“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

12/11/10

ആരാദ്യം വിളിക്കും?

                            തിരക്ക്പിടിച്ച ദിവസത്തിനുശേഷം കൺ‌സൽട്ടിംഗ്‌റൂം അടക്കാൻ നേരത്ത് കൌൺസിലിങ്ങിനായി വന്ന സ്ത്രീകൾ അമ്മയും മകളും ആയിരിക്കാം. തന്റെ മുന്നിലിരിക്കുന്ന സുന്ദരികളായ രണ്ട് സ്ത്രീകളെയും ഡോക്റ്റർ മദനമോഹന ആചാര്യ ദാസ്(mad) അല്പനേരം നോക്കി, പിന്നെ കാര്യം ഊഹിച്ചു; 
...പ്രശ്നം വിവാഹപ്രായമായ മകളുടെ പ്രേമം ആയിരിക്കും. പാവപ്പെട്ട ഏതെങ്കിലും പയ്യനെ ‘പുളിങ്കൊമ്പ് സോഫ്റ്റ്‌വെയർ’ ആണെന്ന് കരുതി മനസ്സിന്റെ ഉള്ളറകളിൽ മകൾ ഇൻസ്റ്റാൾ ചെയ്തിരിക്കും. എന്നാൽ മകളുടെ അമ്മ, അവനൊരു ‘വൈറസ്’ ആണെന്ന് തിരിച്ചറിഞ്ഞ് ഡിലീറ്റ്‌ആക്കാൻ ശ്രമിക്കുന്നുണ്ടാവണം.
... അദ്ദേഹം അവരുടെ ഓരോ പോയിന്റും നിരീക്ഷിക്കാൻ തുടങ്ങി,
                        സുന്ദരിയായ ആ അമ്മയെ നോക്കിയിരിക്കെ ആ മനഃശാസ്ത്രജ്ഞന്റെ മനസ്സ് ബോധതലത്തിൽ നിന്ന് അബോധതലത്തിലേക്ക് നീങ്ങി അജ്ഞാതമായ ഏതോ തീരത്തേക്ക് പ്രയാണം ആരംഭിച്ചു. ‘ഏതാനും വർഷം മുൻപ് ഈ സുന്ദരിയെ കണ്ടെങ്കിൽ താനവളെ പ്രേമിച്ച്, പ്രേമിച്ച്, പ്രേമിച്ച്,,, പിന്നെ,,,?
,,,പിന്നെ കല്ല്യാണം കഴിച്ച് നശിപ്പിച്ചേനെ.
അങ്ങനെയാണെങ്കിൽ ഈ മകൾ തന്റെ മകളായി ജനിച്ചിരിക്കും’.
പിന്നീട് മകളെ നോക്കിയതോടെ അബോധതതലത്തിൽ യാത്രചെയ്യുന്ന അദ്ദേഹത്തിന്റെ മനസ്സ് പതുക്കെ സ്വന്തം ദേഹത്ത് തിരിച്ച്‌കയറി ഇരിപ്പുറപ്പിച്ചു.

