“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

9/28/09

7. അച്ചുവേട്ടന്റെ മകള്‍





                      പുതിയസ്ഥലത്ത് പുതിയ വീട്ടില്‍ താമസം തുടങ്ങുന്നതിനു മുന്‍പ് തന്നെ, അയല്‍‌വാസിയായ അച്ചുവേട്ടനെ പരിചയപ്പെട്ടതാണ്. കോണ്‍‌ക്രീറ്റ് വീടുകള്‍ അപൂര്‍വ്വമായ കാലത്ത് വീട് നിര്‍മ്മാണത്തിലിരിക്കെ, അതിനു മുന്നില്‍ ‘കണ്ണുതട്ടാതിരിക്കാനായി ഒരു കോലം’ കുത്തിനിര്‍ത്തണമെന്ന് തൊഴിലാളികള്‍ പറഞ്ഞപ്പോള്‍ അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പകരം ചോക്ക്കൊണ്ട് മരപ്പലകയില്‍ എഴുതിവെച്ചു –‘അഭിപ്രായം ചോദിച്ചില്ല’-
  അങ്ങനെ സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി ബോര്‍ഡ് കണ്ടപ്പോള്‍ നാട്ടുകാര്‍ വീടിനെപറ്റി അഭിപ്രായം പറയുന്നതിനു പകരം പുതിയ ബോര്‍ഡിനെ കുറിച്ച് അഭിപ്രായം പറയാന്‍ തുടങ്ങി.
 .
        ഇതിനിടയിലാണ് നമ്മുടെ അച്ചുവേട്ടന്റെ വരവ്. ചാരായഷാപ്പിലെ കുപ്പികള്‍ കഴിവനുസരിച്ച് കാലിയാകിയതിന് ശേഷം നടന്നും ഇഴഞ്ഞും നീങ്ങി, നിര്‍മ്മാണത്തിലിരിക്കുന്ന വീടിനു മുന്നിലൂടെയുള്ള ആ വരവ് ഒന്നു കാണേണ്ടതു തന്നെയാണ്. വീടിന്റെ മുന്നിലെത്തിയപ്പോള്‍ ആടിക്കൊണ്ടിരുന്ന ആള്‍ ഒന്ന് നിന്നു. അല്പം കുനിഞ്ഞ് നിന്ന് ബോര്‍ഡില്‍ എഴുതിയതു വായിക്കാന്‍ തുടങ്ങി.
 “അഭിപ്രായം ചോദിച്ചില്ല പോലും; അന്റെ ഷാപ്പിന്റെ മൊതലാളീന്റെ അടുക്കളെന്റെ അത്രയില്ലാത്ത വീട്, നീ പോടാ” ഇതും പറഞ്ഞ് സാക്ഷാല്‍ കൃഷണന്‍നായരുടെ സിനിമാറ്റിക്ക് മോഡലില്‍ ആടി ഇഴഞ്ഞ് ഒഴുകാന്‍ തുടങ്ങി.
 .
                  ഞങ്ങള്‍ അവിടെ താമസം തുടങ്ങിയ ദിവസം മുതല്‍ അച്ചുവേട്ടന്റെ വീട്ടു വിശേഷങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. കേള്‍പ്പിക്കുന്നതാവട്ടെ അച്ചുവേട്ടനും സ്വന്തം പെങ്ങളും തന്നെ. 200 മീറ്റര്‍ ദൂരെയുള്ള അച്ചുവേട്ടന്റെ വീട്ടില്‍‌നിന്നുള്ള തെറിവിളിയും കരച്ചിലും, എല്ലാ സന്ധ്യാസമയത്തും സന്ധ്യാനാമത്തിനു പകരം ഉയര്‍ന്നു കേള്‍ക്കും. അച്ചുവേട്ടന്‍ അമ്മയെ ചേര്‍ത്ത് ചീത്തവാക്ക് പറയുമ്പോള്‍, അവരുടെ പെങ്ങള്‍ അച്ഛനെ ചേര്‍ത്ത് അതേരൂപത്തിലും ശൈലിയിലും ചീത്തവാക്ക് പറയും. (നിന്റെ അമ്മക്ക് : നിന്റെ അച്ഛന്…) പറ്റുമെങ്കില്‍ മരിച്ചുപോയ അച്ഛനും അമ്മയും എഴുന്നേറ്റ് വന്ന് രണ്ട്‌വീതം അടി, രണ്ടിനും കൊടുക്കുമായിരുന്നു. പിന്നെ എന്റെ അയല്‍‌വാസിനി പറഞ്ഞത് ഈ തെറിവിളിക്കുമ്പോള്‍ ഇരുവരും മാരകായുധപ്രയോഗം കൂടാതെ ഉടുതുണി കൂടി  പോക്കാറുണ്ടെന്നാണ്.  അവരുടെ തെറികളില്‍ പലതും ആദ്യമായിട്ടാണ് പുതിയ താമസക്കാരായ ഞങ്ങള്‍ കേള്‍ക്കുന്നത്.
