“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

5/2/10

അവൾ സാവിത്രി?


                       ചമതയുടെ ചെറുകമ്പുകൾ ഒടിച്ചുകൊണ്ടിരുന്ന സത്യവാനെ, ഒരു നിമിഷം‌പോലും പാഴാക്കാതെ കണ്ണടക്കാതെ അവൾ നിരീക്ഷിക്കുകയാണ്. സൂര്യൻ ആകാശത്തുയർന്ന് തലക്കുമുകളിൽ എത്തുന്നതിനനുസൃതമായി സാവിത്രിയുടെ ഹൃദയമിടിപ്പ് പെരുമ്പറ കൊട്ടുന്നതു പോലെ തോന്നിയെങ്കിലും ബാഹ്യമായി അവൾ ഏറെ സന്തോഷം ഭാവിച്ചു. നിർണ്ണായകമായ നിമിഷം അടുത്തു വരികയാണ്. അചഞ്ചലമായ പ്രപഞ്ചശക്തികൾ വരച്ചുചേർത്ത സമയം; പതിവ്രതയായ സാവിത്രിയുടെ ഭർത്താവ് സത്യവാന്റെ മരണസമയം ഇതാ ആഗതമായി.
,,,
                അന്ന് രാവിലെ പള്ളിക്കഞ്ഞി കുടിച്ചശേഷം കോടാലിയെടുത്ത് ചുമലിൽ‌വെച്ച സത്യവാന്റെ വഴി ബ്ലോക്ക് ചെയ്ത് സാവിത്രി മുന്നിൽ വന്നു. അവൾ, ധർമ്മപത്നി ഭർത്താവിനോട് ചെറിയൊരു പരാതി പറഞ്ഞു,
“കല്ല്യാണം കഴിഞ്ഞ് ഇവിടെ ഈ കാട്ടിൽ ജീവിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം തികയാറായി. എന്നിട്ടും ഇതുവരെ ഈ കാടിന്റെ സിസ്റ്റം ഹാർഡ്‌വെയർ എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇന്ന് ഒരു ദിവസം കാട്ടിലേക്ക്, കൂടെ ഞാനും വരുന്നു”
ഇതുകേട്ട സത്യവാൻ ശരിക്കും ഞെട്ടി,
“അയ്യോ,, കാട്ടിലൊ?,,,
കൊട്ടാരത്തിലെ പരവതാനി വിരിച്ച ‌തറയിൽ മാത്രം നടന്നുശീലിച്ച നിനക്ക് ആശ്രമത്തിലെ ചാണകം മെഴുകിയ തറയിൽ നടക്കാനുള്ള പ്രയാസം എനിക്കറിയാം. അപ്പോൾ കാട്ടിലെങ്ങനെ നടക്കും? അവിടെ കല്ലും മുള്ളും കരിമ്പാറകളും കാണും. പോരെങ്കിൽ മൂന്ന് ദിവസമായി, ഏതോ ഒരു വ്രതത്തിന്റെ പേരിൽ നീ ഭക്ഷണം കഴിച്ചിട്ട്,,,”
“അതൊക്കെ ഞാൻ നടക്കും. നമ്മുടെ കല്ല്യാണശേഷം കാട്ടിൽ‌വെച്ചൊരു ഹണീമൂൺ പണ്ടേ കൊതിച്ചതാ. ‘പിന്നെയീ കണ്ണുകാണാത്ത തന്തയും തള്ളയും ഉള്ളതുകൊണ്ടാ’ എന്റെ ആഗ്രഹം അറിയിക്കാതിരുന്നത്,”
“അതെന്താ നീ അങ്ങെനെ പറയുന്നത്? കണ്ണുകാണാത്ത, രാജ്യം നഷ്ടപ്പെട്ട അച്ഛന്റെയും അമ്മയുടെയും ഏകമകനാണ് ഞാനെന്ന്, വിവാഹത്തിനു മുൻപ് എന്റെ ബയോഡാറ്റ വായിച്ചപ്പോൾ‌തന്നെ നീ അറിഞ്ഞതല്ലെ”
സത്യവാന് ദേഷ്യം വന്നു. അന്ധരായ മാതാപിതാക്കളോടൊപ്പം കാട്ടിൽ കഴിയുന്ന തന്നെയും തേടി വന്നവളാണ് ഇപ്പോൾ പരാതി പറയുന്നത്.
എന്നാൽ സാവിത്രി അപ്രകാരം ചിന്തിച്ചിരുന്നില്ല, അവൾ പറഞ്ഞു,
“നാഥാ ഞാൻ അങ്ങയോടൊപ്പം കാട്ടിൽ വരാനുള്ള ആഗ്രഹം‌കൊണ്ട് അറിയിച്ചതാണ്, ആദ്യവും അവസാനവുമായി ഇന്നൊരു ദിവസം മാത്രം”
“ശരി നിന്റെ ആഗ്രഹം നടക്കട്ടെ; ആദ്യം അച്ഛന്റെയും അമ്മയുടെയും പെർമിഷൻ വാങ്ങണം”
“അത് ഞാൻ ഓക്കെ”

                   സാവിത്രി ഒരു പുള്ളിമാൻ‌കുട്ടിയെപോലെ ഓടിപ്പോയി. അവൾ അതിനു വേണ്ടിയാണ് കാത്തിരുന്നത്. തന്റെ ഭർത്താവ് ഈ ഭൂമിയിൽ ജീവിക്കുന്ന ലാസ്റ്റ് ദിവസം. അദ്ദേഹത്തിന്റെ ദേഹത്തുനിന്നും ജീവൻ പുറത്തുപോകുന്ന നിമിഷം‌വരെ സമീപത്ത് ഉണ്ടായിരിക്കുക. പതിവ്രതയായ അവൾക്ക് മറ്റെന്താണ് വേണ്ടത്?

