“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

8/6/12

അഭ്യുദയകാംക്ഷി


                         സ്വന്തം ഭാര്യയെ തല്ലിയത് തെറ്റാണെന്ന്, ദിവാകരൻ മാസ്റ്റർ ഇപ്പോഴും വിശ്വസിക്കുന്നില്ല. ‘അടി കൊടുക്കേണ്ടത് കുറച്ചുകൂടി നേരത്തെ ആവാമായിരുന്നു’ എന്ന്, അടിച്ചനിമിഷംതൊട്ട് തോന്നിയതാണ്. അവളുടെ സുന്ദരമായ കവിളിൾത്തടം അടികൊണ്ട് ചുവന്നത്, ഇന്നലെ വൈകുന്നേരമാണെങ്കിലും അതിന്റെ പ്രത്യാഘാതം ഇന്ന് ഉച്ചയാവാറായിട്ടും നിശബ്ദമായി അലയടിക്കുകയാണ്. തെറ്റ് കണ്ടാൽ, സ്വന്തം‌ഭാര്യ ഒരു ടീച്ചറാണെങ്കിൽ‌പോലും അടിച്ച് നന്നാക്കേണ്ടത് ഭർത്താവിന്റെ കടമയാണ് എന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും അങ്ങനെയൊരടി കാരണം സ്വന്തം വീടിന്റെ താളം പിഴച്ചിരിക്കയാണെന്ന് മാസ്റ്റർക്ക് പതുക്കെ തോന്നാൻ തുടങ്ങി.

                      ഇന്നലെ വൈകുന്നേരം സ്ക്കൂളിൽ‌നിന്നും അവൾ‌വന്നത് പതിവുപോലെ വൈകി ആയിരുന്നു. നാല് മണിക്ക് സ്ക്കൂൾ വിട്ടാൽ അരമണിക്കൂർ ബസ്‌യാത്ര ചെയ്ത് അഞ്ച് മണിക്കെങ്കിലും വീട്ടിലെത്തേണ്ടതാണ്; എന്നാൽ ഇവിടെ സമയം അഞ്ചര കഴിഞ്ഞു. അതുപോലുള്ള ഒരു ഹൈസ്ക്കൂളിൽ‌ തന്നെയാണ് തന്റെയും തൊഴിലെങ്കിലും അഞ്ച് മണിക്ക് മുൻപായി വീടിനു മുന്നിലെത്തിയിട്ട് എന്നും ഗെയ്റ്റ് തുറക്കുന്ന നേരത്ത് അടച്ചുപൂട്ടിയ വീട് കാണുമ്പോൾ‌തന്നെ കലിയിളകാൻ തുടങ്ങും. ‘ജോലി ചെയ്ത് ക്ഷീണിച്ചു വരുന്ന ഭർത്താവിനെ സ്വീകരിക്കാൻ കൈയിൽ ചൂടുള്ള ചായയും മുഖത്ത് സ്നേഹം‌വിടരുന്ന പുഞ്ചിരിയുമായി പൂമുഖവാതിലിനു മുന്നിൽ വരുന്ന ഭാര്യയെ ലഭിക്കമെങ്കിൽ അവളെ ജോലിക്ക് വിടരുത്’, എന്ന് സഹപ്രവർത്തകരിൽ ചിലർ പറയുന്നത് അസൂയകൊണ്ടാണെങ്കിലും അത് ശരിയാണെന്ന് ദിവാകരൻ മാസ്റ്റർക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
                        അങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കെയാണ് ഇന്നലെ അഭ്യുദയകാംക്ഷിയുടെ ഫോൺ വന്നത്. തുടർന്ന് അഞ്ചര കഴിഞ്ഞ് അവൾ വന്ന്‌കയറിയപ്പോൾ വളരെക്കാലമായി അണകെട്ടി നിർത്തിയ ദേഷ്യം വെളിയിൽ വന്നു,,, അടിയുടെ രൂപത്തിൽ. ‘വിദ്യാർത്ഥികളെ ക്ലാസ്സിൽ‌വെച്ച് തല്ലുന്നതുപോലെ സ്വന്തം ഭാര്യയെ തല്ലാൻ പാടുണ്ടോ’ എന്നൊന്നും ആ നേരത്ത് ചിന്തിച്ചിരുന്നില്ല,,,
ഒരു മനുഷ്യന്റെ ക്ഷമക്കും ഒരതിരില്ലെ?,,,

                         അതിരാവിലെ എന്നും ചായകുടി പതിവാണ്, അതിനുശേഷമാണ് പത്രപാരായണം. പിന്നീട് പറമ്പ്‌ചുറ്റി നടന്നതിനുശേഷം ചൂടുവെള്ളത്തിൽ കുളിച്ച് പ്രഭാതഭക്ഷണം കഴിക്കുമ്പോഴേക്കും ഇസ്ത്രിവെച്ച വസ്ത്രങ്ങളും ചോറ്റുപാത്രവും അവൾ മേശപ്പുറത്ത് വെച്ചിരിക്കും. അതിനിടയിൽ ഏതോനേരത്ത് അവളും സ്ക്കൂളിലേക്ക് പോകാൻ തയ്യാറായതിനുശേഷം വൈകുന്നേരത്ത് വാങ്ങാനുള്ള അവശ്യവസ്തുക്കളുടെ ലിസ്റ്റ് നൽകിയിട്ട് കുടയും ബാഗുമെടുത്ത് തനിക്കുമുൻപെ ഓടും. സ്ക്കൂളിൽ എന്നും വൈകിയെത്തുന്നത് പതിവാക്കിയ ദിവാകരൻ മാസ്റ്റർക്ക്, ഭാര്യയുടെ കൃത്യനിഷ്ഠ എന്നും ആശ്ചര്യമായിരുന്നു.
                      മറ്റുള്ളവർക്കിടയിൽ ‘മാതൃകാ അദ്ധ്യാപിക’ എന്ന് പേരെടുത്ത അവൾ കാട്ടിക്കൂട്ടുന്നതെല്ലാം വെറും പുറം‌മോടിയാണെന്നും മനസ്സ് ഒരു വഞ്ചകിയുടെതാണെന്നും അറിയാൻ തുടങ്ങിയത് അടുത്ത കാലത്താണ്. ദുഷ്ട, രാക്ഷസി, വഞ്ചകി, വേശ്യ,,, ദിവാകരൻ മാസ്റ്റർ സ്വന്തം ഭാര്യക്ക് യോജിച്ച പദങ്ങൾക്ക് വേണ്ടി മനസ്സിലെ ഡിൿഷനറി തുറന്നുവെച്ചു,,,

