അവള്‍ മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ജീവിച്ചവള്‍. ഉരുകിയ സ്വര്‍ണ്ണത്തിന്റെ തിളക്കമാര്‍ന്നവള്‍. സ്വര്‍ണ്ണത്തില്‍ നിന്നും പിറവിയെടുത്തവള്‍. സ്വര്‍ണ്ണം പോലെ പരിശുദ്ധ. ഭൂമിയില്‍ ജീവിക്കുന്ന ചെകുത്താനെ വിശ്വസിച്ചവള്‍.
.
അച്ഛനും അമ്മയും ചിന്തിച്ചു;... ജോലിയുള്ള മൂത്ത മകള്‍, കല്ല്യാണത്തിന് എന്തിന് തിരക്ക് കൂട്ടണം. അനുജന്റെയും അനുജത്തിയുടെയും കല്ല്യാണം കഴിഞ്ഞു. അവരുടെ കുഞ്ഞുങ്ങള്‍ വലുതായി. അവര്‍ക്ക് സ്വന്തമായി എല്ലാം ഉണ്ട്. അവര്‍ക്ക് സ്വന്തം കുടുംബമായി.
.
പെട്ടെന്ന് ഒരു ദിവസം മാതാപിതാക്കള്‍ക്ക് സ്വബോധം ഉണര്‍ന്നു. ഇനി ഞങ്ങളുടെ കാലം കഴിഞ്ഞാല്‍ മൂത്തമകളെ ആരു നോക്കും? അവര്‍ മകനെയും ഇളയ മകളെയും വിളിച്ചു.
അവരോട് പറഞ്ഞു; “ഞങ്ങളുടെ കാലശേഷം നിങ്ങള്‍ക്കു വേണ്ടി ജീവിച്ച നിങ്ങളുടെ ചേച്ചിയെ നിങ്ങള്‍ സംരക്ഷിക്കണം അവളുടെ സ്വത്തും പെന്‍ഷനും സംരക്ഷിക്കുന്നവര്‍ക്ക് തരാം”.
“എനിക്ക് പറ്റില്ല” പൊന്നാങ്ങള പറഞ്ഞു.
“എനിക്കും പറ്റില്ല” പൊന്നനുജത്തിയും പറഞ്ഞു.
.
അപ്പോഴാണ് ഒരു ചെകുത്താന്‍ ദേവദൂതന്റെ വേഷത്തില്‍ അവിടെ വന്നത്. പ്രായം കൂടിപ്പോയെങ്കിലും സുന്ദരന്‍ സുമുഖന്‍ സുശീലന്‍ . പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല, അവന്റെയും അവളുടെയും കല്ല്യാണം കഴിഞ്ഞു.
.
ആദ്യരാത്രി അവന്‍ മദ്യക്കുപ്പികള്‍ തുറന്നു. അവള്‍ വിശ്വസിച്ചു, അത് വാട്ടര്‍ബോട്ടിലാണെന്ന്.
അവളുടെ പണവും സ്വര്‍ണ്ണവും അവന്‍ കൈവശപ്പെടുത്തി. അവള്‍ വിശ്വസിച്ചു, അവന്റെ ബിസ്‌നസ് പച്ചപിടിക്കുമെന്ന്.
അവന്‍ കുട്ടികളെ പീഡിപ്പിച്ചതായി അയല്‍വാസികള്‍ അവളോട് പറഞ്ഞു. അവര്‍ക്ക് ഒന്നും അറിയില്ല എന്ന് അവള്‍ വിശ്വസിച്ചു.
അവന്‍ മൃഗങ്ങളെ കൊന്ന് രക്തം കുടിക്കുകയും പച്ചമാംസം തിന്നുകയും ചെയ്യാറുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അവര്‍ കള്ളം പറയുകയാണെന്ന് അവള്‍ വിശ്വസിച്ചു.
അവന്‍ അനേകം സ്ത്രീകളെ കൊന്ന ഒരു കൊലപാതകിയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അത് വെറും വാഴക്കുലയാണെന്ന് അവള്‍ വിശ്വസിച്ചു.