                   അവൾ മദർ-ഇൻ-ലാ യെയും ഫാദർ-ഇൻ-ലാ യെയും കാണാൻ ആശ്രമത്തിലെ അന്തപുരത്തിൽ കടന്നു. അവിടെ പള്ളിയറയിലെ മരക്കട്ടിലിൽ ഇരിക്കുകയാണ് സ്ഥാനഭ്രഷ്ടരാക്കപ്പെട്ട രാജാവും അദ്ദേഹത്തിന്റെ ധർമ്മപത്നിയും. രണ്ടുപേരും അന്ധരായവർ, എങ്കിലും ഉൾക്കണ്ണിനു നല്ല കാഴ്ചയുള്ള അവർ വിളിച്ചു,
“മകളെ സാവിത്രീ ഭർത്താവിനെ കാട്ടിലേക്ക് യാത്രയയക്കേണ്ട നേരത്ത് നീ നമ്മുടെ പള്ളിയറയിൽ വരാൻ കാരണം?”
“പിതാവെ ഇന്നൊരു ദിവസം വനത്തിലേക്ക് പോകുന്ന അദ്ദേഹത്തെ അനുഗമിക്കാൻ അനുവാദം നൽകി എന്നെ അനുഗ്രഹിച്ചാലും”
“നാരിമാരിൽ അഗ്രഗണ്യയായ നിനക്ക് മംഗളം ഭവിക്കട്ടെ. ഇന്ന് നിന്റെ ആഗ്രഹം സഫലമാവട്ടെ. കാട്ടിലേക്കുള്ള യാത്രയിൽ ഭർത്താവിന് എസ്ക്കോർട്ട് പോകാൻ, ഞങ്ങൾ രണ്ടുപേരും ചേർന്ന് നിനക്ക് പെർമിഷൻ തന്നിരിക്കുന്നു”

                    അങ്ങനെ ആശ്രമത്തിൽ നിന്നും പുറത്തിറങ്ങിയ അവർ കാട്ടിലെ ചെടികളോടും പൂക്കളോടും പൂമ്പാറ്റകളോടും പക്ഷികളോടും മൃഗങ്ങളോടും സല്ലപിച്ച് നടക്കാൻ തുടങ്ങി. കാട്ടുപഴങ്ങൾ ശേഖരിച്ചശേഷം ഇപ്പോൾ അദ്ദേഹം വിറക് വെട്ടുകയാണ്. സത്യവാൻ പോലും അറിയാത്ത രഹസ്യവും പേറി ഏറെ നേരം അവൾ അദ്ദേഹത്തെ നോക്കിനിന്നു. അങ്ങനെ നോക്കിയിരിക്കെ സത്യവാൻ കോടാലി ഉയർത്തുന്നത് പതുക്കെയായി മാറി. തുടർന്ന് കോടാലി താഴെവെച്ച് സാവിത്രിയോട് പറഞ്ഞു,
“എനിക്ക് വല്ലാത്ത ക്ഷീണം തോന്നുന്നു; ഞാനല്പം കിടക്കട്ടെ”
                    സത്യവാൻ നിലത്തിരുന്ന നിമിഷം സാവിത്രി അദ്ദേഹത്തെ താങ്ങി തല മടിയിൽ വെച്ച് അവളും നിലത്തിരുന്നു. ചമതയിലകൾ എടുത്ത് പതുക്കെ വീശാൻ തുടങ്ങി. അവൾ വീശിയ ഇളംകാറ്റിൽ സത്യവാന്റെ കൺപീലികൾ പതുക്കെ പതുക്കെ അടഞ്ഞ് ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങി.
,,,
ഇങ്ങനെയൊരു ദുരന്തം അവൾ വിവാഹത്തിനു മുൻപേ അറിഞ്ഞതും കാത്തിരുന്നതുമാണ്.   
‘സാവിത്രി’; 
                     ഒരു മഹാരാജ്യത്തിലെ മഹാരാജാവിന്റെ മൂത്തഭാര്യയുടെ മൂത്തമകളായി പിറന്നവൾ; യൌവനം വന്നുദിച്ചതോടെ സുന്ദരിയും സുശീലയും സുമുഖിയും സുഭാഷിണിയും സുഹാസിനിയും സുചരിതയും ആയിത്തീർന്നവൾ. ജിനിക്കാത്ത പുത്രന്മാരെയോർത്ത് പുത്രദുഖം അനുഭവിക്കുന്ന രാജാവ്, ജനിച്ച പുത്രിയുടെ പേരിൽ ദുഖം അനുഭവിക്കാതിരിക്കാൻ ഒരു ദിവസം മകളോട് പറഞ്ഞു,
“മകളെ സാവിത്രീ, നീ വളർന്നു വലുതായി ഇപ്പോൾ അപ്‌ഡേറ്റ് ചെയ്ത സോഫ്റ്റ്‌വെയർ പോലെ ആയിരിക്കുന്നു. അതിൽ വൈറസുകൾ കടക്കുന്നതിനുമുൻപ്, നമ്മുടെ ബൂലോകത്ത് സെർച്ച്‌ചെയ്ത് നിനക്കിഷ്ടപ്പെട്ട വരനെ നീതന്നെ കണ്ടെത്തുക; അതിനായി ഓൺ‌ലൈൻ സഹായം നിനക്ക് എപ്പോഴും ഉണ്ടായിരിക്കും”

