“ലെറ്റസ് എൻജോയ് ഇൻ ഔർ ലോക്കൽ ബാർ,,,
കമോൺ ഫ്രന്റ്സ്”,,,,,
കുപ്പിയിലുള്ള അവസാനത്തെ തുള്ളികൾ പകർന്ന
ഗ്ലാസ്സ്, ശോഷിച്ച വിരലുകൾകൊണ്ട് ഉയർത്തിയിട്ട് ചുണ്ടോടമർത്താൻ നേരത്ത്, ഏതാനും ചെറുപ്പക്കാരും
ഒപ്പം രണ്ട് ചെറുപ്പക്കാരികളും ചേർന്ന് കൊട്ടുംപാട്ടുമായി ഷാപ്പിനകത്ത് കടന്നുവന്നത് കണ്ടപ്പോൾ, കോരൻ മാത്രമല്ല മറ്റുള്ളവരും ഒന്ന് ഞെട്ടിയെങ്കിലും ആ നേരത്ത് പുതിയ ഇരകളെ ഒത്തുകിട്ടിയ മുതലാളിമാത്രം
സന്തോഷിച്ചു.
അകത്തുകടന്നവരിൽ നേതാവെന്ന് തോന്നുന്നവൻ
ചുറ്റിനടന്ന്, ചാക്കണയുടെ തൊട്ടടുത്തായി ബെഞ്ചിന്റെ അറ്റത്തിരിക്കുന്ന കോരനെ സമീപിച്ചു,
“അല്ലാ ഇത് നമ്മുടെ കോരനല്ലെ? തെയ്യംകെട്ടിയിട്ട്
തീയിൽ ചാടുന്നവൻ!”
കോരന് ആളെ മനസ്സിലായി, തമ്പ്രാന്റെ കൊച്ചുമോൻ,,,
കഴിഞ്ഞ മഴക്കാലത്ത്, അവിടത്തെ കുട്ടിയുടെ ദേഹത്ത് കയറിയ ബാധ ഒഴിപ്പിക്കാൻ പോയപ്പോൾ
കണ്ട് സംസാരിച്ച മോൻതന്നെ ഇവൻ. മറ്റുള്ളവരെപോലെ കോരനും മനുഷ്യനാണെന്ന് പറഞ്ഞ പൊന്നുതമ്പ്രാന്റെ
മകന്റെ മകൻ; പഠിച്ച് വലിയ ആളായിട്ടും കോരനെ മറക്കാത്തവൻ. എന്നാലും അച്ഛനെക്കാൾ പ്രായമുള്ള
തന്നെ പേരെടുത്ത് വിളിക്കുമ്പോൾ ഇക്കാലത്ത് എന്തോ ഒരു ഇത്,,, എന്നാൽ,,, തന്റെ കൈയിൽനിന്നും
ഗ്ലാസ് പിടിച്ചുവാങ്ങി ബാക്കിയുള്ള കള്ള്‌മുഴുവൻ ആ ചെറുപ്പക്കാരൻ ഒറ്റയടിക്ക് കുടിക്കുന്നത്
കണ്ടപ്പോൾ കോരൻ ഉള്ളാലെ സന്തോഷിച്ചു,
‘ഇവൻ തമ്പ്രാന്റെ മോൻ തന്നെ’.
ഒരുകാലത്ത് ഷാപ്പിന്റെ
പൊറത്ത് തീണ്ടാപ്പാട് അകലെയിരുന്ന് കള്ള്‌കുടിക്കുന്ന തന്നെ, കൈപിടിച്ച് നേരെ ഷാപ്പിനകത്തെക്ക്
കയറ്റിയിരുത്തിയ വല്യതമ്പ്രാന്റെ കുഞ്ഞുമോനാണ് ഇപ്പോൾ കോരൻ കുടിച്ചതിന്റെ ബാക്കി കുടിക്കുന്നത്.
“ഈ കള്ളിനെന്താ ടെയ്സ്റ്റ്? എന്താ കോരാ
തെയ്യം കെട്ടാനൊന്നും പോകാറില്ലെ? ഹായ് ഫ്രന്റ്സ് ആരെങ്കിലും തെയ്യം ലൈവായി കണ്ടിട്ടുണ്ടോ?”
“ജോജു, അങ്ങനെയാണെങ്കിൽ ഇവനെക്കൊണ്ട്
തെയ്യം കെട്ടിച്ചാലോ,, ഇന്ന് നൈറ്റിൽ നമുക്കൊരു എന്റർടെയിൻമെന്റാവും ഒപ്പം പ്രോജക്റ്റ്
ചെയ്യാൻ ഒരു സബ്ജക്റ്റായി”
കൂട്ടത്തിൽ ഒരു പെൺശബ്ദം കേട്ടപ്പോൾ
കോരന് മാത്രമല്ല, ഷാപ്പിലെ സപ്ലയർ കൃഷ്ണനും ഒരു വല്ലായ്മ. ഈ പിള്ളേർ എന്തൊക്കയാ ഒപ്പിക്കുന്നതെന്നാരറിഞ്ഞു,,,
കോരൻ മിണ്ടാത്തതു കണ്ടപ്പോൾ കൂട്ടത്തിലെ
ഒരുത്തൻ പറഞ്ഞു,
“എടാ ജോജു നിന്റച്ഛൻ ഈ നാട്ടിലെ വി.ഐ.പി.
