“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

1/9/12

ആറടി ഏഴിഞ്ച് ഉയരമുള്ള വേലക്കാരി


                         ഡ്യൂട്ടികഴിഞ്ഞ് സ്റ്റേഷനിൽ നിന്നിറങ്ങി ബസ്‌സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ കോൺ‌സ്റ്റബിൾ രാജീവന്റെ മനസ്സിൽ പെട്ടെന്നൊരു ചിന്തയുണർന്നു,
‘ഇനിമുതൽ രാത്രിഭക്ഷണവും ഹോട്ടലിൽ നിന്ന് കഴിച്ചാലോ?’
രണ്ട് നേരത്തെ ഭക്ഷണവും ഹോട്ടലിൽ‌ നിന്നായാൽ തന്റെ ഭാര്യ സുധാകുമാരി വളരെയധികം സന്തോഷിക്കുമെന്ന് അദ്ദേഹത്തിനറിയാം. ചിലപ്പോൾ അവൾ പറഞ്ഞേക്കാം;
‘ചേട്ടൻ വരുമ്പോൾ എനിക്കും മക്കൾക്കും ഓരോ പാഴ്സൽകൂടി വാങ്ങിയാൽ നന്നായിരിക്കും’

                          വിവാഹം കഴിഞ്ഞ് രണ്ട് മക്കളായതിനുശേഷമാണ് പുതിയ വീട്ടിൽ താമസമാക്കിയത്. അങ്ങനെ താമസിക്കാൻ തുടങ്ങിയിട്ട് രണ്ട്‌വർഷം വരെ ഒരു പ്രശ്നവും ഇല്ലാത്ത രാജീവൻ പോലീസിന്റെ വീട്ടിൽ ഇങ്ങനെയൊരു അനുഭവം ഉണ്ടാവുന്നത് അടുത്ത കാലത്താണ്, ശരിക്ക് പറഞ്ഞാൽ രണ്ട് മാസം മുൻപ്;
ഒരു വീടിന്റെ അതിപ്രധാന ഭാഗം ഏതാണ്?
‘അടുക്കള’,,,
പുതിയ വീട് നിർമ്മിക്കുമ്പോഴും താമസം ആരംഭിച്ചപ്പോഴും വീടിന്റെ അതിപ്രധാന ഭാഗമായ അടുക്കള ഒരു പ്രശ്നമായിരുന്നില്ല. അന്നെല്ലാം അടുക്കളയുടെ ഭാഗമായി തന്നെയും കുടുംബത്തെയും അറിഞ്ഞുകൊണ്ട് ഭക്ഷണം തയ്യാറാക്കുന്ന വേലക്കാരി, ‘ജാനു’ ഒപ്പം ഉണ്ടായിരുന്നു. ഇന്നാണെങ്കിൽ അതേ വീട്ടിലെ അടുക്കളയിൽ ഇഷ്ടം‌പൊലെ ഭക്ഷണം ഉണ്ടെങ്കിലും പട്ടിണികിടക്കേണ്ടി വരുന്ന ഗതികേടിലാണ്. ജീവിതത്തിന്റെ താളം തെറ്റുന്നതോടൊപ്പം പട്ടിണി അറിയാനും തുടങ്ങിയത്, രണ്ട്‌മാസം‌മുൻപ് ജാനുവിന്റെ വിവാഹത്തോടെയാണ്. അൻപത് വയസ്സായ ജാനകിയേച്ചി ഒരു രണ്ടാം കെട്ടുകാരനെ വിവാഹം കഴിച്ച് അയാളോടൊപ്പം ചെന്നൈയിലേക്ക് വണ്ടി കയറുമെന്ന് സ്വപ്നത്തിൽ പോലും ഓർത്തിരുന്നില്ല.

                            ജാനു, തന്റെ സ്വന്തം ജാനകിയേച്ചി; അച്ഛന്റെ അകന്ന ബന്ധുവാണ്. ആണിന്റെ മിടുക്കും ശക്തിയും ശരീരവലിപ്പവും ഉള്ള അവരെ കുട്ടിക്കാലം മുതൽ തറവാട് വീട്ടിൽ കാണാറുള്ളതാണ്. ‘ഇപ്പോൾ പോലീസാണെങ്കിലും രാജീവനെയൊക്കെ ഞാൻ എടുത്ത് കളിപ്പിച്ചിട്ടുണ്ട്’ എന്ന് അഭിമാനത്തോടെ അവർ പലപ്പോഴും പറയാറുണ്ട്. സ്വന്തം വീട്ടിലെ പട്ടിണിയും അവഗണനയും കാരണം ബന്ധുവീട്ടിലെ വേലക്കാരി ആവേണ്ടി വന്നതിലുള്ള പ്രയാസം ഒരിക്കലും അവർ പ്രകടമാക്കിയിരുന്നില്ല. പിന്നെ മാസാമാസം കണക്ക് പറഞ്ഞ് ‘ശമ്പളം’ വാങ്ങുമ്പോൾ അവർ ശരിക്കും ഒരു തൊഴിലാളി ആയി മാറും.

