“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

6/2/11

വേലിയിൽ വിളയാടും പാമ്പ്

                         വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് സാമ്പാറിൽ ചേർത്തപ്പോൾ, ചട്ടിയിൽ‌നിന്ന് ‘ശ്ശ്’ വന്ന നേരത്താണ് ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ടത്. ഉച്ചഭക്ഷണനേരത്ത് വീട്ടിൽ വരുന്നത് ആരാണെന്നറിയാനായി വരാന്തയിൽ വന്നപ്പോൾ ഞാൻ കണ്ടു;
ഒരു ചെറുപ്പക്കാരി,,,
അനായാസം ഗെയ്റ്റ്‌ തള്ളിത്തുറന്ന് മുറ്റത്തുകൂടി നടന്ന്‌‌വന്ന അവൾ, ഒരക്ഷരവും പറയാതെ നോട്ട്ബുക്കിൽ‌നിന്നും ഒരു കാർഡ്‌എടുത്ത് എന്റെ നേരെ നീട്ടി.
                       ആ കാർഡ് വായിക്കുന്നതിനു മുൻപ് അവളെ ഞാനൊന്ന് നോക്കി, ഏതാണ്ട് ഇരുപത് വയസ്സ് പ്രായം തോന്നുമെങ്കിലും, പട്ടിണികൊണ്ടായിരിക്കണം, വളർച്ച തീരെയില്ല. കീറിയ സാരി ചുറ്റിയിട്ട് അതിന്റെ അറ്റം തലയിൽ പുതച്ചിരിക്കുന്നു. വലതുചുമലിൽ തൂങ്ങുന്ന ഒരു ബാഗും ഇടതുകൈയിൽ പ്ലാസ്റ്റിക്ക് സഞ്ചിയും; ശരിക്കും ഒരു അണ്ണാച്ചിപ്പെണ്ണ്,
അവൾ ഭിക്ഷാടനത്തിനായി വന്നതാണ്.

കാർഡ് വായിക്കാതെ അവളെ നോക്കുന്നതുകൊണ്ടാവണം ചിലമ്പുന്ന ഒച്ചയിൽ അവൾ പറയാൻ തുടങ്ങി,
“അമ്മാ, എങ്ക ഊരിലെ പൂരാ വരുമൈ, നാൻ മട്ടും താൻ തപ്പിച്ചത്; അമ്മ, അപ്പ, അക്ക, എല്ലാരുമേ ചത്തുപോയാച്ച്”
അതുകേട്ടപ്പോൾ ആ മുഷിഞ്ഞ കാർഡ് ഞാൻ വായിച്ചു,
“മാന്യരെ,
സുന്ദരപുരം എന്ന ഗ്രാമത്തിൽ ഏതാനും വർഷങ്ങളായി മഴപെയ്യാത്തതിനാൽ കൃഷിയും കന്നുകാലികളും നശിച്ചുപോയിരിക്കുന്നു. അവിടെയുള്ള അനേകം ആളുകൾ പട്ടിണികൊണ്ട് മരിക്കുകയും കൊള്ളക്കാർ വന്ന് വീടുകൾ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. രക്ഷപ്പെട്ടവർ ജീവിക്കാൻ മാർഗ്ഗമില്ലാതെ അലയുകയാണ്. ഈ കാർഡുമായി വരുന്ന വ്യക്തിക്ക് താങ്കളാൽ കഴിയുന്ന സഹായം നൽകണമെന്ന് അപേക്ഷിക്കുന്നു.
ദൈവം നിങ്ങളെ സഹായിക്കും.
സംഭാവനകൾ പണമായും വസ്ത്രങ്ങളായും നൽകാം”
കാർഡ് വായിച്ചപ്പോൾ എനിക്കാകെ സംശയം;
“ഈ കൊള്ളക്കാർ,,,?”
“അമ്മാ, തിരുട്ട് കൂട്ടം എല്ലാം തിരുടിയാച്ച്,,, എൻ അക്കാ മുനിയമ്മാവെ തിരുട്ട് കൂട്ടം കൊന്നാച്ച്”

ഞാൻ ചിന്തിക്കാൻ തുടങ്ങി,,,
                        തിരുട്ടുഗ്രാമത്തിലെ തിരുടന്മാർ മലയാളക്കരയിൽ വന്ന്, വീട്ടിലും ബാങ്ക് ലോക്കറിലും പൂട്ടിവെച്ചതിനാൽ പൂത്ത്‌ പൊങ്ങിവരുന്ന, പൊന്നും പണവും കൊള്ളയടിച്ച് കൊണ്ടുപോകാറുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാൽ സ്വന്തക്കാരായ തമിഴന്മാരെയും ആക്രമിക്കാറുണ്ടെന്ന് ആദ്യമായാണ് കേൾക്കുന്നത്.
അതും ഒരു തമിഴത്തിയുടെ നാവിൽ‌നിന്ന്;,,,
പാവം,,,
                       അവളുടെ കഥനകഥ കേട്ടപ്പോൾ എന്റെ മനസ്സിൽ ദയയും സഹാനുഭൂതിയും ഉണർന്നു. ഭാവിജീവിതത്തിൽ അവൾ അനുഭവിക്കാനിടയുള്ള പീഡനപരമ്പരകൾ എന്റെ തലച്ചോറിലൂടെ ഫ്ലാഷ് ചെയ്തു. അവളെ സഹായിക്കാൻ കെല്പുള്ള അനേകം ആളുകൾ ഈ ലോകത്തുണ്ടാവാം,,,
പെട്ടെന്ന്, വളരെപെട്ടെന്ന് ഒരു ചിന്ത എന്നിലേക്ക്, കടന്നുവന്നു,
അങ്ങനെയുള്ള ആ ഒരാൾ ഞാൻ തന്നെ ആയാലോ? എന്തുകൊണ്ട് എനിക്ക്, അവളെ സഹായിച്ചുകൂടാ?
ഒരു മനുഷ്യജീവിയെ പ്രത്യേകിച്ച് ഒരു പെൺ‌കുട്ടിയെ സഹായിച്ചാൽ ലഭിക്കാനിടയുള്ള പുണ്യവും പ്രശസ്തിയും ഞാൻ ഓർത്തുനോക്കി.
        