അല്ലെ, അപ്പോൾ നീ പറഞ്ഞാൽ ഇവൻ തെയ്യം കെട്ടും, തീയിൽ ചാടും, നമുക്ക് ഇവന്റെ വകയായി
തെയ്യംഷോ കാമ്പസിലൊന്ന് സംഘടിപ്പിച്ചാലോ?”
“അതൊന്നും ഇപ്പം ആവില്ല മക്കളെ, നേരോം
കാലോം നോക്കിട്ട്, ഭഗവതിയുടെ അരുളപ്പാട് കേട്ട്, കാവിനകത്താണ് അടിയൻ തെയ്യം കെട്ടാറ്”
“അതെന്താ നീ അങ്ങനെ പറഞ്ഞത്? നേരോം കാലോം
ഞങ്ങളാ തീരുമാനിക്കുന്നത്, നീ നിന്റെ ഭഗവതിയെ വിളിക്ക്; അവളോട് ഞങ്ങൾ ചോദിച്ച്‌കൊള്ളും,
കോരന് തെയ്യം കെട്ടാൻ പറ്റുമോ എന്ന്”
കൂട്ടത്തിലുള്ള മൊട്ടത്തലയൻ പറഞ്ഞത് കേട്ടപ്പോൾ
കോരൻ മറുപടിയൊന്നും പറഞ്ഞില്ല, ‘കലികാലം’ അല്ലാതെന്താ പറയാ,, കോരൻ പതുക്കെ എഴുന്നേറ്റു.
അതുകണ്ട് ഒരു ചെറുപ്പക്കാരി വിളിച്ചുപറഞ്ഞു,
“അയ്യോ ഞങ്ങൾ പറഞ്ഞതൊന്നും കോരനിഷ്ടപ്പെട്ടില്ല,
അവനതാ പോകുന്നു”
അത് കേട്ട് മറ്റുള്ളവർ ഒന്നിച്ച് പറയാൻ
തുടങ്ങി,
“അയ്യോ കോരാ പോവല്ലെ,,,
അയ്യോ, കോരാ പോവല്ലെ,,,”
അതൊന്നും കേൾക്കാത്തമട്ടിൽ
തോർത്ത്‌മുണ്ട് കൊണ്ട് മുഖം തുടച്ചശേഷം നേരെ നടന്ന് പണപ്പെട്ടിയുടെ മുന്നിലിരിക്കുന്ന
മുതലാളിയെ സമീപിച്ചു. സപ്ലയർ കൃഷ്ണൻ വിളിച്ചുപറഞ്ഞ പണം കൊടുക്കാനായി മടിക്കെട്ടിൽ തിരുകിയ
മഞ്ഞനിറം കലർന്ന്‌മുഷിഞ്ഞ നോട്ടുകൾ ഓരോന്നായി നിവർത്തി.
കൊടുത്ത നോട്ടുകൾ എണ്ണിനോക്കുന്നതിനിടയിൽ
മുതലാളി പറഞ്ഞു,
“മഞ്ഞനോട്ടുകളുടെ വരവായല്ലൊ,,, കോരന്
കോള് തൊടങ്ങി, അല്ലെ”
ഒന്നും പറയാതെ ഇറങ്ങി നടക്കുമ്പോൾ അകത്ത്
പാട്ടും താളവും മുറുകുകയാണ്,
“ഓണം വന്നാലും ഉണ്ണി പിറന്നാലും,,,
കോരന് കുമ്പിളിൽ കള്ള് തന്നെ,
ഓണം വന്നാലും,,,,”
റോഡരികിലെ വലിയ നാല്‌ചക്രവാഹനത്തെ
വലംവെച്ച് ഇടവഴിയിലൂടെ നടന്ന് വരണ്ട വയലുകളിലൂടെ കോരൻ നടന്നു. നല്ല കാലത്ത് തമ്പ്രാന്‌വേണ്ടി
മേലനങ്ങി പണിയെടുത്തവരെ ഓർത്തുപോയി. പെണ്ണുങ്ങൾ നാട്ടിപാട്ട് പാടി ഞാറ് നടുമ്പോൾ വല്യതമ്പ്രാൻ
കുടയും പിടിച്ച് വയൽവരമ്പിലുണ്ടാവും, എന്നിട്ട് തോട്ടിൻകരയിലൂടെ പോകുന്ന തന്നെ കൈമുട്ടിവിളിക്കും,
“കോരാ നീയിങ്ങ് വാ?”
