“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

11/11/11

അനാഥന്റെ വിധി

                               സാക്ഷി മൊഴികളുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി, കുറ്റം ചെയ്തു എന്ന് തെളിഞ്ഞിരിക്കയാണ്; ഇനി ശിക്ഷവിധിക്കണം. വധശിക്ഷയിൽ കവിഞ്ഞ് അവനൊരു ശിക്ഷ നൽകാൻ ഒരു കോടതിക്കും കഴിയില്ല. നീതിപീഠത്തിൽ ഇരിക്കുന്ന ന്യായാധിപൻ, പ്രതിക്കൂട്ടിൽ നിൽക്കുന്ന ആ യുവാവിനെ നോക്കിയിട്ട് പറഞ്ഞു,
“മോഷണത്തിനായി വീട്ടിൽ‌വന്ന താങ്കൾ പകൽ‌സമയം ആരും‌കാണാതെ അകത്ത് കടന്ന് കട്ടിലിനടിയിൽ ഒളിച്ചിരുന്നു, ശരിയല്ലെ?”
“അതെ”
“രാത്രിയായപ്പോൾ ആ കട്ടിലിൽ ഉറങ്ങിക്കിടന്ന വൃദ്ധ ദമ്പതികളെ ഇരുമ്പ്‌വടികൊണ്ടടിച്ച് താങ്കൾ കൊന്നു, ശരിയല്ലെ?”
“അതെ”
“അതിനുശേഷം താക്കോലെടുത്ത് അലമാര തുറന്ന് പണം മോഷ്ടിച്ചു, ശരിയല്ലെ?”
“അതെ”
“പണമെടുത്തശേഷം ആ വൃദ്ധയുടെ ആഭരണങ്ങൾ അഴിച്ചെടുക്കാൻ ശ്രമിച്ചു, ശരിയല്ലെ?”
“അതെ”
“ആഭരണങ്ങൾ പെട്ടെന്ന് ഊരാൻ‌പറ്റില്ലെന്നറിഞ്ഞ താങ്കൾ ആ വൃദ്ധയുടെ കൈകളും കാതുകളും അറുത്ത്‌മാറ്റിയിട്ട് അവ കൈക്കലാക്കി, ശരിയല്ലെ?”
“അതെ”
“എല്ലാം താങ്കൾ പരസഹായമില്ലാതെ ചെയ്തുവെന്ന് സമ്മതിക്കുന്നുണ്ടോ?”
“സമ്മതിക്കുന്നു”
“അപൂർവ്വങ്ങളിൽ അപൂർവ്വമായ ഇരട്ടക്കൊലപാതകവും മോഷണവും നടത്തിയ പ്രതി ശിക്ഷാർഹനാണ്. ശിക്ഷ വിധിക്കുന്നതിന് മുൻപ് പ്രതിക്ക് കോടതിമുൻപാകെ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?”
“ഉണ്ട്”
“പറയു”
“ബഹുമാനപ്പെട്ട കോടതി എന്നെ വെറുതെ വിടണം, എനിക്കാരുമില്ല,,, അച്ഛനും അമ്മയും നഷ്ടപ്പെട്ട ഞാനൊരനാഥനാണ്,,,”

                            ഏതാനും മിനിട്ടുകൾ ന്യായാധിപൻ ചിന്താമഗ്നനായി; തലക്കുമുകളിലെ നീതിപീഠത്തിന്റെ തട്ടുകൾ പലവട്ടം താഴുകയും ഉയരുകയും ചെയ്തു. ഒടുക്കം പ്രതിക്കൂട്ടിൽ നിൽക്കുന്ന അനാഥനെ നോക്കിയിട്ട് വിധിപറഞ്ഞു,
“ഇരട്ടകൊലപാതകവും മോഷണവും നടത്തിയ പ്രതി വധശിക്ഷക്ക് അർഹനാണ്, എങ്കിലും,,, അച്ഛനും അമ്മയും നഷ്ടപ്പെട്ട,,, ഒരു അനാഥനാണെന്ന പരിഗണയിൽ പ്രതിയെ വെറുതെ വിടുന്നു. കൂടാതെ...”
“...ഈ അനാഥയുവാവിന് ഇനിയങ്ങോട്ട് ജീവിക്കാനുള്ള എല്ലാ സഹായവും സർക്കാർ ചെയ്തുകൊടുക്കേണ്ടതാണ്”