                        ഇതാണ് അവസരം, ഇങ്ങനെയൊരു പുണ്യകർമ്മം ചെയ്യാനാവണം, റീട്ടയേർഡ് അദ്ധ്യാപികയായ എന്റെ മുന്നിൽ ദൈവം ഇവളെ എത്തിച്ചത്. വിദേശത്ത് ജോലിയുള്ള മക്കൾ രണ്ട്‌പേരും കല്ല്യാണം കഴിച്ച് കുടുംബസമേതം ജോലിസ്ഥലത്ത് താമസമാക്കിയതോടെ ഇടയ്ക്കിടെയുള്ള ഫോൺ വിളികൾ മാത്രമാണ് ഇത്തിരി ആശ്വാസം. കൊച്ചുമക്കളുടെ കൊഞ്ചലുകൾ മൊബൈലിലൂടെ കേൾക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ് അപ്പൂപ്പനും അമ്മൂമ്മയും. ‘ആയകാലത്ത് കുട്ടികളെ പഠിപ്പിച്ചതുകൊണ്ട്, അച്ഛനും അമ്മയും സർക്കാർ നൽകുന്ന പെൻഷൻ വാങ്ങി സുഖമായി ജീവിച്ചുകൊള്ളും’, എന്ന് മക്കൾക്കറിയാം. അതിനിടയിൽ ഒരു സഹജീവിയെ, അതും ഒരു പെൺകുട്ടിയെ സഹായിക്കാൻ ലഭ്യമാകുന്ന സുവർണ്ണാവസരം എന്തിന് പാഴാക്കണം??,,,
കാർഡ് അവൾക്ക് നൽകിയശേഷം ഞാൻ അവളോട് ചോദിച്ചു,
“നിന്റെ പേരെന്താ?”
“എൻ‌പേര് മണിയമ്മ,,”
എനിക്ക് ആ പേര് പിടിച്ചില്ല, ഇത്തിരിപ്പോന്ന പെണ്ണിന് പേരിന്റെ കൂടെ അമ്മ, ഞാൻ പറഞ്ഞു,
“മണിക്കുട്ടി എന്ന് ഞാൻ വിളിക്കാം, നീ ഇവിടെ നിൽക്കുന്നോ?”
എന്റെ ചോദ്യം കേട്ട് അവൾ അവിശ്വസനീയമായ ഒരു നോട്ടം എന്നിലേക്കെറിഞ്ഞു,
“അമ്മ എന്ന കേക്കറീങ്കോ? എനക്ക് രൊമ്പ സന്തോഷം”

                         കൈപിടിച്ച് അവളെ വീട്ടിനകത്തേക്ക് ആനയിക്കുമ്പോൾ വലതുകാൽ വെച്ച്‌ കയറ്റാൻ പ്രത്യേകം ശ്രദ്ധിച്ചു. അകത്തു കയറിയ അവളെ നേരെ അടുക്കളയിലേക്ക് പ്രവേശിപ്പിച്ച നേരത്ത്, വീട്ടിനകത്തുള്ള ഓരോ വസ്തുക്കളിലും ഒരു കുട്ടിയുടെ കുസൃതിയോടെ അവളുടെ കണ്ണുകൾ പതിയാൻ തുടങ്ങി.
പക്ഷെ,,, അവൾക്ക് ചുറ്റുമുള്ള അസഹനീയമായ ഒരു ഗന്ധം, ഞാനാകെ വല്ലാതായി;
ഇതിനെയാണോ ഇനി കൂടെ താമസിപ്പിച്ച് പോറ്റാൻ തീരുമാനിച്ചത്. ഞാനവളെ നേരെ കുളിമുറിയിലേക്ക് നടത്തിയിട്ട് കുളിക്കാൻ പറഞ്ഞു,
“നീ പോയി കുളിച്ചേച്ച് വാ,,,”
“അമ്മ എന്ന ശൊല്ലറീങ്കോ? എനക്ക് തെരിയലൈ”
                         ജനിച്ചിട്ടിതുവരെ കുളിക്കാത്ത ഇവളുടെ ഭാഷയിൽ കുളിക്കുന്നതിന് എന്തായിരിക്കും പറയുന്നത്? ഞാൻ ടേപ്പ് തുറന്ന് വെള്ളം ബക്കറ്റിൽ ഒഴിച്ച് കുളിയുടെ ആൿഷൻ കാണിച്ചു. പിന്നെ സോപ്പും തോർത്തും കൊടുത്തപ്പോൾ കാര്യം മനസ്സിലാക്കിയ അവൾ സാരി അഴിക്കാൻ തുടങ്ങി. അപ്പോഴുണ്ടായ ദുർഗന്ധം സഹിക്കാനാവാതെ പെട്ടെന്ന് ഞാൻ പുറത്തിറങ്ങി.

                            നേരെ അടുക്കളയിൽ വന്ന് രണ്ട് പ്ലെയിറ്റിൽ ചോറും കറിയും വിളമ്പി. വിശപ്പിന്റെ വിളി വരുന്ന ഉച്ചനേരമാണല്ലൊ; ഡൈനിംങ്ങ്‌ടേബിളിൽ ഭക്ഷണവും വെച്ച് ഏതാനും മിനുട്ടുകൾ അവളെ കാത്തിരുന്നു. ബന്ധുവീട്ടിൽ വിവാഹത്തിന് പോയ ഭർത്താവ് വീട്ടിലെത്താൻ വൈകുമെന്ന കാര്യം ഉറപ്പാണ്.
                            ബാത്ത്‌റൂമിൽ നിന്ന് പുറത്തുവന്ന അവൾ ഒരു കൊച്ചുസുന്ദരി ആയി മാറിയിട്ടുണ്ട്. മണ്ണിന്റെ നിറം മാറിയപ്പോൾ മുഖം ചുവന്ന് തുടുത്തിരിക്കയാണ്. അവളുടെ വിടർന്ന കണ്ണുകളിൽ നോക്കിയിരിക്കെ പെട്ടെന്ന് ഞാൻ മുഖം തിരിച്ചു,
ആ നാറ്റം,,,
ഓ,,, അവളുടെ ഡ്രസ്സ് പഴയത് തന്നെയാണല്ലൊ, അതിൽനിന്നാവണം,,,
                            ഞാൻ ഷെൽഫ് തുറന്ന് ഒരു മാക്സി എടുത്തു; എന്നാൽ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ മകളുടെ പഴയ ചൂരിദാർസെറ്റ് എടുത്ത് അവൾക്ക് നൽകി. പിന്നെ പൌഡർ, കണ്മഷി, പൊട്ട് തുടങ്ങിയവയും.
                            എല്ലാം അണിഞ്ഞ് അസ്സൽ മണിക്കുട്ടിയായി അവൾ മുന്നിൽ വന്നപ്പോൾ എന്റെ മനസ്സിൽ ആഹ്ലാദം അലയടിക്കാൻ തുടങ്ങി. ഞാൻ നൽകിയ ചോറും കറിയും എടുത്ത് അടുക്കളയുടെ ഒരുവശത്ത് പോയിരുന്ന് കഴിക്കുന്നതിനിടയിൽ പ്ലാസ്റ്റിക്ക് സഞ്ചി ഒരു മൂലയിൽ വെച്ചെങ്കിലും ബാഗ് താഴെവെക്കുന്നതേയില്ല.