                            രണ്ട് വർഷം മുൻപ്, രാജീവൻ പോലീസിന്റെ പുതിയ വീട് നിർമ്മാണവേളയിൽ തൊഴിലാളികളുടെ കൂടെ എന്നും ജാനകിയേച്ചി ഉണ്ടായിരുന്നു. സ്വന്തം വീട് നിർമ്മിക്കുന്ന ഒരു വീട്ടമ്മയെപോലെ പെരുമാറുന്ന അവരെ തൊഴിലാളികൾ ഭയപ്പെട്ടിരുന്നു. വീടിന്റെ ഓരോ മുറിയും നിർമ്മിക്കുന്നതിൽ തെറ്റുകുറ്റങ്ങൾ കണ്ടെത്തിയാൽ തിരുത്താൻ അവരുണ്ടാവും. ഒടുവിൽ ഗൃഹപ്രവേശനം നടന്ന് പുതിയ വീട്ടിൽ താമസമാക്കിയപ്പോൾ ഒപ്പം വേലക്കാരിയായി ജാനകിയേച്ചിയും വന്നു. വീട്ടമ്മയായ സുധക്ക് ടീവി കാണാനും വിരുന്ന് പോകാനും ചുറ്റിയടിക്കാനും മക്കളെ ഹോം‌വർക്ക് ചെയ്യിക്കാനും സമയം ലഭിച്ചത് അടുക്കളയിൽ ജാനു ഉള്ളത്‌കൊണ്ട് മാത്രമായിരുന്നു. രണ്ട് കുഞ്ഞുങ്ങളെയും ഭാര്യയെയും വീട്ടിലാക്കിയിട്ട് നൈറ്റ്‌ഡ്യൂട്ടിക്ക് സമാധാനത്തോടെ പോയത് ആണിന്റെ തന്റേടമുള്ള ജാനകിയേച്ചി വീട്ടിലുണ്ടെന്ന ധൈര്യത്തിലായിരുന്നു.

                            ജാനുവിന്റെ വിവാഹത്തോടെ തന്റെ വീട്ടിലെ അടുക്കളയുടെ താളം തെറ്റി. ഭക്ഷണം കഴിക്കാനുള്ള നേരം നോക്കി മാത്രം അടുക്കളയിൽ വരുന്നത് ശീലമാക്കിയ ഭാര്യക്ക് പാചകം ഒരു കഠിനകലയായി മാറിയപ്പോൾ അതിന് ബലിയാടായത് ഭർത്താവും മക്കളും തന്നെ. ഉപ്പ്, മുളക്, മല്ലി തുടങ്ങിയവയെല്ലാം ഏത് പാത്രത്തിലാണ് വെച്ചതെന്നോ, അവയെല്ലാം ഏതളവിൽ ചേർക്കണമെന്നോ അറിയാതെ അവൾ വെച്ച കറികൾ അടുക്കളപ്പുറത്തെ വാഴകൾക്ക് വളമായി മാറി.

                           എല്ലാം സഹിക്കാമെങ്കിലും ഏറ്റവും വലിയ പ്രശ്നം ഭാര്യ തിരിച്ചറിഞ്ഞത് അടുത്ത കാലത്തായിരുന്നു. അഞ്ചടിപോലും ഉയരമില്ലാത്ത സുധാകുമാരിക്ക് യോജിക്കാത്തതായിരുന്നു സ്വന്തം അടുക്കളയിലെ തട്ടുകളും അലമാരകളും. മേലനങ്ങി പണിയെടുക്കാത്തതിനാൽ ഉരുണ്ട്‌വീർത്ത അവൾക്ക്, തന്റെ കൈയ്യെത്തുന്നതിനെക്കാൾ ഉയരമുള്ള വർക്ക്‌ഏറിയ ഒരു തരത്തിലും യോജിക്കാത്തതാണെന്ന് ജാനു പോയതിനു ശേഷമാണ് മനസ്സിലായത്. വീട് നിർമ്മാണ സമയത്ത് ഒരു വിരുന്നുകാരിയെപ്പോലെ മാത്രം കടന്നുവന്ന വീട്ടമ്മ! രാജീവൻ പോലീസിന്റെ വീട്ടിലെ അടുക്കളയുടെ മൊത്തം സെറ്റിംഗ്സ്, ആറടിയിലേറെ ഉയരമുള്ള വേലക്കാരി ജാനുവിന് യോജിച്ചതാണല്ലൊ!

