“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

11/3/13

കുറുപ്പിന്റെ കാത്തിരിപ്പ്

                 നാട്ടിലെ ഏറ്റവും പ്രായം കൂടിയ ആളാണെന്ന്, നാട്ടുകാരെല്ലാം വിശ്വസിക്കുന്ന ആളാണ് നമ്മുടെ കുറുപ്പുസാർ. ‘സാർ’എന്ന് നാട്ടുകാർ വിളിക്കാറുണ്ടെങ്കിലും ഇതുവരെ ഒരു വിദ്യാലയത്തിലോ, ഒരു വിദ്യാർത്ഥിയെയോ പഠിപ്പിക്കാനുള്ള യോഗം അദ്ദേഹത്തിനുണ്ടായിട്ടില്ല. തൊണ്ണൂറാം പിറന്നാൾ അധികം വൈകാതെ ആഘോഷിക്കാനിടയുള്ള അദ്ദേഹം അടുത്തകാലത്തായി ഇഷ്ടപ്പെടുന്നത് രണ്ടേ രണ്ട് കാര്യങ്ങളാണ്;
ഒന്ന് ഒളിഞ്ഞുനോട്ടം:
ഈ ഒളിഞ്ഞുനോട്ടം പെണ്ണുങ്ങളെ കാണുമ്പോൾ മാത്രമേ ഉള്ളു; പഴയ സിനിമകൾ അപ്‌ഡേറ്റ് ചെയ്തത് കാണാനിടയായതിനു ശേഷമാണ് ഈ പരിപാടി ആരംഭിച്ചത്. അപരിചതരായ(?) ഏതെങ്കിലും സ്ത്രീയെ കണ്ടാൽ ഏത്‌നേരത്തും എവിടെവെച്ചും അദ്ദേഹം ഒളിഞ്ഞുനോക്കും.

രണ്ട് ബസ്‌യാത്ര:
തിരക്കുള്ള ബസ്സ് കാണുമ്പോൾ അദ്ദേഹത്തിന്റെ മനസ്സ്, മരച്ചീനി കാണുന്ന പെരിച്ചാഴിയെ പോലെയാവും. മുൻ‌വാതിലിലൂടെ മാത്രമേ അദ്ദേഹം ബസ്സിൽ പ്രവേശിക്കാറുള്ളു. വാതിൽ‌പ്പടി കയറാനുള്ള പ്രയാസപ്പെടുന്ന കാരണവരെ ഏതെങ്കിലും ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ പിടിച്ച് ഉള്ളിലേക്ക് കയറ്റും.
കയറിയാലോ?
പിന്നെ തിക്കിത്തിരക്കി ഡ്രൈവറുടെ പിന്നിലുള്ള ലേഡീസ് സീറ്റിനു സമീപം വന്ന് അരക്കെട്ട് ഉറപ്പിക്കും.

                         അങ്ങനെ,,, ഒരു ദിവസം ബസ്സിൽ കയറിയ കുറുപ്പുസാർ മൂന്നാം‌നമ്പർ ലേഡീസ് സിറ്റിനു സമീപം തൂണിൽ ചാരിനിന്ന്, കമ്പിയിൽ പിടിച്ച്, സ്വന്തം കണ്ണുകൾ കണ്ണടയിലൂടെ സേർച്ച് ചെയ്തപ്പോഴാണ് അപൂർവ്വമായ ദർശനസൌഭാഗ്യം അടുത്തനിമിഷത്തിൽ തനിക്ക് ലഭിക്കുമെന്ന് മനസ്സിലായത്. തൊട്ടടുത്തിരുന്ന കറുത്ത സുന്ദരിയുടെ വെളുത്ത കുഞ്ഞ് കരയുന്നു. കരച്ചിൽ മാറ്റാനായി അവൾ പലതരം പൊടിക്കൈകൾ പ്രയോഗിക്കുകയാണ്; താളം പിടിക്കുന്നു,, താരാട്ട് പാടുന്നു, കഥ പറയുന്നു,,, അങ്ങനെയങ്ങനെ,,, അങ്ങനെ,,,
എന്നിട്ടും കൊച്ച് കരച്ചിൽ നിർത്തുന്നില്ല. അപ്പോൾ സമീപം ഇരിക്കുന്ന ഒരു യുവതി -അവളുടെ അമ്മയായിരിക്കണം-  അവളോട് പറഞ്ഞു,
“കുട്ടി കരഞ്ഞിട്ട് നീയെന്താ പാല് കൊടുക്കാത്തത്? ഇനിയും കൊറേനേരം ബസ്സിലിരിക്കണമല്ലൊ, കുട്ടിക്ക് നല്ല വിശപ്പുണ്ട്”