                            ‘പാവം പെണ്ണ്, ഇത്രയും കാലത്തെ ജീവിതത്തിൽ എന്തെല്ലാം ദുരന്തങ്ങളായിരിക്കും അവൾ അനുഭവിച്ചത്. ഇനിയവൾ കഷ്ടപ്പെടരുത്, ഒരു നല്ല ജീവിതം അവൾക്ക് നൽകണം. ഒരു നല്ല കാര്യം ചെയ്തെന്ന സംതൃപ്തി എനിക്ക് ഉണ്ടാവണം’ 
വൈകുന്നേരംവരെ ഞാനും മണിക്കുട്ടിയും പലതും പറഞ്ഞു.
എങ്ങനെയെന്നോ?
എന്റെ കാര്യം എന്റെ ഭാഷയിലും അവളുടെ കാര്യം അവളുടെഭാഷയിലും. സത്യം പറഞ്ഞാൽ നമുക്ക് രണ്ട്‌പേർക്കും ഒന്നും മനസ്സിലായില്ല.

                            അങ്ങനെ ചിരിച്ച് കളിച്ച് ടീവി കാണുന്നതിനിടയിൽ സുഹൃത്തിന്റെ വീട്ടിൽ വിവാഹത്തിന് പോയ അദ്ദേഹം വന്നു. 
,,,പെട്ടെന്ന് എന്റെ തലയിൽ ഒരു മിന്നൽ!!!!
ഇങ്ങനെയൊരു പരദേശിയെ വീട്ടിൽ‌കയറ്റി കുടിയിരുത്താൻ ആരോടും അഭിപ്രായം ചോദിച്ചില്ല, പറഞ്ഞുമില്ല. എല്ലാം സ്വന്തം ഇഷ്ടപ്രകാരം,,,,,
അത്‌പിന്നെ നല്ലകാര്യം ചെയ്താൽ ആരെങ്കിലും എതിർക്കുമോ?,,,,
വീടിന്റെ ഉമ്മറത്ത്‌ കയറിയ ഭർത്താവ്, സന്തോഷം ഒളിപ്പിക്കാനാവാത്ത എന്റെ മുഖം കണ്ടപ്പോൾ ചോദിച്ചു,
“എന്താ ടീച്ചറെ പതിവില്ലാതെ ഒരു ചിരി? ഞാനില്ലാത്ത നേരം‌നോക്കി നിനക്ക് കൂട്ടായി നുണപറയാൻ ആരെങ്കിലും ഇവിടെ വന്നോ?”
“ഇവിടെ ആരെങ്കിലും വന്നാൽ മാത്രമാണോ എനിക്ക് സന്തോഷം ലഭിക്കുനത്?”
“അതുപിന്നെ എനിക്കറിയില്ലെ? ഏകാന്തത ഇഷ്ടപ്പെടാത്തവളല്ലെ നീ; നമ്മുടെ അയല്പക്കത്തുള്ള ആരെങ്കിലും നുണപറയാൻ വന്നിരിക്കും?”
“അതൊന്നുമല്ല, മാഷോട് ചോദിക്കാതെ ഞാനൊരുകാര്യം ചെയ്തു; എന്നെ വഴക്കൊന്നും പറയരുത്,,,”
“ഞാനെന്തിന് വഴക്ക് പറയണം; നീ ചെയ്യുന്നതെല്ലാം നല്ലതാണെന്ന് എനിക്കറിയില്ലെ മോളേ”
ഈ മോളേ എന്നുള്ള വിളി സ്നേഹം വന്നാലും ദേഷ്യം വന്നാലും കേൾക്കുന്നതാണ്. പിന്നെ ദേഷ്യം വരുമ്പോൾ മോളേ എന്നുള്ളതിനു മുന്നിൽ മറ്റൊരു നാമം കൂടി ഉണ്ടാവും, എന്ന്‌മാത്രം.
“എന്നാല് ഞാനൊരാളെ കാണിച്ച് തരാം”

                         അകത്ത് കടന്ന് സ്വീകരണമുറിയിലെ തറയിലിരുന്ന് ടീവി കാണുന്ന ആ കൊച്ചുമിടുക്കിയെ കൈപിടിച്ച് പുറത്തിറക്കി അദ്ദേഹത്തിന്റെ മുന്നിൽ നിർത്തി.
അത്രയും‌നേരം ചിരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മുഖം പെട്ടെന്ന് ഇരുണ്ടു, തുടർന്നുണ്ടായ ഞെട്ടൽ വെളിയിൽ കാണിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ വാക്കുകൾ പുറത്തുവന്നു,
“ഇത്,, ഇതാര്?”
“ഇവളാണ് മണിക്കുട്ടി, ബന്ധുക്കളെല്ലാം മരിച്ച ഇവൾക്ക് ആരുമില്ല. നോട്ടീസുമായി സഹായത്തിന് വന്നതാ. ഞാനിവളെ വളർത്താൻ പോവുകയാണ്”
“വളർത്താനോ?” അദ്ദേഹം ദേഷ്യം‌കൊണ്ട് വിറച്ചു.
“അതെ, വയസ്സുകാലത്ത് നമുക്ക് കൂട്ടായിട്ട്,,,”
“വെറുതെ ഒരോന്ന്, എടുത്ത് തലയിൽ കയറ്റി വെച്ചാൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് നിനക്കറിയോ? ഇതെന്താ പട്ടിയോ, പൂച്ചയോ ആണോ,, വഴിയിലുള്ളതിനെ എടുത്ത് വളർത്താൻ?”
“അത്‌പിന്നെ നമ്മള് ഒറ്റയ്ക്ക് ഇവിടെ കഴിയുമ്പോൾ; ഒരു അനാഥപെൺകുട്ടിയെ വളർത്തുന്നത് നല്ലകാര്യമായിട്ടാ എനിക്ക് തോന്നിയത്”
                        എനിക്കാകെ പ്രയാസമായി, ഇത്രയും വലിയ ഒരു പുണ്യകർമ്മം ചെയ്തിട്ട് കുറ്റപ്പെടുത്തുകയാണ്. പിന്നെ ചോദിച്ച് അനുവാദം വാങ്ങിയില്ലപോലും, പെട്ടെന്ന് മുന്നിൽ വന്ന ഒരു അനാഥയെ രക്ഷപ്പെടുത്താൻ തുനിഞ്ഞ ഞാനെന്തിന് അനുവാദം ചോദിക്കണം? സ്ത്രീക്കും പുരുഷനും തുല്യ അവകാശമല്ലെ, നമ്മുടെ നാട്ടിൽ,,,
“എന്നാലും നിനക്ക് എന്നോടൊന്ന് ചോദിക്കാമായിരുന്നില്ലെ? അല്ലെങ്കിൽ നമ്മുടെ മക്കളിൽ ആരെയെങ്കിലും വിളിച്ച് പറഞ്ഞൂടായിരുന്നോ? ആണായ ഞാനൊരാൾ ഇവിടെയുള്ളപ്പോൾ ഒരു ചെറുപ്പക്കാരിയെ ഇവിടെ കുടിയിരുത്തിയാൽ നാട്ടുകാരെന്ത് പറയുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?”
“മക്കളോട് ഞാൻ പറഞ്ഞോളും, പിന്നെ നിങ്ങളെ എനിക്ക് വിശ്വാസമാ,,,”
“ആ,, എന്തെങ്കിലും ആയിക്കൊ,, എനിക്ക് നിന്റെ സന്തോഷം മതി”