വിധിന്യായം കേട്ട് വർദ്ധിച്ച സന്തോഷത്തോടെ വെളിയിലിറങ്ങിയ പ്രതിക്ക്ചുറ്റും പത്രക്കാരും ചാനലുകാരും പൊതിഞ്ഞു, അവർ ചോദിച്ചു,
“താങ്കൾ ഈ വിധിയിൽ സന്തോഷിക്കുന്നില്ലെ?”
“എനിക്ക് വളരെ സന്തോഷമുണ്ട്”
“താങ്കൾക്ക് വേണ്ടി ആരെങ്കിലും കോടതിയെ സ്വാധിനിക്കാൻ ശ്രമിച്ചിട്ടുണ്ടോ?”
“അങ്ങനെ സഹായിക്കാൻ എനിക്കാരുമില്ല, ഞാനൊരനാഥനാണ്”
“അനാഥനാണെന്ന് താങ്കൾ പറയുന്നു; താങ്കളുടെ രക്ഷിതാക്കൾക്ക്, ഐ മീൻ മാതാപിതാക്കൾക്ക് എന്ത് പറ്റി?”
“അച്ഛനും അമ്മയും മരിച്ചു, അല്ല കൊല്ലപ്പെട്ടു”
“മാതാപിതാക്കളെ കൊന്ന് താങ്കളെ അനാഥനാക്കിയത് ആരാണ്? കോടതി അവന് ശിക്ഷ കൊടുത്തില്ലെ?”
“എന്റെ അച്ഛനെയും അമ്മയെയും കൊന്നവനെ കോടതി വെറുതെ വിട്ടു”
“അതെങ്ങനെ?”
“ആ കേസിന്റെ വിധിപറയലാണ് ഇപ്പോൾ നടന്നത്. അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ എന്നെ, അനാഥനാണെന്ന പരിഗണനവെച്ച് കോടതി വെറുതെവിട്ടു”

39 comments:

  1. ക്രുരമായ സത്യമാണ് പറഞ്ഞെതെങ്കിലും ഒരു അവിശ്വസനീയത കഥയിലുണ്ട് ....(നമ്മുടെ പോലീസും കോടതിയും അത്രയ്ക് മണ്ടരാണോ ..വെറുതെ ചോദിച്ചു എന്നെ ഉള്ളു ഹ ഹ ഹ )

    ReplyDelete
  2. ഈ മിനിക്കഥ ഒരു പാട് സന്ദേശങ്ങള്‍ നല്‍കുന്നു .............
    ആശംസകള്‍

    ReplyDelete
  3. @അനീഷ്‌ പുതുവലില്‍-,
    താങ്കൾക്ക് മിനി കഥകളിൽ സ്വാഗതം,
    ‘ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്’ എന്ന് ഒരു ചൊല്ലുണ്ട്. കുറ്റവാളികൾ ഒന്ന്പോലും ‘രക്ഷപ്പെടാൻ പാടില്ല, എന്നാണ് നമുക്ക് ചുറ്റുമുള്ള കുറ്റകൃത്യങ്ങൾ കാണുമ്പോൾ തോന്നുന്നത്. കുറ്റവാളികൾ രക്ഷപ്പെടുന്നതുകൊണ്ടും ശിക്ഷ കുറയുന്നതുകൊണ്ടും കുറ്റങ്ങൾ ആവർത്തിക്കുന്നു. തെറ്റ് ചെയ്യാത്ത പാവങ്ങൾ വേദന തിന്ന് മരിക്കുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
    അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  4. നന്നായി. ഭാഗ്യത്തിന് ഇന്ന് അതുണ്ടായില്ല, ഒരു കോടതിവിധിയിൽ.