                    അങ്ങനെയൊരു പെർമിഷൻ കിട്ടിയ ഉടൻ സാവിത്രി ഭൂലോകം ചുറ്റിക്കറങ്ങി, യുവാക്കളുടെ പ്രൊഫൈലുകൾ സേർച്ച് ചെയ്യാൻ തുടങ്ങി. അനേകം ദിവസങ്ങളായി സേർച്ച് ചെയ്തതിന്റെ ഒടുവിൽ തനിക്ക് സ്യൂട്ടബിൾ ആയ വരനെ അവൾ കണ്ടെത്തി; സത്യവാൻ. ഇത്രക്ക് മാച്ച് ആയ പ്രൊഫൈൽ ഇതുവരെ ബൂലോകത്ത് കാണാൻ കഴിഞ്ഞിട്ടില്ല. അവൾ അക്കാര്യം സന്തോഷത്തോടെ മാതാപിതാക്കളെ അറിയിച്ചപ്പോൾ കൊട്ടാരത്തിൽ സന്തോഷം അലതല്ലി.

                     ആ സമയത്താണ് ഭൂലോകത്തെ വാർത്താചാനലായ നാരദമുനി കൊട്ടാരത്തിൽ ലാന്റ് ചെയ്തത്. രാജാവും മുനിയും ചേർന്ന് ന്യൂസും മെസേജും അന്യോന്യം പാസ് ചെയ്തുകൊണ്ടിരിക്കെ സത്യവാനെ കുറിച്ച് അറിഞ്ഞപ്പോൾ മഹർഷി പറഞ്ഞു,
“സത്യവാന്റെ മാതാവും പിതാവും അന്ധരാണ്. രാജ്യഭ്രഷ്ടരാക്കപ്പെട്ട രാജാവ് ഏകമകനോടും ഭാര്യയോടും ഒപ്പം കാനനത്തിലേക്ക് പലായനം ചെയ്തിരിക്കയാണ്. എന്നാൽ വലിയ പ്രശ്നം മറ്റൊന്നാണ്”
“മുനിവര്യാ ആ വലിയ പ്രശ്നം അറിയിച്ചാലും”
“രാജാവെ ഞാൻ സത്യവാന്റെ ഭാവി ബയോഡാറ്റ ചെക്ക് ചെയ്തപ്പോൾ കണ്ടത്, ഇന്നേക്ക് ഒരു വർഷം തികയുന്ന നാളിൽ സത്യവാൻ മരിക്കും എന്നാണ്’; അപ്പോൾ ഈ ബന്ധത്തെകുറിച്ച് ഒന്നുകൂടി ആലോചിച്ച് സ്റ്റാർട്ട് ചെയ്താൽ‌പോരെ?”
എന്നാൽ സാവിത്രി ഒരു കാര്യത്തിൽ ഉറച്ചുനിന്നു,
“പിതാവേ,, സത്യവാൻ എന്റെ ഭർത്താവാണ് എന്ന ചിന്ത, എന്റെ തലച്ചോറിൽ ഡിലീറ്റ് ചെയ്യാനാവാത്തവിധം ഫിക്സ് ചെയ്തുപോയി. ഇനി എന്റെ സിസ്റ്റം നശിക്കുന്നതുവരെ ആ ഫയൽ ഡിലീറ്റ് ആവുകയോ മറ്റൊന്ന് കടക്കുകയോ ചെയ്യുകയില്ല. അതുകൊണ്ട് അദ്ദേഹത്തെ കണ്ട്പിടിച്ച്, എന്നെ അങ്ങോട്ട് കെട്ടിച്ചുവിടണം എന്ന് ഞാൻ അപേക്ഷിക്കുന്നു”
പെട്ടെന്ന് മഹർഷി പറഞ്ഞു,
“കുഞ്ഞെ നീ പറയുന്ന സത്യാവാൻ രാജ്യഭ്രഷ്ടരാക്കപ്പെട്ട മാതാപിതാക്കളോടൊപ്പം വനവാസത്തിലാണെന്ന് നീയറിഞ്ഞോ?”
“അത് പ്രൊഫൈലിൽ നിന്നും ഞാൻ അറിഞ്ഞതാണ്. കൊട്ടാരത്തിലെ സുഖസൌകര്യങ്ങളിൽ ജീവിച്ച ഞാൻ ഇനി കാട്ടിലെ സുഖങ്ങളും പ്രയാസങ്ങളും കൂടി അറിയാനും അനുഭവിക്കാനും ആഗ്രഹിക്കുന്നു”
“എങ്കിൽ നിന്റെ തീരുമാനം‌പോലെ നടക്കട്ടെ”
അവളുടെ പിതാവ് അവളെ അനുകൂലിച്ചു.