                          ചായ കുടിക്കുന്നതിനിടയിൽ അദ്ദേഹം കൂടുതലൊന്നും സംസാരിച്ചില്ല. അദ്ദേഹത്തിന്റെ സംസാരം കേട്ട് ഭയപ്പെട്ടാവണം മണിക്കുട്ടി അടുക്കളയിൽ‌നിന്ന് പുറത്തിറങ്ങിയതേ ഇല്ല.
സന്ധ്യവിളക്ക് വെച്ച നേരത്ത് അവൾ കൈകൂപ്പി ഒരു കീർത്തനം ചൊല്ലി.
“തിരുമുരുകാ ആണ്ടവനെ ഉലകം കാപ്പവനേ
……………..
അനാഥയായ പെൺകുട്ടിക്ക് സനാഥയാണെന്ന തോന്നൽ ഉണ്ടായോ? വിളക്കിനു മുന്നിൽ കൈകൂപ്പിയിട്ട് അവൾ ചൊല്ലിയ കീർത്തനാലാപനം കേട്ടപ്പോൾ, ഞങ്ങളുടെ വീടിന് പുത്തൻ ഐശ്വര്യം കടന്നുവന്നതു പോലെ തോന്നി. ‘അമ്മാ’ എന്ന് അവളുടെ വിളികേട്ട ഞാൻ കോൾമയിർ കൊണ്ടു. പൂർണ്ണമനസ്സോടെയല്ലെങ്കിലും ഞാൻ ചെയ്ത നല്ലകാര്യം അദ്ദേഹം അംഗീകരിച്ചിരിക്കയാണെന്ന് വിശ്വസിക്കാൻ ശ്രമിച്ചു.

                           അത്താഴത്തിനുശേഷം അദ്ദേഹം നേരത്തെ ഉറങ്ങാൻ കിടന്നത് എന്നിൽ അസ്വസ്ഥതയുടെ വിത്തുകൾ വിതച്ചു. ഏത് കാര്യവും മനസ്സുതുറന്ന് സംസാരിച്ച് എല്ലാപ്രയാസങ്ങളും ഇറക്കിവെക്കുന്ന ഞങ്ങൾക്കിടയിൽ മണിക്കുട്ടിയുടെ വരവോടെ ഒരു വിടവ് സൃഷ്ടിച്ചിരിക്കയാണ്. ഒരു ദിവസം പോയിട്ട് ഒരു സെക്കന്റ്‌പോലും മൌനമായിരിക്കാനാവാത്ത എനിക്ക് ആകെ ഒരു വിമ്മിഷ്ടം. ജീവിതത്തിൽ എപ്പോഴും തോറ്റുകൊടുക്കുന്ന ഞാൻ ഇന്നേതായാലും തോൽക്കാൻ തയ്യാറല്ല. ഒരു നല്ലകാര്യം ചെയ്യാൻ പെർമിഷൻ ചോദിക്കണം പോലും!
‘ഉറങ്ങുന്നവർ ഉറങ്ങട്ടെ, വിളിച്ചുണർത്തി കാര്യങ്ങൾ പറഞ്ഞുതീർക്കാതെ, ഇന്നെങ്കിലും എനിക്ക് ഉറങ്ങാനാവുമോ എന്നൊന്ന് നോക്കാം’.

                            അങ്ങനെ ഉറങ്ങാൻ കിടന്നപ്പോഴും എന്റെ ചിന്തകൾ മുറിക്ക് പുറത്തും വീട്ടിനു പുറത്തും കറങ്ങിനടക്കുകയാണ്. അടുക്കളയോട് തൊട്ടടുത്ത മുറിയാണ് മണിക്കുട്ടിക്ക് കൊടുത്തത്. അവിടെ അവൾ സുഖമായി ഉറങ്ങുന്നത് കണ്ടിട്ടാണ് ഇങ്ങോട്ട് വന്നത്. എന്റെ മനസ്സിൽ പലതരം ചിന്തകൾ ഉയരാൻ തുടങ്ങി,
അവളൊരു പെൺകുട്ടിയല്ലെ? എനിക്ക് എന്റെ ഭർത്താവിനെ വിശ്വാസമാണെങ്കിലും, മറ്റുള്ള ആളുകൾ, അതുപോലെ ചിന്തിക്കണമെന്നുണ്ടോ? അവളെ കണ്ടപ്പോൾ അല്പം ദയതോന്നിയിട്ട്  ജീവിതത്തിൽ ഒരു നല്ല കാര്യം ചെയ്യാൻ തീരുമാനിച്ചിട്ട്‌, ഇപ്പോൾ ആകെ ഉറക്കം വരാത്ത അവസ്ഥയായി. കണ്ണടച്ചിട്ടും ഉറക്കം വരാതെ തിരിഞ്ഞുകിടക്കുമ്പോൾ തൊട്ടടുത്ത് ഒന്നും അറിയാതെ കിടന്നുറങ്ങുന്ന മാഷെ, സിനിമയിൽ കാണുന്നതുപോലെ തള്ളി താഴെയിടാൻ തോന്നി.

ശ്,,ശ്,,,ശ്,,,ശ്,,,,,  ഒരു ശബ്ദം;
ശ്,,,ശ്ശ്,,,ശ്ശ്,,,   വീണ്ടും ആ ശബ്ദം ഉയരുകയാണ്, തൊട്ടടുത്ത മുറിയിൽ നിന്ന്;
ഓ, അത് അവളായിരിക്കും, മണിക്കുട്ടി; ഉറക്കത്തിൽ വല്ലതും പറയുന്നതാവാം. ഏറെക്കാലം അലഞ്ഞുനടന്ന അവൾ മനഃസമാധാനത്തോടെ ഉറങ്ങുന്നതിനിടയിൽ സ്വപ്നം കണ്ട് സംസാരിച്ചതാവണം,,,
ശ്,,ശ്ശ്,ശ്ശ്,ശ്ശ്,,,,,ശ്ശ്,,, ശബ്ദം വീണ്ടും ഉയരുകയാണ്,,
എല്ലാ മുറികളിലും കടന്ന് ജനാലയും വാതിലും അടച്ചുപൂട്ടിയെന്ന് ഉറപ്പുവരുത്തി ഉറങ്ങാൻ കിടന്നതാണ്,, അപ്പോൾ ശബ്ദം അവൾ ഉറക്കത്തിൽ സംസാരിക്കുന്നതാവണം. പറയുന്നത് തമിഴിൽ ആയിരിക്കും,, അബോധമനസ്സിൽ നാവിൽ വിളയാടുന്നത് മാതൃഭാഷ ആയിരിക്കുമല്ലൊ!!
ഒന്ന് കേട്ടാലോ??