    ReplyDelete
  5. പറയാതെ പറഞ്ഞ നീതി ബോധം
    നമ്മുടെ നിഴമ പൂട്ടുകള്‍ വേഗം തുറക്കാം കള്ള താക്കോലാ നല്ലത്

    ReplyDelete
  6. നിയമം തെറ്റിധരിപ്പിക്കപ്പെടുമ്പോൾ അപരാധികൾ നിരപരാധികളാകുന്നു

    ReplyDelete
  7. നന്നായി എന്ന് പറയണമെന്നുണ്ട്. പക്ഷെ എവിടെയോ എന്തോ ഒരു...ഒരിത്...ചിലപ്പോള്‍ അത് തന്നെയാവും ഈ കഥയുടെ ഭംഗിയും..

    ReplyDelete
  8. @ശ്രീനാഥന്‍-,
    ഇന്നത്തെ വിധി മറിച്ചാവാൻ സാധ്യതയില്ലല്ലൊ, അതും പൈശാചികമല്ലെ. പിശാചുക്കളെയും അനുകൂലിക്കുന്നവർ ഉണ്ടെന്ന് വക്കീലന്മാരുടെ രംഗപ്രവേശനം കൊണ്ട് അറിയാമല്ലൊ. അഭിപ്രായം എഴുതിയതിന് നന്ദി.
    @കൊമ്പന്‍-,
    തുറക്കാൻ ഒന്ന് ശ്രമിച്ച് നോക്കാം, അഭിപ്രായം എഴുതിയതിന് നന്ദി.
    @Prins//കൊച്ചനിയൻ-,
    പറഞ്ഞത് ശരിയാണ്, കൊടും കുറ്റവാളികൾ നിയമത്തിന്റെ പഴുതിലൂടെ ഈസിയായി ഊരിപ്പോവുമ്പോൾ ഒരു വിഷമം. അഭിപ്രായം എഴുതിയതിന് നന്ദി.
    @Sreejith EC-,
    എനിക്കും എവിടെയോ ഒരു ഇത് തോന്നിയിട്ട് എഴുതിയതാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  9. കഥ ഇഷ്ടപ്പെട്ടു ടീച്ചറെ...ഒരു ആക്ഷേപ ഹാസ്യം ആണല്ലേ..എത്ര പേര്‍ ഇങ്ങനെ രക്ഷപ്പെട്ടിരിക്കുന്നു.

    ReplyDelete
  10. തെറ്റിധരിപ്പിക്കപെടുന്ന കോടതികള്‍.. നന്നായി

    ReplyDelete
  11. ന്യായവിധി....????????????????ऽ/

    ReplyDelete
  12. ടീച്ചറെ
    കഥ കലക്കി
    പക്ഷെ ഒടുവില്‍ ഒരു അനാഥത്വം
    ബാക്കി നില്ക്കുന്നതുപോലൊരു തോന്നല്‍.
    ഏതായാലും കുലപാതകിയുടെ പത്രക്കാരുടെ
    മുന്‍പിലെ ഏറ്റു പറച്ചിലില്‍ അല്പം അസ്വാഭാവികത തോന്നി.
    എന്തായാലും ഇന്നത്തെ നമ്മുടെ അന്ധമായ
    ന്യാപീdathinte മറ്റൊരു വശം
    തുറന്നു കാട്ടുന്നതില്‍ കഥാകാരി
    വിജയിച്ചു.
    നന്ദി നമസ്കാരം

    ReplyDelete
  13. "ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്". ഇത് ആര്, എവിടെ, എപ്പോള്‍ പറഞ്ഞു എന്നൊന്നും എനിക്കറിയില്ല. അതെന്തു തന്നെ ആയാലും, ആ പറഞ്ഞത് കാലഹരണ പെട്ടിരിക്കുന്നു. ഇക്കാലത്തില്‍ പറയേണ്ടത് "ആയിരം നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളി പോലും രക്ഷപ്പെടരുത് എന്നാണു". ആയിരം നിരപരാധികള്‍ ബാലിയാടാകേണ്ടി വന്നാലും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടയ്ക്കുവാന്‍ സാധിക്കേണ്ടതാണ്.