സ്വന്തം കൈയിലെ പേന ഒരു മാന്ത്രികദണ്ഡ്‌പോലെ ചുറ്റിയിട്ട് അദ്ദേഹം അവരോട് ചോദിച്ചു,
“ആദ്യം പരിചയപ്പെടുത്തുക, പിന്നെ പ്രശ്നം പറയുക”
പെട്ടെന്ന് കൂട്ടത്തിൽ മുതിർന്ന സ്ത്രീ പറയാൻ തുടങ്ങി,
“ഡോക്റ്ററെ ഞാൻ ഇവളുടെ അമ്മയാണ്; ഇത് എന്റെ മകൾ, പ്രശ്നം,,,,”
അവർ മകളെ നോക്കിയശേഷം ഡോക്റ്ററെയും നോക്കി.
സൂചന മനസ്സിലാക്കിയ ഡോക്റ്റർ മകളോട് പുറത്തു പോകാൻ ആഗ്യം കാട്ടിയപ്പോൾ മകൾ എതിർത്തു,
“അതൊന്നും ശരിയാവില്ല, ഞാൻ കേൾക്കാതെ ഒരു പ്രശ്നവും ഇവിടെ പറയേണ്ട”
അത് കേട്ട് ഡോക്റ്റർ പറയാൻ തുടങ്ങി,
“അമ്മക്ക് പലതും പറയാനുണ്ടാവും; അമ്മ പറയുന്നത് കേട്ടാലല്ലെ എനിക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളൂ; പിന്നെ മകൾക്ക് പറയാനുള്ളത് അമ്മയെ ഔട്ടാക്കിയശേഷം പറയാം”
പെട്ടെന്ന് മകളുടെ ഭാവം മാറി, മുഖം ചുവന്ന് ചുണ്ടുകൾ വിറച്ച് ഡ്യൂപ്ലിക്കേറ്റ് ഭദ്രകാളിയായി മാറിയ അവൾ വായിലൂടെ വെടിയുണ്ട ഉതിർക്കാൻ തുടങ്ങി,
“ഞാനറിയാത്ത ഒരു കാര്യവും ഇവിടെ പറയില്ല എന്ന് ആദ്യമേ പറഞ്ഞതാ, അങ്ങനെ എന്നെപ്പറ്റി പറയാൻ ഞാനൊട്ട് സമ്മതിക്കില്ല”
ആദ്യവെടി കൊണ്ടപ്പോൾ‌തന്നെ, അവളുടെ പിടിവാശിക്ക് മുന്നിൽ ഡോക്റ്റർ പരാജയപ്പെട്ടു, ഒരു മനഃശാസ്ത്രജ്ഞനായിട്ടും പെണ്ണിന്റെ വാശിക്ക് മുന്നിൽ അടിയറവ് പറയുന്നത് ഇവിടെ പതിവാണ്,
“ശരി, നിന്റെ ഇഷ്ടം പോലെയാവട്ടെ, എന്നാൽ അമ്മ പറഞ്ഞുതീരുന്നതുവരെ മകളും മകൾ പറഞ്ഞുതീരുന്നതുവരെ അമ്മയും ശബ്ദിക്കാൻ പാടില്ല, അങ്ങനെ സമ്മതിച്ചാൽ മാത്രമേ നിങ്ങളുടെ പ്രശ്നം കൺസൽട്ട് ചെയ്യുകയുള്ളു”
“ശരി സമ്മതിച്ചു”
രണ്ട്‌പേരും ഒന്നിച്ച് പറഞ്ഞു; പിന്നെ അമ്മ തുടർന്നു,
“എന്റെ ഡോക്റ്ററെ ഇവളെന്റെ മകളാണ്”
“അതൊരിക്കൽ പറഞ്ഞല്ലൊ, അതാണൊ നിങ്ങളുടെ പ്രശ്നം?”
“അതാണ് ഞാൻ പറയുന്നത്, ഇവൾക്കിപ്പോൾ വിവാഹാലോചനകളെല്ലാം വന്നുകൊണ്ടിരിക്കയാ. മറ്റൊരു വീട്ടിൽ പോകേണ്ടവളല്ലെ, തീരെ അനുസരണയില്ല,”
“അത് ഞാൻ,,,”
പെട്ടെന്ന് ഇടയ്ക്ക് കയറിയ മകളെ ഡോക്റ്റർ തടഞ്ഞു.
“അമ്മക്ക് തുടരാം,,,”
“ഡോക്റ്ററെ, എനിക്ക് ആകെയുള്ള ഒരു മകളാണിവൾ; എന്നിട്ട് അടുത്തകാലത്തായി ഒരിക്കൽ‌പോലും എന്നെ, ‘അമ്മെ’ എന്ന് വിളിച്ചിട്ടില്ല”
പെട്ടെന്ന്,,, വളരെപെട്ടെന്ന് മകൾ ചാടിയെഴുന്നേറ്റ് ശബ്ദമുയർത്തി പറയാൻ തുടങ്ങി,
“ഈ അമ്മക്കെന്താ എന്നെ ‘മോളേ’ എന്നൊന്ന് വിളിച്ചാൽ? എന്നെ പ്രസവിച്ച അമ്മയല്ലെ ആദ്യം എന്നെ വിളിക്കേണ്ടത്? അതുകൊണ്ട് ഞാനും വിളിക്കുന്നില്ല,”
,,, അമ്മയും ഡോക്റ്ററും ഒന്നിച്ച് ഞെട്ടി, വീണ്ടും വീണ്ടും ഞെട്ടി,
ഞെട്ടലിന്റെ ഒടുവിൽ ഡോക്റ്റർ അമ്മയോട് ചോദിച്ചു,
“അപ്പോൾ അമ്മയായ നിങ്ങൾ സ്വന്തം മകളെ ഇതുവരെ ‘മോളേ എന്നൊന്ന് വിളിക്കാതെ’; പിന്നെന്താ ഇതുവരെ വിളിച്ചത്?”