അങ്ങനെ കൊട്ടാരവാസിയായ സാവിത്രി സത്യവാന്റെ കരം ഗ്രഹിച്ച് കാനനവാസിയായി മാറി.
                    കാടിന്റെ വിളി അവളെ പുത്തൻ ജീവിതത്തിലേക്ക് വലിച്ചുയർത്തി. ആശ്രമത്തിലെ പൂമ്പാറ്റയായി അവൾ പാറിപ്പറന്നുനടന്നു. പതിവ്രതമാരിൽ ഉയർന്ന ഗ്രേയ്ഡ് നേടിയ അവൾ അവിടെയുള്ള എല്ലാവർക്കും പ്രീയങ്കരിയായി മാറി.                     
,,,
                   സത്യവാൻ ഇപ്പോഴും ഗാഢനിദ്രയിലാണ്. തന്റെ മടിയിൽ തലവെച്ചുറങ്ങുന്ന ഭർത്താവിന്റെ നിഷ്ക്കളങ്കമായ മുഖംനോക്കി സാവിത്രി നെടുവീർപ്പിട്ടു.
,,,
                    പെട്ടെന്ന് ആകാശം ഇരുളാൻ തുടങ്ങി; അതോടൊപ്പം ഒരു രൂപം അവരുടെ സമീപം വന്ന് ലാന്റ്ചെയ്തു; വന്നതോ?
ഒരു പോത്തിന്റെ പുറത്ത്!!!
സാവിത്രി പേടിച്ചില്ല, വിറച്ചില്ല; വ്രതങ്ങൾ നടത്തി ബോഡീഷെയ്പ്പ് ശരിയാക്കിയ അവളുടെ ശരീരത്തിനൊപ്പം മനസ്സിനും നല്ല ഉറപ്പുണ്ട്.

                    ആ രൂപം പോത്തിൻപുറത്തുനിന്നും താഴെയിറങ്ങി സാവിത്രിയുടെ സമീപം മന്ദം മന്ദം നടന്നെത്തി. ചുവന്ന കണ്ണുകളുള്ള കറുത്തിരുണ്ട മേനിയിൽ, ചുവന്ന പട്ടുടുത്ത് കിരീടമണിഞ്ഞ ഭീമാകാരമായ ശരീരം. ആഭരണത്തിന്റെ തിളക്കം കാണുമ്പോൾ ഒരു കൊച്ചുസൂര്യൻ ഭൂമിയിൽ ഇറങ്ങി വന്നതാണോ എന്ന് സംശയിക്കാം. കൈയിൽ കയറുമായി തന്നെ സമീപിച്ച ആ രൂപത്തെ കണ്ടപ്പോൾ സത്യവാന്റെ തല സ്വന്തം മടിത്തട്ടിൽനിന്ന് ഉയർത്തി നിലത്ത് താഴ്ത്തിവെച്ച് പതുക്കെ എഴുന്നേറ്റ് അദ്ദേഹത്തെ കൈകൂപ്പി,
“ഹലോ, താങ്കൾ ആരാണെന്ന് പറഞ്ഞാലും; ഇവിടെ ഭാര്യയും ഭർത്താവും ആരണ്യത്തിന്റെ ഏകാന്തതയിൽ ഒന്നിച്ചിരിക്കുമ്പോൾ ഒരു കട്ടുറുമ്പായി കടന്നുവന്നവൻ എങ്ങനെ ധൈര്യം വന്നു?”
“ഞാൻ യമരാജാവ്; ഈ ഭൂമിയിൽ ജനിച്ചുവീണ എല്ലാ ജീവികളുടെയും ജീവിതം അവസാനിപ്പിക്കുന്നവൻ. സത്യവാന്റെ ജീവിതം അവസാനിച്ചതിനാൽ അവന്റെ ജീവനെടുക്കാൻ വന്നതാണ്”
                     അവളെ അവഗണിച്ചുകൊണ്ട് സത്യവാന്റെ ശരീരത്തിൽനിന്നും ജീവനെ പുറത്തെടുത്ത് നേരെ തെക്കോട്ട് നടക്കാൻ തുടങ്ങി. ജീവനില്ലാത്ത സത്യവാൻ സോഫ്റ്റ്‌വെയർ ഇല്ലാത്ത ഒരു ഹാർഡ്‌വെയറായി വെറുംനിലത്ത് നിശ്ചലം കിടന്നു.   