                        ബസ്സിൽ കയറി പിന്നിലെ സീറ്റിലിരുന്നപ്പോഴും ചിന്ത ഒരു വേലക്കാരിയെ കണ്ടെത്തുന്നതിനെ കുറിച്ചാണ്; അതും ആറടിയെങ്കിലും ഉയരമുള്ള സ്ത്രീ! എവിടെ കിട്ടും?’
                           പിസി ആയതിനാൽ കണ്ടക്റ്റർ കൈനീട്ടിയില്ല, സുഖയാത്ര. ബസ്സിലിരുന്ന് മുന്നിൽ കയറുന്ന സ്ത്രീകളിൽ ഉയരം കൂടിയവരുണ്ടോ എന്ന് നിരീക്ഷിക്കാൻ തുടങ്ങി; ഏതാനും ദിവസങ്ങളായി, അതൊരു പതിവാണ്.

                       ‘ആറടി ഉയരമുള്ള വേലക്കാരിയെ വേണമെന്ന്’ അറിഞ്ഞ സഹപ്രവർത്തകരെല്ലാം കളിയാക്കിയെങ്കിലും ചിലർ പോംവഴി പറഞ്ഞു, ‘അത്രയും ഉയരമുള്ളത് ആളെ വേണമെങ്കിൽ ആണുങ്ങളെ അന്വേഷിക്കുന്നതായിരിക്കും നല്ലത്’.
വേലക്കാരിക്ക് പകരം വേലക്കാരനോ? അത് പാടില്ല. ഹോം‌നേഴ്സിനെ സപ്ലൈ ചെയ്യുന്നവർ രണ്ട് തവണ ആളെ അയച്ചെങ്കിലും ഉയരക്കുറവ് കാരണം തിരിച്ചയച്ചു. 
ഒടുവിൽ ഒരു ദിവസം പത്രത്തിൽ പരസ്യം നൽകി,
“ആറടിയോ അതിൽ കൂടുതലോ ഉയരമുള്ള വേലക്കാരിയെ ആവശ്യമുണ്ട്”
പ്രതികരണം വളരെ കുറവായിരുന്നു, അഞ്ചരഅടി ഉയരം ഉണ്ട്. അരയടി ഉയരമുള്ള ചെരിപ്പിട്ടാൽ പോരെ’ എന്നാണ് ചിലർ ചോദിച്ചത്.
                         ഒരു ജാനുവിനെ ആശ്രയിച്ചതുകൊണ്ടല്ലെ ഇങ്ങനെയൊരു അബദ്ധം പറ്റിയത്? വീട് നിർമ്മിക്കുന്ന നേരത്ത് ശ്രദ്ധിക്കാത്ത ഭാര്യകാരണം വേലക്കാരിയാണ് വീട്ടുകാരിയുടെ സ്ഥാനത്ത് കയറിയിരുന്നത്. ‘ഒരു വീട്ടമ്മ വീട് ശ്രദ്ധിക്കാതെ വേലക്കാരിക്ക് വിട്ടുകൊടുത്താൽ, വേലക്കാരി ആ വീട്ടിലെ വീട്ടമ്മയായി മാറും’. തന്റെ വീട്ടിൽ വേലക്കാരി അവളുടെ ഉയരത്തിനൊത്ത് വീടും അടുക്കളയും അതിലെ വർക്ക് ഏറിയകളും സെറ്റ് ചെയ്തിരിക്കുന്നു!!!
സ്വന്തം വീടിനോട് അടുക്കുന്തോറും രാജീവന് ദേഷ്യം വർദ്ധിക്കുകയാണ്,,,

