“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

3/5/12

പിശാചുക്കൾ വാഴും ലോകത്ത്


                          മുലപ്പാൽ മണം മാറാത്ത മകളെ മാറോട് ചേർത്ത്‌പിടിച്ച്, നിലവിളിച്ചുകൊണ്ട് അവൾ ഓടുകയാണ്. തന്റെ പിന്നാലെ ഓടിവരുന്ന മരണത്തിന്റെ ദൂതനിൽ നിന്നും സ്വന്തം കുഞ്ഞിനെ രക്ഷിക്കണം; അതിന് അത്രയും നേരം അമ്മ ജീവിച്ചിരുന്നേ മതിയാവൂ,,, ഇടവഴിയിലൂടെ, കുറ്റിക്കാട്ടിലൂടെ, മൊട്ടക്കുന്നുകളിലൂടെ, വരണ്ട മരുഭൂമികളിലൂടെ, വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലൂടെ, മാലിന്യങ്ങൾ നിറഞ്ഞ ചതുപ്പിലൂടെ, റെയിൽ‌പാളത്തിന്റെ ഓരങ്ങളിലൂടെ അവൾ സ്വന്തം കുഞ്ഞിനെ മാറോടണച്ച്‌കൊണ്ട് ഓടുകയാണ്. ഓട്ടത്തിനിടയിൽ അവളുടെ കാലുകൾ മുറിവേറ്റ് ചോര ഒഴുകുന്നുണ്ടെങ്കിലും അതൊന്നും അറിയുന്നതേയില്ല.  
                          ആക്രമിക്കാൻ വരുന്ന ഒറ്റക്കയ്യൻ പിശാചിൽ‌നിന്നും രക്ഷപ്പെടാനായി ഓടിക്കൊണ്ടിരിക്കെ പിന്നാലെ ഓടിവരുന്നവരുടെ സംഖ്യ വർദ്ധിക്കുകയാണ്. അവരെല്ലാം അവളെ അവഗണിച്ച് പിശാചിനെയാണ് സഹായിക്കുന്നത്. അവന് വിശപ്പകറ്റാൻ പെൺകുഞ്ഞിന്റെ മാംസം വേണം, ദാഹമകറ്റാൻ പെണ്ണിന്റെ ചോരവേണം. അത് അമ്മയായാലും പെങ്ങളായാലും മകളായാലും,,,
പെണ്ണായാൽ മതി.

                          ഒറ്റക്കയ്യന്റെ പിന്നാലെ ഓടുന്നവരെല്ലാം രണ്ട് കയ്യും രണ്ട് കണ്ണും രണ്ട് കാതും ഉള്ളവർ; അവരെല്ലാം അമ്മ പെറ്റ മക്കൾ. ലാഭക്കൊതിമൂത്ത പെണ്ണിനെ വെറും ചരക്കാക്കിമാറ്റിയ അവർ പിശാചിനെ സംരക്ഷിക്കാൻ ഒപ്പം കൂടിയവരാണ്. ആ ഓട്ടത്തിനിടയിൽ പിശാചിന് മുറിവുണ്ടായാൽ മരുന്ന്‌വെക്കാൻ, അവന് വിശപ്പും ദാഹവും ഉണ്ടെങ്കിൽ ഭക്ഷണം നൽകാൻ, അവന് വിയർക്കുമ്പോൾ കാറ്റുവീശി അവന്റെ ചൂടകറ്റാൻ, അവന്റെ ഊർജ്ജം കുറഞ്ഞാൽ ഉത്തേജകം കുത്തിവെക്കാൻ, അവന്റെ ചെയ്തികളിൽ നിയമക്കുരുക്ക് വീഴാതെ രക്ഷിക്കാൻ, അവൻ ചെയ്യുന്ന ഓരോ ദൃശ്യങ്ങളും മൊബൈലിൽ പകർത്തിയിട്ട് വിറ്റ് പണമാക്കാൻ,,,,
ആക്രമണലക്ഷ്യവുമായി മുന്നേറുന്ന പിശാചിന് ശക്തിയും ഉത്തേജനവും ധൈര്യവും നൽകാൻ കൂടെയുള്ളവർ വിളിച്ച് പറയുന്നുണ്ട്,
“ഒറ്റക്കയ്യൻ പിശാചേ,
ലക്ഷം ലക്ഷം പിന്നാലെ,”