ഒരു നിമിഷം അമ്മയുടെ തല കുനിഞ്ഞു, അവർ ഓർക്കാൻ തുടങ്ങി; 
‘കുട്ടിക്കാലത്ത് പിച്ചവെച്ച് നടക്കുന്ന പ്രായത്തിനു ശേഷം എപ്പോഴെങ്കിലും മോളെ എന്ന് വിളിച്ചിട്ടുണ്ടോ?
മകൾ മുതിർന്നപ്പോൾ വിളിക്കുന്നത് പോയിട്ട് അവളുമായി നേരാം‌വണ്ണം ഒന്ന് സംസാരിച്ചിട്ടുണ്ടോ?
ഇത്തിരി സ്നേഹം അവൾക്കായി കൊടുത്തിട്ടുണ്ടോ?’
കുടുംബാംഗങ്ങൾ തമ്മിൽ ആശയവിനിമയം തലയും വാലും ഛേദിച്ച വാക്കുകൾ മാത്രമായിട്ട് നാളുകൾ ഏറെയായി. വീട് എന്നത് അശാന്തിയുടെ താവളമായി മാറുകയാണ്, എന്നാലും,,,
“നിങ്ങൾ വീട്ടിലായിരിക്കുമ്പോൾ മകളെ വിളിക്കുന്നത്‌പോലെ ഇവിടെവെച്ച് ഒന്ന് വിളിച്ചാട്ടെ?”
ഡോക്റ്ററുടെ വാക്കുകൾ അമ്മയുടെ ഹൃദയത്തിന്റെ മർമ്മസ്ഥാനത്ത് വീണ്ടും വീണ്ടും പരിക്കേല്പിക്കാൻ തുടങ്ങി.
മകളെ വിളിക്കുന്നത് അവളുടെ പേര് പറഞ്ഞാണോ?
എടീ എന്നാണോ?
അടുത്തകാലത്ത് എപ്പോഴെങ്കിലും അവളെ വിളിച്ചിട്ടുണ്ടോ?
അമ്മ ആകെ കൺഫ്യൂഷനിലായി,,,
‘വീട്ടിലെപോലെ ഇവിടെന്ന് എങ്ങിനെ വിളിക്കും???’
ഒരക്ഷരം‌പോലും സംസാരിക്കാനാവാതെ ആ അമ്മ ഡോക്റ്ററെ തുറിച്ചുനോക്കി.
“ഒരു മകൾക്ക് താങ്ങും തണലും ആവേണ്ടത് അവളുടെ അമ്മയാണ്. പെൺ‌കുട്ടികൾ പ്രായമാവുമ്പോൾ അവളുടെ എല്ലാ കാര്യങ്ങളും അമ്മ അറിയണം. അതെങ്ങനെയാ?  ഉള്ളനേരത്ത് കണ്ണീൽ സീരിയൽ കാണാനും റിയാലിറ്റിഷോ കണ്ട് കണ്ണീരൊഴുക്കാനുമല്ലാതെ അമ്മക്ക് മകളെ നോക്കാനും സ്നേഹിക്കാനും നേരം കാണില്ലല്ലൊ. ഇപ്പോൾ ഇവിടെവെച്ച് നിങ്ങൾ നിങ്ങളുടെ മകളെ ഒന്ന് വിളിച്ചാട്ടെ”
“അത് പിന്നെ,,,”
ഡോക്റ്റർക്ക് ദേഷ്യം വരാൻ തുടങ്ങി, മറ്റുള്ളവരുടെ മനസ്സിനെ നിയന്ത്രിക്കുന്നവനും സ്വന്തം മനസ്സ് നിയന്ത്രിക്കാൻ ആവാത്തവനും ആയ ഡോക്റ്റർ കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു,
“ഇത് നിങ്ങളുടെ മകളല്ലെ?”
“അതേ”
“നിങ്ങൾ ഈ നിമിഷം‌തന്നെ ‘മകളെ’ എന്ന് വിളിക്കുന്നോ? അതോ,,,, ഞാൻ,,,”
ഭയന്നുപോയ അമ്മ ഇരിപ്പിടത്തിൽ‌നിന്ന് ഞെട്ടി എഴുന്നേറ്റു, അവർ ഉച്ചത്തിൽ വിളിച്ചു,
“മോളേ,,,,”
“അമ്മേ,,,,”
മകൾ കൂടുതൽ ഉച്ചത്തിൽ അമ്മയെ വിളിച്ചതോടെ ആവേശപൂർവ്വം ആലിംഗനം ചെയ്ത് ഇരുവരും ആനന്ദക്കണ്ണീരിൽ കുളിക്കാൻ തുടങ്ങി.
ഇതെല്ലാം കണ്ടപ്പോൾ പതുക്കെ റിലാക്സ് ചെയ്ത ‘ഡോക്റ്റർ മാഡ്’ പുഞ്ചിരിക്കുമ്പോൾ ആ അമ്മയും മകളും വിളി തുടർന്നു കൊണ്ടേയിരുന്നു,
“മോളേ”
“അമ്മേ”
………
………

56 comments:

 1. ഒരു നിമിഷം ചിന്തിക്കുക,,,
  നിങ്ങൾ നിങ്ങളുടെ വീട്ടിലുള്ള ഓരോ വ്യക്തിയെയും വിളിക്കുന്നത് എങ്ങനെയാണ്?

  ReplyDelete
 2. മനസ്സറിഞ്ഞ്-നിറഞ്ഞ് മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ മോളേ-മോനേ,എന്ന് ലാളനയോടെ വിളിച്ചുപെരുമാറുന്നിടത്ത് പിന്നെ കൌണ്‍സിലിങ്ങും സൈക്കൊതെറാപിസ്റ്റിന്‍റെ ഇടപെടലുകള്‍ക്കൊന്നും യാതൊരു ചേന്‍സുമുണ്ടവില്ല.