                           കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്ന ഭാര്യയുടെ മുഖത്ത് അതിയായ സന്തോഷം. ഒന്നാം തരത്തിൽ പഠിക്കുന്ന മകൻ ഓടിവന്ന് സ്ക്കൂൾ വിശേഷങ്ങൾ പറയുമ്പോൾ മകൾ മുന്നിൽകയറി എൽ.കെ.ജി വിശേഷങ്ങൾ അവളുടെ ഭാഷയിൽ പറയുകയാണ്. ദിവസങ്ങൾക്ക് ശേഷമുള്ള സുധയുടെ സന്തോഷം കണ്ടപ്പോൾ ചോദിച്ചത് പതിവ് കാര്യം തന്നെ,
“അടുക്കളയിൽ ആരെയെങ്കിലും കിട്ടിയോ? നിനക്കൊരു സന്തോഷം ഉണ്ടല്ലൊ”
“കിട്ടി”
മനസ്സൊന്ന് തണുത്തു, ഒരു മാസമായി കൊതിച്ച സൌഭാഗ്യം,
“എങ്ങനെയുണ്ട്? ഉയരമുള്ളതാണോ?”
“നമ്മുടെ ജാനകിയേച്ചിയെക്കാൾ ഉയരമുണ്ട്, ആറടി ഏഴിഞ്ച്; ബാലൻ‌മാമന്റെ മകൻ കൂട്ടിവന്നതാ, എടി സീതമ്മെ ഇങ്ങോട്ട് വാ‍”
ബാലൻ മാമന്റെ മകൻ നീണാൾ വാഴട്ടെ, ‘ഹൊ, ഇന്നുമുതൽ മര്യാദക്ക് വല്ലതും തിന്നാമല്ലൊ’;
“വല്ലാത്ത നാണക്കാരിയാ, എന്നോട് ആദ്യമേ പറഞ്ഞിരുന്നു, ‘ആണുങ്ങളുടെ മുന്നിൽ നിൽക്കുന്നതും സംസാരിക്കുന്നതും തീരെ ശീലമില്ലെന്ന്”
വാതിലിന്റെ പിന്നിൽ നിൽക്കുന്ന വേലക്കാരിയെ ഭാര്യ പിടിച്ചുവലിച്ച് മുന്നിൽ നിർത്തിയിട്ടും അവൾ ഗൃഹനാഥന്റെ മുഖത്ത് നോക്കുന്നതേയില്ല,
എന്തൊരു നാണം!
അവളെ മൊത്തത്തിൽ നിരീക്ഷിച്ചു,,,
‘ഇത് എവിടെയോ കണ്ടുമറന്ന മുഖമാണല്ലൊ?,, ഇടത് ചെവിക്ക് സമീപം കവിളിൽ കാണപ്പെട്ട ആ കറുത്തമറുക്,,,, ഏതാനും ദിവസം മുൻപ് കണ്ടിരുന്നല്ലൊ’,,,
പെട്ടെന്ന് ഉള്ളിൽ ആകെയൊരു ഞെട്ടൽ,,, ഇത്,, ഇത് അവളല്ലെ,,, എന്റെ ദൈവമേ?
ഒരുമാസം മുൻപ് നഗരത്തിലെ ഹോട്ടൽ റെയ്ഡ് ചെയ്തപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടവൾ!!! നഗരത്തിന്റെ ഇരുണ്ട മറവിൽ വിലപറഞ്ഞ് കച്ചവടം നടത്തുന്നവൾ!
ആറടിയിലേറെ ഉയരമുള്ള വേലക്കാരിയെ ലഭിച്ച സന്തോഷം സഹിക്കവയ്യാതെ ഭാര്യ നിർത്താതെ സംസാരിക്കുമ്പോൾ, ആറടിയെ എങ്ങനെ ഒഴിവാക്കണമെന്നോർത്ത് കോൺസ്റ്റബിൾ രാജീവൻ ചിന്താമഗ്നനായി.

42 comments:

  1. 2012ലെ ആദ്യകഥ സമർപ്പിക്കുന്നു.

    ReplyDelete
  2. ജാനുവേടത്തിയെ പോലെ ഒരാള്‍ നാട്ടില്‍ ഒട്ടു മിക്ക വീടുകളിലും കാണാം ..
    ഇങ്ങിനെയുള്ളവരുടെ വിയര്‍പ്പിന്റെ മറ പിടിച്ചു പല വീട്ടമ്മമാരും ദേഹം അനങ്ങാതെ വാഴുന്നതും
    കണ്ടിട്ടുണ്ട് . അത് കൊണ്ട് ആദ്യ ഭാഗം വളരെ രസമായി കഥാപാത്രങ്ങളെ തൊട്ടറിഞ്ഞു വായിച്ചു .
    പക്ഷെ രണ്ടാം പകുതി വേണ്ട വിധം ആയോ എന്നൊരു സംശയം തോന്നി ... അതെന്റെ സംശയം മാത്രം .
    മിഴിവുറ്റ എഴുത്തും അവതരണവും വായനാസുഖം തന്നു .
    ആശംസകള്‍

    ReplyDelete
  3. വേലിയില്‍ കിടന്നത് ....എടുത്തു മടിയില്‍ വച്ചു അല്ലേ?
    2012 വരവ് മോശമാക്കിയില്ല . ഒരു വലിയ ആശംസ ....വര്ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്നത്.

    ReplyDelete
  4. ആദ്യഭാഗം നന്നായി. ധാരാളം മടിയന്മാരും മടിച്ചിമാരും ഉള്ള ഈ ലോകത്ത് ഇങ്ങനെയും കാണും ആൾക്കാർ.
    നല്ലെഴുത്തായിരുന്നു.
    പക്ഷെ, കഥയുടെ അവസാനം എനിയ്ക്ക് അത്ര ഇഷ്ടമായില്ല.

    ReplyDelete
  5. "‘ഒരു വീട്ടമ്മ വീട് ശ്രദ്ധിക്കാതെ വേലക്കാരിക്ക് വിട്ടുകൊടുത്താൽ, വേലക്കാരി ആ വീട്ടിലെ വീട്ടമ്മയായി മാറും’."