കൈതമുള്ള് വകഞ്ഞ്‌മാറ്റി വയൽവരമ്പിലിറങ്ങി
തമ്പ്രാനെ അടുത്തെത്തിയിട്ട് പറയും,
“കൊണം വരണം തമ്പ്രാ”
“കൊണമൊക്കെ വരട്ടെ, ഞാനിവിടെ ഒറ്റക്ക്
നിന്ന് മടുത്തു, അതാ നിന്നെ വിളിച്ചത്”
പിന്നെ അടുത്ത്‌വിളിച്ച് പല സൂത്രങ്ങളും
പറയും,,, തമ്പ്രാനവിടെ നിൽക്കുന്നത് ഞാറ് നടുന്ന പെണ്ണുങ്ങളുടെ കുലുങ്ങുന്ന ചന്തീം
മൊലേം നോക്കാനാണെന്ന് അറിയാം. നോക്കി രസിച്ച് അഭിപ്രായം പറയുന്നത് കേൾക്കാനാണ് തന്നെയവിടെ
വിളിച്ചത്. തമ്പ്രാൻ നോക്കുന്നുണ്ടെന്നറിഞ്ഞ്, ഞാറ് നടുന്ന പെണ്ണുങ്ങൾ ഇടയ്ക്കിടെ ശരീരം
കുലുക്കിക്കൊണ്ടിരിക്കും. നോക്കെത്താ ദൂരത്തോളം പച്ചവിരിച്ച് കിടക്കുന്ന തമ്പ്രാന്റെ
വയൽ. ഒടുവിൽ തമ്പ്രാൻ മരിച്ച്‌കെടന്നതും വയലിന്റെ ഓരത്തുള്ള തോട്ടിൻകരയിൽ തന്നെ. ശത്രുക്കൾ
തല്ലിക്കൊന്നതാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അർദ്ധരാത്രി ഒറ്റക്ക് പോയപ്പോൾ ആരോ ഒടിവെച്ചതാണെന്ന്
കണിയാര് കവിടി നിരത്തി പറഞ്ഞൂത്രെ,, എന്തെല്ലാം
ഓർമ്മകളാണ്,,,
ചീരൂനെ മംഗലംകൈയിച്ച്
ഓളുടെ കൈയുംപിടിച്ച് പൊരേല് വന്നത്, കതിര് വിളഞ്ഞ വയലിന്റെ നടുക്കുള്ള വരമ്പിലൂടെ
നടന്നാണ്,, അവളിന്ന് എവിടെയായിരിക്കും? കെട്ടിയോനെയും മക്കളെയും മറന്ന് കോളേജിൽപഠിക്കുന്ന
ചെക്കന്റൊപ്പം സുഖം തേടി പോയ ചീരു ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ? അഞ്ചാറ് കൊല്ലം മുൻപ്
കടലാസിൽ ഓളെ ഫോട്ടൊ കണ്ട് നോക്കിയപ്പോൽ അറിയാൻ കഴിഞ്ഞത്, പോലീസ് പിടിച്ചെന്ന്. അന്റെ
മാളൂന്റ്റെ പ്രായോള്ള ചെറുപ്പക്കാരി പെണ്ണ് ചത്ത കേസിൽ അവളാണുപോലും ആ പെണ്ണിനെ ഹോട്ടലിലൊക്കെ
കൂട്ടിനടന്നത്. മാളു വലുതാകുന്നതിന് മുൻപ് ഓള് പോയത് നന്നായി, അല്ലെങ്കിൽ സ്വന്തം മോളെയും
വിറ്റ് പണമാക്കിക്കളയും,,, അസത്ത്.
ഓളെ എന്തിനാ കുറ്റം പറേന്നത്?
കുരുത്തോലയും പാളയും വെച്ച്‌കെട്ടി തീയിൽ ചാടുന്ന കോരൻ, വെളുത്ത്‌തുടുത്ത ചീരൂനെ മംഗലം
കയ്ച്ചതേ തെറ്റല്ലെ? തെയ്യം കെട്ടിയതിന്റെ പിറ്റേന്ന് കാലിനും ചന്തിക്കും പൊള്ളിയടത്ത്
മരുന്ന് പെരട്ടുമ്പം ചീരു മുഖം തിരിക്കുന്നത് കണ്ടില്ലെന്ന് നടിച്ചു. ‘ബാധകേരിയവന്
നൂല് മന്ത്രിച്ച് കെട്ടാനറിയാത്ത, കോതാമ്മൂരിപാട്ട് പാടാനറിയാത്ത, പെണ്ണുങ്ങളുടെ പേറെടുക്കാനറിയാത്ത’
ചീരുന്റെ വെളുത്തമേനി, കറുപ്പ് കലയുള്ള മനസ്സോടെ നടക്കുന്ന നാട്ടിലെ ചെറുപ്പക്കാർക്ക്
ഇക്കിളി ആയിക്കാണും. ഒടുവിൽ രണ്ട് മക്കളെയും ഭർത്താവിനെയും തനിച്ചാക്കിയിട്ട് ചീരു
പോയത് ഏതോ നാട്ടിലെ ഏതോ ജാതീലുള്ള,, കോളേജിൽ പഠിക്കുന്ന ചെക്കന്റൊപ്പം. എന്നിട്ടെന്തായി?
