“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

11/23/16

സുനാമികൾ പിറക്കുന്ന നേരം


                                                                                                 
                    വളരെക്കാലത്തെ ഇടവേളക്കുശേഷം ശ്രീദേവിയമ്മ ചിരിച്ചു. ഏതാനും മണിക്കൂർ കഴിഞ്ഞാൽ ലഭിക്കാനിടയുള്ള സ്വാതന്ത്ര്യത്തെ ഓർത്തപ്പോൾ മനസ്സുതുറന്ന് ശരിക്കും പൊട്ടിച്ചിരിച്ചു. വീട് അടച്ചുപൂട്ടിയിട്ട് മകനും മരുമകളും ജോലിക്ക് പോയാൽ, അകത്തിരിക്കുന്ന പ്രായമായ ആ അമ്മയുടെ മനസ്സുനിറയെ തനിക്കുചുറ്റും വലയംചെയ്യുന്ന ഏകാന്തതയെ അകറ്റാനായി വരുന്ന മുൻപരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ മാത്രമാണ്. ഓർമ്മകളിൽ ആഴ്ന്നിറങ്ങിയപ്പോൾ അവരുടെ ഉള്ളിൽനിന്നും തുളുമ്പിവരുന്ന ആഹ്ലാദം മുഖത്ത് പ്രകടമായി. മനസ്സിന്റെ കണ്ണാടിയാണല്ലൊ മുഖം,,,
                    തുറന്നിട്ട ജാലകത്തിലൂടെ അകലേക്ക് നോക്കിയിട്ട് ശ്രീദേവിയമ്മ മനസ്സിൽ പറഞ്ഞു, ‘ഏത് വഴി ആയിരിക്കും അവൻ വരുന്നത്? ഏതു വഴിയിലൂടെ ആയാലും വരും, വരാതിരിക്കാൻ ആവില്ല’. ആർക്കും വേണ്ടാത്ത അമ്മക്കൊരു കൂട്ടായി വരുന്ന അവനെക്കുറിച്ച് കൂടുതലായൊന്നും അറിയില്ലെങ്കിലും അവന് അമ്മയെ നന്നായി അറിയാം.

                     ജീവിതനാടകത്തിലെ അവസാനരംഗത്തിന്റെ ഒടുവിൽ കർട്ടൻ താഴുന്നതുംകാത്ത് വല്ലാത്തൊരു ഭയത്തോടെ അഭിനയിക്കുന്ന വൃദ്ധയായ ആ അമ്മയുടെ ദിനരാത്രങ്ങൾക്ക് പുത്തൽ താളലയം ആരംഭിച്ചിട്ട് ഏതാനും ദിവസങ്ങളായി. ഭൂതകാലങ്ങളെ മാത്രം അയവിറക്കിക്കൊണ്ട് ശോകമൂകമായി, മുന്നിലുള്ള ഒന്നുംതന്നെ കാണുകയോ, കേൾക്കുകയോ, അറിയുകയോ ചെയ്യാത്തമട്ടിൽ നാളുകൾ തള്ളിനീക്കുന്ന വൃദ്ധയുടെ ഉള്ളം കൈയ്യിൽ പതിച്ച തേൻതുള്ളി പോലെയാണ് അവൻ വന്നത്. പറയുന്നതെല്ലാം കേൾക്കാനും മറുവാക്ക് ഉരിയാടാതെയും ദിവസങ്ങൾ കടത്തിവിടാൻ ശീലിച്ച അവർക്ക് മിണ്ടാനും പറയാനുമായി ഒരു മനുഷ്യജീവി വന്നപ്പോഴുള്ള സന്തോഷം മനസ്സിൽ പതഞ്ഞുപൊങ്ങുകയാണ്. ശ്രീദേവി അമ്മ എന്നൊരു സ്ത്രീ ജീവിച്ചിരിക്കുന്നുണ്ട് എന്ന് ഉൾക്കൊള്ളാനാവാത്ത മനസ്സുമായി ഇടപഴകുന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും ബന്ധുക്കളുടെയും ഇടയിൽ അവരെ സ്വന്തമാണെന്ന് പറഞ്ഞ് അംഗീകരിക്കാനായി ദൈവം ഒരു ചെറുപ്പക്കാരനെ അയച്ചിരിക്കുന്നു.