                         ഓട്ടത്തിനിടയിൽ അനന്തമായി നീണ്ടുപോകുന്ന റെയിൽ‌പ്പാളത്തിൽ കയറിയപ്പോൾ ക്ഷീണം കൊണ്ട് കണ്ണുകൾ അടയാൻ തുടങ്ങിയ നേരത്ത് അകലെനിന്നും വരുന്ന തീവണ്ടിയുടെ കൂവൽ അവളിൽ കുളിർമഴ പെയ്യിച്ചു; ആശ്വാസത്തിന്റെ ജീവിതാന്ത്യത്തിന്റെ മധുരസ്വരം. അവളുടെ വേഗത കുറയുന്തോറും പിശാചിന്റെയും സഹായികളുടെയും വേഗത വർദ്ധിക്കുകയാണ്, അവർ ആവേശം‌മൂത്ത് വിളിച്ചുകൂവി,
“പിശാചെ വിടല്ല, പെട്ടെന്ന് പിടിച്ചോ”

                         തന്റെ അന്ത്യം അടുത്തെന്ന് തിരിച്ചറിഞ്ഞ അവൾ ഇത്രയും നേരം മാറോടണച്ച് ജീവന്റെ ഭാഗമായ മകളെ നോക്കിയ നിമിഷം ഞെട്ടി,
അമ്മയുടെ നിസ്സഹായത അറിഞ്ഞെന്നവണ്ണം ആ കുഞ്ഞ് കണ്ണടച്ച് അന്ത്യശ്വാസം വലിച്ച് വാടിയ താമരപൂവ് പോലെ മാറോട് പറ്റിച്ചേർന്ന് കിടക്കുകയാണ്. കുഞ്ഞുമോളുടെ മൂക്കിൽ നിന്ന് ചോരയും വായിൽ‌നിന്ന് നുരയും പതയും ഒഴുകുന്നത് നോക്കിയിരിക്കെ അവളുടെ കാൽ‌വിരലിൽ നിന്ന് ആരംഭിച്ച മരവിപ്പ് ദേഹം മുഴുവൻ സഞ്ചരിച്ച് തലയിൽ തളംകെട്ടി.
ഈ കുരുന്നുജീവനു വേണ്ടിയാണല്ലൊ ഇത്രയും നേരം ഓടിയത്,,
ഇനിയെന്തായാലെന്ത്?
അവൾ അമ്മയാണ്,
അമ്മ,,, മകളുടെ അമ്മ,,, 

                       ഓട്ടം നിർത്തിയ അവൾ തന്നെ സമീപിക്കുന്ന പിശാചിനെ തീഷ്ണമായി ഒന്ന് നോക്കിയതിനുശേഷം വലതുകൈകൊണ്ട് ഇടത്‌മുല പറിച്ചെടുത്ത് അവന്റ ഇടതുകണ്ണ് നോക്കി വലിച്ചെറിഞ്ഞു. ലക്ഷ്യസ്ഥാനത്ത് പതിച്ച ഏറിന്റെ ആഘാതത്തിൽ പൂമഴപോലെ ചിതറിയ ചോരയും മുലപ്പാലും പിന്നാലെ ഓടുന്നവരുടെയെല്ലാം കണ്ണിൽ പതിച്ചു. കണ്ണുണ്ടെങ്കിലും ഇരുട്ടിന്റെ ലോകത്ത് ജീവിക്കുന്ന പുരുഷന്മാരെനോക്കി ചോരയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന അവൾ അലറി,
“ഒരു പെണ്ണ് ജന്മം നൽകിയിട്ടും, അവളെ സംരക്ഷിക്കാൻ കഴിയാത്ത പുരുഷവർഗ്ഗം ഇനിമുതൽ അന്ധന്മാരായി മാറട്ടെ”
മോചനത്തിന്റെ, മരണത്തിന്റെ,,, കാഹളവുമായി ഓടിയടുക്കുന്ന തീവണ്ടിയുടെ ഒച്ചയെക്കാൾ അവളുടെ ശബ്ദം ഉയർന്നപ്പോൾ പിന്നാലെ ഓടിയെത്തിയവർക്ക് മുന്നിൽ, ഇരുട്ടിന്റെ ലോകം തുറക്കുകയാണ്.  