  പലര്‍ക്കും മക്കളേം കൂട്ടി ഡോക്ടരെ സന്ദര്‍ശിക്കല്‍ ഇന്നൊരു ഫാഷനായിര്‍ക്കുന്നല്ലോ..!പല പ്രശ്നങ്ങളിലും തങ്ങളുടെ ശരീരഭാഷ ഒന്ന് ട്യൂണ്‍ ചെയ്താല്‍ നേരാക്കാനാവുന്ന,നിസാര കേസുകളായിരിക്കാം പലതും...

  ReplyDelete
 3. കഥയിലൂടെ പറഞ്ഞ് വന്നത് വളരെ മനോഹരമായ ഒരു തീമാണ്. കാലഘട്ടത്തിന്റെ തീം. പക്ഷെ, അത്രയും സീരിയസ്സായ ഈ സബ്‌ജെക്റ്റ് നര്‍മ്മത്തിന്റെ നേര്‍ത്ത ഒരു പാലത്തില്‍ തൂക്കണ്ടായിരുന്നു എന്നൊരഭിപ്രായമുണ്ട്. അത് കുഴപ്പമായി എന്നല്ല. മറിച്ച് അല്പം കൂടെ സീരിയസ്സായി ഇതിനെ സമീപിക്കാമായിരുന്നു എന്നൊരു തോന്നല്‍.

  ReplyDelete
 4. ഇതു ഒരു ചെറിയ വിഭാഗം അമ്മമാരുടെ കഥയാണ്. എങ്കിലും വിദൂരമല്ലാത്ത ഭാവിയിൽ ഇത്തരം അമ്മമാരുടെ എണ്ണമായിരിക്കും കൂടുതൽ. അത്തരം അമ്മമാർക്ക്‌ ഇതൊരു പാഠമായിരിക്കട്ടെ.

  ReplyDelete
 5. ഇപ്പോള്‍ രക്ഷിതാക്കളും, കുട്ടികളും ഒക്കെ ഇത്രയും വലിയ പ്രശ്നക്കാര്‍ ആണോ?!
  എന്തായാലും നല്ലൊരു മെസ്സേജ് convey ചെയ്തു.

  ReplyDelete
 6. ഈ കാല ഘട്ടത്തിന്റെ പ്രസക്തമായ ചോദ്യം ആണ് കഥയുടെ വിഷയം .
  പക്ഷെ ഒരു മിനി കഥ ആക്കി ഒറ്റ വാചകത്തില്‍ കഥയുടെ കാമ്പ് പറഞ്ഞു
  തീര്‍ത്തത് വിഷയത്തിന്റെ ഗൌരവം കുറച്ചോ എന്നൊരു സംശയം .എന്നാലും
  നന്നായി ചിന്തിപ്പിച്ചു ചെറിയ വാകുകളിലൂടെ .അഭിനന്ദനങ്ങള്‍ .

  ReplyDelete
 7. കഥ നന്നായി പറഞ്ഞു.ആശംസകൾ

  ReplyDelete
 8. പലരും സ്വന്തം കുറവുകള്‍ മറച്ചു വച്ചായിരിക്കും സമൂഹത്തെ ഉദ്ധരിക്കാന്‍ ഇറങ്ങുന്നത് (ഉദാ: ഈ കഥയിലെ ഡോക്റ്റര്‍ )
  അല്പം ശ്രദ്ധയും ,പരിചരണവും ,സ്നേഹം ഉണ്ടെന്ന തോന്നിക്കല്‍ എങ്കിലും ഉണ്ടെങ്കില്‍ ബന്ധങ്ങള്‍ ഊഷ്മളമാകും ...
  കൊടുത്താല്‍ കൊല്ലത്തും കിട്ടും (ചിലരുടെ കാര്യത്തില്‍ എങ്കിലും )
  കൊടുക്കാതെയും കിട്ടും (ഈ കമന്റ് :))

  ReplyDelete
 9. വളരെ സിമ്പിള്‍ ആയി ടീച്ചര്‍ പറയേണ്ടത് പറഞ്ഞു എന്നാണ് എന്റെ അഭിപ്രായം. ഒരു വിയോജിപ്പ് ഉള്ളത് ഇതിനെ ടീച്ചറുടെ മിനി നര്‍മ്മത്തില്‍ പോസ്റ്റ്‌ ചെയ്യാത്തതിലാണ്. മനുവേട്ടന്‍ പറഞ്ഞ പോലെ കാലഘട്ടത്തിന്റെ തീം....

  അല്ല, ടീച്ചറെ ഇപ്പൊ എന്റെ വഴിക്ക് കാണുന്നില്ലല്ലോ എന്നൊരു സന്ദേഹം. എന്നാ പറ്റി? പിണക്കാ????