                  നേരം പുലർന്നശേഷം എത്രാമത്തെ തവണയാണ് ഒരേകാര്യംതന്നെ മനസ്സിൽ പറഞ്ഞ് ആശ്വാസം കൊള്ളുന്നതെന്ന് അവർക്കുതന്നെ അറിയാതായി. അകലെനിന്നും അവൻ വരുന്നത് കാണാനായി കാത്തിരിക്കുന്ന ശ്രീദേവിയമ്മ ഓരോ നോട്ടത്തിലും നിരാശയിലാണ്ടു. ചെറുപ്പക്കാരെല്ലാം കാറിലും ബൈക്കിലും മാത്രം സഞ്ചരിക്കുന്ന ഈ കാലത്ത് കാൽനടയായി മാത്രം സഞ്ചരിക്കുന്ന അവന്റെ ശീലത്തെക്കുറിച്ച് പലപ്പോഴും ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഒരിക്കൽ ചോദിച്ചു,
“മോനെന്താ എപ്പോഴും നടക്കുന്നത്? ഒരു വണ്ടി വാങ്ങിക്കൂടെ?”
“എനിക്ക് മണ്ണിൽ ചവിട്ടി നടക്കാനാണിഷ്ടം, പിന്നെ ഇങ്ങനെ നടന്നതുകൊണ്ടല്ലെ എന്റെ പുന്നാര അമ്മയെ കാണാനും പരിചയപ്പെടാനും ഇടയായത്”
അപ്രതീക്ഷിതമായ മറുപടിയിൽ അവർ പകച്ചുപോയി; ഓർമ്മയിൽ വന്നത്, വണ്ടി കേടായാൽ ലീവെടുത്ത് വീട്ടിലിരിക്കുന്ന മകനെ,,,

                  മക്കൾ ഒരുക്കിയ തടവറയിൽനിന്നും ശ്രീദേവിയമ്മ അടുക്കളയിലേക്ക് നടന്നു. മേശപ്പുറത്ത് തുറന്നുവെച്ച ഗ്ലാസ്സിലെ തണുത്ത ചായ ഒരുകവിൾ കുടിച്ചശേഷം പ്ലെയിറ്റിന്റെ മൂടി തുറന്നു. ഉണക്കചപ്പാത്തിക്ക് കൂട്ട് സാമ്പാറ് കറി; രണ്ടും ഇഷ്ടമില്ലാത്തത്,, തിന്നാൻ കഴിയാത്തത് ഉണ്ടാക്കിയാൽ ‘പട്ടിണികിടന്ന് വയസ്സിത്തള്ളയുടെ കാറ്റുപോകട്ടെ’ എന്ന് മരുമകൾ ചിന്തിച്ചാലെന്ത് ചെയ്യും. തന്നോട് ചെയ്യുന്നതെല്ലാം പലിശസഹിതം അവൾക്ക് തിരിച്ചുകിട്ടുമെന്ന് ആശ്വസിച്ചുകൊണ്ട് നേരെ അടുക്കളയിൽ കടന്നു. പതിവുപോലെ എല്ലാം അടച്ചുപൂട്ടിയിരിക്കുന്നു,,, അലമാരകളും ഫ്രിഡ്ജും സ്റ്റോർ റൂമും അടച്ചുപൂട്ടി താക്കോലുമായാണല്ലൊ അവളുടെ നടപ്പ്. വീടും പറമ്പും സ്വന്തമാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം,,, എല്ലാം അവൾ തട്ടിയെടുത്തില്ലെ; അടുക്കള കൈവിട്ട വീട്ടമ്മയുടെ ദുഃഖം അസഹനീയമാണ്; പ്രായമായതോടെ വീട്ടിലെ സ്ഥാനവും പോയില്ലെ,,,