31 comments:

  1. മുൻപ് ‘ഋതുവിൽ കഥയുടെ വസന്ത’മായി പോസ്റ്റ് ചെയ്തത് ഇപ്പോഴാണ് എന്റെ മിനി കഥകളിൽ ചേർക്കുന്നത്.

    ReplyDelete
  2. “ഒരു പെണ്ണ് ജന്മം നൽകിയിട്ടും, അവളെ സംരക്ഷിക്കാൻ കഴിയാത്ത പുരുഷവർഗ്ഗം ഇനിമുതൽ അന്ധന്മാരായി മാറട്ടെ”

    ഇന്നിന്റെ മുഖമാണ് ഈ കഥ..
    മുന്‍പ് വായിച്ചിരുന്നു...

    ReplyDelete
    Replies
    1. അഭിപ്രായം എഴുതിയതിന് നന്ദി,

      Delete
  3. ടീച്ചറെ ,, പ്രതിഷേധം അതിന്റെ ഉച്ച സ്ഥായിയില്‍ തന്നെ .....നല്ലതാണ് എല്ലാവര്യും അതിന്റെ അനുകൂലിക്കുന്നു എനാല്‍
    തീവണ്ടിയില്‍ നിന്ന് ഇറങ്ങുപ്പോള്‍ ലഗാജ് എടുക്കുമ്പോള്‍ തട്ടി പോയാല്‍ അതിനു അപമാനിച്ചു എന്ന് പറഞ്ഞു കുടുംബബുമായി പോകുന്നവര്‍ക്ക് എതിരെ വരെ കേസ് കൊടുക്കുന്നതിന്റെ യുക്തി ഇതവരെ പിടികിട്ടിയില്ല

    ReplyDelete
    Replies
    1. തട്ടിപോയവനെ തട്ടാൻ നടക്കുന്നവളെ അടുത്ത നർമത്തിൽ എഴുതാം, അഭിപ്രായം എഴുതിയതിന് നന്ദി,

      Delete
  4. ഇത് സമകാലിക കേരളം

    ReplyDelete
    Replies
    1. അഭിപ്രായം എഴുതിയതിന് നന്ദി,

      Delete
  5. Teacher,

    The story is symbolic. Good
    Sasi, Narmavedi, Kannur

    ReplyDelete
  6. മിനിടിച്ചറെ....മനസ്സിനെ വല്ലാതെ മഥിച്ചൂ......ഞാനും പുരുഷജന്മമാണു....എന്റെ വർഗ്ഗത്തെയോർത്ത് ഞാൻ വിലപിക്കട്ടെ.......... "വേട്ടനാക്കടെ മുൻപിൽ നിന്നും വിണ്ട്കീറിയ നെഞ്ചുമായി കുറത്തിയെത്തുന്നൂ.." കടമ്മനിട്ടകവിതയും ഓർമ്മിച്ചുപോയി.....

    ReplyDelete
    Replies
    1. ഹായ് മിനി ....ഗംഭീരം.....