                          അദ്ദേഹത്തെ ഉണർത്താതെ കിടക്കയിൽ നിന്നെഴുന്നേറ്റ ഞാൻ, വളർത്തുപൂച്ചയുടെ മെയ്‌വഴക്കവുമായി, ചിരപരിചിതമായ വഴികളിലൂടെ ആ ഇരുട്ടിൽ നടന്ന് ഡൈനിംഗ് റൂമിലൂടെ അടുക്കളക്ക് സമീപം എത്തി. അടുക്കളവാതിലിന് ഇടതുവശത്താണ്, ഞാൻ അവൾക്കായി മുറി ഒരുക്കിയത്. അതിനകത്ത് ലൈറ്റ് ഓൺ ചെയ്തില്ലെങ്കിലും വെന്റിലേറ്ററിലൂടെ നേർത്ത വെളിച്ചം ഒഴുകിവരുന്നുണ്ട്; ഒപ്പം അവ്യക്തമായ ശബ്ദവും. എന്നിലെ ജിജ്ഞാസ ഉച്ചസ്ഥായിയിലെത്തി,
,,, ഈ നട്ടപ്പാതിരക്ക് എന്റെ വീട്ടിലെ മുറിയിൽ‌വെച്ച് നടക്കുന്നത് അറിയണമല്ലൊ? വാതിൽ അടച്ചതിനാൽ ഒളിഞ്ഞുനോട്ടത്തിനുള്ള വഴി ഉയരത്തിലുള്ള ഒരു വെന്റിലേറ്റർ മാത്രമാണ്. സമീപമുള്ള ഒരു ചെയർ ശബ്ദമില്ലാതെ എടുത്ത് ആ വെന്റിലേറ്ററിനു ചുവട്ടിൽ വെച്ച്, തൊട്ടടുത്തുള്ള ഷെൽഫിൽ പിടിച്ച് ഡൈനിംഗ് ടേബിളിനു മുകളിൽ കയറി മേലോട്ട് നോക്കി. ഇപ്പോൾ ഒന്നും കാണുന്നില്ലെങ്കിലും ശബ്ദം വ്യക്തമാണ്,
“അണ്ണാ, നീങ്കൾ എന്ന ശൊല്ലറേൾ?”
ഞാനാകെ ഞെട്ടിത്തരിച്ചു,
അടച്ചുപൂട്ടിയിട്ട് ഒറ്റക്ക് ഉറങ്ങാൻ കിടന്ന ഇവളുടെ മുറിയിൽ എങ്ങെനെ അണ്ണൻ കയറിവന്നു???
എനിക്ക് തോന്നിയതാണോ?

ഞാൻ ഷെൽഫിൽ പിടിച്ച് പരമാവധി എത്തിവലിഞ്ഞ് അകത്തേക്ക് നോക്കി,,,
                          അവിടെ അവൾ മൊബൈലിൽ സംസാരിക്കുകയാണ്!!! അപ്പോൾ ഇതാകെ പുലിവാലായോ? അവളുടെ മുഖം കാണാനാവില്ലെങ്കിലും ബൊബൈലിന്റെ വെളിച്ചം വ്യക്തമാണ്, അവൾ ആരോടോ പറയുകയാണ്,
“നാനിങ്കെ ഇരുക്കുമാട്ടേൻ, മുടിഞ്ചളവുക്ക് മാലേം വളേം രൂപായും തിരുടിക്കിട്ട് പോയൂടുവേൻ. അന്ത അയ്യാവേം ആത്താവേം തട്ടിക്കളയും. കൊഞ്ചം നാൾ പോഹട്ടും, അണ്ണാവുക്ക് ഇങ്കെ വരറതുക്ക് റൂട്ട് നാൻ ശൊല്ലിത്തിരുകിറേൻ”

                               നിൽക്കുന്നത് മേശപ്പുറത്താണെന്ന ബോധമുള്ളതിനാൽ നിശബ്ദമായി ഞാൻ താഴെയിറങ്ങി. ആകെ ഒരു വിറയൽ,,, പോറ്റിവളർത്താൻ കൊതിച്ചത് കാലന്റെ കുരുക്കുമായി വന്നവളെയാണോ? വീട്ടിലുള്ളവരെ തട്ടിക്കളഞ്ഞ്, പൊന്നും പണവും അടിച്ചുമാറ്റി സ്ഥലം വിടാനാണ് അവളുടെ പ്ലാൻ!!!!
അല്പനേരം ചിന്തിച്ച്, അവളുടെ മുറിയുടെ വാതിൽ പുറത്തുനിന്ന് ലോക്ക് ചെയ്യുമ്പോൾ ശബ്ദം പുറത്തുവന്നില്ല. തിരിച്ച് ബഡ്‌റൂമിലേക്ക് നടന്ന് ഉള്ളിൽ പ്രവേശിച്ചപ്പോൾ ആ വാതിലും നന്നായി അടച്ചുപൂട്ടി.

                          അദ്ദേഹം സുഖമായി ഉറങ്ങുകയാണ്; ഞാൻ പോയതും വന്നതും അറിഞ്ഞിട്ടേയില്ല. ശരീരവും മനസ്സും ചേർന്ന് ആകെ ഒരു വിറയൽ കാരണം എന്നിൽ‌നിന്നും ഉറക്കം അകന്നു മാറിയിരിക്കയാണ്. തലയും തടവിക്കൊണ്ട് ഞാൻ ചിന്തിക്കാൻ തുടങ്ങി,
“നാളെ നേരം പുലർന്ന് കഴിഞ്ഞാൽ, ഈ തല കഴുത്തിനുമുകളിൽ നിലനിർത്താനായി എന്തെല്ലാം ചെയ്യണം?”

45 comments:

 1. വേലിയിൽ വിളയാടിയ പാമ്പിനെ എടുത്ത് കയറ്റിയത് ശരിക്കും തലയിൽ തന്നെ!
  …അവളൊരു പെൺകുട്ടിയല്ലെ? എനിക്ക് എന്റെ ഭർത്താവിനെ വിശ്വാസമാണെങ്കിലും, മറ്റുള്ള ആളുകൾ, അതുപോലെ ചിന്തിക്കണമെന്നുണ്ടോ? അവളെ കണ്ടപ്പോൾ അല്പം ദയതോന്നിയിട്ട് ജീവിതത്തിൽ ഒരു നല്ല കാര്യം ചെയ്യാൻ തീരുമാനിച്ചിട്ട് ഇപ്പോൾ, ആകെ ഉറക്കം വരാത്ത അവസ്ഥയായി. തൊട്ടടുത്ത് ഒന്നും അറിയാതെ കിടന്നുറങ്ങുന്ന മാഷെ കണ്ടപ്പോൾ സിനിമയിൽ കാണുന്നതുപോലെ തള്ളി താഴെയിടാൻ തോന്നി.