                 ചൂടുവെള്ളം കുടിച്ചശേഷം മുഖം കഴുകിയിട്ട് പെട്ടെന്ന് തിരിച്ചെത്തി ജനാലക്കരികിൽ വന്ന് അകലേക്ക് നോട്ടമയച്ചപ്പോൾ ശ്രീദേവിയമ്മക്ക് സമയബോധം വന്നു,, അവൻ വരാനുള്ള സമയം ആയിട്ടില്ല,,,
അവൻ,,, ആരാണവൻ?,,, ഉത്തരങ്ങൾക്കായി അവർ പരതി,,,
മുൻപരിചയക്കാരൻ?
അയൽക്കാരൻ?
ബന്ധു?
മകൻ?
അല്ലേയല്ല,,,
അങ്ങനെ ഒറ്റവാക്കിന് പറയാമോ;
അവൻ ആരുമല്ലെന്ന് ഒറ്റവാക്കിന് പറയാൻ പറ്റുമോ?
ശ്രീദേവിയമ്മയുടെ ജീവിതത്തിലിപ്പോൾ അവൻ മാത്രമാണുള്ളത്. ഒരുപക്ഷെ മക്കളെക്കാൾ ഉപരി,,,
പിന്നെന്ത് വേണം?

പരിചയപ്പെട്ടതിന്റെ പിറ്റേന്ന് ചോദിച്ചു,
“മോന്റെ പെരെന്താ?”
“അമ്മേ എനിക്ക് പേരില്ല, നിങ്ങളെന്നെ മോനേ എന്നു വിളിച്ചില്ലെ,,, ഞാൻ അമ്മയുടെ മകൻ,, അതിനിടയിൽ എന്തിനാണൊരു പേര്?”
“എന്നാലും,,, ഞാൻ നിനക്കൊരു പേരിടട്ടെ”
“അമ്മയുടെ ഇഷ്ടം”
“അപ്പുണ്ണി”
“അതാരാ?”
“അത്, പിറക്കാതെപോയ എന്റെ മകനാണ്. ഒരാണിനേം രണ്ട് പെണ്ണിനേം പെറ്റപ്പോൾ നാലാമതായി എന്റെ വയറ്റിൽ ഉണ്ടായവനാണ്. പത്ത് മാസംകഴിഞ്ഞ് ജനിച്ചെങ്കിൽ നിന്നെപ്പോലൊരുത്തനായിരിക്കും. ആശൂത്രീൽ പോയിട്ട് അവനെ മുറിച്ചുമാറ്റിയപ്പോൾ ഞാനെത്ര കരഞ്ഞതാ,,, അവന് ഞാനിട്ട പേരാണ് അപ്പുണ്ണി”
      എല്ലാം കേട്ടുകഴിഞ്ഞ് ‘അതൊന്നും സാരമില്ല’ എന്ന് പറഞ്ഞുകേൾക്കുമ്പോൾ എന്തൊരു ആശ്വാസമാണ്,,, വർഷങ്ങൾക്കുശേഷം മിണ്ടാനും പറയാനുമായി ഒരാൾ,,, ആകെയൊരു സുഖം!

               മാസങ്ങൾക്ക് മുൻപുള്ള ഒരു ദിവസം,,, ആ വീട്ടിൽ അപ്രതീക്ഷിതമായ ഒരു സാമഗമം നടന്നു. തുറന്നിട്ട ജാലകത്തിലൂടെ അകലെയുള്ള ജനക്കൂട്ടത്തെ കൊതിയോടെ നോക്കുന്ന ശ്രീദേവിയമ്മയുടെ തൊട്ടുമുന്നിൽ പെട്ടന്നാണ് ഒരു ചെറുപ്പക്കാരൻ പ്രത്യക്ഷപ്പെട്ടത്; മുഖത്തോടു മുഖം നോക്കിയതോടെ ഇരുവരും ഞെട്ടിയപ്പോൾ ഒന്നിച്ച് ചോദ്യം വന്നു, “ആരാ?”
“ഞാൻ വെറുതെ നടക്കാൻ,, അമ്മ ഇവിടെ?”
“അമ്മ,,,”
     ശ്രീദേവിയമ്മ നിശബ്ദയായി, മറുപടി പറയാതെ ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കി,,, കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ പൊടിഞ്ഞുവോ,,, അതുകണ്ടിട്ടാവണം അവൻ അടുത്തുവന്ന് ജനാലക്കമ്പി പിടിച്ച് പതുക്കെ ചോദിച്ചു,
“എന്തിനാ കരയുന്നത്?”
“ഒന്നുമില്ല മോനെ, നീയേതാ?”
“എനിക്കാരുമില്ല,, റോഡിലൂടെ നടക്കുമ്പോൾ വെയിലു കൊള്ളാതിരിക്കാൻ ഇങ്ങോട്ടു വന്നതാ”
“കുടിക്കാൻ എന്തെങ്കിലും,,, അതിന്,, മക്കള് പോകുമ്പോൾ വാതിലൊക്കെ അടച്ചിരിക്കയാ,,,”
“അയ്യോ ഞാനകത്തോട്ടൊന്നും കയറുന്നില്ല,, പിന്നെ ആരെങ്കിലും കണ്ടാലോ,, അമ്മ വാതിൽ തുറക്കേണ്ട; കാലം അത്രക്ക് നല്ലതല്ല”