                     സത്യവാന്റെ ആത്മാവിന്റെ പിന്നാലെ സാവിത്രി നടക്കാൻ തുടങ്ങി. അതുകണ്ട യമരാജാവ് സാവിത്രിയോട് പറഞ്ഞു,
“സാവിത്രീ നിന്റെ ഭർത്താവ് ഇപ്പോൾ മരിച്ചിരിക്കയാണ്. ആയതിനാൽ നീ പോയി സത്യവാന്റെ മൃതശരീരം സംസ്ക്കരിച്ചശേഷം ഒരു വിധവയുടെ കർമ്മം അനുഷ്ടിക്കുക.
                    സാവിത്രി അതൊന്നും കേൾക്കാത്ത മട്ടിൽ യാത്ര തുടർന്നു. കുറേദൂരം നടന്നതിനുശേഷം തിരിഞ്ഞൊന്ന് നോക്കിയ യമൻ അവളെക്കണ്ട് ആശ്ചര്യപ്പെട്ടു,
“അല്ല നീയെന്തിനാ എന്റെ പിന്നാലെ വരുന്നത്? നിനക്ക് വേറേ പണിയൊന്നും ഇല്ലെ?”
“ഭർത്താവിന്റെ പിന്നാലെ നടക്കലാണ് ഒരു ഭാര്യയുടെ ജോലി. ഇപ്പോൾ എന്റെ ഭർത്താവ് ആത്മാവായി താങ്കളുടെ കൈയിലാണുള്ളത്. അതുകൊണ്ട് ഞാനും പിന്നാലെ വരും”
“നിന്നെ ഒഴിവാക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ; ഓ വരം വേണമായിരിക്കും. ഉം,,, ഭർത്താവിന്റെ ജീവനൊഴികെ ഏത്ര വരം വേണമെങ്കിലും  ചോദിച്ചുകൊള്ളുക”
“ശരി ഞാനിതാ ചോദിക്കുകയാണ്,,,
എന്റെ ഭർത്താവിന്റെ മാതാപിതാക്കൾക്ക് കാഴ്ച കിട്ടണം”
“ഇത്രയേ ഉള്ളൂ! അത് ഞാൻ ആശ്രമത്തിൽ ഒരു മൊബൈൽ ആശുപത്രിയും ഒപ്പം ഡോക്റ്റർമാരെയും അയക്കാം. പിന്നെ?”
“എന്റെ ഭർത്താവ് യുവരാജാവായിരിക്കേണ്ട രാജ്യം തിരിച്ച്കിട്ടണം”
“ശരി, ആ രാജ്യം കൈയേറ്റം ചെയ്ത രാജാവിനെ കൊല്ലാൻ കൊട്ടേഷൻ ടീമിനെ കൊട്ടാരത്തിൽ അയക്കാം. പിന്നെ?”
“എന്റെ സ്വന്തം പിതാവ് പുത്രനില്ലാത്ത പുത്രദുഖം അനുഭവിക്കുകയാണ്. അദ്ദേഹത്തിനു നൂറ് പുത്രന്മാരുണ്ടാവണം”
ഇത്തവണ യമനു സംശയമായി; അദ്ദേഹം ചോദിച്ചു,
“വൃദ്ധനായ നിന്റെ പിതാവിന് ഇനിയെങ്ങനെ നൂറ് പുത്രന്മാർ ഉണ്ടാകും?”
“അതൊന്നും പ്രശ്നമല്ല; എന്റെ അമ്മയെകൂടാതെ അദ്ദേഹത്തിന് അനേകം ഭാര്യമാരുണ്ട്. ഒരു ഗൈനക്കോളഗിസ്റ്റ് വിചാരിച്ചാൽ പരിഹരിക്കാവുന്നതേയുള്ളു”
“ശരി, ഇനിയെന്താണ് നിനക്ക് വേണ്ടത്?”
“എനിക്ക് നൂറ് പുത്രന്മാരുണ്ടാവണം”
“കുട്ടികൾ ഒന്നോ രണ്ടോ മതിയെന്ന് പറയുന്ന ഈ കാലത്ത്, നൂറ് കുട്ടികളോ? സാവിത്രീ നീയൊരുത്തി എങ്ങനെ നൂറെണ്ണത്തെ പ്രസവിച്ച് പോറ്റും? അതും ഈ കാട്ടിൽ വെച്ച്?”
“അതൊക്കെ പെട്ടെന്ന് ശരിയാക്കാം. പിന്നെ നൂറ് പോയിട്ട് ഒന്നിനെപ്പോലും ഞാൻ പ്രസവിക്കില്ല. എനിക്ക്, ടെസ്റ്റ്‌ട്യൂബ് ശിശുക്കൾ ഉണ്ടായാൽ മതി”
“അങ്ങനെയാണെങ്കിൽ അതൊക്കെ ഞാൻ ശരിയാക്കിത്തരാം. ഇനിയെങ്കിലും നിനക്ക് തിരിച്ച് പോയിക്കൂടെ?”
“വരം തന്നത് സത്യവും നീതിയും പരിപാലിക്കുന്ന യമരാജാവാണ്. ആ വരങ്ങൾ ശരിയായാവണമെങ്കിൽ ഞാൻ ജീവിച്ചിരിക്കണം. അങ്ങനെ ഞാൻ ജീവിക്കണമെങ്കിൽ, പതിവ്രതയായ എനിക്ക് ഭർത്താവ് ആയി സത്യവാൻ തന്നെവേണം. അത്???”
ഈ കലിയുഗത്തിലും, അവൾ, സാവിത്രി തന്നെ കുടുക്കിയത് തിരിച്ചറിഞ്ഞ യമധർമ്മൻ ഒന്ന്‌ഞെ‌ട്ടി. അദ്ദേഹം പറഞ്ഞു,
“അതെങ്ങനെ സാധിക്കും? ശരീരത്തിൽ നിന്നും പുറത്തെടുത്ത ജീവൻ എങ്ങനെ തിരിച്ച്‌ ഫിറ്റ്‌ചെയ്യും?”
“ഓ,,, അതാണോ പ്രയാസം? ഇത് കലിയുഗമായതിനാൽ എന്തെല്ലാം സൌകര്യങ്ങളാണുള്ളത്!  മറ്റുള്ള കാര്യങ്ങൾ എല്ലാം ചെയ്യാൻ കഴിയുന്ന യമരാജന് സത്യവാന്റെ സോഫ്റ്റ്‌വെയർ അദ്ദേഹത്തിന്റെ ദേഹത്തിൽ ഒന്ന് റി-ഇൻസ്റ്റാൾ ചെയ്താൽ പോരെ?”
,,,
അങ്ങനെ ഒടുവിൽ സാവിത്രി വിജയിച്ചു.
ജീവൻ തിരികെ ലഭിച്ച സത്യവാൻ ഉറക്കം മതിയാക്കി ഉണർന്നു. വിറക് കെട്ടുകളും പഴങ്ങളും ശേഖരിച്ച് സത്യവാനും സാവിത്രിയും വളരെ സന്തോഷത്തോടേ ആശ്രമത്തിലേക്ക് തിരിച്ച് നടക്കാൻ തുടങ്ങി. അങ്ങനെ ഈ കലിയുഗത്തിലും സാവിത്രിതന്നെ എല്ലായിപ്പൊഴും ജയിക്കുന്നു.