    "അവനവൻ ഇരിക്കേണ്ടിടത്ത് അവനവൻ ഇരുന്നില്ലെങ്കിൽ അവിടെ പട്ടി കയറി ഇരിക്കും" എന്ന് ഒരു ചൊല്ലു കേട്ടിട്ടുണ്ട്. അത് ഓർമ്മിപ്പിച്ചു

    (ഭരിക്കുന്ന പട്ടികളെ കാണുമ്പോഴും കൊള്ളാവുന്നവർ അവിടെ ഇരിക്കാത്തതു കൊണ്ടല്ലെ ഇങ്ങനൊക്കെ സംഭവിച്ചത് എന്നു തോന്നിയിട്ടുണ്ട്)

    ReplyDelete
  6. പിന്നെയും പോലീസുകാരന്‍റെ മെക്കട്ട് ല്ലെ?
    കഥ നന്നായിട്ടുണ്ട്,
    ആശംസകള്‍.

    ReplyDelete
  7. മിനിടീച്ചറേ സംഭവം കലക്കി...ഇതു മിക്ക വീട്ടിലയും പ്രശ്നമാ...ഞാനും ഇപ്പോൾ രാത്രി വീട്ടിൽ പോകുമ്പോൾ ഓഫീസിനടുത്തുള്ള 'വിസ്മയ' ഹോട്ടലിൽ നിന്നും പാഴ്സലുമായിട്ടാ പോക്ക്.എന്റെ വീട്ടിലെ ജോലിക്കാരിയും കല്ല്യാണം കഴഞ്ഞ് ബാഗ്ലൂരിലെക്ക് ഹണിമൂണിനു പോയിരിക്കുകയാ..കഴിഞ്ഞ ആഴ്ച അവളൂടെ ഫോൺ വന്നു.വ്ഏറെ ആളെ നോക്കിക്കോളാൻ... അമ്മയും,ഭാര്യയും ജോലിക്കാരെ ത്തേടി നടക്കുന്നൂ..ആറായിരം രൂപ മാസവും പതിനഞ്ചായിരം രൂപ അഡ്വാൻസ് കൊടുക്കാമെന്ന് പറഞ്ഞിട്ടും ഒരുത്തികളേയും കിട്ടുന്നില്ലാ...എല്ലാവരും തൊഴിലുറപ്പ് പദ്ധതിയുടെ പിന്നാലെയാ....ആറടിപ്പൊക്കം ഇല്ലെങ്കിലും നാലടി പൊക്കമുള്ള ഒന്നിനെ കിട്ടിയാൽ മതിയായിരുന്നൂ.....ഈശരോ രക്ഷതൂ....

    ReplyDelete
  8. ടീച്ചറേ,
    പുതുവര്‍ഷത്തിലെ പുത്തെന്‍ കഥ അല്ല കഴിഞ്ഞ വര്‍ഷം എഴുതിയ കഥ സൂക്ഷിച്ചുവെച്ചു
    പുതുവര്‍ഷത്തില്‍ ഇറക്കിയത് നന്നായി, നല്ല വായനാസുഖം തോന്നി.
    ഇക്കാലത്ത് ഇക്കൂട്ടരെ പ്രതേകിച്ചു 'ജാനകിയേച്ചി' യെപ്പോലുള്ളവരെ
    കണ്ടെത്തുക വളരെ വിഷമമുള്ള പണി തന്നെ,
    പിന്നെ പൊക്കം നോക്കി പോയാലത്തെ കഥ പറയണോ?
    നന്നായി പറഞ്ഞു.
    പോരട്ടെ വീണ്ടും പുതിയ കഥ
    അഭിനനന്ദനങ്ങള്‍
    ആശംസകള്‍
    ഫിലിപ്പ് വറുഗീസ്‌ 'ഏരിയല്‍'

    ReplyDelete
  9. Teacher,
    Read the story.
    Sasi, Narmavedi, Kannur

    ReplyDelete
  10. ഇരിക്കേണ്ടിടത്ത് ഇരിക്കുകയും ഇരുത്തേണ്ടിടത്ത് ഇരുത്തുകയും വേണം. അല്ലെനില്‍ അവിടെ വേലക്കാരി ഇരിക്കും. അവര്‍ ഇരുത്തുകയും ചെയ്യും. കുഴിമടിച്ചികളായ വീട്ടമ്മമാര്‍ ശ്രദ്ധിയ്ക്കുക.. സംഭവം കലക്കി :)

    ReplyDelete
  11. ഇത് മിനിക്കഥയല്ല;
    ഇമ്മിണി വലിയ കഥയാണ്.
    നന്നായിട്ടുണ്ട്, ആശംസകള്‍!
    പാവം പോലീസുകാരന്‍!