പിന്നെയങ്ങോട്ട് പരിചയപ്പെടുത്തലുകളുടെ തിരക്ക് ആയിരുന്നു; അവനാകെ സംശയം,
“പ്രായമായ അമ്മയിങ്ങനെ ഒറ്റയ്ക്ക്?”
“അതൊക്കെ ഒരു യോഗമാണ്,,, മക്കളെ വളർത്തിയതിനുള്ള ശിക്ഷ. അമ്മയെ അകത്താക്കി വീടിന്റെ വാതിലടച്ച് പൂട്ടിയിരിക്കയാ,,, കാണാൻ വലിയ വീടാണ്; എന്നിട്ടോ? മരുമോള് പൊറത്തൂന്ന് പൂട്ടി താക്കോലുംകൊണ്ട് പോയിരിക്കയാ. എന്റേത് ആണെന്ന് പറഞ്ഞിട്ടെന്ത് കാര്യം? എല്ലാം അറിയുന്ന അയാളെ ദൈവം നേരത്തെ വിളിച്ചില്ലെ”
“അയാളോ? ആര്?”
“മക്കളുടെ അച്ഛൻ, അങ്ങേര് നേരത്തേ പോയി. വലിയ ഓഫീസർ ആയതുകൊണ്ട് അവരുടെ പെൻഷൻ മാസാമാസം എനിക്ക് കിട്ടുന്നുണ്ട്. എന്നിട്ടൊ,,, അതെല്ലാം മൂത്തമോനും കെട്ടിയോളും എടുക്കുന്നു. മറ്റുള്ള മക്കൾക്ക് കൊടുക്കാതിരിക്കാനാണ് എന്നെയിവിടെ അടച്ചുപൂട്ടുന്നത്.”
“അമ്മക്ക് ഈ മുറിവിട്ട് പോകാനാവില്ലെ?”
“അടുക്കളയിലും അതിനുപിന്നിലെ വരാന്തയിലും പോകാം, പിന്നെ അത്യാവശ്യമാണെങ്കിൽ അടുക്കളവാതിൽ തുറന്ന് മുറ്റത്തിറങ്ങാനും കഴിയും. പക്ഷെ അങ്ങനെയൊന്നും പാടില്ലെന്നാണ് അവളുടെ ഓർഡർ”