      Delete
    2. @ചന്തു നായർ-,
      എല്ലാവരെയും അടച്ചാക്ഷേപിക്കുകയല്ല. എന്നാൽ ദുരന്തം ഏറ്റുവാങ്ങുന്നവൾ മനം‌നൊന്ത് എല്ലാവരെയും ശപിക്കും. അഭിപ്രായം എഴുതിയതിന് നന്ദി,
      @ലീല എം ചന്ദ്രന്‍..-,
      അഭിപ്രായം എഴുതിയതിന് നന്ദി,

      Delete
  7. ടീച്ചറെ,
    പഴയ കഥ എന്ന് പറഞ്ഞെങ്കിലും ഇതിന്റെ
    പുതുമ ഒട്ടും തന്നെ നഷ്ടമായിട്ടില്ല, നന്നായി പറഞ്ഞു.
    എങ്കിലും, പുരുഷ വര്‍ഗ്ഗത്തെ മൊത്തമായി
    ഉള്‍പ്പെടുത്തിയത് അല്പം കടന്നു പോയില്ലേ
    എന്നൊരു തോന്നലും ഉണ്ടായി!!!
    തികച്ചും കാലോചിതം.
    ഒപ്പം, "നര്‍മ കണ്ണൂരിലെ" സ്ത്രീ പുരുഷ സമത്വവും
    നര്‍മ്മ കഥ വായിച്ചു, പാവം അനിതാ ഫ്രാന്സിസിനു
    പറ്റിയ അമളിയെ!
    പുരുഷന്മാരോട് കളിക്കുന്നത് സൂക്ഷിച്ചു വേണം കേട്ടോ!!!
    Intimationum News Letterinum നന്ദി.
    ഇങ്ങോട്ടൊന്നും തിരിഞ്ഞു നോക്കുന്നതെ ഇല്ലല്ലോ ടീച്ചറെ!!!
    ആശംസകള്‍!
    ഫിലിപ്പ് ഏരിയല്‍
    PS:
    നര്‍മ കണ്ണൂരിന് സൃഷ്ടികള്‍ അയക്കാന്‍ പറ്റുമോ?
    അതോ അത് കര്‍ണ്നൂരുകാരുടെ മാത്രം കുത്തകയോ? :-)
    ഈ മധ്യ തിരുവതാംകൂറ്കാരനും പങ്കെടുക്കാമോ ആവോ?

    ReplyDelete
  8. ടീച്ചറെ,
    പഴയ കഥ എന്ന് പറഞ്ഞെങ്കിലും ഇതിന്റെ
    പുതുമ ഒട്ടും തന്നെ നഷ്ടമായിട്ടില്ല, നന്നായി പറഞ്ഞു.
    എങ്കിലും, പുരുഷ വര്‍ഗ്ഗത്തെ മൊത്തമായി
    ഉള്‍പ്പെടുത്തിയത് അല്പം കടന്നു പോയില്ലേ
    എന്നൊരു തോന്നലും ഉണ്ടായി!!!
    തികച്ചും കാലോചിതം.
    ഒപ്പം, "നര്‍മ കണ്ണൂരിലെ" സ്ത്രീ പുരുഷ സമത്വവും
    നര്‍മ്മ കഥ വായിച്ചു, പാവം അനിതാ ഫ്രാന്സിസിനു
    പറ്റിയ അമളിയെ!
    പുരുഷന്മാരോട് കളിക്കുന്നത് സൂക്ഷിച്ചു വേണം കേട്ടോ!!!
    Intimationum News Letterinum നന്ദി.
    ഇങ്ങോട്ടൊന്നും തിരിഞ്ഞു നോക്കുന്നതെ ഇല്ലല്ലോ ടീച്ചറെ!!!
    ആശംസകള്‍!
    ഫിലിപ്പ് ഏരിയല്‍
    PS:
    നര്‍മ കണ്ണൂരിന് സൃഷ്ടികള്‍ അയക്കാന്‍ പറ്റുമോ?
    അതോ അത് കര്‍ണ്നൂരുകാരുടെ മാത്രം കുത്തകയോ?
    ഈ മധ്യ തിരുവതാംകൂറ്കാരനും പങ്കെടുക്കാമോ ആവോ? :-)