                      ചിന്തകൾക്ക് വിരാമമിട്ടത് അസഹനീയമായ വിശപ്പാണ്, മനസ്സിന്റെ വാശി ശരീരത്തിനു മുന്നിൽ പരാജയപ്പെടുകയാണ്. പ്രശ്നം പരിഹരിക്കാതെ ഇന്നേതായാലും സ്ക്കൂളിൽ പോകാൻ കഴിയുമെന്ന് തോന്നുന്നില്ല.  പത്ത്മണി കഴിഞ്ഞിട്ടും പച്ചവെള്ളമല്ലാതെ മറ്റൊന്നും ആമാശയത്തിലെത്തിയില്ല എന്ന ചിന്ത അദ്ദേഹത്തെ ഭ്രാന്ത്‌പിടിപ്പിക്കുകയാണ്. ‘ജോലി രാജിവെക്കുകയാണ്, നാളെമുതൽ ഞാൻ സ്ക്കൂളിൽ പോകുന്നില്ല’ എന്ന് അവൾ പറഞ്ഞനേരത്ത്, വീട്ടുജോലികളിൽ നിന്നുകൂടി രാജിവെക്കുന്നുണ്ടെന്ന് പറഞ്ഞില്ലല്ലൊ. പതഞ്ഞ്‌പൊങ്ങിയ ദേഷ്യം അല്പം തണുത്തപ്പോൾ ദിവാകരൻ മാസ്റ്റർ അകത്തുകയറിയിട്ട് ഭാര്യയെ വിളിച്ചു,
“രമെ, നിന്നോട് നന്നാവാനല്ലെ ഞാൻ പറഞ്ഞത്, ജോലി ചെയ്യണ്ട, സ്ക്കൂളിൽ പോകണ്ട എന്നൊന്നും പറഞ്ഞില്ലല്ലൊ”
                        അല്പനേരം കാത്തിരുന്നിട്ടും മറുപടിയൊന്നും കേൾക്കാത്തപ്പോൾ പെട്ടെന്നുയർന്ന ഭയം കാരണം മുറിയിലെ ലൈറ്റ് ഓൺ ചെയ്തപ്പോൾ കണ്ടത് തലയിണയിൽ മുഖം മറച്ച് കിടക്കുന്ന ഭാര്യയെയാണ്. ജീവന്റെ തുടിപ്പായ ഉച്ഛ്വാസ നിശ്വാസ തരംഗങ്ങൾ വസ്ത്രങ്ങൾക്കിടയിലൂടെ തിരിച്ചറിഞ്ഞ മാസ്റ്റർ ആശ്വാസനേടുവീർപ്പിട്ടു. ഇന്നലെ അടിച്ച വിരല്പാടുകൾ അവളുടെ ഇടതുകവിളിൽ കാണാനുണ്ടോ? ആദ്യമായി സംശയം തോന്നിയപ്പോൾ‌തന്നെ അടിച്ചെങ്കിൽ പ്രശ്നം ഇത്രയും വഷളാവുമായിരുന്നില്ല. പ്രശ്നം തീർക്കാൻ വീട്ടിലിപ്പോൾ മറ്റാരും ഇല്ലല്ലൊ; മകളുടെ വിവാഹം കഴിഞ്ഞു, മകനാണെങ്കിൽ അന്യസംസ്ഥാനത്ത് പഠനം തുടരുകയാണ്.
……….
                        അതുവരെ സുഖവും സമാധാനവും കളിയാടിയിരുന്ന വീട്ടിൽ അസന്തുഷ്ടിയുടെ വിത്തുകൾ മുളച്ചുപൊങ്ങാൻ തുടങ്ങിയത് ദുർഗന്ധത്തോടെ ആയായിരുന്നു. ഏതാണ്ട് നാല്‌മാസം മുൻപ് ഒരു വെള്ളിയാഴ്ച; വൈകുന്നേരം വീട്ടിലേക്ക്  വന്ന് അകത്ത് പ്രവേശിച്ച ഉടനെയാണ് ലാന്റ്‌ഫോൺ റിംഗ് ചെയ്തത്. മൊബൈൽ ഉണ്ടായിട്ടും വീട്ടിലെ ടെലിഫോണിൽ വിളിക്കുന്നത് പഴയ സുഹൃത്തുക്കൾ ആയിരിക്കും എന്ന് ചിന്തിച്ചാണ് റിസീവർ എടുത്തത്,
“ഹലോ,”
“ദിവാകരൻ മാസ്റ്ററാണോ?”
“അതെ, ആരാ?”
“ഞാനാരെങ്കിലും ആയിക്കൊട്ടെ, മാഷിന്റെ ഭാര്യ രമടീച്ചർ ഉൾപ്പെട്ട സംഭവം അറിയോ?”
“അയ്യോ, എന്ത് സംഭവം?”
“പേടിക്കാനൊന്നും ഇല്ല, ഇന്ന് രമടീച്ചറെയും സ്ക്കുളിലെ ഹെഡ്‌മാസ്റ്ററെയും ബാത്ത്‌റൂമിനുള്ളിൽ വെച്ച് മറ്റുള്ളവർ കൈയോടെ പിടികൂടി”
“അതെന്തിന്?”
“ഒരു ആണും പെണ്ണും ഒന്നിച്ച്, അടച്ചുപൂട്ടിയ മുറിയിൽ കണ്ടാൽ ആളുകളെന്തെല്ലാം വിചാരിക്കും? ടീച്ചറ് വരുമ്പോൾ നേരിട്ട് ചോദിക്ക്,,”
മറുതലക്കൽ ഫോൺ വെച്ചത് അറിയാതെ റിസീവറും പിടിച്ചങ്ങനെ നിൽക്കുമ്പോഴാണ് അവളുടെ വരവ്, സംഭവം ചോദിച്ചു, നേരിട്ട്‌തന്നെ.
എന്നാൽ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ മറുപടി പറഞ്ഞു,
“ഓ,, ആ ബാത്ത്‌റൂമിലെ ഒരു നാറ്റം, പെൺ‌കുട്ടികളുടെ ടോയിലറ്റിൽ പൈപ്പ് ലീക്കാണെന്നറിഞ്ഞ് അത് ഹെഡ്‌മാസ്റ്ററെ കാണിച്ചുകൊടുക്കാൻ പോയതാ. അപ്പോൾ ഏതോ ഒരുത്തൻ വെളിയിലെ വാതിലടച്ചു; എന്തൊരു നാറ്റം. ഹെഡ്‌മാസ്റ്റർ മൊബൈലെടുത്തതുകൊണ്ട് അധികം സഹിക്കേണ്ടി വന്നില്ല; പ്യൂൺ വന്ന് തുറന്നുതന്നു. അതെങ്ങനെ നിങ്ങളറിഞ്ഞു?”
സംഭവം ശരിയാണോ എന്നറിയാൻ പ്യൂണിനോട് ചോദിക്കേണ്ടതില്ല, തന്റെ പ്രീയപ്പെട്ട ഭാര്യയല്ലെ പറയുന്നത്.

എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും അതുപോലുള്ള ഒരു ഫോൺ, സ്ക്കൂളിൽ നിന്ന് വന്ന ഉടനെ,
“ദിവാകരൻ മാസ്റ്ററല്ലെ”
മുൻപ് കേട്ട അതേശബ്ദം,,
“അതെ, താങ്കൾ ആരാണ്?”
“ഇന്ന് രാവിലെ വീട്ടിൽ ഭക്ഷണം വെച്ചിട്ടില്ലെ?”
എങ്ങനെ ദേഷ്യം വരാതിരിക്കും! ആരാണെന്ന് പറയാത്ത ഏതോ ഒരുത്തൻ വീട്ടിലെ ഭക്ഷണക്കാര്യം ചോദിക്കുന്നു,,
“വീട്ടിൽ ഭക്ഷണം വെച്ചില്ലെങ്കിൽ താൻ‌വന്ന് വെച്ച് തരുമോ?”
“രമടീച്ചർ ലഞ്ച്‌ബോക്സ് എടുക്കാത്തതുകൊണ്ട് ചോദിച്ചതാണ്, വീട്ടിന്ന് ഭക്ഷണം എടുക്കാതെ പലപ്പോഴും ഹെഡ്‌മാസ്റ്ററുടെ കൂടെ ഹോട്ടലിൽ പോയി കഴിക്കുന്നത് ഒരു ഭർത്താവ് അറിയണ്ടെ?”
“അതൊക്കെ നോക്കാൻ താനാരാണ്?”
അങ്ങനെ പറഞ്ഞെങ്കിലും മറുതലക്കൽ മറുപടിയൊന്നുമില്ലാതെ ഫോൺ കട്ട് ചെയ്തപ്പോൾ ആകെ ഒരു സംശയം. പെട്ടെന്ന് അടുക്കളയിൽ പോയി നോക്കിയപ്പോൾ ഡൈനിംഗ് ടേബിളിൽ കനമുള്ള ലഞ്ച്‌ബോക്സ്, ‘അപ്പോൾ ഇതൊന്നും എടുക്കാതെ പോയത് മനപൂർവ്വമാണോ?’
വീട്ടിനകത്ത് പ്രവേശിച്ച ഉടനെ അവളോട് ചോദിക്കുകതന്നെ ചെയ്തു,
“നീയിന്ന് ചോറ് തിന്നുമ്പോൾ കൂടെ ആരാണുണ്ടായത്?”
“കൂടെ സ്ക്കൂളിലെ എല്ലാവരും”
“ഹെഡ്‌മാസ്റ്റർ മാത്രം എന്ന് പറഞ്ഞാൽ മതി”
“അതെങ്ങനെയാ? ഹെഡ്‌മാസ്റ്ററുടെ മകളുടെ വിവാഹം ഉറപ്പിച്ച വകയിലുള്ള പാർട്ടി എല്ലാവർക്കും ഒന്നിച്ചല്ലെ തന്നത്, ഹോട്ടൽ രാജേശ്വരിയിൽ”
“അപ്പോൽ ലഞ്ച്‌ബോക്സ് എടുക്കാതെ പോയതോ?”
“അത് പാത്രത്തിൽ ചോറ് നിറച്ചപ്പോഴാണോർത്തത് ഇന്ന് ഹെഡ്‌മാസ്റ്ററുടെ വക ഉച്ചഭക്ഷണം ഉണ്ടല്ലൊ എന്ന്, പിന്നെ ഞാനത് ആദ്യമേ പറയാൻ വിട്ടുപോയതുകൊണ്ടാണോ ഇങ്ങനെയൊരു ചോദ്യം”
അവളുടെ മുന്നിൽ അടിയറവ് പറയുന്നത് ആദ്യമല്ല, എന്നാലും,,, ദാമ്പത്യജീവിതം തകർക്കാനായി എന്തിന് അനാവശ്യ സംശയങ്ങൾ മനസ്സിലുയർത്തണം? എന്നാലും ഇതൊക്കെ അറിഞ്ഞ് ഫോൺ ചെയ്യുന്നത് ആരായിരിക്കും?
“നീ ഒരു ടീച്ചറാണ്, മറ്റുള്ളവർ ശ്രദ്ധിക്കുമെന്ന് ഓർമ്മവേണം”
“അതിനുമാത്രം എന്തുണ്ടായി?”
“ഒന്നുമുണ്ടായില്ല, എന്നാലും,,,”
‘ബാക്കി പറയാൻ നിന്നില്ല, ഭാര്യയും ഭർത്താവും ഒന്നിച്ച് ജീവിക്കുമ്പോൾ വെറുതെ എന്തിന് അസന്തുഷ്ടിയുടെ വിത്തുകൾ വിതക്കണം?’

                         ആ ദിവസം‌തന്നെ അവളെ തല്ലിയാൽ മതിയായിരുന്നു എന്ന് ഇപ്പോഴാണ് ബോധമുദിച്ചത്. എങ്കിൽ ഇത്രയും പ്രശ്നങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ല. അവളുടെ സ്ക്കൂളിലെ അദ്ധ്യാപകരെ കണ്ട് സംസാരിച്ചപ്പോൾ രമടീച്ചറെക്കുറിച്ച് പറയാൻ എല്ലാവർക്കും നൂറ് നാവാണ്. ടീച്ചർ ചെയ്യുന്ന മഹത്തായ സേവനങ്ങളുടെ പെരുമഴ സഹപ്രവർത്തകർ അക്കമിട്ട് പറയുമ്പോഴൊക്കെ തന്റെ ഉള്ളിൽ സംശയം വർദ്ധിക്കുകയാണ്. നല്ല കാര്യങ്ങൾ വിളിച്ച് പറയുന്നവരെല്ലാം എന്തോ ഒളിക്കുന്നില്ലെ? ഒടുവിൽ സുഹൃത്ത് മോഹനനോട് ചോദിക്കുകതന്നെ ചെയ്തു,
“ഇപ്പോൾ പുതിയതായി വന്ന ഹെഡ്‌മാസ്റ്റർ ആളെങ്ങനെ?”
“സ്ക്കൂൾ കാര്യത്തിന് അദ്ദേഹം ഉഗ്രൻ, പിന്നെ ആള് അത്ര നല്ല വ്യക്തിയല്ല”
“അത്?”
“അത് മുൻപ് ജോലി ചെയ്ത സ്ഥലത്തുള്ളവർ പറഞ്ഞതാ, ഇവിടെ ഒരു പ്രശ്നവുമില്ല”
അപ്പോൾ രമയെക്കുറിച്ച് സഹപ്രവർത്തകർക്കിടയിൽ സംഭാഷണം ഉണ്ടായിരിക്കും. പുരുഷന്മാരോട് സ്വതന്ത്രമായി ഇടപഴകുന്ന അവളുടെ പെരുമാറ്റം കാണുന്നവർ തെറ്റിദ്ധരിക്കാനിടയുണ്ട്.
എന്നാലും ഇന്ന് അവളെയൊന്ന് ഉപദേശിക്കണം.