               ചെറുപ്പക്കാരന്റെ നിത്യസന്ദർശ്ശനം ശ്രീദേവിഅമ്മയുടെ ജീവിതത്തിന് പുത്തനുണർവ്വും ഉന്മേഷവും നൽകി. ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അവനോട് ഒരു സഹായം ആവശ്യപ്പെട്ടത്. പെട്ടെന്ന് മറുപടി വന്നു,
“എന്നെക്കൊണ്ട് പറ്റുന്നതൊക്കെ ഈ അമ്മക്കുവേണ്ടി ഞാൻ ചെയ്യും”
“മോന്റെ കൈയിലെ മൊബൈലിൽ ഇതൊന്ന് വിളിക്കുമോ?”
മുഷിഞ്ഞു പഴകിയ കടലാസുതുണ്ടിലെ പകുതിമാഞ്ഞ അക്കങ്ങൾ നോക്കിയിട്ട് അവൻ ചോദിച്ചു,
“ഇതാരുടേതാണ്?”
“ഇളയ മോളുടേതാണ്, അവളുടെ ഒച്ചകേട്ടിട്ട് അഞ്ചാറ് കൊല്ലമായി”
“മകളിവിടെ വരാറുണ്ടോ?”
“വരുന്നില്ലെങ്കിലും എന്റെ പൊന്നുമോള് ദിവസേന വിളിക്കുമായിരുന്നു. അതേപറ്റി ഞാൻ ചോദിക്കുമ്പം ഇവിടെ എല്ലാർക്കും ദേഷ്യമാ?,, അധികം ചോദിക്കുമ്പം പറയും മോള് ചത്തുപോയെന്ന്,,, അതെങ്ങനെയാ? വയസ്സായ അമ്മ ജീവിക്കുമ്പോഴ് മോള് ചത്തുപോകുമോ”
“ചത്തുപോയെന്നോ?”
“എന്നെക്കൊണ്ടെന്ത് ചെയ്യാനാണ്? മോളെ കണ്ടിട്ട് ഒരുപാട് നാളായി. അമ്മേന്റെ വിഷമം മക്കൾക്ക് അറിയില്ലല്ലൊ”
അമ്മയുടെ കണ്ണിൽ നിന്നും പൊടിയുന്ന ചൂടുള്ള കണ്ണുനീർ ജനാലയുടെ അഴികളിലൂടെ നീട്ടിയ കൈകളിൽ ഉൾക്കൊണ്ടിട്ട് അവൻ പറഞ്ഞു,
“ഞാൻ വിളിക്കാം,, അമ്മക്ക് മകളോട് നേരിട്ട് സംസാരിക്കാമല്ലൊ”
നമ്പർ ഡയൽ ചെയ്ത് കാത്തിരുന്നശേഷം നിരാശയോടെ അമ്മയോട് പറഞ്ഞു,
“ഇപ്പോൾ റെയിഞ്ച് കുറവാണല്ലൊ,,, പിന്നീട് വിളിച്ചിട്ട് അമ്മയെ കാണാൻ പറയാം. മകൾ ഓടിവരും,, ഉറപ്പ്,,”
രണ്ടു ദിവസം കഴിഞ്ഞ് വന്നപാടെ അവൻ വിളിച്ചുകൂവി,
“അമ്മേടെ മകളെ ഞാൻ വിളിച്ചു,, ഇങ്ങോട്ട് വരാൻ എന്തോ പ്രയാസം. എന്നാലും രണ്ടുദിവസം കഴിഞ്ഞ് അമ്മയെ കാണുമെന്ന് പറഞ്ഞു”

ശ്രീദേവിയമ്മക്ക് ഒരിക്കലും മറക്കാനാവാത്ത വാർത്തയാണ് ഇന്നലെ കേൾക്കാൻ കഴിഞ്ഞത്, ദൂരേന്ന് തന്നെ അയാൾ വിളിച്ചുകൂവി,
“അമ്മേ, അമ്മ തയ്യാറായിക്കൊ,, നാളെ അമ്മയ്ക്ക് പൊന്നുമോളെ കാണാം”
“അയ്യോ, അത്?”
“അതൊക്കെ ഞാൻ ശരിയാക്കി, അമ്മേടെ മോള് ഇവിടെ വരില്ലെങ്കിലും ഞാൻകണ്ട് സംസാരിച്ചു. ഇവിടെന്ന് ഓട്ടോയിൽ പോയിട്ട് കടൽക്കരയിൽ എനിക്കറിയുന്ന ഒരു വീട്ടിൽ എത്തിച്ചേരണം; അവിടെ മകൾ വരും. ഇനിയുള്ള കാലത്ത് അമ്മയെ സ്വന്തംവീട്ടിൽ താമസ്സിപ്പിച്ച് പൊന്നുപോലെ നോക്കുമെന്നാണ് അമ്മേടെ മോള് പറഞ്ഞത്”
“അയ്യോ, ഇവിടെ? എന്റെ മോൻ അറിഞ്ഞാലോ?”
“അവരെങ്ങനെ അറിയാനാണ്? പിന്നെ മകൾക്കൊപ്പം താമസ്സിച്ചാൽ പ്രശ്നങ്ങൾ വരുന്നതൊക്കെ പിന്നീട് ആലോചിച്ചാൽ പോരെ?”
പെട്ടെന്ന് പോകുന്നതിനിടയിൽ അവൻ ഒരുകാര്യം കൂടി അറിയിച്ചു,
“നാളെ അടുക്കളവാതിൽ തുറക്കാൻ കഴിയണം. പിന്നെ മകൾക്ക് കൊടുക്കാനുള്ളതെല്ലാം എടുത്തോളണം. ഇനി ഇങ്ങോട്ടൊരു വരവ് ഉണ്ടാവുകയില്ല”
“കഴുത്തിലും കാതിലുമായി ഉള്ളതെല്ലാം എന്റെ മോൾക്ക് ഉള്ളതാ,, പിന്നെ കൊറേക്കാലമായി കൂട്ടിവെച്ച കൊറച്ച് പണവും ഉണ്ട്. അതെല്ലാം എടുക്കും, അലമാരിക്കകത്താണ്”