 .
                  ഇനി അച്ചുവേട്ടന്റെ ബയോഡാറ്റ: മൂന്ന് പെണ്‍‌മക്കള്‍, നാലാം പ്രസവത്തില്‍ ഭാര്യ ചികിത്സകിട്ടാതെ മരിച്ചു (അടിച്ചുകൊന്നു എന്ന് ജനസംസാരം). കൂടെ അവിവാഹിതയായ ഒരു സഹോദരിയും – (വിവാഹപ്രായം കഴിഞ്ഞതിനാല്‍ പ്രതീക്ഷയില്ലാത്ത) – ചേര്‍ന്ന ഒരു വലിയ (ചെറിയ) കുടുംബമാണ് നമ്മുടെ നാട്ടിലെ ഏറ്റവും ചെറിയ ചെറ്റക്കുടിലില്‍ താമസ്സിക്കുന്നത്. അച്ചുവേട്ടനും പെങ്ങള്‍ക്കും കൂലിപ്പണി. അച്ചുവേട്ടന്റെ മൂത്ത രണ്ടു മക്കള്‍ സ്വന്തമായി ഭര്‍ത്താവിനെ കണ്ടുപിടിച്ച ശേഷം കല്ല്യാണം കഴിച്ച് സസുഖം വാഴുന്നു. സുന്ദരിയായ മൂന്നാം മകള്‍ നാട്ടിലുള്ള ചെറുപ്പക്കാരുടെ ഉറക്കം കളയുന്നതോടൊപ്പം പത്താം തരത്തില്‍ 210 മാര്‍ക്ക് ഒപ്പിക്കാന്‍ പാട്‌പെടുന്നു.
 .
                     അയല്‍‌വാസികളുടെ അംഗസംഖ്യ കൂടിയതോടെ അവവരെല്ലാം അച്ചുവേട്ടനെതിരായി മുന്നണി ചേര്‍ന്നു. ഷാപ്പില്‍ പോകുന്നതും കുടിക്കുന്നതും വീട്ടില്‍ വന്ന് തല്ലുണ്ടാക്കുന്നതും പുരുഷന്മാരുടെ ജന്മാവകാശമാണ്. പക്ഷെ അത് മറ്റു വീട്ടുകാര്‍ക്ക് ശല്യമില്ലാതെയാവണം. അപ്പോഴാണ് ഒരു കാര്യം അറിയുന്നത്; അച്ചുവേട്ടന്റെ പെങ്ങള്‍ ഒരു ഭയങ്കരിയാണെന്ന്. ആങ്ങള പെങ്ങള്‍ അടിപിടി ഒത്തുതീര്‍പ്പാക്കാന്‍ അയല്‍‌വാസികള്‍ പോയാല്‍ ഉടനെ അവര്‍ ഒന്നായിചേര്‍ന്ന് അവിടെ വന്നവനെ ഓടിക്കും - പാണ്ഡവ-കൌരവ മോഡല്‍.
 .
                           ഒരു ദിവസം രാത്രി പതിവുപോലെ അച്ചുവേട്ടന്റെ വീട്ടില്‍ ‘ആങ്ങള - പെങ്ങള്‍’ ചീത്തവാക്കുകളുടെ പൊട്ടിത്തെറി തുടങ്ങി. എല്ലാവരും റേഡിയൊ ഓഫാക്കി അത് കേള്‍ക്കാന്‍ ചെവി വട്ടം‌പിടിച്ചു. തനിക്കു സ്വന്തമല്ലാത്ത, തന്നെ ബാധിക്കാത്ത, അന്യരുടെ പ്രശ്നങ്ങള്‍ ഒളിച്ച് കാണുകയും കേള്‍ക്കുകയും ചെയ്ത് അത്മസംതൃപ്തി അടയുക എന്നത് മനുഷ്യസ്വഭാവമാണല്ലൊ. ഏഴ് മണിക്ക് പതുക്കെ ആരംഭിച്ച വെടിക്കെട്ട് എട്ടുമണിയായപ്പോള്‍ വര്‍ദ്ധിച്ച് അടിയിലും കരച്ചിലിലും എത്തിച്ചേര്‍ന്നു. അപ്പോഴേക്കും അയല്‍‌വാസികള്‍ക്ക് ബോധോധയം ഉണ്ടായി. എല്ലാവരും സംഘടിച്ചു; .. നേരെ അച്ചുവേട്ടന്റെ വീട്ടിലേക്ക്
.