ഒരു രാത്രി അവന്‍ കാറില്‍ അവളെയും കൂട്ടി വേശ്യാഗൃഹത്തില്‍ പോയി. അവളെ കാറിലിരുത്തി ഒരു മണിക്കൂര്‍ കഴിഞ്ഞ് അവന്‍ തിരിച്ച് വന്നപ്പോള്‍, വേശ്യയെ ഉപദേശിച്ച് മാനസാന്തരം വരുത്തിയിരിക്കും എന്ന് അവള്‍ വിശ്വസിച്ചു.
അവനെ സൂക്ഷിക്കണമെന്ന് അച്ഛനും അമ്മയും അവളോട് പറഞ്ഞു. അവള്‍ അത് അവഗണിച്ചു.
.
ഒരു രാത്രി അവന്‍ അവളെയും കൂട്ടി നടന്നു; പൌര്‍ണ്ണമി ദിവസം അര്‍ദ്ധരാത്രിയില്‍ ഓടുന്ന തീവണ്ടി കാണിക്കാന്‍ . നിലാവില്‍ തിളങ്ങുന്ന റെയില്‍പ്പാളത്തിലൂടെ തീവണ്ടിബോഗികള്‍ ഓരോന്നായി കടന്നുപോകുമ്പോള്‍ അവളുടെ കഴുത്തില്‍ കറിക്കത്തി താഴാന്‍ തുടങ്ങി.
അപ്പോഴും അവള്‍ വിശ്വസിച്ചു; ‘അത് വെറും സ്വപ്നമായിരിക്കും’ എന്ന്.
അപ്പോഴും അവള്‍ വിശ്വസിച്ചു; ‘അത് വെറും സ്വപ്നമായിരിക്കും’ എന്ന്.
.
അവളുടെ രക്തം കുടിച്ച ചെകുത്താന്‍ പിറ്റേദിവസം ഭാര്യയെ കാണാതെ കരയാന്‍ തുടങ്ങി.
റെയില്‍പാളത്തില്‍ കാണപ്പെട്ട അവളുടെ ശവം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്റ്റര്‍മാര്‍ ആശ്ചര്യപ്പെട്ടു. അവളുടെ ശരീരത്തില്‍ ഒരു തുള്ളി രക്തം പോലും കാണാനില്ല.
.
എല്ലാം കാണാനും കേള്‍ക്കാനും വേണ്ടി നാട്ടുകാരും പത്രക്കാരും ചാനലുകാരും ‘അവനെ’ പൊതിഞ്ഞു. അവരോടായി അവന്‍ പറഞ്ഞു; “അവള്‍ക്ക് പരപുരുഷബന്ധം ഉണ്ട്. അങ്ങനെയുള്ളവളെ നിലാവുള്ള രാത്രിയില്‍, റെയില്‍പാളത്തില്‍വെച്ച്, ചെകുത്താന്‍ കൊന്ന് രക്തം ഊറ്റിക്കുടിക്കും”.
പാവം പെണ്ണ്....
ReplyDeleteചാത്തനേറ്: ബൈബിള്‍ വായിച്ച ഹാങ്ങോവറില്‍ എഴുതിയ കഥ ആണോ?
ReplyDeleteകൊട്ടേഷന്‍ വാര്‍ത്തകള്‍ കേരളത്തില്‍ നിറഞ്ഞ ഈ കാലത്ത് വടക്കെ അറ്റത്ത് കണ്ണൂരില്‍ സംഭവിച്ച ഒരു തലയറുപ്പന്‍ ദുരന്തം അധികമാരും ശ്രദ്ധിച്ചു കാണില്ല. ഏതാനും മാസങ്ങള്‍ മാത്രം പരിചയപ്പെട്ട ആ നല്ല അദ്ധ്യാപികയുടെ ദുരന്ത ഓര്‍മ്മയില്‍ അവര്‍ക്കു വേണ്ടി ഒരു മിനിക്കഥ ഞാന്‍ സമര്‍പ്പിക്കുകയാണ്. അവരെ പരിചയപ്പെട്ട ഞങ്ങള്‍ ആരും തന്നെ അവരുടെ ഭര്‍ത്താവ് എന്ന പേരില്‍ അറിയപ്പെട്ടത് ഒരു ചെകുത്താന്‍ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
ReplyDeleteചുറ്റിനും എത്രയെത്ര ചെകുത്താന്മാർ..
ReplyDeleteനല്ല കഥയായിരുന്നു.
(കെട്ടിക്കഴിഞ്ഞ് ചെകുത്താന്മാരായിത്തീരുന്നവരുമുണ്ട്.)