“അമ്മയെന്താ ഒറക്കമാണോ?”
പെട്ടെന്നാണ് അവൻ പ്രത്യക്ഷപ്പെട്ടത്,, ശ്രീദേവിഅമ്മക്ക് സന്തോഷം സഹിക്കവയ്യാതായി. ജനാലക്കു പിന്നിൽ ഒളിച്ചിരുന്നുകൊണ്ട് അവൻ നീട്ടിയ കൈ പിടിച്ചപ്പോൾ ദേഹമാസകലം പടർന്നു കയറിയ കുളിര് കാരണം ഇരു കവിളുകളും ചുവന്ന് തുടുക്കുന്നത് അവരറിഞ്ഞു. ഏതാനും മിനിറ്റുകൾക്കുശേഷം കാണാൻ പോകുന്ന പ്രീയപ്പെട്ട മകൾ; എന്നും എന്നെന്നും പ്രീയപ്പെട്ടവൾ. അവരുടെ ഉള്ളിൽ ആവേശം അലതല്ലി,
“നീ കണ്ടോ,, എന്റെ മോള് വന്നിട്ടുണ്ടോ?”
“മോൾക്ക് സുഖംതന്നെ,,, പിന്നെ അല്പസമയം കഴിഞ്ഞാൽ അമ്മക്ക് നേരിട്ട് കാണാമല്ലൊ; പിന്നെന്തിനീ വെപ്രാളം?”
“അത് നൊന്തുപെറ്റ വയറിനുമാത്രം അറിയുന്നതാണ്, മോള് കാണാനെങ്ങനെയുണ്ട്?”
“കൂടുതലായൊന്നും എനിക്കറീല്ല, എല്ലാം അമ്മയുടെ സന്തോഷത്തിനായ് ചെയ്യുന്നു”
“കുറച്ചു സാധനങ്ങൾ എടുക്കാനുണ്ട്,, മോനകത്തു വാ,, അടുക്കളവാതിൽ തുറന്നുതരാം”
മകനും മരുമകളും ജോലിക്കുപോയാൽ ചെയ്യാനുള്ളതെല്ലാം അവർ കണക്കുകൂട്ടി വെച്ചിരുന്നു.

                   ശ്രീദേവി എന്ന വൃദ്ധയിതാ വർഷങ്ങൾക്കുശേഷം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുകയാണ്. പൊക്കിൾക്കൊടി മുറിച്ചുമാറ്റാത്ത കുഞ്ഞ് ആദ്യമായി ചെയ്യുന്നതുപോലെ ചുറ്റും പരക്കുന്ന അന്തരീക്ഷത്തെ ആവോളം  ഉള്ളിലേക്കെടുത്തപ്പോൾ ശ്രീദേവിഅമ്മയുടെ ദേഹത്ത് പുതുജീവൻ പരന്നു. വായുവിന് ഇത്രയും സുഗന്ധമുണ്ടെന്ന് അറിയുന്നത് ഇപ്പോഴാണ്. വാതിലൊക്കെ അടച്ചശേഷം പുതിയതായി വന്നുചേർന്ന മകന്റെ കൈ മുറുകെപിടിച്ച് പടിയിറങ്ങുമ്പോൾ അവസാനമായി അവർ സ്വന്തം വീടിനെയൊന്ന് നോക്കി,,,
പെട്ടെന്ന്,,, ആ വീട് അവർക്ക് അന്യമായി തോന്നാൻ തുടങ്ങി,,, മനസ്സിലോർത്തു,
ഇനി ഏതായാലും ഇങ്ങോട്ടൊരു വരവ് ഉണ്ടാവാതിരിക്കട്ടെ.