                          അവിടെയെത്തിയവര്‍ കണ്ടു; ആങ്ങള-പെങ്ങള്‍ അങ്കത്തട്ടില്‍ നില്‍ക്കുന്നു. രണ്ട്‌പേരുടെ കൈയിലും മരകായുധങ്ങള്‍; ആങ്ങളക്ക് കത്തിവാള്‍, പെങ്ങള്‍ക്ക് കത്തി. ചട്ടി കലം, ചോറ് കറി ആദിയായവ ചേര്‍ത്ത് മുറ്റത്തും വരാന്തയിലും അഭിഷേകം നടത്തിയിരിക്കുന്നു. നമ്മുടെ അച്ചുവേട്ടന്റെ ഈര്‍ക്കിലി പോലുള്ള ദേഹത്തുള്ള തുണിയെല്ലാം അഴിഞ്ഞ് താഴെ കിടക്കുന്നു. ധാരാളം പുരുഷന്മാര്‍ ഒന്നിച്ച് വീട്ടില്‍ വന്ന് ടോര്‍ച്ചടിച്ചപ്പോള്‍ പെങ്ങള്‍ കത്തി താഴെയിട്ടു. ഉടനെ കൂട്ടത്തിലൊരാള്‍ അച്ചുവേട്ടനെ മുറുകെപിടിച്ചു. ആയുധം താഴെയിട്ട അച്ചുവേട്ടന്‍ പിടിച്ചവന്‌തന്നെ ഒരടി കൊടുത്തു. അയാള്‍ തിരിച്ചടിക്കാന്‍ തുടങ്ങുമ്പോഴേക്കും അച്ചുവേട്ടന്‍ കിടക്കുന്നു; നിലത്ത് തുടര്‍ന്ന് അച്ചുവേട്ടന്റെ തലയില്‍ ബോധം തെളിയുന്നതുവരെ വെള്ളമൊഴിച്ചു.
.
                       പ്രശ്നങ്ങളെല്ലാം പെങ്ങള്‍‌തന്നെ പറഞ്ഞു. അച്ചുവേട്ടന്റെ മകള്‍ക്ക് നാളെ എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷയാണ്. വന്ന ഉടനെ വരാന്തയിലിരുന്ന് പഠിക്കുന്ന സ്വന്തം മകളുടെ ചിമ്മിനിവിളക്കും പുസ്തകങ്ങളും എടുത്ത് അടുത്ത പറമ്പിലെ മാവിന്‍‌ചുവട്ടില്‍ എറിഞ്ഞു. അടുക്കളയിലുള്ള എല്ലാ പാത്രങ്ങളും എടുത്ത് മുറ്റത്തെറിഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍, മകള്‍ പേടിച്ച് എവിടെയോ ഓടിയൊളിച്ചു. അങ്ങനെ എണ്ണിയാല്‍ തീരാത്ത ദ്രോഹങ്ങള്‍ ഒറ്റ ദിവസം കൊണ്ട് നടപ്പിലാക്കി ജയിച്ചമട്ടില്‍ തുള്ളുകയാണ്. ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബോധം വീണ്ടെടുത്ത ആങ്ങള-പെങ്ങളെ നിര്‍ത്തി ചര്‍ച്ച നടന്നു; ഭീഷണിപ്പെടുത്തി. ഇനി പ്രശ്നം ഉണ്ടാക്കിയാല്‍ പോലീസ്‌സ്റ്റേഷനില്‍ കാണാം എന്ന് പറഞ്ഞ് ചര്‍ച്ചാസംഘം പിരിഞ്ഞു.
 .
                   എല്ലാവരും അച്ചുവേട്ടന്റെ വീട്ടില്‍ നിന്നും ഇറങ്ങി. എളുപ്പവഴിയിലൂടെ ഇടവഴിയില്‍ ഇറങ്ങുമ്പോള്‍, കൂട്ടത്തിലൊരാള്‍ക്ക് സംശയം‌തോന്നി അടുത്ത പറമ്പിലെ തെങ്ങിന്‍‌ചുവട്ടില്‍ ടോര്‍ച്ച് തെളിയിച്ചു. അവിടെ പതുങ്ങിയിരിപ്പുണ്ട് രണ്ടു പേര്‍; ഒരാള്‍ അച്ചുവേട്ടന്റെ പത്താം ക്ലാസ്സുകാരി, ചെറുപ്പക്കാരുടെ ഉറക്കം കെടുത്തുന്ന മകള്‍ തന്നെ. രണ്ടാമന്‍ അവളുടെ മടിയില്‍ തലവെച്ച് കിടക്കുകയാണ് – അച്ചുവേട്ടനെ ഭീഷണിപ്പെടുത്തിയ അയല്‍‌വാസിയുടെ ഓമനപുത്രന്‍ .
 . 
                ടോര്‍ച്ചു തെളിയിച്ച വെളിച്ചത്തില്‍ സ്വന്തം അച്ഛനെ കണ്ടപ്പോള്‍ മകന്‍ എഴുന്നേറ്റു; ചോദ്യത്തിനു മുന്‍പെ ഉത്തരം പറഞ്ഞു. “അത് പിന്നെ അച്ഛാ, അടിപേടിച്ച് ഒരു പെണ്‍‌കുട്ടി ഇരുട്ടത്ത് ഇവിടെ ഒറ്റക്ക് ഒളിച്ചിരിക്കുമ്പോള്‍ ഒരു ധൈര്യത്തിന് ഞാനും ഇരുന്നതാ” 
.
പിന്‍‌കുറിപ്പ്: കഥനടന്ന, നടക്കുന്ന, കാലത്തിനു ശേഷം അഞ്ച് വര്‍ഷം കൂടി കഴിഞ്ഞാണ് നമ്മുടെ വീടുകളില്‍ വൈദ്യുതി കമ്പികള്‍‌വഴി എത്തിച്ചേര്‍ന്നത്.