  ReplyDelete
 2. തമിഴ് ഡയലോഗുകൾക്ക് കടപ്പാട്: എച്ചുമുവിനോട്

  ReplyDelete
 3. (((((((( ഠോ ))))))))))
  തേങ്ങ എന്റെ വക... വായിച്ചിട്ട് ദേ ഇപ്പ വരാം..

  ReplyDelete
 4. കഥ നന്നായി ട്ടോ... ഇന്നത്തെ കാലത്ത് നല്ല കാര്യം ചെയ്യാന്‍ നൂറു വട്ടം ആലോചിക്കണം.. പലതും പാരയായി നമ്മുടെ നേരെ തന്നെ വരും..
  എന്നാലും കാര്‍ഡ്‌ ഉം കൊണ്ട് വരുന്നവരെ വീട്ടില്‍ കേറ്റി താമസിപ്പിക്കുക എന്നതൊക്കെ ഇന്നത്തെ കാലത്ത് ആരെങ്കിലും ചെയ്യുമോ? നാളെ മണിക്കുട്ടിയെ അവര്‍ പറഞ്ഞു വിടുമായിരിക്കും അല്ലെ??

  ReplyDelete
 5. ആർക്ക് ആരേയും വിശ്വസിക്കാൻ കഴിയില്ല ഇന്നത്തെ കാലത്ത്. കഥ നന്നായി

  ReplyDelete
 6. ഇതു ഭാവനയാണൊ സംഭവമാണോ, അല്ല എങ്ങനെ അവളെ ഒഴിവാക്കി എന്നറിയാന്‍ ചോദിച്ചതാ

  ReplyDelete
 7. @ശാലിനി-,
  തേങ്ങയുടച്ചതിന് പ്രത്യേകം നന്ദി.
  @കിങ്ങിണിക്കുട്ടി-,
  വായിച്ച് അഭിപ്രായം എഴുതിയതിന് നന്ദി.
  @നല്ലി . . . . . -,
  ഒഴിവാക്കാൻ ഒരു വഴി കണ്ടുപിടിച്ച് പറഞ്ഞാൽ നന്നായിരിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 8. ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്. എന്ന് വെച്ച് വിശ്വസിക്കാതെ എങ്ങിനെ ജീവിക്കാനാണ് അല്ലെ.

  ReplyDelete
 9. എന്തിനാ ടീച്ചെറെ വേലിയിൽ കിടന്ന പാമ്പിനെയെടുത്ത്....... ഇതാണ് പഴമക്കാർ പറയുന്നത്...തലയിരിക്കുമ്പോൾ വാല് ആടരുതെന്ന്..... പൂവൻ കോഴി കൂകിട്ട് പോരേ പീടക്കോഴി കൂകാൻ... ഇനിയെങ്കിലും എന്തെങ്കിലും ചെയ്യുമ്പോൾ ചേട്ടനോട് ചോദിച്ചിട്ട് ചെയ്താൽ മതി...കേട്ടോ...

  ReplyDelete
 10. അല്ലേലും ഇന്നത്തെ കാലത്ത് നമ്മളെപ്പോലെ നിഷ്കളങ്ക മനസ്സുള്ളവര്‍ക്ക് ഒരു രക്ഷയുമില്ല ടീച്ചറേ... ഇനിയിപ്പൊ എന്താ ചെയ്യാ? രാവിലെ എണീറ്റ് ഉള്ള സ്വര്‍ണ്ണവും പണവും കൊടുത്ത് പറഞ്ഞുവിടാന്‍ നോക്ക്...

  ReplyDelete
 11. പ്രതീക്ഷിച്ചപോലെത്തന്നെ.

  നിഷ്കളങ്കയായ വീട്ടമ്മ,വീട്ടുവേലക്കാരിയായെത്തിയ തിരുട്ടു തമിഴത്തി.


  അവതരണവും അത്ര പോര.
  യെന്തരോയെന്തോ !!!

  ReplyDelete
 12. ദങ്ങനെ തന്നെ വേണം.. ടീച്ചര്‍ക്ക് ദങ്ങനെ തന്നെ വേണം :):) എഴുത്ത് നന്നായി..

  ReplyDelete
 13. മിനി ടീച്ചറെ.. വെറുതേ.. വേണ്ടാത്ത പണിക്കു നില്‍ക്കന്നോ?
  എഴുത്ത് നന്നായി... ആശംസകള്‍

  ReplyDelete
 14. വയസായവര്‍ താമസിക്കുന്ന വീടുകള്‍ ലക്‌ഷ്യം വച്ച് ഇപ്പോള്‍ മോഷണം വ്യാപകമാണ് ......ആരെയും പൂര്‍ണമായി വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ് ......കഥ നന്നായി.....ആശംസകള്‍.

  ReplyDelete
 15. നന്നായി കഥ. ഇക്കാലത്ത് എല്ലാ വീട്ടമ്മമാർക്കും ഒരു താക്കീതായിരിക്കട്ടേ!

  ReplyDelete
 16. അനുഭവമല്ലെന്നു വിശ്വസിക്കട്ടെ. കഥ അസ്സലായി. ഇങ്ങനെ വരുന്ന പെണ്‍ കുട്ടികളോട് എന്തെങ്കിലും ജോലിക്കാര്യം പറഞ്ഞാല്‍ സാധാരണ പെട്ടെന്നു പോവാറാണ് പതിവ്. കാരണം, ഇതാവുമ്പോള്‍ അദ്ധ്വാനമില്ലാത്ത പണിയാണല്ലോ?

  ReplyDelete
 17. സന്‍മനസ്സുള്ളവര്‍ക്കും ഇപ്പോ സമാധാനമില്ല അല്ലേ മിനി ടീച്ചറെ....

  ഇതു കലികാലം സ്പെഷ്യല്‍ :)

  ReplyDelete
 18. @പട്ടേപ്പാടം റാംജി-,
  വിശ്വസിക്കാൻ പ്രയാസമാണ്. അതല്ലെ കാലം. അഭിപ്രായം എഴുതിയതിന് നന്ദി.
  @ചന്തു നായര്‍-,
  ചെറുപ്പക്കാരികളെ വീട്ടിൽ കയറ്റുമ്പോൾ ശ്രദ്ധിക്കേണ്ടതായിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
  @ഷബീര്‍ (തിരിച്ചിലാന്‍)-,
  അവളെ ഒഴിവാക്കാനാണ് ഞാനും ചിന്തിക്കുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.
  @Arun.B-,
  തിരുട്ട് തമിഴത്തിയാണെന്ന് അറിഞ്ഞില്ലല്ലൊ; അഭിപ്രായം എഴുതിയതിന് നന്ദി.
  @Manoraj-,
  ഓ അങ്ങനെയാ,, ഈ തിരുട്ട് പെണ്ണ് അവിടെയും വരും, സൂക്ഷിക്കുക. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 19. ഭഗവാനേ...!!!!!!