ചീരു പോയപ്പോൾ കാവില് തെയ്യം കെട്ടാൻ പോകുന്നേരത്ത്
മക്കളെയും കൂട്ടും. കാവിലെത്തിയാൽ കുരുത്തോല വാർന്ന് കീറിയത്, ചോന്നപട്ടിന്റെ മുകളിൽ
പൊതിഞ്ഞുകെട്ടുമ്പോൾ മക്കൾ അണിയറയിലും കഴകപ്പുരയിലുമായി ചുറ്റിക്കളിക്കും. ഉറഞ്ഞുതുള്ളി
തീയ്യിൽ ചാടുമ്പോൾ അതുകണ്ട് പേടിച്ച് കണ്ണടക്കുന്ന മക്കളെ, ചായം തേച്ച മുഖത്തെ ഇരുകണ്ണിലൂടെയും
ഇടയ്ക്കിടെ നോക്കും. ആദ്യകാലത്ത് നട്ടപ്പാതിരക്ക് ചൂട്ട് കത്തിച്ച് വയലിലൂടെ നടക്കുമ്പോൾ
കാലൻകോഴിയുടെ കരച്ചിൽ കേട്ടാൽ അപ്പുമോൻ പേടിച്ച് കെട്ടിപ്പിടിക്കുമ്പോൾ തവളകളുടെ പാട്ടിന്റെ
താളംകേട്ട് നടന്നാൽ മതിയെന്ന് പറയും. വലുതായപ്പോൾ അവനും പോയി,,, ഏതോ നാട്ടിൽ നന്നായി
ജീവിക്കുന്നുണ്ടാവണം; ഗതിപിടിക്കാതെ തെണ്ടിതിരിയാണെങ്കിൽ സ്വന്തം അപ്പനേം പെങ്ങളേം
കാണാൻ അവൻ വരുമല്ലൊ.
ആനത്തൊട്ടാവടിയും കുറുന്തോട്ടിയും
കമ്യൂണിസ്റ്റ് പച്ചയും കൈയടക്കിയ വയലിൽ പിള്ളേരുടെ ക്രിക്കറ്റ് ബഹളം. അതിനിടയിൽ ഒരുത്തൻ
പാടുന്നത് കേട്ടപ്പോൾ കോരന്റെ കാലിൽ നിന്നും തരിപ്പ് മേലോട്ട് കയറി,
“കോരൻ വരുന്നു, കോരൻ വരുന്നൂ,,
കഴുത്തോളം കള്ളുമായ് കോരൻ വരുന്നു,
കള്ള് കുടിച്ചിട്ട് കുടിയിൽ ചെന്നാൽ
മോളാകും കോരന്റെ കെട്ടിയോള്”
തലതിരിഞ്ഞ പിള്ളേർ,,, പറഞ്ഞിട്ടെന്ത്
കാര്യം?
വെളുത്ത ചീരുന്റെ കറുത്ത മോളായ മാളൂന്റെ വിവാഹം
നീണ്ട്‌പോവുകയാണ്,, പെണ്ണിനെ കണ്ടവർക്കൊന്നും അത്ര പിടിക്കുന്നില്ല; ഒന്നാമത് കറുമ്പി,
പിന്നെ പെറ്റതള്ള അന്യമതക്കാരന്റെ ഒപ്പം പോയവൾ,,, എന്നാലും ഓളുള്ളതുകൊണ്ടാണ് പൊരേല്
വെച്ച് വെളമ്പ്‌ന്ന്. ഓള മൂത്തതാണ് അപ്പുമോനെങ്കിലും ഓൻ വലുതായപ്പോൾ തലതിരിഞ്ഞു പോയി.
നാട്ടിലുള്ളപ്പം തെണ്ടിപിള്ളേരുമായി അടികൂടീട്ട് കേസൊഴിഞ്ഞ നേരമില്ല. നാടുവിട്ടത് നന്നായീന്നാ
തോന്നുന്നത്,,,
നടന്ന്‌നടന്ന് കുളക്കരയിലൂടെ കുറുപ്പാശാന്റെ പറമ്പില്
കാലെടുത്തു കുത്തുമ്പോഴാണ് മാനത്തുനിന്ന് പൊട്ടിവീണതുപോലെ കുറേ പെണ്ണുങ്ങൾ വന്നത്.
