കീടനാശിനിയിൽ മുങ്ങിക്കുളിച്ച് ഗന്ധം
തിരിച്ചറിയാനാവാത്ത പൂക്കളുപയോഗിച്ച് വൃത്തവും കോണുമില്ലാതെ അടുക്കിവെച്ച പൂക്കളങ്ങളിൽ
ഒന്നെത്തിനോക്കിയശേഷം മുഖംതിരിച്ച് നടക്കുമ്പോൾ മഹാബലി ചിന്തിച്ചു,
ഈ കേരളമക്കൾക്കെന്ത് പറ്റി?
ദൈവത്തിന്റെ സ്വന്തം
നാട്ടിൽ വർഷത്തിലൊരു ദിവസം മാത്രമാണ് വരുന്നതെങ്കിലും ആ ഒറ്റദിവസം മതി 364 ദിവസങ്ങളിലെയും
മനസ്സമാധാനം കളയാൻ. എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും കള്ളവും ചതിയും തട്ടിപ്പും കള്ളും
ചാരായവും മാത്രം, അളവിൽ തൂക്കത്തിൽ പറയുന്ന വാക്കിൽ നോക്കിൽ എല്ലാമെല്ലാം കള്ളത്തരം.
പോരാത്തതിന് എങ്ങും ദുരന്തങ്ങൾ, എല്ലാം മലയാളിമക്കൾ നിർമ്മിച്ച ദുരന്തങ്ങൾതന്നെ! വയ്യ,
ഇതൊന്നും കാണാനും കേൾക്കാനും വയ്യ,,,
പെട്ടെന്നാണ് അവനെ കണ്ടത്,,, ഒരു വലിയ വീടിന്റെ
മതിലിനടുത്ത് ആ വീട്ടിൽ നിന്നൊഴുകുന്ന തട്ടുപൊളിപ്പൻ പാട്ടിനൊപ്പം താളംപിടിച്ച് തലയാട്ടിക്കൊണ്ട്
പരിസരം മറന്ന്, ഓലക്കുടയും കമണ്ഡലവുമായി പതുക്കെ അവൻ നടക്കുകയാണ്. ഉയരം കുറഞ്ഞവനാണെങ്കിലും
അദ്ദേഹം അവനെ കണ്ടുപിടിച്ചു,
പെട്ടെന്ന് മഹാബലി ഓടാൻ തുടങ്ങി,,
അവനോട് രണ്ട്‌വാക്ക് ചോദിച്ചിട്ട്‌തന്നെ
കാര്യം,,
ജനിച്ചിട്ടിതുവരെ ഓടിയിട്ടില്ലാത്ത
മഹാബലി ആയാസപ്പെട്ട് ഓടുമ്പോൾ പട്ടുവസ്ത്രങ്ങൾ ഉലഞ്ഞു, ആഭരണങ്ങൾ കിലുങ്ങി,, അപരിചിതമായ
ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ അവനും ഓടാൻ തുടങ്ങി,,,
ഓട്ടത്തിന്റെ ഒടുക്കം മഹാബലിക്ക് പിടികിട്ടി;
അദ്ദേഹത്തിന്റെ വലതുകൈയിൽ അവൻ ഞെരിഞ്ഞമർന്നു. ജീവൻമരണ ഓട്ടമല്ലെ തിരുമേനി നടത്തിയത്,
പിന്നെങ്ങനെ അവനെ പിടികിട്ടാതിരിക്കും!
മഹാബലി വെറുംനിലത്തിരുന്ന് അവന്റെ രണ്ട്
കാലുകളും മുറുകെപിടിച്ചു, ഇനി വിടുന്ന പ്രശ്നമില്ല,
“ഭഗവാനെ? എന്നെ രക്ഷിക്കണം, എത്ര കാലമായി
ഞാനങ്ങയെ അന്വേഷിക്കുന്നു?”
കാലുകൾ വിടുവിക്കാനുള്ള ശ്രമങ്ങളെല്ലാം
വിഫലമായപ്പോൾ മഹാബലിയുടെ കിരീടംപിടിച്ചുയർത്തി എഴുന്നേൽപ്പിച്ച് വാമനൻ ആ മുഖത്ത്‌നോക്കി,
“വത്സ, താങ്കളുടെ കണ്മുന്നിൽ വരാതെ ഇത്രയും
കാലം ഒളിച്ചിരിക്കയായിരുന്നു, അങ്ങേക്ക് എന്ത് പറ്റി?”
“എന്ത് പറ്റിയെന്നോ? എനിക്കിനി വയ്യ ഈ
ഒരു ദിവസത്തെ വരം അതൊന്ന് അങ്ങ് തിരിച്ചെടുക്കണം”
വാമനൻ ഞെട്ടി,
“അയ്യോ,, ഞാൻ വിചാരിച്ചു അങ്ങേക്ക് ‘കേരളത്തിൽ
സ്ഥിരമായി താമസിക്കാൻ ആഗ്രഹമുണ്ട്’, എന്നായിരിക്കും പറയുമെന്ന്,,, അതിനായി മുന്നാറിലോ മുല്ലപ്പെരിയാറിലോ
ഭൂമി ഒരുക്കി തരണമെന്ന്,, എന്നിട്ടിപ്പോൾ അങ്ങ്”
“ഭഗവാനെ വർഷത്തിൽ ഒരിക്കലല്ല, ഇനി ഒരിക്കലും
എനിക്കിവിടെ വരാനുള്ള അവസരം തരരുത്; അതൊന്നുമാത്രം വരം തന്നാൽ മതി അല്ലെങ്കിൽ ഞാനിവിടെ
നിരാഹാരം കിടന്ന് മരിക്കും”
പെട്ടെന്ന് വാമനൻ തലതാഴ്ത്തി നിലത്തിരുന്ന്
മഹാബലിയോട് പറഞ്ഞു,
“ഇപ്പോൾ അങ്ങ് എനിക്കാണ് വരം തരേണ്ടത്,
അങ്ങ് വലതുകാലുയർത്തി ഈ തലയിൽ ചവിട്ടിയിട്ട് എന്നെ പാതാളത്തിലേക്ക് താഴ്ത്തിയാലും.
താങ്കളെപ്പോലെ വർഷംതോറും കേരളത്തിൽ വരാനുള്ള പെർമിഷനും ഞാൻ ചോദിക്കില്ല”
**************************************************
പാവം മാവേലിയും വാമനനും... എന്നാലും ഈ കേരളം അത്രേം കുഴപ്പക്കാരനാണോ?
ReplyDeleteഅപ്പൊ മാവേലിക്കും വാമനനും കേരളം മടുത്തു അല്ലെ.
ReplyDelete