    ReplyDelete
  14. nannaayi teacher..ee prathikaranam.. ( sorry for writing in manglish )

    all the best

    ReplyDelete
  15. റ്റിച്ചര്‍,ചെമ്മനം ചാക്കൊ മാഷുടെ കവിത നന്നായിട്ടുണ്ട് ശശി, നര്‍മവേദി

    ReplyDelete
  16. ഇത്തരം തമാശകൾ ഏറെയും കോമഡി പ്രോഗ്രാമുകളിലൂടെ കണ്ടിട്ടുള്ളത് കൊണ്ട് വായന മുഴുമിപ്പിക്കുന്നതിനു മുൻപേ അന്ത്യം എങ്ങനെയായിരിക്കുമെന്ന് പിടി കിട്ടിയിരുന്നു. എന്നാലും സാരമില്ല. പിന്നെ കഥകൾ ഇപ്പോൾ മിനിക്കഥകൾ തന്നെയാകുന്നുണ്ടല്ലോ. എന്തു പറ്റി? സമയം കമ്മിയാകാൻ തുടങ്ങിയോ?
    ആശംസകൾ.

    ReplyDelete
  17. തമാശക്കപ്പുറത്ത് ചിന്തിപ്പിക്കുന്നു..!

    ReplyDelete
  18. കഥയിലെ താമാശ മാറ്റി നിര്‍ത്തിയാല്‍ നമ്മുടെ ഇന്നത്തെ നിയമത്തിലെ പഴുതുകളിലേയ്ക്കിതു വിരല്‍ ചൂണ്ടുന്നു. വെറും സാങ്കേതികമായ പലതും പ്രതികള്‍ക്കു രക്ഷപ്പെടാന്‍ വഴിയൊരുക്കാറുണ്ട്. ടീച്ചറുടെ ഭാവന അസ്സലായിട്ടുണ്ട്. ഇനിയും പോരട്ടെ കഥകള്‍, ചെറുതും വലുതുമൊക്കെ. മിനി എഴുതുന്നതു കൊണ്ടു കഥ മിനിയാവണമെന്നില്ലല്ലോ?

    ReplyDelete
  19. ഇനീം കഥ വരട്ടെ....

    ReplyDelete
  20. അതിശയോകതിപരമായ കഥ! സ്വന്തം മാതാപിതാക്കളെ കൊന്ന പ്രതീയെ അനാഥനെന്നും പറഞ്ഞ് വെറുതു വിടുക.കുറച്ചു കൂടി വ്യക്തതയും ലോജിക്കു കൂടി മിനിക്കഥയെഴുത്തില്‍ കരുതാം.

    ReplyDelete
  21. ഇതൊരു കഥയായി ഞാന്‍ കാണുന്നില്ല.. അതിനില്ല ഒരു ലോജിക്കില്ല..
    പക്ഷെ, ഈ എഴുത്ത് സമൂഹത്തിലെ ചില നഗ്ന സത്യങ്ങളിലേക്ക്‌ തിരിച്ചു വച്ച കണ്ണാടിയാണ്..
    അഭിനന്ദനങ്ങള്‍ ആശംസകള്‍.

    ReplyDelete
  22. മിനി ടീച്ചര്‍, സംഗതി കൊള്ളാം!!! പക്ഷെ, എവിടെയോ ഒരു ചേരായ്ക. എന്റെ തോന്നലാണോ അത്?