കണ്ടഉടനെ പരിഹസിച്ച് ചിരിച്ചുകൊണ്ട് കൂട്ടത്തിൽ ഒരുത്തി മറ്റൊരുത്തിയുടെ ചെവിയിൽ എന്തോ
അടക്കം പറഞ്ഞു; തുടർന്ന് കൂട്ടച്ചിരിയായി. അതിനിടയിൽ ഒരുത്തി കോരൻ കേൾക്കെ പറഞ്ഞു,
“അപ്പോൾ ഇവനാണ് കെട്ടിയോളെ ഓടിച്ചിട്ട്
മോളെ വെച്ചോണ്ടിരിക്കുന്നവൻ”
ഒന്നും അറിയാത്ത കേൾക്കാത്ത മട്ടിൽ നടക്കുന്നതാണ്
നല്ലത്, അപവാദം പറഞ്ഞവർ പരലോകത്തെത്തിയാൽ ‘അട്ടകളെ തിന്നണ്ടി വരും’ എന്ന് പറയാറുണ്ട്.
എന്നാല് പറയുന്നവരെ അട്ടതീറ്റിക്കാൻ മാത്രം പുണ്യകർമ്മങ്ങളൊന്നും കോരൻ ചെയ്തിട്ടില്ലല്ലൊ.
തന്നെക്കുറിച്ച് പറഞ്ഞത് സഹിക്കാം,, മങ്ങലം കഴിയാത്ത മോളെക്കുറിച്ച് പെണ്ണുങ്ങളിങ്ങനെ
പറയാൻ പാടുണ്ടോ? മാളൂം അവരെപ്പോലെ ഒരു പെണ്ണല്ലെ,,
നാട്ടുകാർ വേണ്ടാദീനം പറയാൻ തുടങ്ങിയിട്ട് നാളുകൾ
കൊറേയായി. അന്ന് ദുബായ്‌ക്കാരൻ രമേശൻ മാളുനെ പെണ്ണ്‌കാണാൻ വന്നതുമുതൽ തൊടങ്ങിയതാണ്
ഈ പറച്ചിൽ. കാവില് ഭഗവതിക്ക് ചെണ്ടകൊട്ടുന്ന കാലത്തേ രമേശൻ ‘ആളത്ര ശരിയല്ല’, എന്ന്
തനിക്കറിയാവുന്നതുപോലെ മറ്റാർക്കും അറിയില്ലല്ലൊ. ദുബായിന്ന് കൊറെ പണവുമായി വന്നിട്ടിപ്പം
എന്തായി?,,, പണിയെടുക്കാതെ തെക്ക് വടക്ക് നടക്കുന്നു,,, ഇന്നാളൊരു ദിവസം ചായപീടികയിൽവെച്ച്
കണ്ടപ്പോൾ അവനെന്തൊക്കെയാ പറഞ്ഞത്? ‘കെട്ടിയോള് പോയതുകൊണ്ടാണ് മോളെ മങ്ങലം കയ്ച്ച്
അയക്കാത്തതെന്ന്’; അവന്റെഒപ്പം അയച്ചെങ്കിൽ കാണാമായിരുന്നു! കള്ളും കഞ്ചാവും ഒഴിവാക്കാനാവാത്ത
പരമനാറി,,,’
ഇടവഴിയിലൂടെ പലതും ഓർമ്മിച്ച്
നടന്നതുകൊണ്ട് വീടിന്റെ മുന്നിലെത്തിയതറിഞ്ഞില്ല; മുന്നിൽ ദാമു നമ്പ്യാറും അസീസ് മൊയ്‌ല്യാറും,
“കൊണം വരണം, നമ്പ്യാറെങ്ങോട്ടാ?”
“പറമ്പിലെ തേങ്ങയൊക്കെ വീഴാൻ തുടങ്ങി,
തേങ്ങ പറിക്കുന്ന രാമനെയൊന്ന് കാണണം. പിന്നെ കോരനിങ്ങനെ നാട്ടാർക്ക് കൊണം വരുത്തുമ്പം
സന്ധ്യക്ക് ആ പെണ്ണിനെ ഒറ്റക്കാക്കിയിട്ട് പോകുന്നത് അത്ര നല്ലതല്ല, അത്‌ഞാൻ പറഞ്ഞില്ലാന്ന്
വേണ്ട്,,”
നമ്പ്യാർ പറഞ്ഞത് കേട്ടപ്പോൾ കോരന്റെ
മനസ്സിൽ അഗ്നിജ്വാലകൾ പെയ്തിറങ്ങി. മോളൊരുത്തി വീട്ടിലുള്ളപ്പോൾ പണിക്കൊന്നും പോകാതെ
കാവലിരിക്കണോ? മറുപടിയൊന്നും പറയാതെ മുന്നോട്ട് നീങ്ങുമ്പോൾ അവർ ഒന്നിരുത്തിമൂളിയത്
കേട്ടില്ലെന്ന് നടിച്ചു.