  ടീച്ചെറൊരു സംഭവം തന്ന്യാണു കെട്ടോ..!!!

  ReplyDelete
 20. @ismail chemmad-,
  ഒരു നല്ലകാര്യം ചെയ്യാൻ വിചാരിച്ചതാ, അതിങ്ങനെയായി. അഭിപ്രായം എഴുതിയതിന് നന്ദി.
  @ഷാജി, @ശ്രീനാഥന്‍,
  പ്രായമായവർക്ക് അമിതമായ വിശ്വാസം ഉണ്ടാവും. മാറിയ ലോകത്തെക്കുറിച്ച് അവർക്ക് ശരിക്ക് അറിയാത്തതിനാൽ അപകടം വരും. എന്റെ 85 കഴിഞ്ഞ അമ്മ വീട്ടിൽ ഒറ്റക്കുള്ള സമയത്ത് വാതിൽതുറന്ന് പരിചയമില്ലാത്തവർക്ക് കുടിക്കാൻ വെള്ളം കൊടുത്തതിന്റെ പേരിൽ എന്റെ സഹോദരനുമായി വഴക്കുണ്ടാക്കിയിട്ടുണ്ട്. അമ്മയുടെ ഭാഷയിൽ, “അത് മോനെ ഒരു പാവം വയസ്സനല്ലെ. ദാഹിച്ച് വെള്ളത്തിന് ചോദിച്ചാൽ കൊടുക്കുന്നതിൽ എന്താണ് തെറ്റ്?”
  അപകടങ്ങൾ എങ്ങനെയും വരാം’ എന്ന് അറിയുന്നത് നല്ലതാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
  @Mohamedkutty മുഹമ്മദുകുട്ടി-,
  അത് ശരിയാണ്, നല്ല കൂലി കൊറ്റുക്കാമെന്ന് പറഞ്ഞാലും ഇത്തരക്കാർ ജോലി ചെയ്യില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
  @ബിഗു-,
  കലികാലം തന്നെയാ, മറ്റുള്ളവരെ സഹായിക്കുന്നവർ ശ്രദ്ധിക്കുക. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 21. @ഹരീഷ് തൊടുപുഴ-,
  തൊടുപുഴക്ക് സ്പെഷ്യൽ നന്ദി. വീണ്ടും വരിക.

  ReplyDelete
 22. എന്റെ മിനിടീച്ചറെ ...ഇത്രയും വിശാലഹൃദയയാണെന്ന് കരുതിയിരുന്നില്ല .എന്തായാലും കടി കിട്ടാതെ രക്ഷപ്പെട്ടല്ലോ അല്ലേ...ദൈവത്തിനു സ്തുതി.
  .

  ReplyDelete
 23. ശ്ശോ! കഥ വായിച്ചിട്ട് അഭിപ്രായം പറയാന്‍ വന്നപ്പഴാ ഓര്‍ത്തത്....
  അഭിപ്രായം ഇട്ടിട്ട് എന്താ കാര്യം.... ഇത് വായിക്കേണ്ട തല തമിഴത്തി കൊണ്ടോയികാണൂലോന്ന്. കഷ്ടായി.

  തലപോയാലെന്നാ........ഇഷ്ടമ്പോലെ പുണ്യം കിട്ടീലേ :)

  ReplyDelete
 24. മിനി ടീച്ചര്‍, കലക്കി. ഈ കാലത്ത് ആ പാവം ടീച്ചറമ്മ അല്ലാതെ വേറെയാരേലും ഈ പണി ചെയ്യുമോ? നന്നായിട്ടുണ്ട്. പക്ഷേ,ഇത് മിനി നര്‍മ്മത്തില്‍ പെടുത്തുന്നതായിരുന്നു നല്ലത്.

  ReplyDelete
 25. മിനിക്കഥയാണെന്നു നിനച്ചാണ് വായിച്ചു തുടങ്ങിയത്. മിനിയുടെ കഥയാണെന്ന് വായിച്ചപ്പോള്‍ മനസ്സിലായി. ആരെയെങ്കിലുമൊക്കെ വിശ്വസിക്കാതെയും നമുക്ക് ജീവിക്കാനാവില്ലല്ലോ! കഥയെനിക്കിഷ്ടമായി.ആശംസകള്‍
  അത്താണി.ബ്ലോഗ്സ്പോട്ട്

  ReplyDelete
 26. ടീച്ചറെ വയ്യാവേലിയായോ?!!
  ഇപ്പോള്‍ കേള്‍ക്കുന്ന സംഭവങ്ങളൊന്നും അത്ര ശുഭകരമല്ല.

  ReplyDelete
 27. നന്മ മനസ്സ് അലിഞ്ഞുപോകും , അതല്ലേ മിനിടീച്ചര്‍ക്കും പറ്റിയത്...പിന്നെ, തീരുമാനം എടുക്കേണ്ടപ്പോള്‍ അറച്ചു നില്‍ക്കാതെ, ഉചിതമായ തീരുമാനത്തില്‍ തന്നെ എത്തി.പക്ഷേ, അര്‍ഹതയില്ലാത്ത പാത്രത്തില്‍ നല്‍കിയ ഭിക്ഷയായിപ്പോയി അത്...!
  എന്നും നന്മകള്‍ ഉണ്ടാവട്ടെ....

  ReplyDelete
 28. ആദ്യമായിട്ടാണ് ഇ-ലോകത്തിലെ മിനി കഥ വായിക്കുന്നത്.
  തുടക്കം വളരെ ഇഷ്ടപ്പെട്ടു. ഇതുവരെ അടുക്കളയില്‍ ഒന്നും എഴുതിപ്പഠിക്കാത്തതുകൊണ്ട്
  സമയത്തെ കടുകു പൊട്ടിക്കുന്ന ശ്ശീയുമായി ചേര്‍ത്തെടുക്കുന്ന സ്വാഭാവികത് എനിക്ക് പറ്റില്ല.
  കഥാവസനത്തില്‍ കൗതുകം ഉണ്ടായില്ല. പക്ഷേ രസായിട്ട് എഴുതിയിട്ടുണ്ട്.
  കഥനകഥയെ-കദനകഥയാക്കുമല്ലോ.