    ReplyDelete
  12. ഡോ.ആര് .കെ.തിരൂര് II Dr.R.K.Tirur-,
    !!!! നന്ദി, അഭിപ്രായം എഴുതിയതിന് നന്ദി.
    വേണുഗോപാൽ -,
    ആദ്യപകുതിയിൽ പറഞ്ഞ അനുഭവങ്ങൾ പലർക്കും ഉണ്ടാവും. എന്നാൽ വേലക്കാരിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന വീട്ടുകാർ എവിടെനിന്നെങ്കിലും ഒരാളെ തപ്പിപിടിച്ച് കൊണ്ടുവരുന്നത് ചിലപ്പോൾ പ്രശ്നമുള്ള വ്യക്തിയാവാം. തൊഴിലാളികളെ ലഭിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ വീട്ടിൽ വരുന്ന പലരുടെയും ‘ബയോഡാറ്റ’ ആരും അന്വേഷിക്കാറില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    ലീല എം ചന്ദ്രന്.. -,
    സ്ഥിരം വരുന്ന ഒരാളുണ്ടായിരുന്നു, അച്ചുവേട്ടന്റെ പെങ്ങൾ(ഇനിയും എഴുതാനുള്ള പോസ്റ്റിലെ കഥാനായിക). അവളുമായി ഒടക്കി, ‘മാസം പതിനായിരം രൂപ വേണം‌പോലും’. ബ്ലോഗിൽ പോസ്റ്റുകളുടെ എണ്ണം കുറഞ്ഞാലും അത്രയും കൊടുക്കാനൊന്നും ആവില്ല. പത്തായിരം കിട്ടിയാൽ എനിക്കുതന്നെ ചോറും കറിയും വെക്കാമല്ലൊ. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  13. Echmukutty -,
    അവസാനം ഭാഗം സ്ത്രീകൾക്ക് പാരയായി, അല്ലെ?
    അതുപിന്നെ ഞാൻ കണ്ടുപിടിച്ച് കൂട്ടിവന്ന ഒരു വേലക്കാരി, ഒരുവയസ് പ്രായമായ എന്റെ സഹോദരപുത്രന്റെ ദേഹത്തുണ്ടാക്കിയ മുറിവുകൾ ഓർത്തുപോയി. അഭിപ്രായം എഴുതിയതിന് നന്ദി.
    ഇന്ഡ്യാഹെറിറ്റേജ്:Indiaheritage -,
    അവസാനം പറഞ്ഞത് ഇന്നലെയും പറഞ്ഞു, വോൾട്ടേജ് കുറഞ്ഞ് കമ്പ്യൂട്ടർ തുറക്കാനാവാത്തപ്പോൾ,,, അഭിപ്രായം എഴുതിയതിന് നന്ദി.
    kARNOr(കാര്ന്നോര്) -,
    എന്റെ കാരണവരെ കഥ വായിച്ചതിന് ആശംസകൾ, അഭിപ്രായം എഴുതിയതിന് നന്ദി.
    ഫസല് ബിനാലി.. -,
    ഈ പോലീസുകാർക്കെന്താ ബ്ലോഗിൽ കാര്യം? ഞാനായിട്ട് അവരെ വെറുതെ വിടണോ? അഭിപ്രായം എഴുതിയതിന് നന്ദി.
    ചന്തു നായർ -,
    ഞാൻ കേട്ടത് വീട്ടുവേലക്ക് ആളെക്കിട്ടത്തത് വടക്കൻ കേരളത്തിൽ മാത്രമാണെന്നായിരുന്നു. അപ്പോൾ തിരുവനന്തപുരത്തും അതാണ് അവസ്ഥ! പത്ത് വർഷമായി വീട്ടിൽ വരുന്നവളാണ് ഒരുദിവസം കാല് മാറിയത്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  14. P V Ariel -,
    പറ്റിയ ഒരാളെ കിട്ടുക പ്രയാസം തന്നെയാണ്. ആ പ്രയാസം അനുഭവിക്കുന്നതാവട്ടെ സ്ത്രീകളും, അഭിപ്രായം എഴുതിയതിന് നന്ദി.
    sasidharan -,
    വായിച്ചല്ലൊ, സന്തോഷം, അഭിപ്രായം എഴുതിയതിന് നന്ദി.
    ബഷീര് പി.ബി.വെള്ളറക്കാട്-,
    അവനവൻ ഇരിക്കെണ്ടിടത്ത് ഇരുന്നില്ലേൽ ഡാഷ് കയറിയിരിക്കും, എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. മറ്റുള്ളവർക്കും തോന്നുമാറാകട്ടെ. അഭിപ്രായം എഴുതിയതിന് നന്ദി.
    appachanozhakkal-,
    പാവം പോലീസുകാരാ അപ്പച്ചാ ക്ഷമി,,, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  15. പലപ്പോഴും അപ്പോഴത്തെ സാഹചര്യം എന്താണോ അതനുസരിച്ചായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുക അധികം പേരും. ഭാവിയില്‍ എന്നിടത്തെക്ക് ചിന്ത നീളാറില്ല. പുര പണിതപ്പോള്‍ അപ്പോഴത്തെ സാഹചര്യം.