വീട്ടിനു മുന്നിലെത്തിയപ്പോൾ
ഉള്ളിലൊരു ഞെട്ടൽ,,, സന്ധ്യ കഴിഞ്ഞ്, ചുറ്റും ഇരുട്ട്‌പരന്നിട്ടും അകത്തും പുറത്തും
വെളിച്ചമില്ല. ഗുരിക്കന്മാരുടെ തറയിൽപോലും തിരികൊളുത്താതെ ഈ പെണ്ണെങ്ങോട്ടാ പോയത്?
ഉച്ചത്തിൽ വിളിച്ചു,
“എടി മാളൂ,,,,”
മറുപടിയില്ല, പകരം എന്തൊക്കെയോ വീഴുന്ന
ഒച്ചകേട്ട കോരന്റെ മനസ്സിൽ ആശങ്കകൾ ഉണർന്നു.
കോലായിലേക്ക് കാലെടുത്ത് വെച്ചപ്പോൾ അടഞ്ഞവാതിൽ
കണ്ട് ദേഷ്യം വരാൻ തുടങ്ങി,
“എടീ വെളക്ക് കത്തിക്കേണ്ട നേരത്ത് നിന്നെയെങ്ങോട്ടാ
കെട്ടിയെടുത്തത്? ത്രിസന്ധ്യാ നേരത്ത് വാതിലടച്ചിട്ട് അശ്രീകരം”
പെട്ടെന്ന് വാതിൽ മലർക്കെ തുറന്നപ്പോൾ
മുന്നിൽ നിൽക്കുന്ന രമേശനെ കണ്ട് ഞെട്ടി; അവന്റെ പിന്നിൽ ഒരു നിഴലായി നിൽക്കുന്നത്
പൊന്നുമോൾ മാളുവാണല്ലൊ,,, രമേശൻ മുന്നോട്ട് വന്നു,
“അപ്പാ,,”
“ആരെടാ നിന്റെ അപ്പൻ? ഇറങ്ങിപ്പോടാ?”
“ഞാനിവിടെ വരുന്നത് ആദ്യമായിട്ടൊന്നുമല്ല,
പിന്നെ ഇപ്പോൾ പോയാൽ പിന്നൊരിക്കലും ഞാനിവിടെ വരില്ല”
“നിന്നെ ഞാൻ”
“പേടിപ്പിക്കല്ലെ,, കെട്ടിയോള് പോയപ്പോൾ
വെച്ച് വിളമ്പാനായി മോളെ മൂലക്കിരുത്തുന്ന പണി ഇനി നടക്കില്ല, മാളൂ, നീ എന്റൊപ്പം വരുന്നുണ്ടോ?”
“അവളെന്റെ മോളാ,, നിന്നെപോലൊരു തെണ്ടി
വിളിച്ചാലൊന്നും വരില്ല”
“അപ്പാ ഞാൻ,,,”
“എന്താടി നിനക്കിവന്റെ കൂടെ പൊറുക്കണോ?
മര്യാദയില്ലാത്ത പണീം തൊരോം ഇല്ലാത്തോന്റെ ഒപ്പം?”
“രമേശാട്ടന്റെ ഒപ്പം ഞാനും പോകും, ഇത്രേം
കാലം അപ്പനെന്റെ കാര്യം ചിന്തിച്ചിട്ടുണ്ടോ? ഞാനൊരു പെണ്ണാണെന്ന കാര്യം മറന്ന് നാട്ടുകാരെക്കൊണ്ട്
അതുമിതും പറീപ്പിച്ചില്ലെ അപ്പൻ? ഇനിയെനിക്ക് അപ്പനെ താങ്ങാൻ വയ്യാ,,,”
അവന്റെ പിന്നാലെ പൊന്നുമോൾ മാളു നടന്നകലുമ്പോൾ
നോക്കിനിൽക്കാനെ പറ്റിയുള്ളു,
പിൻവിളി കേട്ടാലും അവൾ തിരിച്ചുവരില്ലെന്നറിയാം.
നിമിഷങ്ങൾ കടന്നുപോകുന്തോറും അകത്തും പുറത്തുമായി നിറയുന്ന ഇരുട്ടിന് കട്ടി കൂടുകയാണ്...
കോരന്റെ മനസ്സിൽ കടൽതിരകൾ ആർത്തലച്ചു,
ആയിരമായിരം കടന്നലുകൾ തലക്കുചുറ്റും വട്ടമിട്ട്
പറക്കാൻ തുടങ്ങി,
ചിന്തകൾ കാടും മലയും കയറിയിറങ്ങി അലയുകയാണ്.
ആർക്കും വേണ്ടാത്ത ഒരു ജന്മം, ഇനിയെന്ത്?
ആർക്കുവേണ്ടി?