    ReplyDelete
    Replies
    1. @P V Ariel-,
      പ്രീയപ്പെട്ട സഹോദരാ,
      അപകടം പറ്റുന്നവർ മുന്നിൽകാണുന്ന എല്ലാവരെയും ശത്രുപക്ഷത്ത് നിർത്തും. വിരലിലെണ്ണാവുന്ന പുരുഷന്മാർ മാത്രമായിരിക്കും കുഴപ്പക്കാർ.
      ഇടയ്ക്കിടെ അവിടെയൊക്കെ വരാറുണ്ട്. അടയാളം ഇടാൻ മറന്നുപോകും, ക്ഷമിക്കുക.
      നർമസൃഷ്ടികൾ അതിലെ നാല് പേജിൽ വരാവുന്നത് സ്വീകരിക്കാം.

      Delete
  9. ഇന്നിന്റെ നേര്കാഴ്ചയാണീ കഥ ..
    തീഷ്ണതയുള്ള വരികള്‍ .. നന്നായി പറഞ്ഞു
    ആശംസകള്‍

    ReplyDelete
    Replies
    1. @വേണുഗോപാൽ-,
      അഭിപ്രായം എഴുതിയതിന് നന്ദി,

      Delete
  10. കഥ ഇഷ്ട്ടായി ടീച്ചറേ..

    ആശംസകളോടെ..പുലരി

    ReplyDelete
    Replies
    1. @പ്രഭൻ കൃഷ്ണൻ-,
      അഭിപ്രായം എഴുതിയതിന് നന്ദി,

      Delete
  11. ....അവൾ പ്രതികാരദാഹിയായി, തന്റെ മുന്നിലേയ്ക്കോടിയെത്തുന്ന കാമാർത്തരായ വിടന്മാരെ പേടിച്ച് മരണത്തെ വരിക്കുന്നു. തീർത്തും നിസ്സഹായതയിലെത്തുമ്പോൾ വേറേ മാർഗ്ഗമില്ലതന്നെ. പീഡനാവസ്ഥകളിൽ മനസ്സുതകരുകയും, മരണത്തിൽ അഭയം കണ്ടെത്തുകയും ചെയ്യുന്നതാണ് വായിക്കാറുള്ളതിലധികവും. അവതരണം നല്ലതായിട്ടുണ്ട്. ഒരു ശാപം കൊണ്ട് പരിഹരിക്കാവുന്നതാണോ ഇതൊക്കെ? ഇങ്ങനെയുള്ള സംഭവങ്ങളെ ചെറുത്തുനിന്ന് പെണ്ണ് രക്ഷപ്പെടുന്ന ആശയങ്ങളാണ് എഴുത്തുകളിൽ വരേണ്ടത് എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ നൂറുപേർ എഴുതുമ്പോൾ നൂറ് സംഭവങ്ങളും അതിനെ പ്രതിരോധിക്കാനുള്ള നൂറ് പ്രതിവിധികളും പീഡിതർക്ക് സ്വായത്തമാകും. അതിന്റെ ഉദാഹരണത്തിനായി ഒരു കഥ http://www.vaarts.blogspot.com/search?updated-min=2011-01-01T00:00:00-08:00&updated-max=2012-01-01T00:00: ‘പെണ്ണൊരുമ്പെട്ടാൽ’ എന്ന പേരിൽ കൊടുത്തിട്ടുണ്ട്. കത്തിയും തോക്കുമൊക്കെ കാണിച്ചാൽ മതി, വിരട്ടേണ്ടവരെ അങനെ ചെയ്തേ പറ്റൂ. ഇവിടെ, മുച്ചൂടും ശപിക്കുന്ന ഒരു കുഞ്ഞിന്റെ അമ്മമനസ്സിനെ നല്ലതുപോലെ കണ്ടു. അഭിനന്ദനങ്ങൾ.....