  ReplyDelete
 10. നല്ല തീം
  എനിക്ക് പറയാനുള്ളതെല്ലാം എല്ലാവരും പറഞു
  എങ്കിലും ആറ്റികുറുക്കിയ ഈ കഥ നന്നായി

  ReplyDelete
 11. കൊള്ളാം .....നല്ല പോസ്റ്റ്‌
  ഓരോ വീട്ടിലും സംഭവിക്കുന്നത്.......പണ്ടൊക്കെ
  'മോളെ' എന്നെ വിളിക്കൂ ..ഇപ്പോം അമ്മമാര്‍ക്കും complex ...

  ReplyDelete
 12. ഇതത്ര നല്ല തീമൊന്നുമല്ല, നേരിട്ടെനിക്കനുഭവമില്ലാത്തതാവാം കാരണം

  ReplyDelete
 13. പ്രസക്തമായ ഒരു തീമിനെ വളരെ മനോഹരമായി ആറ്റിക്കുറുക്കി പറയാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞു . ആവര്‍ത്തന വിരസമായ ശൈലികള്‍ കൊണ്ട് പറയാതെ നര്‍മ്മത്തിലൂടെ പറഞ്ഞതിന് അഭിനന്ദനങ്ങള്‍ .

  ReplyDelete
 14. മകളും അമ്മയും തമ്മില്‍ മാത്രമല്ല, പലയിടത്തും മൊത്തം കുടുംബത്തെ ഡോക്ടറുടെ അടുത്തേക്ക്‌ കൊണ്ടുപോവേണ്ട അവസ്ഥ വന്നു കൊണ്ടിരിക്കുന്നു. അതിനാല്‍ കഥ കാര്യമായി എടുക്കുക...ആശംസകള്‍ !

  ReplyDelete
 15. കൊള്ളാം ..... വളരെ സിമ്പിള്‍ ആയി പറഞ്ഞു....
  അഭിനന്ദനങ്ങള്‍....

  ReplyDelete
 16. അമ്മേ എന്നും മകളെ എന്നും വിളിച്ചാല്‍ ആ നിമിഷം തീരാനുള്ള വാശിയേ അവര്‍ തമ്മില്‍ ഉണ്ടായിരുന്നുള്ളൂ .നമ്മളും ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍
  എത്തിയിട്ടുണ്ടാകില്ലേ.വിളിക്കേണ്ട...വെറും ഒരു പുഞ്ചിരിയില്‍ തീരാനുള്ള എത്രയെത്ര നിസാര പ്രശ്നങ്ങളാണ് വന്‍ കലാപമായി മാറുന്നത്.
  മനോരാജിന്റെ അഭിപ്രായ ത്തോടാണ് യോജിപ്പ് .ഹോമിയോ പ്പൊതിയില്‍ ആണ് കൂടുതല്‍ വിശ്വാസം അല്ലേ..?

  ReplyDelete
 17. ഞാന്‍ എന്‍റെ മോളെ ... മോളേ എന്നു വിളിക്കുന്നതിനേക്കാള്‍ ,, “മുത്തെ, കരളേ“, എന്നൊക്കെ വിളിക്കാറുണ്ട്...( ഹിഹി.. ഇനി അത് മാറ്റി മോളേ എന്ന് മാത്രം ആക്കേണ്ടി വരുമോ...( ചുമ്മാ)

  ചിന്തക്ക് വകയുള്ള ഒരു വിഷയം നര്‍മത്തിലൂടെ പറഞ്ഞത് നന്നായി.....

  ReplyDelete
 18. മിനി,കഥയുടെ സാരാംശം ഗൌരവമുള്ളതാണെങ്കിലും.വായിച്ചു തീരുന്ന സമയത്ത്‌ ഞാന്‍ ശരിക്കും ചിരിച്ചു പോയി.കുറച്ചു ഉറക്കെത്തന്നെ
  തിരക്കിനിടയില്‍ മക്കളെ സ്നേഹപൂരവം മോനെ, മോളെ എന്നൊക്കെ വിളികുവാന്‍ നമ്മള്‍ മറക്കുന്നുവോ..

  ReplyDelete
 19. Dear One way teacher
  Good kahaani...to laugh or to cry...?

  ReplyDelete
 20. ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ഇപ്പോള്‍ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയി മാറുന്നോ എന്ന് സംശയം ഇല്ലാതില്ല ..വളരെ നന്നായി ആശംസകള്‍ .

  ReplyDelete
 21. കഥ വളരെ നന്നായി പറഞ്ഞു. പക്ഷേ, ഇപ്പോൾ കുട്ടികളെ ലാളിച്ചു വഷളാകുകയല്ലേ നാം ചെയ്യാറ്? അല്ലാതെ മോളേ എന്നു വിളിക്കാതിരിക്കാരൊക്കെ ഉണ്ടോ?