19 comments:

  1. ഇത് വല്ലാത്തൊരു വിശേഷം ആയിപ്പോയി!

    ReplyDelete
  2. അതെയതേ ..വല്ലാത്തൊരു വിശേഷം !!!

    ReplyDelete
  3. കൊള്ളാം,

    ക്ലൈമാക്സ് അടിപ്പൊളി.

    അച്ചാൻ മാത്രം അയൽ പ്രശ്നങ്ങളിൽ ഇടപെട്ടാൽ പൊരല്ലോ,

    മകനും കടമയുണ്ട് .

    ReplyDelete
  4. അയല്‍ക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുന്നത് ചെറുപ്പക്കാര്‍ ആണല്ലോ. ക്ലൈമാക്സ്‌ അടിപൊളി.

    ReplyDelete
  5. കൊള്ളാം...കൊള്ളാം..
    അച്ചുവേട്ടന്റെ മകള്‍ക്ക്‌
    ധൈര്യം കൊടുക്കാന്‍
    വേണ്ടി മാത്രമാണ്‌
    ഇരുട്ടത്ത്‌ കൂടെ കിടന്നത്‌...
    മടിയില്‍ തല
    വച്ചത്‌ ആശ്വസിപ്പിക്കാനുമാവും..ല്ലേ..? :)

    എന്തായാലും സംഭവം/ കഥ കലക്കി....

    ReplyDelete
  6. മോനാണ് പുലി... രസായിട്ടുണ്ട് പോസ്റ്റ്.

    ReplyDelete
  7. siva//ശിവ (.
    അഭിപ്രായത്തിനു നന്ദി.

    VEERU (.
    അഭിപ്രായത്തിനു നന്ദി.

    നിഷാല്‍ ആലാട്ട് (.
    അഭിപ്രായത്തിനു നന്ദി.

    സംഗീത (.
    എല്ലാ‍ പ്രശ്നങ്ങള്‍ക്കും പരിഹാരം ചെറുപ്പക്കാര്‍ക്ക് കാണും. അഭിപ്രായത്തിനു നന്ദി.

    tintu (.
    മുതിര്‍ന്നവര്‍ കടിപിടി കൂടുന്ന അവസരം ചറുപ്പക്കാര്‍ക്ക് സുവര്‍ണ്ണാവസരം. അഭിപ്രായത്തിനു നന്ദി.