    ReplyDelete
  23. @ഏപ്രില്‍ ലില്ലി.-,
    ശരിക്കും ആക്ഷേപഹാസ്യം തന്നെ,,, ഈ കഥ എഴുതിയിട്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഇതേ വിഷയത്തിൽ ഒരു കോമഡിപ്രോഗ്രാം കണ്ടു. കുറ്റവാളികളെ നിരപരാധിയെന്ന് പറഞ്ഞ് രക്ഷപ്പെടുത്തുന്ന നീതിപീഠം യാഥാർത്ഥ കുറ്റവാളിക്ക് ശിക്ഷ നൽകാത്തതിനാൽ കുറ്റം ആവർത്തിച്ചുകൊണ്ടിരിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
    @അനില്‍കുമാര്‍ . സി. പി.-, @റോസാപൂക്കള്‍-, @ഷബീര്‍ - തിരിച്ചിലാന്‍-, @ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com-, @ചന്തു നായർ-, @P V Ariel-, @ലീല എം ചന്ദ്രന്‍..-,
    അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.
    @ഗുരുദാസ്‌ സുധാകരന്‍-,
    കുറ്റവാളികൾക്ക് മാനസാന്തരം വരാത്ത കാലത്തോളം അവർ കുറ്റവാളി തന്നെയാണ്. അവർ രക്ഷപ്പെടുന്നത് സമൂഹത്തിലെ പാവപ്പെട്ടവരുടെ ജീവന് ഭീഷണി ആയി മാറും. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  24. @ബഷീര്‍ പി.ബി.വെള്ളറക്കാട്‌-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @sasidharan-,
    ചെമ്മനം കേൾക്കേണ്ട,, അഭിപ്രായം എഴുതിയതിന് നന്ദി.
    @വിധു ചോപ്ര-,
    മിനി കഥകളിൽ ചേർക്കാൻ മിനികൾ ധാരാളം സ്റ്റോക്കുണ്ട്. ഒരു മിനി കഴിഞ്ഞാൽ അടുത്തത് മാക്സി ആയിരിക്കും. കാത്തിരിക്കുക, അഭിപ്രായം എഴുതിയതിന് നന്ദി.
    @സ്വന്തം സുഹൃത്ത്-,
    ചിന്തിപ്പിക്കുന്നതാണല്ലൊ കഥ, അഭിപ്രായം എഴുതിയതിന് നന്ദി.
    @Mohamedkutty മുഹമ്മദുകുട്ടി-,
    നമ്മൾ മറന്നുപോകുന്ന അതിദാരുണമായ കൊലപാതകങ്ങളും ഉണ്ട്. അതിൽ പലതും സ്വന്തം ബന്ധുക്കൾ നടത്തിയ, ‘താങ്ങും തണലുമായി നിൽക്കേണ്ടവർ നടത്തിയ, കൊലപാതകങ്ങളാണ്. മാസങ്ങൾ മാത്രം പരിചയമുള്ള എന്റെ സഹപ്രവർത്തകയായ അദ്ധ്യാപികയെ, ക്രിമിനൽ പശ്ചാത്തലമുള്ള സ്വന്തം ഭർത്താവ് തലയറുത്ത് കൊന്നത് ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല. ആ വ്യക്തി ഇപ്പൊഴും ഒളിവിലാണെങ്കിലും സുഖമായി ജീവിക്കുന്നു. ശിക്ഷ ലഭിക്കാതിരിക്കുന്നത് പലപ്പോഴും ബന്ധുക്കൾ നടത്തിയ പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കുമാണ്. അച്ഛൻ മകളെ ബലാത്സംഗം ചെയ്ത കേസിൽ ‘അങ്ങനെയൊന്നും നടന്നിട്ടില്ല’ എന്ന് പറയുന്ന അമ്മയെ വാർത്തകളിൽ കാണുമ്പോൾ ഒരു വിഷമം. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  25. @Echmukutty-,
    നന്ദി വീണ്ടും വരിക, അഭിപ്രായം എഴുതിയതിന് നന്ദി.
    @മുനീര്‍ തൂതപ്പുഴയോരം-,
    നടന്നത് അതേപടി എഴുതിയാൽ കഥക്കൊരു രസം വേണ്ടെ, അഭിപ്രായം എഴുതിയതിന് നന്ദി.
    @ആസാദ്‌-,
    ഇവിടെയും ലോജിക്ക്,, എന്റെ സഹോദരാ സ്വത്തും പണവും നശിപ്പിച്ചിട്ട്, ‘ഞാനൊരു പാവമാണേ, എനിക്ക് വല്ലതും തരണേ’,,, എന്നൊക്കെ പറയുന്നവരെ കണ്ടിട്ടില്ലെ; ഇതും അതുപോലെ ഒന്നാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
    @പഥികൻ-,
    അത് ശരി, അങ്ങനെതന്നെ,,, അഭിപ്രായം എഴുതിയതിന് നന്ദി.
    @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു-,
    സാരമില്ല,, കഥയായാൽ ഒരു പിടികിട്ടായ്മ വേണം, അങ്ങട്ട് ക്ഷമിച്ചുകളയുക, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  26. കൊള്ളാം ഹ ഹ ഹ