  ReplyDelete
 22. ഒരു നുറുങ്ങ്-,
  മാറ്റങ്ങൾ, മനുഷ്യനെ മനസ്സിന് ചികിത്സ ആവശ്യമായിവരുന്ന മാറ്റങ്ങളാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

  Manoraj-,
  ഇത് സീരിയസ് ആയ പ്രശ്നമാണ്. ഒരേ മേൽക്കൂരക്കു താഴെ ജീവിക്കുന്നവർ അന്യോന്യം മിണ്ടാത്ത അവസ്ഥ, അത് അല്പം നർമ്മം കലർത്താനാണ് എനിക്ക് തോന്നിയത്. മറ്റുള്ളവരുടെ മനസ്സിനെ ചികിത്സിക്കുന്ന ഡോക്റ്റർക്ക് സ്വന്തം മനസ്സിന്റെ രോഗം മാറ്റാൻ കഴിയാത്തത് കണ്ടപ്പോൾ ഉള്ളിൽ ചിരി വന്നുപോയി. പിന്നെ കൂടുതൽ കാര്യം മെയിൽ ചെയ്യാം. അഭിപ്രായം എഴുതിയതിന് നന്ദി.

  SIYAD THALASSERY-,
  അപൂർവ്വം ചില അമ്മമാർ മാത്രം ഇങ്ങനെയാവുന്നുണ്ട്, അവർ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണാറും ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

  DIV▲RΣTT▲Ñ-,
  തിരക്കിനിടയിൽ സ്വന്തം കുട്ടികളെ സ്നേഹിക്കുന്ന കാര്യം മറക്കുന്നു, അഭിപ്രായം എഴുതിയതിന് നന്ദി.

  ente lokam-,
  ഏതാനും മിനുട്ടുകൾക്കുള്ളിൽ സംഭവിച്ചത് മാത്രം വിവരിക്കുകയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
  ജുവൈരിയ സലാം-,
  അഭിപ്രായം എഴുതിയതിന് നന്ദി.

  രമേശ്‌അരൂര്‍-,
  അമ്മക്ക് മകളോട് സ്നേഹം ഉള്ളത് ഒരു സ്ത്യം മാ‍ത്രമാണ്. എന്നാൽ സ്നേഹം ഉള്ളിൽ വെക്കാതെ അത് മകളോട് കാണിക്കുകയും വേണം. അവനവൻ മറ്റുള്ളവരെ നന്നാക്കാൻ ശ്രമിക്കുകിക്കുന്നുണ്ടെങ്കിലും സ്വന്തം കുറവുകൾ പരിഹരിക്കാൻ അവർക്ക് ആവുന്നില്ല. അഭിപ്രായം എഴുതിയതിന് നന്ദി.

  ആളവന്‍താന്‍-,
  നർമ്മത്തിൽ പോസ്റ്റ് ചെയ്യാത്തതിന് കാരണം ഉണ്ട്, പിന്നെ ഞാൻ ഇടക്ക് വരാറുണ്ടല്ലൊ, അറിയിക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.

  സാബിബാവ-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  റാണിപ്രിയ-,
  റാണി സത്യം പറഞ്ഞു, മുതിർന്നവർക്ക് (രക്ഷിതാക്കൾക്ക്) ഒരു കുറ്റവും കുറവും ഇല്ല എന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു, (ഞാനടക്കം). ചെറുപ്പക്കാരുടെ തലയിൽ എല്ലാ കുറ്റവും കയറ്റിവെക്കുന്ന അത്തരം മുതിർന്നവരെ നന്നാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

  നല്ലി . . . . .-,
  ഓരോരുത്തർക്കും സ്വന്തം അനുഭവപാഠം ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
  vipin-,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 23. സലീം ഇ.പി.-,
  അന്യോന്യം മിണ്ടാത്ത ആളുകൾ ഒരേ വിട്ടിൽ താമസിക്കുന്നത് പലയിടത്തും കാണാം. അഭിപ്രായം എഴുതിയതിന് നന്ദി.
  Naushu-,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ലീല എം ചന്ദ്രന്‍..-,
  ചെറിയ ഒരു പ്രശ്നം മാത്രമായിരിക്കും. പിന്നെ ആ ഹോമിയോപ്പൊതി എനിക്ക് തീരെ മനസ്സിലായില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
  Sabu M H-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  ഹംസ-,
  ഇപ്പൊഴാ ഓർത്തത്, സ്ക്കൂളിൽ പ്രശ്നമുള്ള ഒരു ആൺകുട്ടിയുടെ വീട്ടിൽ ഞങ്ങൾ അദ്ധ്യാപകർ പോയപ്പോൾ, മുത്തേ, തേനേ, കരളേ, എന്നൊക്കെ അമ്മയും അച്ഛനും മകനെ വിളിച്ചത് കേട്ട് ഞങ്ങൾ ഞെട്ടിയ അനുഭവം, അതൊരു പോസ്റ്റാക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.