    കുമാരന്‍|kumaran (.
    അഭിപ്രായത്തിനു നന്ദി.

    ReplyDelete
  8. ടീച്ചറെ, കലക്കന്‍ എഴുത്ത്, എന്തായാലും "അഭിപ്രായം ചോദിച്ചില്ല" എന്നാ ബോര്‍ഡ്‌ കമന്റ്‌ ബോക്സിന്റെ മുകളില്‍ എഴുതി വച്ചില്ലല്ലോ.

    അന്യരുടെ പ്രശ്നങ്ങള്‍ ഒളിച്ച് കാണുകയും കേള്‍ക്കുകയും ചെയ്ത് അത്മസംതൃപ്തി അടയുക എന്നത് മനുഷ്യസ്വഭാവമാണല്ലൊ (ഹ ഹഹ അത് കലക്കി)
    സുന്ദരിയായ മൂന്നാം മകള്‍ നാട്ടിലുള്ള ചെറുപ്പക്കാരുടെ ഉറക്കം കളയുന്നതോടൊപ്പം പത്താം തരത്തില്‍ 210 മാര്‍ക്ക് ഒപ്പിക്കാന്‍ പാട്‌പെടുന്നു. (കൊട് കൈ, ഈ പെണ്ണിന്റെ കല്യണം കഴിഞ്ഞാ)

    പോരട്ടെ അങ്ങനെ പോരട്ടെ ഇനിയും നല്ല നര്‍മ്മങ്ങള്‍,
    എന്നാലും അയല്‍വാസിയുടെ ഓമനപുത്രാ നിന്റെ ശുഷ്കാന്തി, ഹോ

    ReplyDelete
  9. ആദ്യമായാണ് ഇവിടെ. മിനിക്കഥകളെല്ലാം രസിച്ചു വായിച്ചു. ഇനിയും പോരട്ടെ കൂടുതൽ കഥകളും നർമ്മവും...

    ReplyDelete
  10. ..എല്ലാ മംഗളങ്ങളും..വായിച്ചപ്പോൾ ഇവിടെ വരാൻ താമസിച്ചുവെന്നു തോന്നി

    ReplyDelete
  11. കുറുപ്പിന്റെ കണക്കു പുസ്തകം (.
    ബോര്‍ഡ് വായിച്ച് അഭിപ്രായം എഴുതിയതിനു നന്ദി.

    ബിന്ദു കെ പി (.
    ഇനിയും ഇനിയും വായിക്കുമെന്ന പ്രതീക്ഷയോടെ ഇനിയും എഴുതാം. നന്ദി.

    Manzoor Aluvila (.
    സുഹൃത്തേ എന്റെ മറ്റു ബ്ലോഗുകള്‍ കൂടി സമയം കിട്ടിയാല്‍ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ നന്ദി.

    ReplyDelete
  12. '“അത് പിന്നെ അച്ഛാ, അടിപേടിച്ച് ഒരു പെണ്‍‌കുട്ടി ഇരുട്ടത്ത് ഇവിടെ ഒറ്റക്ക് ഒളിച്ചിരിക്കുമ്പോള്‍ ഒരു ധൈര്യത്തിന് ഞാനും ഇരുന്നതാ” "

    അത് കലക്കി :)..

    ReplyDelete
  13. പെങ്ങളുടെ കഥ വായിച്ച് മോളെ കാണാൻ വന്നതാണ്......
    ഇപ്പോ അന്തം വിട്ടിരിയ്ക്ക്യാണ്.....

    ReplyDelete
  14. റ്റീച്ഛര്‍, പഴയ നാട്ടുപുറ കതകള്‍ നന്നയിട്ടുണ്ട് ശശി, നര്‍മവേദി

    ReplyDelete
  15. റ്റീച്ഛര്‍, പഴയ നാട്ടുപുറ കതകള്‍ നന്നയിട്ടുണ്ട് ശശി, നര്‍മവേദി

    ReplyDelete
  16. ഇത് ഒരു ഒറിജിനാലിറ്റി കഥാപാത്രത്തിന്റെ അനുഭവ സാക്ഷ്യം പോലുണ്ടല്ലോ ടീച്ചറേ..?!

    ReplyDelete
  17. Dear Teacher,
    Good Nadan Khathakal
    Sasi, Narmavedi

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..