                        ഉപദേശചിന്തയുമായി വീട്ടിലേക്ക് പോയെങ്കിലും അതൊന്നും ചെയ്യേണ്ടി വന്നില്ല. വീട്ടിനകത്ത് കാലെടുത്ത് കുത്തിയ നിമിഷം, കാത്തിരിക്കുന്നതുപോലെ ലാന്റ്ഫോൺ റിംഗ് ചെയ്തു, പഴയശബ്ദം,
“ദിവാകരൻ മാസ്റ്ററല്ലെ?”
“അതെ”
“മാഷിന്ന് സ്ക്കൂളിൽ പോയില്ലെ?”
“പോയല്ലൊ, ഇപ്പൊഴാ വന്നത്”
“പിന്നെങ്ങനെയാ മാഷും ഭാര്യയും മൂന്ന് മണിക്ക് ക്ലാസ്‌ടൈമിൽ ഓട്ടോയിൽ പോയത്?”
“ഓട്ടോയിലോ?”
“മാഷിന്റെ ഭാര്യ മൂന്ന് മണിക്ക് ഓട്ടോയിൽ പോകുമ്പോൾ കൂടെയുള്ള പുരുഷൻ താങ്കളായിരിക്കണമല്ലൊ? ടീച്ചർ വന്നാൽ ചോദിച്ച് നോക്ക്”
“ഇതൊക്കെ കണ്ടുപിടിക്കാൻ നിങ്ങളാരാണ്”
“ഞാൻ മാഷിന്റെ ഒരു അഭ്യുദയകാംക്ഷിയാണ്”
ഫോണിലൂടെ അറിഞ്ഞ കാര്യമോർത്ത് ഞെട്ടിത്തരിച്ച് നിൽക്കുമ്പോഴാണ് അവളുടെ വരവ്. മനസ്സിന്റ്റെ ഉള്ളിലുള്ളത് പെട്ടെന്ന് വെളിയിൽ ചാടി,
“നിനക്ക് കുട്ടികളെ പഠിപ്പിക്കലോ, അതോ കണ്ടവന്റെ കൂടെ ഓട്ടോയിൽ കറങ്ങി നടക്കലോ”
“ഓട്ടോയിൽ കറങ്ങാനോ? ഈ ഏട്ടനെന്തൊക്കെയാ പറയുന്നത്?”
“നിന്നെക്കുറിച്ച് ഓരോരുത്തര് പറയുന്നത് കേട്ട് മടുത്തു”
“ആര് പറഞ്ഞു? അവന്റെ പേര് പറ? ഞാനെപ്പഴാ ഓട്ടോയിൽ പോയത്?”
“നീ ഏതൊ ഒരുത്തന്റെ കൂടെ മൂന്ന് മണിക്ക് ഓട്ടോയിൽ കറങ്ങുന്നത് കണ്ടു, എന്ന് ഇപ്പോൾ ഒരാൾ ഫോണിൽ വിളിച്ചുപറഞ്ഞു, അവനാരാണ്? ആ ഹെഡ്മാഷായിരിക്കും?”
“എന്റെ ദൈവമേ ഇവന്മാർക്കൊന്നും പണിയില്ലെ? ഇന്ന് ഗ്രൌണ്ടിന്ന് വീണ് ചോരയൊലിപ്പിച്ച പത്താം ക്ലാസ്സുകാരി അഞ്ചിതയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പി.ടി. മാഷിനോടൊപ്പം പോയതാ. പെൺ‌കുട്ടിയായതുകൊണ്ട് ഒറ്റക്കെങ്ങനെയാ മാഷെ കൂടെ അയക്കുന്നത്; ഒപ്പം ക്ലാസ് ടീച്ചറായ ഞാനും പോയി. ഇതിലെന്നാ പറയാനുള്ളത്?”
ഇത്തവണ തനിക്കാണ് ഞെട്ടലുണ്ടായത്? ഏതോ ഒരുത്തൻ വിളിച്ചു പറയുന്നത് കേട്ട് വെറുതെ ഭാര്യയെ സംശയിക്കുക. എന്നാലും അവൻ ആരായിരിക്കും?

                     ഒരാഴ്ചക്ക് ശേഷം അഭ്യുദയകാംക്ഷി വിളിച്ചപ്പോൾ ഇങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുൻപ് താക്കീത് നൽകി,
“താനിനി ഒന്നും പറയരുത്, താങ്കൾ ആരാണെന്ന് കണ്ടുപിടിച്ച് പരാതി കൊടുക്കാൻ അറിയാഞ്ഞിട്ടല്ല. ഇനി എന്ത് പറഞ്ഞാലും ഈ ദിവാകരൻ മാസ്റ്റർ വിശ്വസിക്കില്ല; മേലിൽ എന്നെ വിളിച്ച് ശല്യം ചെയ്യരുത്, കേട്ടോ”
പിന്നീട് ദിവസങ്ങളോളം അയാൾ വിളിച്ചില്ല; തന്റെ കുടുംബം കുളം‌തോണ്ടാനാവില്ലെന്ന് അവന് മനസ്സിലായിരിക്കണം.