കണക്കുകൾ കൂട്ടി നടക്കുമ്പോൾ അവന്റെ ചോദ്യം,
“ഇതൊക്കെ എന്താണ് കൈയിൽ?”
“എല്ലാം ഈ കിഴവിയുടെ സമ്പാദ്യമാണ്, ഇനിയത് എന്റെ മോൾക്ക് കൊടുക്കും. ആരാന്റെ വീട്ടിന്ന് വലിഞ്ഞുകയറി വന്നവളൊന്നും എന്റെ മൊതല് തിന്നേണ്ട”
“അതാരാ, ആരാന്റെ വീട്ടിന്ന് വന്നവൾ?”
“ഓ,, അതാ ഭദ്രകാളി,, അന്റെ മോന്റെ കെട്ടിയോൾ”
                    പുല്ല് വളരുന്ന തുളസിത്തറയും പൂക്കളില്ലാത്ത കണിക്കൊന്നയും പിന്നിട്ട് അവർ നടന്നു. റോഡരികിൽ നിർത്തിയ ഓട്ടോയിൽ അവന്റെ കൈപിടിച്ച് കയറിയപ്പോൾ ആ അമ്മയുടെ ഉള്ളിന്റെ ഉള്ളിൽ സന്തോഷം അലതല്ലി. സ്വാതന്ത്ര്യത്തിന് ഇത്രയും മധുരമുണ്ടെന്ന് ആദ്യമായി അറിയുകയാണ്. ഇനിയൊരിക്കലും മകനെ പേടിക്കേണ്ട, മരുമോളെ പേടിക്കേണ്ട, കൊച്ചുമക്കളുടെ കുത്തുവാക്കുകൾക്ക് ചെവി കൊടുക്കേണ്ട,,,

“ഉറങ്ങിയിട്ട് മതിയായില്ലെ?”
ശബ്ദം കേട്ടപ്പോൾ ശ്രീദേവിയമ്മ ഞെട്ടി; ഓട്ടോ നിർത്തിയിരിക്കുന്നു. ഇത്രയും നേരം ഉറങ്ങിപ്പോയോ? ഇറങ്ങാനായി കൈനീട്ടിയപ്പോൾ ചോദിച്ചു,
“മോനേ ഇതേതാ സ്ഥലം?”
“എത്രനേരമാ ഉറങ്ങിയത്? ഈ സ്ഥലം പരിചയമുണ്ടാവില്ല; വേഗം നടക്ക്, തൊട്ടപ്പുറത്ത് കടലാണ്,, ശബ്ദം കേൾക്കുന്നില്ലെ?”
“ആ കേൾക്കുന്നുണ്ട്,, പക്ഷെ?,,”
“എന്തോന്ന് പക്ഷെ,, പണ്ടത്തെപ്പോലെയാണോ ഇപ്പോൾ? എല്ലാം മാറിപ്പോയില്ലെ”
“എന്നാലും,, എത്ര ഉയരോള്ള വീടുകളാണ്,, അന്റെ മോള്?”
“കടപ്പുറത്തുള്ള ആ കാണുന്ന പണിതീരാത്ത വീടിനടുത്ത് എത്തണം. അവിടെ കാറോടിച്ചിട്ട് മോള് വരും”
“മോള് കാറോടിക്കാനോ? കാറിൽ കയറാൻ തന്നെ പേടിയുള്ളവള്!”
“കാലം കൊറേ കഴിഞ്ഞു, എല്ലാം മാറിപ്പോയി. നിങ്ങളെ മോളിപ്പം കാറ് മാത്രമല്ല പ്ലെയിനും ഓടിക്കും. വേഗം നടന്നാട്ടെ,,”