    ReplyDelete
    Replies
    1. റാംജി-,
      ഭാവിയെക്കുറിച്ച് ചിന്തിക്കാതെയാണല്ലൊമനുഷ്യന്റെ പോക്ക്,,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  16. ജാനു പോയതു പോലെ ഈ വേലക്കാരിയും പോകുമെന്ന് പ്രതീക്ഷിക്കാം ...

    ReplyDelete
    Replies
    1. തോന്ന്യവാസീ-,
      പ്രതീക്ക്ഷിക്കാം, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  17. എന്നാലും അടുക്കള സംവിധാനത്തില്‍ ശ്രദ്ധിക്കാത്ത ഒരു വീട്ടമ്മ. അതിശയോക്തി കൂടുതലാണെങ്കിലും രസകരമായിട്ടുണ്ട്.ക്ലൈമാക്സും കൊള്ളാം.

    ReplyDelete
    Replies
    1. @മുഹമ്മദ്‌കുട്ടി-,
      ഒരു ചെറിയ പ്രശ്നം ഉണ്ടാവുമ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് അറിയുന്നത്, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  18. അങ്ങനെയങ്ങ് പറഞ്ഞുവിടാൻ വരട്ടെ, നല്ല ഒരു തുക തന്നിട്ടുമതി ബാക്കി കാര്യം. ഞങ്ങടെ കൊട്ടേഷൻ സംഘത്തിനെ ഇപ്പൊ വിളിച്ചുവരുത്തും. റെയ്ഡ് ചെയ്തപ്പോൾ അറസ്റ്റിലായവൾ പോലീസിന്റെ വീട്ടിൽ വന്നത്, നല്ല ചങ്കുറപ്പുണ്ടായിട്ടുതന്നെയാ. കഥാരീതി നന്നായി. പക്ഷേ, അവസാനം മറ്റൊരു തലത്തിലാക്കാമായിരുന്നു. ഇതിന്റെ ബാക്കിയായി രാജീവൻ പോലീസിനു പറ്റുന്ന ചില പൊല്ലാപ്പുകൾ നർമ്മമായി എഴുതിയാൽ രസാവഹമായിരിക്കും.

    ReplyDelete
    Replies
    1. @വി.എ.-,
      പൊല്ലാപ്പുകൾ ഇയും ആവാമല്ലൊ,, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  19. ഉദാസീനമായ തുടക്കമായിരുന്നെങ്കിലും, ഞെട്ടിക്കുന്ന ക്ലൈമാക്സ് തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ഇത്തവണ, എവിടെയിക്കെയോ പാളിച്ച വന്നിട്ടുണ്ടെന്ന് തോന്നുന്നു. ക്ലൈമാക്സിൽ പടക്കം നനഞ്ഞത് പോലെ. ഒരു സാധാരണ സംഭവത്തെ അതു പോലെ പറഞ്ഞതു പോലെയുണ്ട്.അങ്ങനെയല്ലല്ലോ പതിവ്. എന്തു പറ്റി? ഒരു ജകപൊകാരാഹിത്യം?.........ങേ?
    ഇതൊന്ന് നന്നാക്കാനുണ്ട്. ഒന്ന് നോക്കൂ.
    സ്നേഹപൂർവ്വം വിധു
    ആശംസകൾ

    ReplyDelete
    Replies
    1. @ചോപ്രായെ-,
      വേലക്കാരി പ്രശ്നങ്ങൾ കഥയാക്കാൻ ഇനിയും വകയുണ്ട്,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  20. ആറടി എത്രയും വേഗം ഒഴിവാക്കിയില്ലെങ്കിൽ പിന്നെ അത് ഒരു കൊടാലി ആകും........നല്ല എഴുത്ത്...ആശംസകൾ

    ReplyDelete
    Replies
    1. @മാറുന്ന മലയാളി-,
      കോടാലി തന്നെ ആവും,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  21. വേലക്കാരികളുടെ കാലമാണല്ലേ..

    ReplyDelete
    Replies
    1. @മുകിൽ-,
      വേലക്കാരികൾ വാഴും കാലം,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  22. പാവം പാവം പോലീസുകാരന്‍ ..
    നന്നായി, ആശംസകള്‍ ..

