“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

9/16/09

6. ക്വട്ടേഷന്‍ സംഘത്തെ പിരിച്ചുവിട്ടു.

         
                                      കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചതു മുതല്‍, കരാറടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം ലഭിച്ച; എല്ലാ കൊതുകുകളെയും ഏതാനും ദിവസം മുന്‍പ് പിരിച്ചുവിട്ടു. എല്ലാവിധ ആനുകൂല്യങ്ങളോടൊപ്പം പലവിധ സമ്മാനങ്ങളും നല്‍കിയാണ് അവരെ പിരിച്ചുവിട്ടതെന്ന് പ്രത്യേകം നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത കാലവര്‍ഷം തുടങ്ങുമ്പോള്‍ കൂടുതല്‍ അംഗങ്ങളുമായി തിരിച്ചു വരുമെന്ന്, പൊകുന്നതിനു മുന്‍പ് ക്വട്ടേഷന്‍ സംഘനേതാവ് ‘അനോനീ അനോഫിലിസ്’ കേരളീയര്‍ക്ക് ഉറപ്പു നല്‍കി.


.
                   2009 ജൂണ്‍ മാസം ഒന്നാം തീയ്യതിയാണ് നൂറ്റിഅറുപത്തിഅഞ്ച് കോടി കൊതുകുകള്‍ അടങ്ങിയ ക്വട്ടേഷന്‍ സംഘം കേരളീയരുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം കേരളത്തില്‍ എത്തിച്ചേര്‍ന്നത്. അനോഫിലിസ്, ക്യൂലക്സ്, ഈഡിസ് എന്നീ ഇനത്തിലുള്ളവയും പിന്നെ അറിയുന്നതും അറിയപ്പെടാത്തതും ആയ അനേകം ഇനങ്ങളും കൂടി ഈ വര്‍ഷത്തെ ക്വട്ടേഷന്‍ സംഘത്തില്‍ ഉണ്ടായിരുന്നു. 
                      ചിക്കന്‍‌ഗുനിയ, ഡങ്കിപ്പനി, മലമ്പനി, മന്ത്,  എന്നി രോഗങ്ങള്‍ കൂടാതെ ഇതു വരെ ആര്‍ക്കും മരുന്ന് കണ്ടു‌പിടിക്കാന്‍ കഴിയാത്ത ഏതാനും രോഗങ്ങള്‍ കൂടി കേരളീയര്‍ക്ക് പകര്‍ത്താര്‍ കഴിഞ്ഞിട്ടുണ്ടെന്ന് എല്ലാ കൊതുകുകളും അഭിമാനത്തോടെ പറഞ്ഞു. വിവിധ ജാതിയിലും മതത്തിലും പാര്‍ട്ടിയിലും ഉള്‍പ്പെട്ട മനുഷ്യരുടെ രക്തം ഇഷ്ടം‌പോലെ കുടിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഒരു ഭാഗ്യമായി അനേകം കൊതുകുകള്‍ ആവര്‍ത്തിച്ചു പറഞ്ഞു.

 . 
                       എങ്കിലും ഏതാനും ചിലര്‍ക്ക് പരാതികള്‍ ഉണ്ടായിരുന്നു. നൂറ്റിഅറുപത്തിഅഞ്ച് കോടി കൊതുകുകളാണ് കാലവര്‍ഷത്തിനു മുന്‍പ് കേരളത്തില്‍ എത്തിച്ചേര്‍ന്നതെങ്കിലും തിരിച്ച് പോകുമ്പോള്‍ അം‌ഗസം‌ഖ്യ വര്‍ദ്ധിച്ചിട്ടില്ല എന്നത് പതിവിന് വിപരീതമാണ്. പിന്നെ AIDS രോഗികളുടെ രക്തം കുടിച്ചോ എന്ന സംശയം ധാരാളം കൊതുകുകള്‍ക്ക് ഉണ്ട്. അതിനാല്‍ AIDS വന്ന് ചരമം പ്രാപിക്കുന്ന കൊതുകുകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം തരണമെന്ന് പത്രസമ്മേളനത്തില്‍ പ്രത്യേകം ആവശ്യപ്പെട്ടു.

.
                      തിരിച്ചുപോകുന്നതിനു മുന്‍പ് കേരളീയരോട് പ്രത്യേകം നന്ദി രേഖപ്പെടുത്താന്‍ കൊതുകുകള്‍ മറന്നില്ല. കേരളത്തില്‍ എല്ലായിടത്തും   മലിനജലവും മാലിന്യങ്ങളും ധാരാളമായി നിറച്ച്, പരിസരങ്ങള്‍ കൊതുകുവളര്‍ച്ചക്ക് അനുയോജ്യമാക്കി തീര്‍ക്കുന്ന കേരളീയരുടെ സ്വഭാവത്തെ അഭിനന്ദിച്ചു. ഇനിയും ആ സ്വഭാവം തുടരണമെന്ന് കൊതുകുകള്‍ പറഞ്ഞു.