                       അവൾ മറുപടി പറയാതെ ചുറ്റും നോക്കിയിട്ട് സാരി നേരെയാക്കി കുട്ടിയെ മടിയിൽ കിടത്തി. അവളിപ്പോൾ കർട്ടൻ തുറന്ന് കുഞ്ഞിന്റെ കരച്ചിൽ മാറ്റുന്ന അപൂർവ്വ ദൃശ്യം കാണാമല്ലൊ. അടുത്ത സീൻ കാണാനായി കാത്തിരുന്ന കുറുപ്പുസാർ നിരാശനായി; അവൾ കരയുന്ന കുട്ടിയെ അതേപടി മടിയിൽ കിടത്തുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. അദ്ദേഹം ചിന്താമഗ്നനായി,
‘ഇവൾക്കെന്താ കുട്ടിയുടെ കരച്ചിൽ മാറ്റാനായി സമീകൃതാഹാരം കൊടുത്താൽ? പടുവൃദ്ധനായ എനിക്കങ്ങോട്ട് നോക്കാനുള്ള കൊതി തീരെയില്ല; ഞാനങ്ങോട്ട് നോക്കുന്നതേയില്ല്’. 
                        പാലൂട്ടുന്ന സുന്ദരദൃശ്യം കാണാൻ കൊതിച്ച കാരണവർ സ്വയം മറന്ന് അവളെ നോക്കി,, നോക്കി അങ്ങനെ നിൽക്കുമ്പോൾ കൊച്ചിന്റെ കരച്ചിലിന്റെ വോളിയം വർദ്ധിക്കുകയാണ്, അടുത്തനിമിഷം പാല് കൊടുക്കും,,, കൊച്ച് കരച്ചിൽ നിർത്തും,,,, അത് നോക്കി ആസ്വദിക്കാം,,,

***ഇതിനിടയിൽ പലതും സംഭവിച്ചു,
ബസ്സിലുള്ള പകുതിയോളം ആളുകൾ ഇറങ്ങി,
ലേഡീസ് സീറ്റുകൾക്ക് പിന്നിലുള്ള ആറ് സീറ്റുകളിൽ ആരും ഇരിപ്പില്ല,
ഇരിപ്പിടം ഉണ്ടായിട്ടും,,, കമ്പിവിടാതെ പിടിച്ച്‌ ലേഡീസ്‌സീറ്റിൽ ചാരിനിന്ന് മുന്നിൽ നോക്കുകയാണ് നമ്മുടെ കുറുപ്പുസാർ,
അദ്ദേഹത്തിന് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞ് നാല് ബസ്‌സ്റ്റോപ്പുകൾ പിന്നിട്ടശേഷം ബസ് മുന്നോട്ട് ഓടുകയാണ്,
***എന്നിട്ടും കൊച്ചിന്റെ കരച്ചിൽ മാറിയില്ല.

അങ്ങനെ അഞ്ചാം സ്റ്റോപ്പിൽ മണിയടിച്ചശേഷം കിളിയുടെ അറിയിപ്പ്,
“കാരണവരെ നിങ്ങൾക്കിറങ്ങേണ്ട സ്ഥലം കഴിഞ്ഞ് ടിക്കറ്റിന്റെ പൈസയും തീർന്ന് അടുത്ത സ്റ്റേജായി. ഇനിയും പെണ്ണുങ്ങളെ നോക്കിനിൽക്കണമെങ്കിൽ പുതിയ ടിക്കറ്റെടുക്കണം”


11 comments:

  1. ഒരു വർഷം മുൻപ് എഴുതിയ കഥ അപ്ഡേറ്റ് ചെയ്തതാണ്.

    ReplyDelete
  2. കുറുപ്പിന്റെ ഒരു ചങ്കുറപ്പ്...

    ReplyDelete
  3. എത്രയെത്ര 'കുറുപ്പു സാറന്മാർ' നമുക്കു ചുറ്റുമുണ്ട്!

    ReplyDelete
  4. പീതാംബരക്കുറുപ്പെന്നാണോ പേര്?!

    ReplyDelete
  5. ഹ ഹ ഹ എന്നാലും എന്റെ റ്റീച്ചറെ :)

    അജിത് ജീ :)

    ReplyDelete
  6. ഹ..ഹ. അത് കലക്കി. ഇങ്ങീനെ കുറെ കുറുപ്പന്മാമാരെ കണ്ടിട്ടുണ്ട്..

    ReplyDelete
  7. ഇങ്ങനെയും വയസ്സന്മാര്‍ പെരുമാറുമോ. സുകൃതക്ഷയം. നല്ല കഥ.ആശംസകള്‍.

    ReplyDelete
  8. :) അപ്പൂപ്പന്മാര്‍ക്കും ആശയില്ലേ ടീച്ചറെ??

    ReplyDelete
  9. പണ്ടൊരു കുറുപ്പു സാര്‍ സൈക്കിളില്‍ പോവുമ്പോള്‍ മുമ്പിലൊരു മരം വന്നത് അറിഞ്ഞില്ല... കാരണം അതിനും മുന്നിലൊരു ദര്‍ശന സൌഭാഗ്യം അങ്ങനെയിങ്ങനെ എന്ന് മാധവിക്കുട്ടിയുടെ ഒരു കഥാപാത്രത്തെ പോലെ നടന്നു പോവുന്നുണ്ടായിരുന്നു.

    കഥ ഉഷാറായി.

    ReplyDelete
  10. ഹ ഹ ഹ..

    ഇഷ്ടായി...
    ഇപ്പൊ കുറുപ്പന്മാര്‍ കൂട്ടമായി ഇറങ്ങിയിരിക്കായാണോ?

    ReplyDelete
  11. ഭാഗ്യം....ഈ മാഷ്‌ കുട്ട്യേളെ പഠിപ്പിച്ചില്ലല്ലോ ....

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..