                     എന്നാൽ ഇന്നലെ അല്പം നേരത്തെ വീട്ടിലെത്തിയപ്പോൾ കാത്തിരുന്നതുപോലെ ഫോൺ വന്നു കൃത്യം നാല് മണിക്ക്, സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിയില്ലെങ്കിലും അയാൾ വളരെ വിശദമായി സംസാരിച്ചു, ഇത്രയും കാലം തന്നെ ചതിക്കുന്ന അവളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടി,
“ദിവാകരൻ മാസ്റ്ററെ, നിങ്ങൾ വിചാരിക്കും നിങ്ങളുടെ ഭാര്യ ശീലാവതിയെന്ന്, എന്നാൽ മറിച്ചാണ് അനുഭവം അവൾ സ്ക്കൂൾ ടൈമിൽ പലരുടെയും കൂടെ വെളിയിൽ ഹോട്ടലുകളിലൊക്കെ പോകാറുണ്ട്. ഇന്ന് ഉച്ചക്ക് സരിത ബുക്ക് സ്റ്റാളിൽ രമടിച്ചറെ കണ്ടവരുണ്ട്. അതിന് സപ്പോർട്ട് ചെയ്യുന്ന ഹെഡ്‌മാസ്റ്റർ തന്നെയാണ്”
എതെല്ലാം വിശദമായി ഒരാൾ പറഞ്ഞാൽ എങ്ങനെ അവിശ്വസിക്കും? അവൾ വന്ന ഉടനെ ചോദിച്ചു,
“എടി ഇന്നുച്ചക്ക് ബുക്ക്ഷോ‌പ്പിലെന്താ നിനക്ക് കാര്യം?”
“സ്ക്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങാൻ; അതെന്താ സീനിയർ അസിസ്റ്റന്റും ലൈബ്രേറിയനുമായ എനിക്ക് പോയിക്കൂടെ?”
മറുപടിയായി കൊടുത്തത് അടിയായിരുന്നു, ജീവിതത്തിൽ ആദ്യമായാണ് ഇത്രയും കനത്തിൽ ഒരാളെ അടിച്ചത്. ഒരു ഭർത്താവ് എത്രയാ സഹിക്കുക?
“നീയിനി സ്ക്കൂളിലേക്ക് പോകണ്ടാ,, മറ്റുള്ളവര് പറയുന്നത് കേട്ട് തൊലിയുരിഞ്ഞ് പോകുന്നു”
“എനിക്ക് പോകണമെന്നൊന്നും ഇല്ല, ഞാൻ ജോലി രാജിവെക്കുകയാ”
കരച്ചിലിനിടയിൽ അവൾ പറഞ്ഞത് കേട്ടപ്പോൾ ദേഷ്യം ഇരട്ടിച്ചു,
“അപ്പോൾ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാതെ നിനക്ക് മര്യാദക്ക് നടക്കാനൊന്നും ആവില്ല; പിന്നെ ടീച്ചറായതുകൊണ്ടാണ് നിന്നെയൊക്കെ കല്ല്യാണം കഴിച്ചത്, അതുകൊണ്ട് പോയിക്കോളണം”
“ഞാനിനി എവിടെയും പോകുന്നില്ല”
കരണത്ത് വീണ്ടും വീണ്ടും കൊടുത്തു, ഒടുവിൽ കൈ കുഴഞ്ഞപ്പോൾ മതിയാക്കി.
                      മണിക്കൂറുകൾ പിന്നിട്ടപ്പോൾ വേദനയും ദേഷ്യവും കാരണം മുറിയിൽ കിടക്കുന്ന ഭാര്യയെ അവഗണിച്ചുകൊണ്ട്, രാത്രി ഏതോ നേരത്ത് അടുക്കളയിൽ പോയി പാത്രത്തിലുള്ള തണുത്ത ചോറും കറിയും സ്വന്തമായി എടുത്ത് കഴിച്ചെന്ന് വരുത്തിയ നേരത്ത് എച്ചിൽ‌പാത്രങ്ങൾ മേശപ്പുറത്ത് അവശേഷിച്ചു. അപ്പോഴും കിടക്കുന്ന സ്വന്തം ഭാര്യയെ അവഗണിച്ച് സുഖമായി ഉറങ്ങി. കൊടുക്കേണ്ടത് കൊടുത്തുകഴിഞ്ഞപ്പോൾ എന്തൊരു ആശ്വാസം!

                         ഭാര്യയെ അടിച്ച് നേരെയാക്കാൻ ശ്രമിച്ചത് വിപരീതഫലമായോ എന്ന് ഇപ്പോഴൊരു സംശയം. തന്റെ അടികിട്ടിയ വിദ്യാർത്ഥികളെല്ലാം നന്നാവാറുണ്ട്. ‘മാസ്റ്റർ അടിച്ച്തുകൊണ്ടാണ് ഞാൻ നന്നായത്’ എന്ന്, പൂർവ്വശിഷ്യന്മാർ പലപ്പോഴും പറയാറുണ്ട്. അതുപോലെയല്ലല്ലൊ സ്വന്തം ഭാര്യ..
ഇനിയെന്ത് ചെയ്യും?
ടെലിഫോൺ റിംഗ് ചെയ്യുകയാണ്,
“ഹലോ?”
“ദിവാകരൻ സാറല്ലെ? ഇന്ന് ലീവായിരിക്കും?”
“അതെ, ആരാണ്?”
“എന്നെ മറന്നു പോയോ? ഞാൻ സാറിന്റെ അഭ്യുദയകാംക്ഷി”
“ഇപ്പൊഴെന്താ വിളിച്ചത്?”
“സാറ് ലീവെടുത്ത് വീട്ടിലിരിക്കുന്നതിന് പകരം ഭാര്യ രമടിച്ചർ എവിടെയാ പോകുന്നതെന്ന് അന്വേഷിക്കാമായിരുന്നില്ലെ?”
“ങെ, അവളെവിടെ?”
“രമടീച്ചർ ഇപ്പോൾ ക്ലാസ്‌ടൈമിൽ ടൌണിലൂടെ കറങ്ങുകയാണ്,,, കൂടെ അവരുടെ സ്ക്കൂൾ‌ഹെഡ്‌മാസ്റ്ററും ഉണ്ട്. ഇപ്പോൾ റെയിൽ‌വെ സ്റ്റേഷന് സമീപം ഉണ്ട്, പെട്ടെന്ന് വന്നാൽ കൈയ്യോടെ പിടിക്കാം. ഞാൻ പറയുന്നത് വെറുതെയല്ലെന്ന് താങ്കൾക്ക് മനസ്സിലാവുമല്ലൊ”
മറുതലക്കൽ ഫോൺ വെച്ചു; ദിവാകരൻ മാസ്റ്റർ റിസീവർ വെച്ചതിനുശേഷം തൊട്ടടുത്തുള്ള കിടക്കയിൽ എതിർവശം‌നോക്കി കിടക്കുന്ന ഭാര്യയെ നോക്കി,,,
ഇനി???