    ReplyDelete
  27. Dear Mini,
    It's a thought provoking post.It hurts.
    Sasneham,
    Anu

    ReplyDelete
  28. ദാദാണു നമ്മുടെ കോടതിയും നിയമങ്ങളും.

    ReplyDelete
  29. ആക്ഷേപഹാസ്യം കേമം ,,,,നന്നായിരിക്കുന്നു ...ആശംസകള്‍

    ReplyDelete
  30. @annyann-,
    @anupama-,
    @പട്ടേപ്പാടം റാംജി-,
    @പ്രദീപ്‌ കുറ്റിയാട്ടൂര്‍-,
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  31. കോടതിയും അനാഥ ദുഃഖം അനുഭവിക്കുന്നുണ്ടാകും..!!

    ReplyDelete
  32. @വീ കെ-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  33. അന്യായ വിധി :) നിയമം പലപ്പോഴും അന്ധനാണ്. മിനിക്കഥ ഇന്നത്തെ നിയമ വ്യവസ്ഥയെ, നീതിന്യായ കോടതികളുടെ വിധി ന്യായങ്ങളിലെ അനൌചിത്യത്തെ തുറന്നു കാണിക്കുന്നു. നല്ല ആശയം.

    ReplyDelete
  34. റ്റീച്ചര്‍ ഈ പോസ്റ്റ്‌ ഇപ്പോഴാണ്‌ കണ്ടത്‌

    കോമഡി ഷോയില്‍ കാണുന്നതിനെക്കാളും വളരെ ക്രൂരം തന്നെ ആണ്‌ യാഥാര്‍ത്ഥ്യങ്ങള്‍.

    നിയമം അന്ധമല്ല പക്ഷെ അതു പാലിക്കേണ്ടവര്‍ അന്ധരാണ്‌, രാഷ്ട്രീയക്കോമരങ്ങളും പണത്തിനോടുള്ള ആര്‍ത്തിയും അവരെ അങ്ങനെ ആക്കിതീര്‍ക്കുന്നു.

    ഒരിക്കല്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടവര്‍ തന്നെ വീണ്ടും വീണ്ടും കുറ്റവാളികള്‍ ആകുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നുന്നു - എങ്ങനെ അവരെ വെറുതെ വിടാന്‍ പറയും?

    ഒരു തവണ വെറുതെ വിടുന്നത്‌ വേണമെങ്കില്‍ ആയിക്കോട്ടെ എന്നു വയ്ക്കാം പക്ഷെ വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ കൊന്നു തീര്‍ക്കുന്നതു തന്നെയാണ്‌ സമൂഹത്തിനു നല്ലത്‌.

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..