    ReplyDelete
    Replies
    1. @വി.എ || V.A-,
      മനസ്സു തകരുന്ന ഒരു അമ്മയെയാണ് ചിത്രീകരിക്കാൻ ശ്രമിച്ചത്. ഓമനിച്ച് വളർത്തി വലുതാക്കിയ മകളെ പിച്ചിചീന്തി എന്നറിയുന്ന അമ്മയുടെ മനസ്സ് ഒരു തീചൂളയായി മാറും. കണ്ണകിയെപോലെ ഈ ലോകത്തെ മുഴുവൻ ശപിക്കാൻ അവർക്ക് തോന്നും. പെണ്ണൊരുമ്പെട്ടാൽ വായിച്ചു, അഭിപ്രായം എഴുതിയതിന് നന്ദി,

      Delete
  12. വരികളിലെ തീവ്രത നന്നായിരിക്കുന്നു. കണ്ണകിയുടെ ചിലമ്പിന്റെ കിലുക്കം അമ്മ മനസ്സു കേള്‍പ്പിക്കുന്ന എഴുത്തു.

    ReplyDelete
    Replies
    1. @മുകിൽ-,
      അഭിപ്രായം എഴുതിയതിന് നന്ദി,

      Delete
  13. “ഒരു പെണ്ണ് ജന്മം നൽകിയിട്ടും, അവളെ സംരക്ഷിക്കാൻ കഴിയാത്ത പുരുഷവർഗ്ഗം ഇനിമുതൽ അന്ധന്മാരായി മാറട്ടെ” ശാപം കുറച്ചോവറായില്ലെ ടീച്ചറെ?. കഥ നന്നായിട്ടുണ്ട്.

    ReplyDelete
  14. @Mohamedkutty മുഹമ്മദുകുട്ടി-,
    അഭിപ്രായം എഴുതിയതിന് നന്ദി,

    ReplyDelete
  15. ഒരമ്മയുടെ വിലാപം അതിന്റെ എല്ലാ ഭീകരതയോടും കൂടി വരചിട്ടിരിക്കുന്നു. ചിലയിടങ്ങളില്‍ 'ഒരു ഫെമിനിസ്റ്റ്‌ ' സ്വഭാവം തോന്നിയത് മാത്രമാണ് ഒരു നെഗറ്റീവ് ആയി തോന്നിയത്.

    ആശംസകള്‍
    satheeshharipad-മഴചിന്തുകള്‍

    ReplyDelete
  16. മനുഷ്യനില്‍ എല്ലാം സ്വഭാവങ്ങളും ഉള്ളവര്‍ ഉണ്ട് .ചിലര്‍ അത് പ്രകടിപ്പിക്കുന്നു .ചിലര്‍ രഹസ്യമായും .ഇവിടെ ഉണ്ടാകുന്ന പീഡനങ്ങളില്‍ പുരുഷനെ സഹായിക്കുവാന്‍ ,സ്ത്രിയുടെ മാനം കവരുവാന്‍ കൂട്ടുനില്‍ക്കുന്നത് ഒരു [അതില്‍ കൂടുതല്‍ ]സ്ത്രി ഉണ്ട്.സ്ത്രിയുടെ എതിര്‍പക്ഷത്തു തീര്‍ച്ചയായും ഒരു സ്ത്രി ഉണ്ട് .പുരുഷന്‍റെ
    കരാളഹസ്തങ്ങള്‍ സ്ത്രിയുടെ തോളില്‍ നിന്നാണ് തുടങ്ങുന്നത് .

    പ്രതിക്ഷേധത്തിന്റെ അഗ്നി സ്പുരിക്കുന്ന ഈ വരികള്‍ സമകാലിക സമൂഹത്തിന്റെ നേര്‍ ചിത്രമാണ് .ആശംസകള്‍ .