പിൻ‌കുറിപ്പ്: രമ ടീച്ചറുടെയും ദിവാകരൻ മാസ്റ്ററുടെയും നർമം വായിക്കാൻ:
 ‘വന്ന സ്ഥലത്തേക്ക് തിരിച്ചു പോവാൻ’

32 comments:

 1. സംശയമൊരു മഹാരോഗമാണല്ലേ..?
  ഒരു ചെറിയ വിത്ത് മതി വളര്‍ന്ന് വിഷവൃക്ഷമാകാന്‍
  വളരെ തന്മയത്വത്തോടെ രചിച്ചു.

  ReplyDelete
  Replies
  1. @ajith-,
   സംശയം ഒരു രോഗം തന്നെയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 2. പ്രിയപ്പെട്ട മിനിചേച്ചീ...
  എത്ര നല്ല അവതരണം ..ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു ..
  ഒരു നല്ല കഥയൊക്കെ എഴുതിയാല്‍ ഞങ്ങള്‍ക്കൊക്കെ ഒരു മെയില്‍ വിട്ടൂടെ ? അല്ലാതെ എങ്ങനെ അറിയും ?ഇതിപ്പോ ചുമ്മാ ഒന്നു വന്നുനോക്കിയതാ ..സത്യം നല്ല ഒഴുക്ക് ...വിട്ടു പോവാനേ തോന്നിയില്ല ..
  ആശംസകള്‍!

  ReplyDelete
  Replies
  1. @മിന്നുക്കുട്ടി-,
   ഇനി എഴുതുന്നത് മെയിൽ അയക്കാം...
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 3. സ്വന്തം അനുഭവം അല്ലെ ...

  ReplyDelete
  Replies
  1. @JUSTIN K WILLIAMS-,
   അങ്ങനെയാണെങ്കിൽ എന്തൊക്കെ അനുഭവിക്കണം ജസ്റ്റിനെ? അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 4. എന്താ മാഷിന്റെ രോഗത്തിന്റെ ഒരു ഗമ!

  നാട്ടില്‍ ഇതുണ്ടാവുംല്ലേ, പാരപണി. അതുകേട്ടു തുള്ളുകയും ചാടുകയും അടിക്കുകയും ചെയ്യുന്ന കോന്തന്മാരും

  ReplyDelete
  Replies
  1. @മുകിൽ-,
   ഇതിൽ പറയുന്നതെല്ലാം നാട്ടിൽ സംഭവിച്ചതാണ്. എന്നാൽ ഭർത്താവ് ദിവാകരൻ മാസ്റ്ററുടെ അത്ര, സംശയാലു അല്ലാത്തതുകൊണ്ട് അവർ സുഖമായി ജീവിക്കുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 5. പാവം റ്റീച്ചർക്കു അടി കിട്ടും വരെ കാത്തിരിക്കേണ്ടി വന്നല്ലൊ മാഷിന്റെ സംശയം തീരാൻ....
  സംഗതി കലക്കി കെട്ടൊ.

  ReplyDelete
  Replies
  1. @ലീല എം. ചന്ദ്രൻ-,
   സ്ത്രീകളായാൽ എന്ത് ചെയ്യാനാണ്?
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 6. മിനിടീച്ചറെ...നല്ല ഒരു കഥ വായിച്ചു. ഭാര്യയെ അടിക്കുക ചില ഭർത്താക്കന്മാർക്ക് അതൊരു വിനോദമാണ്.എന്റെ പിതാവ് എന്നോട് പറഞ്ഞിട്ടുണ്ട് ഭാര്യയെ അടിക്കുന്നതും,പട്ടിയെ അടിക്കുന്നതും ഒരു പോലെയാണ് എന്ന് വിപരീതാർത്ഥത്തിലല്ലാ അതു രണ്ടും പുരുഷന്മാർ കെട്ടിയിട്ട് വളർത്തുന്നതാ,ഞാൻ ഇന്ന് വരെ എന്റെ ഭാര്യയെ അടിച്ചിട്ടില്ലാ,ഇനിയും അത് ചെയ്യുകയുമില്ലാ.പക്ഷേ ഈ പറഞ്ഞത്പോലെ ചില അനുഭവങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.ഇതുപോലെ ഒരു അഭ്യുദയകാംക്ഷി എനിക്കും ഉണ്ടായിരുന്നൂ. ഭാര്യ ആരുടേയോ ബൈക്കിൽ കയറി പോയതും,കറോടിച്ച് പോകുമ്പോൾ ഇടത് വശത്തിരുന്നത് സാറല്ലല്ലോ എന്നുമൊക്കെ ഒരുവൾ എന്നെ വിളിച്ചറിയിച്ച് കൊണ്ടിരുന്നൂ.ഒരു പക്ഷേ എന്റെഭാര്യയും ഈ കമന്റ് വായിക്കുമായിരിക്കും.എന്റെ രചനകളും,ബ്ലോഗെഴുത്തുമൊക്കെ അവളും വായിക്കുമെന്ന് ഈ അടുത്തകാലത്താണ് ഞനും അറിഞ്ഞത്.അവൾ എഴുത്ത് കാരിയല്ലാ എന്നാൽ നല്ല വായനക്കാരിയാണ്....എതൊരു ഭാര്യക്കും അവൾക്ക് എന്ത് ചെയ്യണമെങ്കിലും ചെയ്യാം അത് ഗോപ്യമാക്കി സൂക്ഷിക്കാനും,മറ്റുള്ളവർ അറിയാതെ കാര്യങ്ങൾ നടത്താനും അവൾക്കറിയാം.അതുകൊണ്ട് മാത്രമല്ലാ ഭാര്യയ്ക്കും അവളുടെതായ ചിന്തകളും ,ആവശ്യങ്ങളും(ചിലപ്പോൾ നമുക്ക് അനാവശ്യം എന്ന് തോന്നുനത്)ഉണ്ട്.സ്വകാര്യതകളും ഉണ്ട്. അതിനെ നമ്മൾ മനസ്സിലാക്കണം.ഇവിടെ എന്റെ ഓഫീസിലുള്ള ഒരാൾ(ഒരുവൾ)തന്നെയായിരുന്നൂ എന്റെ "അഭ്യുദയകാംക്ഷി" എന്നത് ഞാൻ കണ്ട് പിടിച്ചു.കഥയിൽ അതുപോലെ തന്നെയുള്ള ഒരാളായിരിക്കാം എന്നും ഞാൻ ചിന്തിക്കുന്നൂ....ഈ കഥ എല്ലാ ഭാര്യമാർക്കും വിശിഷ്യാ ഭർത്താക്കന്മാർക്കും ഒരു മുന്നറിയിപ്പാകട്ടെ............എല്ലാ നന്മകളും