  റോസാപ്പൂക്കള്‍-,
  തിരക്കിനിടയിൽ നമ്മൾ പലതും മറക്കുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 24. poor-me/പാവം-ഞാന്‍-,
  ഒന്ന് കരയാം, പിന്നെ ചിരിക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.
  ആചാര്യന്‍-,
  ബന്ധങ്ങളെപറ്റി ഓർക്കാറില്ല എന്നതാണ് സത്യം. അഭിപ്രായം എഴുതിയതിന് നന്ദി.
  ശ്രീനാഥന്‍-,
  ഉണ്ടെന്നാണ് നമ്മുടെ ഡോക്റ്റർ ‘മാഡ്’ പറയുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.
  ഒഴാക്കന്‍.-,
  എന്നെയാണോ?
  പിന്നെ ഒരു രഹസ്യം പറയട്ടെ, അമ്മേ എന്നും മോളേ എന്നും ഇക്കാലത്ത് ധാരാളമായി വിളിക്കുന്നുണ്ട്; ഫോണിലൂടെയാണെന്ന് മാത്രം. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 25. നല്ലൊരു തീം...
  നന്നായി അവതരിപ്പിച്ചു
  മമ്മി & മി എന്ന സിനിമയിലെ അര്‍ച്ചന കവിയും ഉര്‍വശിയും കൂടിയുള്ള ചില സീന്‍സ് ഓര്‍മ്മ വന്നു..

  ReplyDelete
 26. കൊള്ളാം ..നല്ല കഥ ..നല്ല തീം ........

  ReplyDelete
 27. അമ്മ മകള്‍ ബന്ധങ്ങളുടെ ശക്തിയും സൗന്ദര്യവും എത്ര മഹത്തരമാണ്.... പുതിയ തലമുറ ശ്രദ്ധിക്കേണ്ട പോസ്റ്റ്.... എന്റെ അഭിനന്ദനങ്ങള്‍

  ReplyDelete
 28. റിയാസ് (മിഴിനീര്‍ത്തുള്ളി)-,
  ഇപ്പോൾ ഞാൻ ഉർവ്വശിയെ ഓർക്കുന്നു. ഉർവ്വശി മാത്രമാണ് മാതൃസ്നേഹം ചൊരിയുന്ന അമ്മയായി അഭിനയിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. അഭിപ്രായം എഴുതിയതിന് നന്ദി.
  faisu madeena-, thalayambalath-,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 29. "ഒരു നിമിഷം ചിന്തിക്കുക,,,
  നിങ്ങൾ നിങ്ങളുടെ വീട്ടിലുള്ള ഓരോ വ്യക്തിയെയും വിളിക്കുന്നത് എങ്ങനെയാണ്? "

  അതൊരു ചോദ്യമാണ് റ്റീച്ചറേ!!
  കഥ നന്നായി, ഡോക്റ്ററിന്റെ പേരും!!

  ReplyDelete
 30. പലപ്പോഴും ഇത് ഒരു പോലെ ഒന്ന് വിളിച്ചാല്‍ തീരുന്ന പ്രശനം പക്ഷെ ആര് ആദ്യം വിളിക്കും എന്നെ ഈഗോ
  കൊള്ളാം ടീച്ചറെ നന്നായി പറഞ്ഞു ..

  ReplyDelete
 31. നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ ഒരു കുട്ടിക്കഥ..
  നല്ല സന്ദേശവും

  ReplyDelete
 32. സ്നേഹം മനസ്സില്‍ വെക്കാനുല്ലതല്ല. പുറത്തെടുക്കണം എന്ന സന്ദേശം ഹൃദ്യമായി പറഞ്ഞു.
  ആശംസകള്‍.

  ReplyDelete
 33. കുമാരന്‍ | kumaran-,
  നിശാസുരഭി-,
  MyDreams-,
  പ്രദീപ്‌ പേരശ്ശന്നൂര്‍-,
  Muneer N.P-,
  Shukoor-,
  ബന്ധങ്ങളുടെ തീവ്രത കൂടുന്നത് അവർ അന്യോന്യം വിളിക്കുമ്പോഴാണ്. അന്യോന്യം ആശയവിനിമയം നടത്താഞ്ഞാൽ ബന്ധങ്ങളെല്ലാം യാന്ത്രികമായി മാറും. അല്പനേരത്തെ അകൽച്ചയുണ്ടായാൽ, പിന്നീട് അടുക്കാനുള്ള അവസരങ്ങളിൽ സ്വന്തം ഇഗോ ഒരു തടസ്സമായിവന്ന് അവരാദ്യം പറയട്ടെ, വിളിക്കട്ടെ, ചെയ്യട്ടെ, എന്നൊക്കെ മനസ്സിൽ വിചാരിച്ച് അതേപടി അകൽച്ചയിൽ തന്നെ നിൽക്കും. ഉള്ളിൽ ഒളിപ്പിച്ച സ്നേഹം ആർക്കും വേണ്ട, പുറത്തെടുക്കുന്നതാണ് നല്ലത്. അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.

