തും പിടിയും കിട്ടാതെ നിക്കുകയാണ്. ഈ മക്കള്‍ മഹാത്മ്യം എല്ലാ വീടുകളിലും ഉണ്ടായാല്‍മതി ! ഒരു മാല പോയാലും സമാധാനം ഉണ്ടാവും

    ReplyDelete
  5. നന്നായിരിക്കുന്നു...
    മക്കളായാല്‍ ഇങ്ങനെ തന്നെ വേണം

    ReplyDelete
  6. ഇതൊക്കെ കാണുമ്പോ വേഗം ഒരു കല്യാണകഴിച്ചാലോ എന്ന് തോന്നുവാ ..

    ReplyDelete
  7. നല്ല കഥ ...അവസാനം മാത്രമാണ് കഥയുടെ പോക്ക് എങ്ങോട്ടാ എന്ന് മനസ്സിലായത്‌ ...താങ്ക്സ് മിനി ചേച്ചി

    ReplyDelete
  8. ഇത് ഞാന്‍ വായിച്ചിരുന്നു ടീച്ചറെ.... അന്ന് കമന്റും ഇട്ടിരുന്നു എന്നാണു എന്റെ ഓര്‍മ്മ.

    ReplyDelete
  9. പരിണാമഗുപ്തി കൊള്ളാം.

    ReplyDelete
  10. പഞ്ചാരക്കുട്ടന്‍-,
    പിന്നെ സ്വന്തം അമ്മയെ അല്ലാതെ മറ്റൊരാൾക്ക് പണിയാൻ പറ്റുമോ? അഭിപ്രായം എഴുതിയതിന് നന്ദി.
    ജനാര്‍ദ്ദനന്‍.സി.എം-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    aathmavu-,
    അതെനിക്കും മനസ്സിലാവുന്നില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    റിയാസ് (മിഴിനീര്‍ത്തുള്ളി)-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    ചെകുത്താന്‍-,
    എത്രയും പെട്ടെന്ന് കഴിച്ചാൽ നന്നായിരിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
    faisu madeena-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    ആളവന്‍താന്‍-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    കുമാരന്‍ | kumaran-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  11. ടീച്ചറെ .....സ്വന്തം ആധിയാണ് അല്ലെ കഥയായി വന്നത് ....വല്ലാതെ നോവിക്കുന്നു .....

    ReplyDelete
  12. മിനി കഥ വളരെ നന്നായി. കാലത്തിനു ചേര്ന്ന കഥ

    ReplyDelete
  13. മുന്നേ വായിച്ചിരുന്നു....... എന്നാലും വീണ്ടും വായനയ്ക്ക് ഒട്ടും മുഷിയില്ല...

    ReplyDelete
  14. മക്കളായാല്‍ ഇങ്ങിനെ വേണം...വീണ്ടും വായിക്കാനും രസമാണ്.

    ReplyDelete
  15. susheelayum rajammayum...nammude koottathil vedana ullil olippikkunna ethrayo janmangal.

    ReplyDelete
  16. jayanEvoor-,
    എന്റെ ഡോക്റ്ററെ, അഭിപ്രായം എഴുതിയതിന് നന്ദി.
    MyDreams-,
    സ്വന്തം ആധിയൊന്നും കഥയായി വരില്ല. അത് അനുഭവമായി ധാരാളം ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    റോസാപ്പൂക്കള്‍-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    thalayambalath-,
    അല്പം മാറ്റം വരുത്തിയിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
    G.manu-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    പട്ടേപ്പാടം റാംജി-,
    ഇന്നത്തെ മക്കൾ നാളത്തെ അച്ഛനമ്മമാർ. അഭിപ്രായം എഴുതിയതിന് നന്ദി.
    സുജിത് കയ്യൂര്‍-,
    പ്രായമായവർക്ക് പലതരം ചിന്തകളാണ്. തനിക്ക് വയ്യാതായാൽ മറ്റുള്ളവർ -അത് മക്കളായാലും മരുമക്കളായാലും-, മറ്റെല്ലാം മാറ്റിവെച്ച്, തന്നെ ശ്രദ്ധിക്കുമോ എന്ന ചിന്ത. അതിൽ എണ്ണ പകരാൻ ചില അയൽ‌വാസികളും കാണും. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  17. Varthamanakala kapadathaye ormapeduthunnu...really superb

    ReplyDelete
  18. സീരിയസ്സായ് വായിച്ച് വന്ന് എന്നെ കാളിപ്പിച്ചല്ലോ, അയ്യോ!!!
    അവസാന ഭാഗം വായിച്ച് ചിരിയോ ചിരി തന്നെ!!!!!!!!