    ReplyDelete
  17. പ്രതിഷേധത്തിന്റെ കഥ നന്നായിരിക്കുന്നു..
    അഭിനന്ദനങ്ങള്‍

    ReplyDelete
  18. ... കിട്ടിയതായി എന്നും പറഞ്ഞ് അതും കൂടി എടുത്തു കൊണ്ട് പോകുന്നവരാണ് ഇപ്പോഴത്തെ ഒറ്റക്കൈയ്യന്മാര്‍.
    കൊള്ളാം.

    ReplyDelete
  19. "പെണ്‍കള്‍ നാടിന്‍ കണ്‍കള്‍"..........

    O N V ടെ ഒരു കവിത ഓര്‍മവന്നു..
    "പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍ തെടുന്നതാരെയെന്നറിവൂ ഞാന്‍..
    മാരനെയല്ല, മണാളനെയല്ല, നിനെ മാനം കാക്കുമൊരാങ്ങളയെ"

    ആദ്യായിട്ടാ ഇവിടെ വരുന്നത്..ഇനിയും വരും!!

    മനു....

    ReplyDelete
  20. സ്വന്തം കാലിൽ ഉറച്ച് നിൽക്കാൻ അപര്യാപ്തമായ നിലയിൽ ബാധ്യതകൾ ഏറിയ മനുഷ്യരാണിവിടെയുള്ളത്. ചില മാമൂലുകൾക്ക് വേണ്ടി ഉഴിഞ്ഞു വയ്ക്കപ്പെടുന്ന ജീവിത യാത്രക്കിടയിൽ ഒരു പെണ്ണ് പെറ്റതാണെങ്കിലും എല്ലാ പെണ്ണിനേയും താങ്ങാനുള്ള ശേഷി സാക്ഷാൽ ശ്രീ കൃഷ്ണനു പോലുമുണ്ടെന്ന് തോന്നുന്നില്ല.
    മറ്റെല്ലാവരേയും അന്ധരാക്കി ഒരു സ്ത്രീക്ക് , അവളുടെ ഭർത്താവിനോടും ആലുക്കാസിലെ സ്വർണ്ണത്തോടുമൊപ്പം സുഖിച്ചു കഴിഞ്ഞാൽ ജീവിതമാകുമോ?
    ദുരന്തം വലിയ ഒരു പ്രശ്നം തന്നെ. ഒറ്റക്കൈയ്യനും, തീവണ്ടിയുമൊക്കെ കാണിച്ചു തരുന്നത് സമീപ കാലത്തെ ഒരു ദുരന്ത സംഭവത്തെ പറ്റിത്തന്നെയാണ്.
    പക്ഷേ ഒറ്റക്കൈയ്യൻ പൊതു സമൂഹത്തിന്റെ പ്രതീകമല്ല. അവൻ പൂർണ്ണമായും ഒരൊറ്റയാൻ തന്നെയാണ്. അവന്റെ ആക്രമണത്തെ ഒരു പേപ്പട്ടിയുടെ ആക്രമണമായേ എനിക്ക് കാണാനാവൂ.
    നമുക്കിതിനൊക്കെ എതിരേ മറ്റൊരു പ്രതിരോധ തന്ത്രം ആവിഷ്കരിക്കേണ്ടതായുണ്ട്. എല്ലാവരേയും അന്ധരാക്കി, എലിക്കെതിരെ ഇല്ലം ചുട്ട് പ്രതിഷേധിക്കേണ്ടതില്ല എന്നാണു തോന്നുന്നത്.
    മേലെ പറഞ്ഞത് വസ്തുതകളെ മുൻ നിർത്തിയുള്ള എന്റെ അഭിപ്രായം മാത്രം. അത് പൂർണ്ണമായും പോസ്റ്റിനെ പറ്റിയുള്ളതല്ല. കഥ എന്ന നിലയിൽ ഇത് തരക്കേടില്ലാത്ത ഒന്നാണ്. ആവിഷ്ക്കാരവും പ്രമേയവും നല്ലത് തന്നെ.രചനക്ക് ആശംസകൾ. ടീച്ചർക്ക് പ്രത്യേകം ആശംസകൾ.

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..