തലയിൽ കൈ വെച്ച് കോരൻ മുറ്റത്തിരുന്നു,,
മനസ്സിനുള്ളിൽ ഒരു നെരിപോട്
എരിയുകയാണ്,,, മുറ്റത്ത് കൂട്ടിവെച്ച വിറകിൽനിന്നും ജ്വലിക്കുന്ന അഗ്നി ചുറ്റും പടരുന്നു,, ആകാശത്തോളം ഉയരമുള്ള അഗ്നിജ്വാലയിൽ വീടും പരിസരവും
അപ്രത്യക്ഷമായി. അതിനകത്ത്, മഞ്ഞയും ചുവപ്പും നിറമാർന്ന അഗ്നിജ്വാലകൾക്കിടയിൽ ചിരിച്ചുകൊണ്ട്
നിൽക്കുന്നത് ഭഗവതിയല്ലെ? ചെമ്പട്ട് ചുറ്റി തെച്ചിപ്പൂകിരീടമണിഞ്ഞ് സ്വർണ്ണപ്രഭയിൽ
കുളിച്ച് നിൽക്കുന്നത്,, കാവിലെ ഭഗവതി തന്നെ! അതിബുദ്ധിയിൽ അസൂയപൂണ്ട ആളുകൾ അപവാദം
പറഞ്ഞുപരത്തിയപ്പോൾ സ്വയം നിർമ്മിച്ച അഗ്നിയിൽ ജീവൻ ബലികഴിച്ച നിത്യകന്യകയായ ഭഗവതി!
കോരനെ അങ്ങോട്ട് കൈനീട്ടി ക്ഷണിക്കുകയാണ്, എന്തിന് മടിച്ചുനിൽക്കണം? അപവാദത്തിന്റെ
കയ്പുനീരിറക്കിയിട്ട് ഒരുനിമിഷം പോലും ജീവിക്കരുതെന്ന് അരുളിചെയ്യുന്ന ഭഗവതി കോരനെ
വിളിക്കുകയാണ്,,,
അവഗണനയുടെ പര്യായമായി മാറിയ
കോരൻ ഒരു മോചനത്തിനായി കൊതിച്ചുകൊണ്ട് അഗ്നിയെ നോക്കി അങ്ങനെ നിന്നു. ദേഹം മുഴുവൻ പൊതിഞ്ഞ
പട്ടിന്റെ മുകളിൽ കുരുത്തോല വെച്ച്‌കെട്ടിയശേഷം മുഖത്ത് ചായംതേച്ച് മിനുക്കിയിട്ടുണ്ട്,,,
പോകണം, വൈകാതെ പോകണം, ഇരുകൈകളും മുകളിലേക്കുയർത്തി കോരൻ ഉച്ചത്തിൽ വിളിച്ചു,
“എന്റെ ഭഗവതിയെ കാത്തോളണേ,,,”
ആത്മാവിനെ ദേഹവുമായി ബന്ധിപ്പിക്കുന്ന
ജീവവായുവിനെ അവസാനവായി ഉള്ളിലേക്ക് വലിച്ചുകയറ്റിയ കോരൻ അഗ്നിയെ ആലിംഗനം ചെയ്തു;
പുത്തൻ അവതാരത്തിന്റെ പിറവിക്കായ്,,,
പുതുയുഗം കാത്തിരിക്കുകയാണ്,,,
അഗ്നിശുദ്ധി വരുത്തിയ കോരന്റെ അവതാരത്തിനായി,,,
********************************************
കോരന്‍ തീത്തെയ്യമായ കഥ വായിച്ചു
ReplyDeleteനന്നായെഴുതിയിട്ടുണ്ട്
ajith-,
Deleteആദ്യ വായനക്ക് അഭിനന്ദനങ്ങൾ,
അഭിപ്രായം എഴുതിയതിന് നന്ദി.
This comment has been removed by the author.
ReplyDeleteഅല്‍പ്പം അശ്ലീലച്ചുവ
ReplyDeleteഅവിടവിടെ അനുഭവപ്പെട്ടെങ്കിലും
വളരെ മനോഹരമായി അവതരിപ്പിച്ചു
കോരന്റെ അവതാരം കഥ.
ആശംസകള്‍
@P V Ariel-,
Deleteഅശ്ലീലം ഇല്ലാതെ ഈ കഥ പറയാനവില്ല, ക്ഷമിക്കുക,.
അഭിപ്രായം എഴുതിയതിന് നന്ദി.
Jeevithathinte Avatharangal....!!
ReplyDeleteManoharam Chechy, Ashamsakal...!!!