    ReplyDelete
  23. വീട്ടുവേലക്കാര്‍ എന്നൊരു തൊഴിലാളി വര്‍ഗം ഇല്ലാത്ത നാട്ടില്‍ നിന്നും ഈ കഥയ്ക്ക് എങ്ങിനെ ആശംസ പറയും...? സ്വന്തം വീട്ടിലെ കാര്യങ്ങളില്‍ ശ്രദ്ധയില്ലാത്ത വീട്ടുകാരിയെ എങ്ങിനെ വീട്ടുകാരി എന്ന്‌ വിളിക്കും...? ആകെ കണ്‍ഫ്യൂഷന്‍ മിനി ടീച്ചറെ...

    ReplyDelete
  24. കാറ്ററിങ് സർവീസ് വിജയിക്കുന്നതിവിടെയാണ്... ;) ആറടിയുടെ റിക്രൂട്ട്മെന്റ് കൊള്ളാം...

    ReplyDelete
  25. ഇതിനു മുന്‍പ് ഉള്ള കഥകള്‍ വായിച്ചിട്ടുള്ളത് കൊണ്ടാകാം .ഈ കഥ അത്ര ഇഷ്ടപെട്ടില്ല എന്ന് പറയേണ്ടി വരുന്നത് ...എഴുതാന്‍ വേണ്ടി കഥ എഴുതിയ പോലെ തോന്നി (എന്റെ പരിമിതിയാകാം)..ആശംസകള്‍

    ReplyDelete
  26. വീട്ടുവേലക്കാരും,അടുക്കള പോലും ഇല്ലാതാവുന്ന ഈ കാലഘട്ടത്തിന് ചേരാത്ത ഒരു കഥയാണിത് കേട്ടൊ

    ReplyDelete
  27. teacher ..
    katha kollam..
    aashamsakal

    ReplyDelete
  28. ഹ്ഹ്ഹി
    രായീവന്‍ പോലീസിന്റെ ചിന്ത തുടങ്ങിയപ്പഴേ ക്ലൈമാക്സ് മണത്തു.
    എന്നത്തേം പോലെ ക്ലൈമാക്സിലാണ് ടിച്ചറ്ടെ കഥയുടെ പഞ്ച്!
    നന്നായിരിക്കുന്നു.
    വൈകിയ പുതുവത്സരാശംസകളോടെ..

    ReplyDelete
  29. എന്നിട്ട് ഒഴിവാക്ക്യോ..!!!

    ReplyDelete
  30. @sidheek Thozhiyoor-,
    പാവം പോലീസ്,,, അഭിപ്രായം എഴുതിയതിന് നന്ദി.
    @കുഞ്ഞൂസ് (Kunjuss-,
    മാസം പത്തായിരം വീതം കിട്ടിയാൽ വരാമെന്ന് പറഞ്ഞാണ് എന്റെ വീട്ടിലെ വേലക്കാരി പോയത്, അഭിപ്രായം എഴുതിയതിന് നന്ദി.
    @ബെഞ്ചാലി-,
    കാറ്ററിംഗ് വിജയിക്കട്ടെ, അഭിപ്രായം എഴുതിയതിന് നന്ദി.
    @അനീഷ്‌ പുതുവലില്‍-,
    അങ്ങനെ എഴുതിയത് തന്നെയാണ്, അഭിപ്രായം എഴുതിയതിന് നന്ദി.
    @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.-,
    ഇടക്കൊക്കെ ഇങ്ങോട്ട് വരണം. അടുക്കള ഒരു മ്യൂസിയം ആക്കി മാറ്റുകയാണ്, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  31. @(പേര് പിന്നെ പറയാം)-,
    തിരക്കില്ല, പേര് പിന്നെ പറഞ്ഞാൽ മതി. അഭിപ്രായം എഴുതിയതിന് നന്ദി.
    @തക്ഷയ..-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @നിശാസുരഭി-,
    വളരെ സന്തോഷം, അഭിപ്രായം എഴുതിയതിന് നന്ദി.
    @അസിന്‍Jan-,
    പിന്നെ ഒഴിവാക്കാതിരിക്കൊ? അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  32. എന്തിനാ പോലീസ്സേ അവരെ മാറ്റുന്നത്...?
    ഭാര്യയുടെ സന്തോഷത്തേക്കാൾ വലുതാണൊ അത്..!
    മാത്രമോ അവരെ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാതിരിക്കാൻ ചെയ്യുന്ന ഒരു’പുണ്യപ്രവർത്തി’ കൂടിയാവില്ല്ലേ...
    നല്ല കഥാതന്തു ടീച്ചറെ..
    ആശംസകൾ...

    ReplyDelete
    Replies
    1. @വി.കെ.-,
      പോലീസല്ലെ, പലതും തോന്നിക്കാണും, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  33. ഹ ഹ ഹ ...............എനിക്കൊന്നും പറയാനില്ല ചക്കരെ..

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..