26 comments:

  1. തേങ്ങയില്ലാ,ചിരട്ട ഉടക്കട്ടെ!!!!!!!!!!!!!!!!
    “മകളെ സാവിത്രീ, നീ വളർന്നു വലുതായി ഇപ്പോൾ അപ്‌ഡേറ്റ് ചെയ്ത സോഫ്റ്റ്‌വെയർ പോലെ ആയിരിക്കുന്നു. അതിൽ വൈറസുകൾ കടക്കുന്നതിനുമുൻപ്, നമ്മുടെ ബൂലോകത്ത് സെർച്ച്‌ചെയ്ത് നിനക്കിഷ്ടപ്പെട്ട വരനെ നീതന്നെ കണ്ടെത്തുക; അതിനായി ഓൺ‌ലൈൻ സഹായം നിനക്ക് എപ്പോഴും ഉണ്ടായിരിക്കും”
    അങ്ങനെ ഈ കലിയുഗത്തിലും സാവിത്രിതന്നെ എല്ലായിപ്പൊഴും ജയിക്കുന്നു.ജയിക്കട്ടെ,ജയിച്ചു
    കൊണ്ടേറ്യിരിക്കാട്ടെ......കഥനം കേമായീട്ടോ !!
    ആശംസിച്ചോട്ടെ !!

    ReplyDelete
  2. ടീച്ചരെ,
    കഥ ഇഷ്ടായീ. സൂപ്പര്‍

    ReplyDelete
  3. പെണ്ണിനെ വിശ്വസിച്ച യമന്‍ പെരുവഴിയില്‍..

    ReplyDelete
  4. വത്യസ്തയുണ്ട്‌..ചില സമയം വിശാലനു പഠിക്കുന്ന പോലെ തോന്നി...എന്റെ തോന്നലാകാം

    ReplyDelete
  5. സത്യവാന്റെ ഓപെറെറ്റിങ് സിസ്റ്റെം അല്ലേ?

    ReplyDelete
  6. കഥ നന്നായി. ആശംസകള്‍.

    ReplyDelete
  7. ഇപ്പോഴും മൂപ്പരു പോത്തിന്‍ പുറത്താണോ?? (മുന്തിയ കാറൊന്നും കൊടുത്തില്ലെങ്കിലും ഒരു ട്രക്കോ ടിപ്പറോ കൊടുക്കാമായിരുന്നു)

    സത്യവാന്‍ വിറകു ചുമക്കാനോ? വല്ല ഗ്യാസ്‌ ഏജന്‍സിയില്‍ നിന്നും ഗ്യാസുകുറ്റിയുംകൊണ്ടു ....

    ഒരു വഴിക്കു പോകുമ്പോള്‍ ആ വഴിയില്‍ കൂടെ തന്നെ പോകേണ്ടേ?

    ReplyDelete
  8. ഹ..ഹ. അങ്ങിനെ മിനിടീച്ചറും പുരാണത്തിലേക്ക്.. ആദ്യം അരുൺ കാർക്കോടകപുരാണവുമായി .. പിന്നാലെ വിശാലമനസ്കൻ വിശാലഭാരതവുമായി..(അതോ മറിച്ചാണോ? ഏതായാലും ഞാൻ ആദ്യം വായിച്ചത് അരുണിനെയാ) ദേ ഇപ്പോൾ ടീച്ചറും. സഹികെട്ടാൽ ഇനി ഞാനും എഴുതും.. എവിടെ എന്റെ പഴയ അമർചിത്രകഥകൾ..

    എഴുത്ത് നന്നായി.. ചിരിപ്പിച്ചു..

    ReplyDelete
  9. എല്ലാരും പുരാണോം സോഫ്റ്റ് വെയറും ഒക്കെ കൂട്ടിക്കെട്ടാൻ തുടങ്ങി!
    ടീച്ചറുടെ പുരാണത്തിനും ആശംസകൾ!

    ReplyDelete
  10. ഒരു നുറുങ്ങ്-,
    തേങ്ങയില്ലാ ചിരട്ട ആയതിനാൽ നല്ല ഒച്ച; പേടിച്ചുപോയി. അഭിപ്രായത്തിനു നന്ദി.

    റ്റോംസ് കോനുമറ്റം-,
    അഭിപ്രായത്തിനു നന്ദി.

    കുമാരൻ|kumaran-,
    അപ്പോൾ കുമാരന് ഇപ്പൊഴാ അക്കാര്യം മനസ്സിലായത്?