@Sureshkumar Punjhayil-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
Dear Teacher
ReplyDeleteGood presentation
Sasi, Narmavedi
@Narmavedi-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
“അതൊന്നും ഇപ്പം ആവില്ല മക്കളെ, നേരോം കാലോം നോക്കിട്ട്, ഭഗവതിയുടെ അരുളപ്പാട് കേട്ട്, കാവിനകത്താണ് അടിയൻ തെയ്യം കെട്ടാറ്”
ReplyDeleteതലയിൽ കൈവെച്ച് മുറ്റത്തിരുന്ന കോരന് അഗ്നിപ്രവേശം പെട്ടെന്നു എങ്ങിനെയാണ് ടീച്ചറെ സാദ്ധ്യമായത്. ഒഴുക്കുള്ള എഴുത്ത്. ഭാവുകങ്ങൾ
@Madhusudhanan Pv-,
ReplyDeleteഎന്റെ കുട്ടിക്കാലത്ത് നാട്ടിൽ നടന്ന ഒരു സംഭവം പറഞ്ഞുകേട്ടത് കഥയാക്കിയതാണ്. അപവാദം പറയുന്നതുകേട്ട് മനംനൊന്ത കോരൻ ആത്മഹത്യ ചെയ്യാൻ അഗ്നി സ്വയം നിർമ്മിച്ചത് അത്ര പെട്ടെന്നൊന്നും ആയിരിക്കില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
മകള്‍ ഇറങ്ങിപ്പോകുന്നത് വരെ നല്ല സ്വാഭാവികത തോന്നി. അത് കഴിഞ്ഞു പെട്ടെന്ന് കോരന്‍ ആത്മാഹൂതി ചെയ്തപ്പോള്‍ കഥ പെട്ടെന്ന് തീര്‍ന്ന പോലെ . (കഥാകൃത്തിന്റെ ഭാവനയെ ചോദ്യം ചെയ്തതല്ല കേട്ടോ). നന്നായിട്ടുണ്ട് ടീച്ചറെ.
ReplyDelete@ഏപ്രിൽ ലില്ലി-,
Deleteകോരൻ അത്ര പെട്ടെന്നൊന്നും ആത്മഹത്യ ചെയ്തിട്ടുണ്ടാവില്ല. മുറ്റത്തിരുന്ന് ധാരാളം ചിന്തിച്ചശേഷം അർദ്ധരാത്രിയോടെയായിരിക്കും സംഭവം. അഭിപ്രായം എഴുതിയതിന് നന്ദി.
തീത്തെയ്യം കഥ നന്നായിട്ടുണ്ട്. അവസാനഭാഗം ഇത്തിരി പൊടുന്നനെയായി എന്നു തോന്നുന്നു.
ReplyDelete@Echmukutty-,
Deleteഅവസാനം കോരൻ ഒറ്റപ്പെട്ടപ്പോൾ പെട്ടെന്ന് കഥ തീർന്നുപോയി. അഭിപ്രായം എഴുതിയതിന് നന്ദി.
കേട്ടുകേൾവിയിൽ നിന്ന് കഥയിലേക്ക്. മറ്റെല്ലാവരാലും ഉപേക്ഷിക്കപ്പെട്ടിട്ടും അവഗണിക്കപ്പെട്ടിട്ടും അതൊന്നും ഒരു പ്രശ്നമേയല്ലാതിരുന്ന കോരന് സ്വന്തം മകളിൽനിന്നുള്ള പ്രതികരണം സഹിക്കാവുന്നതായിരുന്നില്ല. അയാൾ ജീവിച്ചത് തന്റെ മകൾക്കുവേണ്ടി മാത്രമായിരുന്നു എന്ന് ഇതിൽ നിന്ന് വ്യക്തം.
ReplyDelete@Prins-,
Deleteമകൾ ഉപേക്ഷിച്ചപ്പോൾ സ്വന്തം ജീവിതത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
ഒഴുക്കുള്ള വായനക്കുതകി.
ReplyDelete@ അനിൽകുമാർ-,
ReplyDeleteഅഭിപ്രായം എഴുതിയതിന് നന്ദി.
മിനി.....വായിച്ചു...
ReplyDeleteകുടുംബത്തിൽ ചില ദുരന്തങ്ങൾ....കൂടുതൽ പിന്നീട്...
കൊള്ളാം ഈ കോരന്‍ കഥ
ReplyDeleteകഥ വളരെ നന്നായിട്ടുണ്ട്. മിനിനര്‍മ്മം എഴുതുന്ന ടീച്ചര്‍ തന്നെ ഇത്? കുറച്ച് പങ്ച്വേഷന്‍ ശരിയാക്കണം (എന്തെങ്കിലും കുറ്റം പറയണ്ടേ).
ReplyDeleteവായിച്ചു.... ഇഷ്ട്ടായി... :)
ReplyDeleteകഥ നന്നായി
ReplyDelete@ജന്മസുകൃതം-,
ReplyDeleteതിരക്കിനിടയിലും വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി.
@ഫൈസൽ ബാബു-,
അഭിപ്രായം എഴുതിയതിന് നന്ദി.
@Ajith Nair-,
നർമം എഴുതുന്ന ടീച്ചർ തന്നെയാണിത്, പിന്നെ പങ്ച്വേഷൻ കുറച്ചധികം ചേർത്തതാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
@Naushu-,
അഭിപ്രായം എഴുതിയതിന് നന്ദി.
@Sumesh vasu-,
അഭിപ്രായം എഴുതിയതിന് നന്ദി.
nalla katha..
ReplyDelete