.
                         കേരളം വിട്ടു പോകുന്നതിനു മുന്‍പ് ഒരു ഗംഭീര യാത്രയയപ്പ് എല്ലാ കൊതുകുകള്‍ക്കും നല്‍കി. ആയുര്‍വേദ അലോപ്പതി ഹോമിയോ യുനാനി നാട്ടുവൈദ്യം എന്നീ മഹാന്മാര്‍ കൂടാതെ കൊതുകുതിരി കൊതുക് മാറ്റ് തുടങ്ങിയവരും യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്തു. ഈ വര്‍ഷം കേരളത്തിലെ പദ്ധതികളെല്ലാം വന്‍‌വിജയമായിരുന്നു എന്നും; അങ്ങനെ വിജയമാക്കിതീര്‍ക്കാന്‍ സഹായിച്ച കേരളീയരോട് നന്ദി രേഖപ്പെടുത്തുന്നു എന്നും; ക്വട്ടേഷന്‍ സം‌ഘനേതാവ് എല്ലാ കേരളീയരോടും പറഞ്ഞു.

8 comments:

  1. ഇങ്ക്വിലാബ് സിന്താബാദ്...!
    ക്വട്ടേഷൻ സംഘം സിന്താബാദ്...!!
    എണ്ണാമെങ്കിൽ എണ്ണിക്കോ...!!!
    ലക്ഷം ലക്ഷം പിന്നാലേ....!!!!

    അടുത്ത പ്രാവശ്യം വീണ്ടും വരുമെന്നു ഉറപ്പു തന്നിട്ടുണ്ടല്ലൊ അല്ലെ..?

    ReplyDelete
  2. കുറച്ചു കൂടി കൊതുകു സംബന്ധമായ വിവരങ്ങള്‍ ആരോഗ്യവകുപ്പില്‍ നിന്നു സംഘടിപ്പിച്ചു ഈ ആക്ഷേപഹാസ്യം കൊഴുപ്പിക്കാമായിരുന്നു.
    നന്നായി.
    കേരളത്തിന്റെ ദോഷീയ പക്ഷിക്കും ബ്ലോഗര്‍ക്കും ആശംസകള്‍.

    ReplyDelete
  3. വീ കെ (..
    കരീം മാഷ് (..
    നന്ദി. കൊതുകുകളെ കുറിച്ചും കൊതുക് രോഗങ്ങളെ കുറിച്ചും ധാരാളം വായിച്ചതും പഠിച്ചതും പഠിപ്പിച്ചതും ആയിരുന്നു. എന്നാല്‍ നമ്മുടെ ശ്രീമതി ടീച്ചര്‍, ടീച്ചറായിരിക്കെ ഒന്നിച്ച് ഇങ്കിലാബ് വിളിച്ച് നടന്നത് കൊണ്ട് മാത്രമാണ് ഇത്രയും എഴുതിയത്. പിന്നെ കേരളീയര്‍ ചന്ദ്രനിലും ചൊവ്വയിലും പോയി താമസിച്ചാലും, അവിടെയും കാണും കൊതുകു വളര്‍ത്തു കേന്ദ്രങ്ങള്‍.

    ReplyDelete
  4. കേരളത്തിലെ രക്തം കൊതുകുകൾക്ക് ഇഷ്ടമാവാൻ വേറൊരു കാരണം കൂടിയുണ്ട്..ഓണക്കാലത്തു കൊതുകുകൾക്ക് ചിലവില്ലാതെ അടിച്ചു ഫിറ്റാവാൻ പറ്റിക്കാണുമല്ലോ..75% പേരുടെ ചോരയിലും ആൽക്കഹോളായിരുന്നില്ലേ... ഹ ഹ ഹ

    ReplyDelete
  5. mini,
    kothukukale kurichezhuthiya minikatha vayichu...kollam..narmmabodham undu.... abhinadanangal... pnne, 5 varsham padicha schoolil thanne 5 varsham padippikkuka oru bhagyamanu...athinum abhinandanangal...
    ethayalum etraum kurichu...samayam kittubol ente blogiloodeyum onnu sancharikkuka...
    manorajkr.blogspot.com

    ReplyDelete
  6. Sho vayya.... minikkathakal mega hittavunnallo........

    ReplyDelete
  7. എന്റെ വിജയാശംസകള്‍...
    കേരളത്തിന്‍റെ സ്വന്തം കൊതുകുകള്‍ക്ക്...
    കൊതുകില്ലാതെ നമുക്കെന്താഘോഷം??

    ReplyDelete
  8. കൊതുകുകള്‍ കുത്തികൊണ്ട് പറക്കാന്‍ ശ്രമിച്ചപ്പോള്‍
    മൂട്ടകള്‍ കടിച്ച് പിടിച്ചതു കൊണ്ടാ പൊങ്ങി പോകാഞ്ഞത്
    എന്ന് ആരോ പറഞ്ഞത് ഇനി ശരിയാവും...

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..