  ReplyDelete
 34. വളരെ നല്ല ഒരാശയം നര്‍മ്മത്തില്‍ ചാലിച്ചെഴുതിയത് കൊണ്ടുതന്നെ ഹൃദ്യമായി.

  ReplyDelete
 35. നന്നായി പറഞ്ഞു ടീച്ചറെ . ഇതിപ്പോ ഒരു പ്രശ്നം തന്നെയാണ് ..... wat to do!!!!

  ReplyDelete
 36. കുടുംബ ബന്ധങ്ങളിലെ നഷ്ടമാകുന്ന ഊഷ്മളതയും അതിന്റെ പരിണീത ഫലങ്ങളും നന്നായി അവതരിപ്പിച്ചു.

  ReplyDelete
 37. തെച്ചിക്കോടന്‍-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  സുജിത് കയ്യൂര്‍-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama)-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  അനില്‍കുമാര്‍. സി.പി.-,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 38. Thanks for your visit Mini :-)
  and many thanks for your sweet words
  and your concern the last months !!!

  Hugs Anya

  ReplyDelete
 39. ഇഷ്ടമായി! തുടക്കം ഒരു ഹാസ്യകഥയായിരിക്കുമെന്ന തോന്നലുണ്ടാക്കി. ഗൗരവമായി കണക്കാക്കേണ്ട. 'മദനമോഹന ആചാര്യ ദാസ്' വേണ്ടായിരുന്നു

  ReplyDelete
 40. kalika praskthamaya rachana, valare nannayittundu.... aashamsakal.....

  ReplyDelete
 41. valare nannayittundu. nalloru sandesham
  Sasi, Kannur

  ReplyDelete
 42. ജീവിതത്തിലെ പല പല തിരക്കുകള്‍ക്കും ഇടയില്‍ മക്കളോട് വാത്സല്യം പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുന്ന അമ്മമാര്‍
  അറിഞ്ഞിരിക്കേണ്ട സത്യം നന്നായി അവതരിപ്പിച്ചു.

  ReplyDelete
 43. കൊള്ളാം, ഒന്ന് ചിന്തിപ്പിയ്ക്കുകയും ചെയ്തു...

  ReplyDelete
 44. മോളേന്നു വിളീക്കണോ അമ്മേന്നു വിളിക്കണോ..
  എനിക്കിതു വായിച്ചു ശരിക്കും ചിരിയാവന്നത്.

  ReplyDelete
 45. Anya-,
  Thank You.
  ശങ്കരനാരായണന്‍ മലപ്പുറം-,
  മദനമോഹന ആചാര്യ ദാസ് എന്റെ ബ്ലോഗ്ഗിൽ ഇടയ്ക്കിടെ വരുന്ന ഒരു മനശാസ്ത്രജ്ഞനാണ്. അദ്ദേഹം ഇനിയും വരാം. അഭിപ്രായം എഴുതിയതിന് നന്ദി.
  jayarajmurukkumpuzha-,
  പലരും പലതും മറന്നുപോകുന്നു, അഭിപ്രായം എഴുതിയതിന് നന്ദി.
  Narmavedi-,
  ഒടുവിൽ നർമ്മവേദി എന്നെ പിടികൂടി. ശശിസാറെ നന്ദി. അഭിപ്രായം എഴുതിയതിന് നന്ദി.
  keraladasanunni-,
  എല്ലാവർക്കും തിരക്കാണല്ലൊ, അഭിപ്രായം എഴുതിയതിന് നന്ദി.
  Gopakumar V S (ഗോപന്‍ )-,
  നല്ലത്, അഭിപ്രായം എഴുതിയതിന് നന്ദി.
  ഉഷശ്രീ (കിലുക്കാംപെട്ടി)-,
  വിളിക്കേണ്ട സമയത്ത് വിളിക്കണം. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 46. പുതുവത്സരാശംസകള്‍
  ഹൃദയപൂര്‍വ്വം
  നിശാസുരഭി :)

  ReplyDelete
 47. നിശാസുരഭിക്ക് ഒത്തിരി നന്ദി.
  പിന്നെ എല്ലാവർക്കും നന്ദി.

  ReplyDelete
 48. ഇതിന് കഥ എന്ന് പറയാനെ പറ്റില്ല എന്നാണെന്റെ അഭിപ്രായം.
  അത്ര ശക്തമായ ആശയം ഉള്‍കൊള്ളിച്ചിട്ടുണ്ടായിരുന്നു ഇതില്‍
  കാര്യം ചുരുക്കി പറഞ്ഞു. അത്ര മാത്രം.
  നാം കുടുംബ ബന്ധങ്ങള്‍ മറക്കുന്ന, വിട്ടകലുന്ന ഈ സാഹചര്യത്തില്‍ പ്രസക്തമായ വിഷയം.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 49. പലപ്പോഴും വലിയ വലിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മൂന്നാമത് ഒരാളുടെ ചെറിയ ഇടപെടല്‍ മതിയാകും

  ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..