  ReplyDelete
  Replies
  1. @ചന്തുനായർ-,
   ഗൾഫിൽ ജോലിയുള്ള എന്റെ ഒരു പൂർവ്വശിഷ്യൻ സ്വന്തം അമ്മയോടൊപ്പം കണ്ണുരിൽ പോയി ഷോപ്പിംഗ് നടത്തുന്ന നേരത്ത് അവന്റെ അച്ഛന് ഒരു ഫോൺ‌കോൾ വരുന്നു.‘നിങ്ങളുടെ ഭാര്യ ഏതോഒരു ചെറുപ്പക്കാരനോടൊപ്പം കല്ല്യാൺ‌സിൽക്സിൽ വന്ന് ഷോപ്പിംഗ് നടത്തുന്നുണ്ട്’.
   താങ്കൾ പറഞ്ഞ അനുഭവങ്ങളെല്ലാം ബ്ലോഗിൽ എഴുതാൻ മാത്രം ഉണ്ടല്ലൊ. എന്റെ ഭർത്താവിന് സംശയങ്ങൾ ഒന്നും ഇല്ലെങ്കിലും ഇത്തരം അഭ്യുദയകാംക്ഷികളെ എനിക്ക് ഭയമുണ്ട്. അതുകൊണ്ട് അഭ്യുദയകാംക്ഷി അറിയിക്കുന്നതിന് മുൻപ് അസാധാരണമായിട്ടുള്ളതെല്ലാം ആദ്യമേ ഞാനങ്ങോട്ട് പറയും. അത് എന്താണെന്നോ? (സഹപ്രവർത്തകന്റെ ബൈക്കിൽ പിന്നിലിരുന്ന് ഞാൻ യാത്രചെയ്തു. അദ്ധ്യാപകന്റെ കൂടെ ഒരു കുട്ടിയുടെ വീട്ടിൽ പോയി. പിന്നെ ബസ്സിൽ അദ്ദേഹം കൂടെയുണ്ടെങ്കിലും ഒഴിവുള്ള ഇരിപ്പിടത്തിൽ അന്യപുരുഷന്മാരോടൊപ്പം ഇരിക്കുന്നത് എന്റെ പതിവാണ്).
   മിസ്സിസ്സ് ചന്തുനായർക്ക് ആശംസകളും ഒപ്പം നന്ദിയും അറിയിക്കുന്നു. എന്റെ കെട്ടിയവൻ എന്റെ ബ്ലോഗ് വായിക്കണമെങ്കിൽ അത് പ്രിന്റെടുത്ത് കൊടുക്കണം. അതുകൊണ്ടാണ് ധൈര്യമായി കമന്റ് എഴുതുന്നത്.
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 7. ആഹാ ...ഇങ്ങനെ ഒരു ദിവാകരന്‍ സാറും രെമ റ്റീച്ചെറും ഇവിടെ വഴക്കിട്ടു ഇരിക്കുന്ന കാര്യം അറിഞ്ഞില്ലല്ലോ. നന്നായി ഞാന്‍ ദിവാകരന്‍ മാഷിന്‍റെ ഭാഗത്താ, സ്ഥിരായി ഒരു അഭ്യുദയകാംക്ഷി പിന്നാലെ നടന്നു കാംക്ഷിച്ചാല്‍ ആര്‍ക്കായാലും തോന്നൂല്ലേ ഇങ്ങനെ ഒരു സംശയം..
  (എന്റെ ഭാര്യ എന്താണാവോ ഇന്ന് ലേറ്റ് ആകണേ :))
  നന്നായി എഴുതി...
  സ്നേഹം.
  മനു..

  ReplyDelete
  Replies
  1. @Manu-,
   ലെയ്റ്റ് ആവുമ്പോൾ പിന്നാലെ പോയാൽ മതി. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 8. എന്നാലും ദിവാകരന്‍ മാസ്റര്‍ ഒരു മാഷ്‌ തന്നെയാണോ എന്ന് സംശയം...
  മനുഷ്യന് സംശയം വന്നാല്‍ പിന്നെ എല്ലാം സംശയം തന്നെ.

  ReplyDelete
  Replies
  1. @പട്ടേപ്പാടം റാംജി-,
   ഈ സംശയം ഒരു രോഗം തന്നെയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 9. റ്റീച്ചറുടെ ലാന്റ് ഫോണ്‍ നമ്പര്‍ ഇതു വരെ തന്നില്ല.ഇനിയിപ്പോ എന്താ ചെയ്യുക?.ഒരു കാര്യം ചെയ്യൂ,മൊബൈല്‍ അവിടെ അവിടെ വെച്ചു പുറത്തേക്ക് പൊയ്ക്കോളൂ..ഒരു അഭ്യുദയകാംക്ഷി!.

  ReplyDelete
  Replies
  1. @മുഹമ്മദ് കുട്ടി-,
   അതിപ്പം എന്താ ചെയ്യാ?? എന്റെ മൊബൈൽ നിറയെ ആണുങ്ങളുടെ പേരുകളാണ്. പിന്നെ അതിലുള്ള പെണ്ണുങ്ങളെയൊക്കെ അദ്ദേഹത്തിന് പരിചയമുള്ളത് മാത്രമാണ്. (മിക്കവാറും സ്ത്രീകൾക്ക് സ്വന്തമായി മൊബൈൽ ഇല്ല. ഉള്ളവർ പലരും നമ്പർ രഹസ്യമായി വെക്കുന്നു) അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 10. കഥ കൊള്ളാം,പക്ഷെ അഭ്യുതാം കാംഷി ആദ്യം പറഞ്ഞത് ശരിയായില്ലെ ,ബാത്ത്രൂംസംഭവം .....അതെങ്ങനെ ?

  ReplyDelete
  Replies
  1. @Jishasabeer-,
   പലതും ശരിയാണല്ലൊ,,, അതിൽ സംശയിക്കുന്നതല്ലെ സംഗതിയുടെ കിടപ്പ്.
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 11. എന്നാലും മാഷേ വെറുതെ തല്ലണ്ടായിരുന്നു

  നല്ല കഥ
  ആശംസകള്‍
  http://admadalangal.blogspot.com/

  ReplyDelete
  Replies
  1. @Gopan Kumar-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 12. ആ ‘അഭ്യുദയകാംക്ഷി’ ദിവാകരന്‍മാഷിന്റെ സുഹൃത്തോ സഹപ്രവര്‍ത്തകനോ ആയിരുന്നിരിക്കാന്‍ സാധ്യത കാണുന്നല്ലോ.