                   അതുവരെ കൈപിടിച്ച് തനിക്കൊപ്പം നടന്നവൻ കൈവീശി മുന്നോട്ട് നടക്കുമ്പോൾ ഒപ്പമെത്താൻ ശ്രീദേവിയമ്മ പ്രയാസപ്പെട്ടു. വളരെക്കാലമായി നടത്തം മറന്ന കാലുകൾ വേദന അറിയാൻ തുടങ്ങി. മനസ്സിലിടം പിടിക്കാത്ത മാറ്റത്തിന്റെ കാഴ്ചകൾക്കു പകരമായി പഴമയെ തിരഞ്ഞപ്പോൾ നിരാശയാണ് തോന്നിയത്. ആ നേരത്ത് അവരെ കോരിത്തരിപ്പിച്ചുകൊണ്ട് തിരമാലകളുടെ ശബ്ദം ഉയർന്നു. വർഷങ്ങൾക്കുമുൻപ് പരിചയപ്പെട്ട അതെ താളത്തിൽ തിരമാലകളുടെ സംഗീതം ഉയരുകയാണ്. അത് മുത്തശ്ശിയെ വിളിക്കുകയാണ്,
“മോനേ,, കടലിൽ തിരകൾ,,, അത്,”
“ഞാൻ പറഞ്ഞില്ലെ കടപ്പുറമാണെന്ന്,, തള്ളേ വേഗം നടക്ക്, മകളിപ്പം വരും”
“മോനെ ഈ തിരകൾ വലിയതായാൽ എന്തോ പറയുമല്ലൊ”
“അതല്ലെ സുനാമികൾ,, എന്താ സുനാമി കാണണോ?”
“സുനാമി കാണാൻ നല്ല രസമായിരിക്കും, വെല്യ പീറ്റത്തെങ്ങിനെക്കാളും ഒയരത്തിലുള്ള തിര,,, അയ്യോ എനിക്ക് അതൊന്നും വേണ്ട”
                  ശ്രീദേവിയമ്മ പ്രയാസപ്പെട്ട് നടക്കുകയാണ്. കൂടെയുള്ള ചെറുപ്പക്കാരന്റെ സ്വഭാവത്തിൽ പെട്ടെന്നുവന്ന മാറ്റം ഉൾക്കൊള്ളാനാവാത്ത മനസ്സുമായി അവനൊപ്പം എത്തിച്ചേരാൻ വെപ്രാളപ്പെടുകയാണ്.

                   അവരുടെ മനസ്സിലൂടെ സുനാമികൾ കടന്നുപോയി. ഉയർന്നുയർന്ന് പൊട്ടിച്ചിതറി ദേഹം മുഴുവൻമൂടി നാടും നഗരവും വെള്ളത്തിൽ മുക്കുന്ന സുനാമികൾ. അതിൽ മുങ്ങിയിട്ട് അവസാനിക്കാനുള്ളതല്ല ജീവിതം. സ്വാതന്ത്ര്യം ലഭിച്ച അവർക്ക് കുറച്ചുകാലംകൂടി പുറംലോകത്ത് ജീ‍വിക്കണം. മകളെ കാണണം, കൊച്ചുമക്കളെ കളിപ്പിക്കണം. അങ്ങനെ എന്തെല്ലാം,,,
                  സുനാമിയെകുറിച്ച് ശ്രീദേവിഅമ്മ ചിന്തിക്കുന്ന നേരത്ത് അവരെ കൂടുവിട്ട് വെളിയിലിറങ്ങാൻ സഹായിച്ച ചെറുപ്പക്കാരൻ മൊബൈലിൽ സംസാരിക്കുന്ന തിരക്കിലാണ്,
“തള്ളക്ക് എന്നെ വലിയ വിശ്വാസമാ,, അതുകൊണ്ട് അഞ്ചാറ് ഫ്രന്റ്സിനേം വിളിച്ചിട്ട് ഷെയർ ചെയ്തോ; ചത്താലും കൊഴപ്പമില്ല. പിന്നെ കൈയിലുള്ള പൊന്നും പണവുമൊക്കെ എനിക്കുവേണം. കട്ടപ്പുറത്തായ പഴയമോഡൽ വണ്ടിയാണെങ്കിലും ബോഡി സൂപ്പറാ,, അതുകൊണ്ട് ടെസ്റ്റ് ചെയ്യുമ്പോൾ പൊട്ടിത്തെറിയൊക്കെ ഉണ്ടാവും; ശ്രദ്ധിക്കണം.”                                      ***********************************************
നവമ്പർ മാസത്തെ സ്ത്രീശബ്ദം മാസികയിൽ പ്രസിദ്ധീകരിച്ച കഥ: 

3 comments:

  1. സുഹൃത്തുക്കളെ,
    പുതിയ കഥ വായിച്ച് അഭിപ്രായം എഴുതുക,
    കഥയെഴുത്ത് ഇനിയും തുടരും,,,

    ReplyDelete
  2. വായിച്ച്‌ കരച്ചിൽ വന്നല്ലോ ടീച്ചറേ!!!!!പാവം ആ അമ്മ.!

    ReplyDelete
  3. നൊമ്പരപ്പെടുത്തിയല്ലോ ...ടീച്ചറെ

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..