    എറക്കാടൻ/Erakkadan-,
    എന്റെ തിരുമേനീ,, ഇത്‌പോലൊന്ന് പണ്ടൊരിക്കൽ(20കൊല്ലം മുൻപ്) കടലാസിൽ എഴുതി മാതൃഭൂമിക്ക് അയച്ചു കൊടുത്തതാ. അന്ന് സോഫ്റ്റ്വെയറൊന്നും കൂട്ടിക്കെട്ടാതെയാണ്. മടക്കം സ്റ്റാമ്പും കവറും നമ്മുടെ മാതൃഭൂമി ചെലവാക്കിയപ്പോൾ പോയതിലും വേഗത്തിൽ തിരിച്ചു വന്നു. ഇപ്പോൾ വിശാലനെയും അരുണിനെയും വായിച്ചപ്പോൾ അതുപോലൊന്ന് പണ്ട് ഡിലീറ്റ് ചെയ്തത് പുറത്തെടുത്ത് അല്പം സോഫ്റ്റ്വെയർ കലർത്തി പോസ്റ്റിയതാ. ക്ഷമിക്കുക. അഭിപ്രായത്തിനു നന്ദി.

    ഇൻഡ്യാഹെറിറ്റേജ്:Indiaheritage-,
    അഭിപ്രായത്തിനു നന്ദി.

    Pottichiri Pramu-,
    അഭിപ്രായത്തിനു നന്ദി.

    Jithendrakumar/ജിതേന്ദ്രകുമാർ-,
    വഴി തുറന്ന് വരുന്നതേയുള്ളു, ഇനി ശ്രദ്ധിക്കാം.അഭിപ്രായത്തിനു നന്ദി.

    Manoraj-,
    എന്റെ മനോരാജേ നമുക്ക് വായിച്ച് ചിരിക്കാം. നല്ല പേടിയോടെയാ ഇവിടെ വന്നത്; ഇപ്പൊഴും അത് മാറിയിട്ടില്ല. അഭിപ്രായത്തിനു നന്ദി.

    jayanEvoor-,
    കടലാസിൽ കുത്തിക്കുറിച്ച് എഴുതുന്നത് മാറ്റി, പകരം സോഫ്റ്റ്വെയർ വന്നതുകൊണ്ടല്ലെ ഇതൊക്കെ എഴുതാനും വായിക്കാനും കഴിയുന്നത്. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  11. അത് കലക്കി. ഞാന്‍ പെട്ടന്ന് സത്യവാന്‍ സാവിത്രി എന്ന സിനിമ ഓര്‍ത്തുപോയി. നമ്മുടെ കമല്‍ഹാസനും ശ്രീദേവിയും അഭിനയിച്ചു തകര്‍ത്ത സിനിമ.
    നീലാംബുജങ്ങള്‍ വിടര്‍ന്നു എന്ന പാട്ടും.

    പഴയ കാലത്തിന്റെ പാതിവ്രത്യത്തെ വളരെ ഭംഗിയായി ഒരു ഹൈടെക്ക് കാലത്തിലേക്ക് transplant ചെയ്തു. പക്ഷെ കാലനെ പോത്തിന്റെ പുറത്തുനിന്നിറക്കി മിനിമം ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ് എങ്കിലും നല്‍കാമായിരുന്നു.

    ദേഹം ദേഹി എന്നീ വസ്തുക്കളെ ഹാര്‍ഡ് വെയര്‍, സോഫ്റ്റ്വെയര്‍ എന്നിങ്ങനെ മാറ്റി പ്രതിഷ്ഠിച്ചതിലെ ഒരു രസം നന്നായി.

    പക്ഷെ എനിക്കിഷ്ടപ്പെട്ടത് തീവ്രമായ കണ്ണീര്‍ വരുന്ന ആ ഒരു പെണ്ണിന്റെ ജീവിതത്തിന്റെ സറ്റയര്‍ തന്നെ.

    അച്ചടി മാധ്യമത്തിനയച്ചു കൊടുക്കൂ റ്റീച്ചറെ.

    ഞാനുമൊരു പാവം അദ്ധ്യാപകനാണ് കേട്ടോ.

    ReplyDelete
  12. "“ഭർത്താവിന്റെ പിന്നാലെ നടക്കലാണ് ഒരു ഭാര്യയുടെ ജോലി.""

    മരിച്ചാല്‍ കൂടി ആ പാവം ഭർത്താവിനു സോര്യം കൊടുക്കില്ലേ ???

    കൊള്ളാം നല്ല രസം ഉണ്ട് വായിക്കാന്‍
    ആരാ ആ ബൂ ലോകത്തെ സത്യവാന്‍

    ReplyDelete
  13. ഹ..ഹ..ഹ....കൊള്ളാം!! നല്ല humor, liked it !

    പിന്നെ ഇത് "പിന്നെ നൂറ് പോയിട്ട് ഒന്നിനെപ്പോലും ഞാന്‍ പ്രസവിക്കില്ല. എനിക്ക്, ടെസ്റ്റ്‌ട്യൂബ് ശിശുക്കള്‍ ഉണ്ടായാല്‍ മതി" - Scientifically കറക്റ്റ് അല്ല.

    ReplyDelete
  14. കഥ കൊള്ളാം. പക്ഷെ വര്‍ഷം കൊറേ ആയില്ലേ ഈ പെണ്ണുങ്ങള്‍ പാതിവ്രത്യം ചുമക്കാന്‍ തുടങ്ങിയിട്ട്. സ്ത്രീ എന്ന സാദനം പേര്‍സണലായി കൈയ്യില്‍ വച്ചനുഭവിക്കാന്‍ ആണുങ്ങള്‍ ഉണ്ടാക്കിയ ഒരു ഏര്‍പ്പാടാണ് ഈ പാതിവ്രത്യം എന്ന് പറയുന്ന സാദനം. അല്ലാതെ ഈ പറയുന്നപോലെയുള്ള മാഹാത്മ്യം ഒന്നുമില്ല ഈ ഏര്‍പ്പാടിന് എന്ന് തെര്യപ്പെടുത്തിക്കൊള്ളുന്നു.