  ReplyDelete
 29. വളരെ നന്നായി അവതരിപ്പിച്ചു. സംഭവിച്ചതാണോ എന്ന് വരെ തോന്നി. തുടരുക, അഭിനന്ദനങ്ങൾ

  ReplyDelete
 30. @ലീല എം ചന്ദ്രന്‍..-,
  വിശാലഹൃദയ ആയിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
  @ചെറുത്*-,
  അങ്ങനെയൊരു തമിഴത്തിക്ക് കൊടുക്കാനുള്ളതാണോ,,, എന്റെ ഈ തല. വിട്ടുകൊടുക്കില്ല ഞാൻ,,, അഭിപ്രായം എഴുതിയതിന് നന്ദി.
  @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു-,
  നർമ്മം കലർന്ന കഥ ആയി എഴുതിയതാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
  @Haneefa Mohammed-,
  മിനിയുടെ കഥയിലേക്ക് സ്വാഗതം, അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 31. @തെച്ചിക്കോടന്‍-,
  കാലം പോയ പോക്ക് തിരിച്ചറിഞ്ഞില്ലേൽ ഇങ്ങനെയൊക്കെ സംഭവിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
  @കുഞ്ഞൂസ് (Kunjuss)-,
  പൊതുവേ സ്ത്രീകൾക്ക് മൻസ്സിൽ അലിവ് കൂടുതലാണ്. അത് പലപ്പോഴും കുഴപ്പങ്ങൾ ഉണ്ടാക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
  @ഇഗ്ഗോയ് /iggooy-,
  ആദ്യമായി വന്ന് വായിച്ചതിന് നന്ദി, വീണ്ടും വരിക.
  @ബെഞ്ചാലി-,
  സംഭവിക്കാനിടയുള്ളത് ആവാം. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 32. “വഴിയേ പോയ വയ്യാവേലിയേ..ലിരുന്ന പാമ്പിനെയെടുത്ത് തോളിലിട്ടപ്പം...തോളത്തിരുന്നു..ചെവികടിക്കാന്‍ നോക്കുവാ അല്ലേ..!!”-പാവം....!

  കണ്ടാലറിയാത്തവര് കൊണ്ടാലറിയും ടീച്ചറേ...!!!!

  നന്നായിട്ടുണ്ട്
  ആശംസകള്‍..!!

  ReplyDelete
 33. ടീച്ചറെ, സ്വർണ്ണം പോയാലും കുഴപ്പമില്ല....(?) ടീച്ചർമാരുടെ തലകളെങ്കിലും രക്ഷിക്ക്...!
  ഇതാണു പറയണെ ‘വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലാന്ന്...’

  ReplyDelete
 34. http://punnakaadan.blogspot.com/2011/06/blog-post.html

  ReplyDelete
 35. @പ്രഭന്‍ ക്യഷ്ണന്‍-,
  കണ്ടാലറിഞ്ഞില്ലേലും കൊണ്ടപ്പോൾ അറിഞ്ഞു. അഭിപ്രായം എഴുതിയതിന് നന്ദി.
  @വീ കെ-,
  അത് തന്നെയാ ഞാനും പറയുന്നത്, വരാനുള്ളത് ഓട്ടോ പിടിച്ചിട്ടെങ്കിലും വരും. അഭിപ്രായം എഴുതിയതിന് നന്ദി.
  @പുന്നക്കാടൻ-,
  മോനേ ഇതെന്ത് പരിപാടിയാ? എന്റെ കഥ വായിച്ച് അഭിപ്രായം എഴുതാതെ തന്റെ ബ്ലോഗിന്റെ പരസ്യം പതിക്കലോ?

  ReplyDelete
 36. ടീച്ചറെ ...കഥ നല്ല സസ്പെന്‍സില്‍ നിര്‍ത്തിയല്ലോ... യഥാര്‍ത്ഥ സംഭവം ആണേല്‍ ..എന്തായി എന്നും കൂടി പറയണേ..
  ദിപ്പോ ആരെയാ ഒന്ന് വിശ്വസിക്കുന്നെ? എന്തായാലും കഴുത്തിന്‌ മേല്‍ തല ഇപ്പോഴും ഉണ്ടല്ലോ..ദൈവ അനുഗ്രഹം

  ReplyDelete
 37. @ഏപ്രില്‍ ലില്ലി.-,
  ലില്ലിയെ, ഇതുപോലെ ചിന്തിക്കുന്ന വീട്ടമ്മമാർ ഉണ്ടായാൽ ഇതിനപ്പുറവും സംഭവിക്കും. ഇനി അടുത്തതിലേക്ക് പോകട്ടെ, അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 38. ഇത്രേം വിഡ്ഡിത്തം കയ്യിലുണ്ടെന്ന് തീരെ നിരീച്ചില്ല്യാ ഠോ...!!ഇനി ഏതായാലും പാമ്പിന് പൊറത്തേക്ക് ഒരു വഴി കാണിച്ച് കൊട്ക്വാ, അത്രന്നെ.

  ReplyDelete
 39. ഇക്കാലത്ത് എല്ലാ വീട്ടമ്മമാർക്കും ഒരു താക്കീതായിരിക്കട്ടേ,,,നന്നായി കഥ.

  ReplyDelete
 40. നന്നായി കഥ. ഇനിയും എഴുതുക ,,,

  ReplyDelete
 41. വേലിയേല്‍ കിടന്ന പാമ്പിനെ എടുത്തു
  അടുക്കളയില്‍ വെച്ചതുപോലെയായി
  --

  ReplyDelete
 42. വേലിയേല്‍ കിടന്ന പാമ്പിനെ എടുത്തു
  അടുക്കളയില്‍ വെച്ചതുപോലെയായി
  --

  ReplyDelete
 43. ഹ ഹ ഹ.. ഇതാ പറയണേ.. ഈ കാലത്ത് നല്ലതൊന്നും ചെയ്യാന്‍ പാടില്ലാന്നു.. കഥ നന്നായി ട്ടോ..
  പക്ഷെ ക്ലൈമാക്സ്‌ പ്രതീക്ഷിച്ചത് തന്നെ ടീച്ചറെ.. :)

  ReplyDelete
 44. @പള്ളിക്കരയില്‍-,
  ഒരു വഴി പറഞ്ഞുതരാൻ പറഞ്ഞിട്ട്,,, അഭിപ്രായം എഴുതിയതിന് നന്ദി.
  @പ്രദീപ്‌ കുറ്റിയാട്ടൂര്‍-,
  വീട്ടമ്മമാർ കെട്ടിയവനില്ലാത്ത നേരത്ത് ആളാവാൻ നോക്കരുത്,,, അല്ലെ? അഭിപ്രായം എഴുതിയതിന് നന്ദി.
  @കെ.എം. റഷീദ്-,
  അടുക്കളയിലല്ല,,, ആസനത്തിൽ എന്നല്ലെ പറയാറ്,,, അഭിപ്രായം എഴുതിയതിന് നന്ദി.
  @Sandeep.A.K-,
  ക്ലൈമാക്സ് ആദ്യം കണ്ട് തിരക്കഥ എഴുതുന്നതു പോലെ,,, അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 45. എന്തൊരു രസമാണിത് വായിച്ചിരിക്കാൻ.സൂപ്പർ................

  ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..