    നന്നായ് എഴുതി, പിടിച്ചിരുത്തീന്നെ, ക്ലൈമാക്സും കലക്കി!

    ReplyDelete
  19. നല്ല കഥ ചേച്ചി...
    ആശംസകൾ...

    ReplyDelete
  20. ആ 'അഭിനയിക്കുന്ന' അമ്മയ്ക്കു കിട്ടേണ്ടതു തന്നെ അല്ലെ കിട്ടിയത്‌?

    ReplyDelete
  21. ടീച്ചര്‍ വളരെ പ്രായമായ ഒരമ്മയുടെ സ്വാഭാവികമായ
    ചിന്തകള്‍ വളരെ തന്മയത്വമായി അവതരിപ്പിച്ചു ..ക്ലൈമാക്സ് നന്നായി ..

    ReplyDelete
  22. Good Morning Mini

    Thanks for your sweet words
    the last days/weeks
    it means a lot to me
    to have real friends in blogging world

    Hugs
    Kareltje =^.^=
    Anya

    ReplyDelete
  23. bloginte peru kettittu minikathakallanennu karuthi kayariyathaaa appo orupaadu nalla miniyude kathakal vaayikkan patteeeeeeeeeeeee

    ReplyDelete
  24. കൊള്ളാം .. ആ അഭിനയം ഒരു തരം വേദനയില്‍ നിന്നും ഉണ്ടാവുന്നതാണ്..നര്‍മം അല്ല കഥയിലെ മര്‍മം എന്ന് വ്യക്തം ആണ്..നര്‍മത്തിലൂടെ ഒരു തുറന്ന സത്യത്തിലേക്ക് ഉള്ള ലളിതം ആയ പ്രയാണം ആണ്..നന്നായിട്ടുണ്ട്.ആശംസകള്‍.

    ReplyDelete
  25. jinoopettan-, അഭിപ്രായം എഴുതിയതിന് നന്ദി.
    നിശാസുരഭി-, അഭിപ്രായം എഴുതിയതിന് നന്ദി.
    വീ കെ-, അഭിപ്രായം എഴുതിയതിന് നന്ദി.
    ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage-, അഭിപ്രായം എഴുതിയതിന് നന്ദി.
    പ്രദീപ്‌ പേരശ്ശന്നൂര്‍-, അഭിപ്രായം എഴുതിയതിന് നന്ദി.
    രമേശ്‌അരൂര്‍-,
    ജീവിതസായാഹ്നത്തിൽ ആ അമ്മക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് ആശങ്കകൾ ഉണ്ടാവുകയാണ്. അവരുടെ ചിന്തകൾ കാട് കയറുകയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
    Anya -,
    Thanks for the comment.
    critical th////,,,,,,-,
    കഥകളുടെ ലോകത്തേക്ക് ഇനിയും സ്വാഗതം ചെയ്യുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
    ente lokam-,
    പണ്ട്കാലത്ത് പരാതികളും പ്രയാസങ്ങളും പറയാൻ പ്രായമായവർക്ക് സമപ്രായക്കാരെ ലഭിച്ചിരുന്നു. ഇന്ന് അണുകുടുംബ ബന്ധങ്ങൾക്കിടയിൽ സ്വയം ചിന്തിച്ച് ‘അവരുടെതായ ഒരു ലോകം’ അവർ തീർക്കുകയാണ്. കാലത്തിനൊത്ത് ജീവിതചിന്തകൾ മാറാത്ത വൃദ്ധന്മാർ പരിഹാസപാത്രങ്ങളായി മാറുന്നു, മറ്റുള്ളവർ അവരെ ചൂഷണം ചെയ്യുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  26. മക്കളെ പരീക്ഷിക്കുന്നവര്‍ ജാഗ്രതൈ..ദാണ്ടേ, ഇത് പോലിരിക്കും...
    മക്കളെ പരിഗണിച്ചും അഡ്ജസ്റ്റ് ചെയ്തും ജീവിക്കുന്നതാ അമ്മമാര്‍ക്കും നല്ലത്...പിന്നെ നാം നമ്മുടെ അമ്മയെയും അച്ഛനെയും പരിപാലിച്ചത് പോലെ മക്കളും പരിഗണിക്കണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുക..!
    കഥ നന്നായി..ആശംസകള്‍ !

    ReplyDelete
  27. ഇതാണ് യഥാര്‍ത്ഥ മക്കള്‍ മഹാത്മ്യം !
    നന്നായീട്ടോ

    ReplyDelete
  28. സലീം ഇ.പി.-,
    Villagemaan-,
    അഭിപ്രായം എഴുതിയതിന് എല്ലാ അമ്മമാരുടെയും പേരിൽ നന്ദി പറയുന്നു.

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..