  മാഷിന്റെ ‘സംശയപ്രവണത’ നന്നായി അറിയാവുന്ന അയാള്‍ അതുവെച്ച് ഒരു കളി കളിക്കാന്‍ ശ്രമിച്ചതായിരിക്കാം. ഏതായാലും അയാളുടെ ‘അഭ്യുദയകാംക്ഷ’യ്ക്ക് ‘അടി’യന്തരമായി പ്രതിഫലം നല്‍കേണ്ടതിന്റെ ആവശ്യകത ഭാര്യയുടെ മുഖത്തേക്കു നോക്കിയപ്പോഴെങ്കിലും മാഷിന് ബോധ്യമായിക്കാണണം.

  ReplyDelete
  Replies
  1. @വിജി പിണറായി-,
   സംശയാലുവായ ഭർത്താവ് പ്രശ്നം പരിഹരിക്കാൻ കൂടുതലായി ശ്രമിക്കുന്നില്ല, എന്നതാണ് സംഗതി വഷളാക്കുന്നത്. അഭ്യുദയകാംക്ഷി ആരാണെന്നറിയാൻ ശ്രമിക്കാതെ സ്വന്തം ഭാര്യയിൽ കുറ്റം കാണുന്നു.
   കഥയിലെ തെറ്റുകൾ പഠിക്കുന്നതേയുള്ളു,, പെട്ടെന്ന് ശരിയാക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 13. എപ്പോഴും ചിന്തിക്കാറുണ്ട്.. സ്വന്തം കാര്യത്തെക്കാള്‍ അന്യന്റെ സദാചാരത്തില്‍ താല്പര്യമുള്ള ഒരു വലിയ സമൂഹം തന്നെ നമുക്കിടയില്‍ എങ്ങനെ ഉണ്ടായി എന്ന്.കഥയില്‍ പറയുന്ന അഭ്യുദയകാംക്ഷികള്‍ എല്ലായിടത്തുമുണ്ട്.. അവര്‍ തകര്‍ത്ത കുടുംബങ്ങളും ഒരു പാടുണ്ട്.. സംശയം ഒരു രോഗമല്ല.. ഒരു മനോവികാരമാണ്.. സ്നേഹം ഉള്ളിടത് അത് പലപ്പോഴും ഉണ്ടാകും.. അതിനെ നിയന്ത്രിക്കുന്നിടത്തും യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നിടത്തുമാണ് വിജയം.. ഇതിലെ മാഷിനു പലപ്പോഴും അതാകുന്നുണ്ടെങ്കിലും ഒരിക്കല്‍ തെറ്റി പോകുന്നു.. ക്ഷമിക്കാം അല്ലെ? പക്ഷെ തല്ലിയത്.. നന്നായി പറഞ്ഞു ട്ടോ

  ReplyDelete
 14. @നിസാരൻ-,
  അഭ്യുദയകാംക്ഷി ആയി വന്ന് സ്വന്തം വീട്ടിലെ കുറ്റങ്ങൾ പറഞ്ഞുകൊണ്ട് കേൾവിക്കാരുടെ വിശ്വാസം പിടിച്ചെടുത്തതിനുശേഷം പിന്നീട് പരദൂഷണം പറഞ്ഞ് കുടുംബം കലക്കുന്ന സ്ത്രീജനങ്ങൾ പണ്ട് കാലത്ത് ധാരാളം ഉണ്ടായിരുന്നു. എന്നാലിപ്പോൾ അക്കൂട്ടത്തിൽ പുരുഷന്മാരും കടന്നുവന്നിട്ടുണ്ട്. സഹപ്രവർത്തകനെ ഭാര്യയോടൊത്ത് കണ്ടപ്പോൾ ‘അപ്പോൾ കഴിഞ്ഞ ആഴ്ച തുണിക്കടയിൽ വെച്ച് കണ്ടത് പെങ്ങളായിരിക്കും, അല്ലെ?’ എന്ന് ചോദിച്ച് അടിപിടിയിൽ എത്തിച്ച അദ്ധ്യാപകനെ എനിക്കറിയാം.(സംഭവം കഥയാക്കിയിട്ടുണ്ട്:പിള്ളമനസ്സിൽ കള്ളം(ഉണ്ട്)ഇല്ല). അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 15. സംശയം ഒര്രു രോഗമായതുകൊണ്ട് ചികിത്സ അത്യാവശ്യം..
  ഭാര്യ അങ്ങനൊരു രോഗം ഭർത്താവിന് ഉണ്ടെന്നറിയാതെയാണ് അടി കൊണ്ടത്...
  അതുകൊണ്ട് അവരുടെ സങ്കടം എത്രയോ ഇരട്ടിയായായിരിക്കും ഫീൽ ചെയ്യുക...
  നല്ല കഥ...
  “തിരുവോണാശംസകൾ...”

  ReplyDelete
  Replies
  1. @വീ കെ-,
   ഇത്തരം രോഗമുള്ളവർ, അവർ രോഗിയാണെന്ന കാര്യം മറ്റുള്ളവരുടെ മുന്നിൽ ഒരിക്കലും സമ്മതിച്ചുകൊടുക്കില്ല. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 16. കഥയുടെ ആശയവും അവതരണവും വളരെ മനോഹരം ആയി. ഇത്തരം അഭ്യുദയകാംക്ഷികള്‍ അനുദിനം കൂടിവരുന്ന ഒരു ലോകത്ത് ആണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. പ്രത്യേകിച്ച് വേറെ ഒന്നും നേടുവാന്‍ ഇല്ല എങ്കിലും ഒരു കുടുംബം കലക്കിയാല്‍ കിട്ടുന്ന മനസുഖം ഇവര്‍ക്ക് വലിയ കാര്യമായിരിക്കും അല്ലെ ?
  ആശംസകള്‍

  ReplyDelete
 17. @kanakkoor-,
  മറ്റുള്ളവർ വേദിനിക്കുന്നത് കണ്ട് മനസ്സിൽ ആഹ്ലാദിക്കുന്നവർ വർദ്ധിക്കുകയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete

 18. ടീച്ചറുടെ കഥ വളരെ ഇഷ്ടപ്പെട്ടു.
  എന്റെ ബ്ലോഗും ഒന്നു നോക്കണെ

  ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..