    ReplyDelete
  15. ഞാൻ ഇതിലെ പോകുമ്പോൽ ഇവിടെ കയറി .. വായിച്ചു ഇഷ്ട്ടമായിട്ടോ.. ആശംസകൾ

    ReplyDelete
  16. കാലനെന്തായാലും ഫിയറ്റ് കാർ കൊടുക്കാമായിരുന്നു കുറഞ്ഞ പക്ഷം ഒരു നനോ എങ്കിലും വേണമായിരുന്നു ടീച്ചറെ നാടകക്കാരനും ഒരു കഥ എഴുതിയിട്ടുണ്ടേ സമയം കിട്ടുമ്പോൾ ഒന്നു നോക്കണേ
    www.nadakakkaran.co.cc

    ReplyDelete
  17. കൊള്ളാം ....കലികാലത്തില്‍ ഇങ്ങനെ ഒരു സാവിത്രി ഉണ്ടാകുമോ , ആവോ ?

    ReplyDelete
  18. അങ്ങനെ സാവിത്രിയും കമ്പ്യൂട്ടര്‍ പഠിച്ചു. കാലന്‍ വൈറസിനെ സ്കാന്‍ ചെയ്തു പുറത്താക്കി. സത്യവന്റെ ഓപറേറ്റിംഗ് സിസ്റ്റം reload ചെയ്തു, reboot ചെയ്തു. അവള്‍ പോസ്റ്റുകള്‍ (കുഞ്ഞുങ്ങള്‍) എന്നിടും?

    ReplyDelete
  19. കൊള്ളാം ടീച്ചറെ...കലക്കി

    ReplyDelete
  20. ടീച്ചറുടെ കഥ ഇഷ്ട്ടായി. ഇനിയും വരാം ട്ടോ..

    ReplyDelete
  21. എൻ ബി സുരേഷ്-,
    ഇപ്പോഴും കാലൻ പോത്തിന്റെ പുറത്താ; റിമോട്ടിൽ പ്രവർത്തിക്കുന്ന സൂപ്പർ ഫാസ്റ്റ് വേഗതയിൽ ചലിക്കുന്ന പോത്ത്. ഞാൻ ആ പഠിപ്പിക്കുന്ന പണിയൊക്കെ കഴിഞ്ഞ് വിശ്രമത്തിലാ, എന്നാലും നാട്ടുകാർ ടീച്ചറെ എന്ന് വിളിക്കും. അഭിപ്രായത്തിനു നന്ദി.
    My Dreams-,
    അങ്ങനെ മരിച്ചാലും അയാളെ വെറുതെ വിടാനാകുമോ? അഭിപ്രായത്തിനു നന്ദി.
    Captain Haddock-,
    അത് പിന്നെ ക്ലോണിങ്ങ് ആണല്ലൊ പുരാണകാലത്തെ പ്രധാന ജനവർദ്ധനവ് സ്രോതസ്സ്, അതൊന്ന് മാറ്റി. അഭിപ്രായത്തിനു നന്ദി.
    sreeNuLah-,
    അങ്ങനെ പലതും ഈ ആണുങ്ങൾ പിടിച്ചുപറ്റിയിട്ടുണ്ട്. ചോദ്യം ചെയ്താൽ അത് ഫെമിനിസം ആയിപ്പോകും.
    അഭിപ്രായത്തിനു നന്ദി.
    ഒഴാക്കൻ-,
    അഭിപ്രായത്തിനു നന്ദി.
    ഉമ്മു അമ്മാൾ-,
    അഭിപ്രായത്തിനു നന്ദി.
    നാടകക്കാരൻ-,
    കൊടുക്കേണ്ടത് ട്രിപ്പർ+ജെ സി ബി ആയിരുന്നു. കാലന് എല്ലാം നശിപ്പിക്കണ്ട ജോലി ഉണ്ടല്ലൊ. വായിച്ചു കമന്റിയിട്ടുണ്ട്. അഭിപ്രായത്തിനു നന്ദി.

    Readers dais-,
    അഭിപ്രായത്തിനു നന്ദി.
    വഷളൻ|vashalan-,
    പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുകയാണല്ലൊ. അഭിപ്രായത്തിനു നന്ദി.
    മഹേഷ് വിജയൻ-,
    അഭിപ്രായത്തിനു നന്ദി.
    $nOwf@ll-,
    അഭിപ്രായത്തിനു നന്ദി. ഇനിയും വരിക.

    ReplyDelete
  22. mini teacher ..

    ithu mathrubhoomi online vazhi kandatha ...
    congrats!!!

    ReplyDelete
  23. ചേച്ചിപ്പെണ്ണ്-,
    നന്ദി.

    ReplyDelete
  24. ഞാനിപ്പോഴാ കണ്ടത്.
    വായിച്ചു രസിച്ചൂ ട്ടോ.
    മാസികകൾ, വാരികകൾ ഇവയ്ക്കൊക്കെ അയച്ചു കൊടുക്കണം ടീച്ചർ.

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..